crypto currrency
സ്വന്തം ലേഖകൻ ദക്ഷിണ കൊറിയ : ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മാനദണ്ഡങ്ങൾക്കനുസൃതമായി ക്രിപ്‌റ്റോകറൻസി നിയന്ത്രിക്കുന്നതിനുള്ള ബിൽ ദക്ഷിണ കൊറിയ പാസാക്കി. ക്രിപ്റ്റോകറൻസികളുടെയും എക്സ്ചേഞ്ചുകളുടെയും നിയന്ത്രണത്തിന് ഒരു ചട്ടക്കൂട് തീർക്കുകയാണ് ഇതിലൂടെ. വർഷങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട സാമ്പത്തിക വിവരങ്ങളുടെ റിപ്പോർട്ടിംഗും ഉപയോഗവും സംബന്ധിച്ച നിയമ ഭേദഗതി ദക്ഷിണ കൊറിയൻ ദേശീയ അസംബ്ലി ഏകകണ്ഠമായി പാസാക്കുന്നത്. ദക്ഷിണ കൊറിയയിൽ ക്രിപ്റ്റോകറൻസി പൂർണമായി നിയമപരമായി മാറിയിരിക്കുന്നു. പ്രസിഡന്റ് മൂൺ ജെയ്-ഇൻ ഒപ്പുവെക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് ഇത് പ്രാബല്യത്തിൽ വരും. ആറുമാസത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കും. ഭേദഗതി പാസാക്കിയത് ക്രിപ്റ്റോകറൻസി ട്രേഡിംഗിന്റെ ഔദ്യോഗിക പ്രവേശനത്തെയാണ് എടുത്തുകാട്ടുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ദേശീയ അസംബ്ലിയുടെ ദേശീയ നയസമിതി ഈ ഭേദഗതി പാസാക്കി. ആഗോള പണമിടപാട് നിരീക്ഷകരായ എഫ്എടിഎഫ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലും സേവന ദാതാക്കളിലും ഇത് ആന്റി മണി ലോണ്ടറിംഗ് (എ‌എം‌എൽ) ബാധ്യതകൾ ചുമത്തുന്നു. ക്രിപ്‌റ്റോ ആസ്തികളെയും അനുബന്ധ സേവന ദാതാക്കളെയും കുറിച്ച് എഫ്എടിഎഫ് കഴിഞ്ഞ വർഷം ജൂണിൽ മാർഗനിർദേശവും നൽകിയിരുന്നു. ദക്ഷിണ കൊറിയ ഉൾപ്പെടെ എല്ലാ ജി 20 രാജ്യങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. ഈ വർഷം ആദ്യം നടന്ന ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ എഫ്എടിഎഫിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ റിയാദ് : ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗ് കഴിഞ്ഞ രണ്ടു ദിനങ്ങളിലായി സൗദി അറേബ്യയിൽ നടന്നു. ക്രിപ്റ്റോകറൻസികളെയും സ്റ്റേബിൾകോയിനുകളെയും കുറിച്ച് അവർ ചർച്ച ചെയ്യുകയുണ്ടായി. ഒപ്പം ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള ക്രിപ്റ്റോ കറൻസി മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 22, 23 തീയതികളിലാണ് സൗദി അറേബ്യയിലെ റിയാദിൽ മീറ്റിംഗ് നടന്നത്. 2020 ലും 2021 ലും ആഗോള സാമ്പത്തിക വളർച്ച നേരിയ തോതിൽ ഉയരുമെന്നാണ് മീറ്റിംഗിനുശേഷം പുറത്തിറക്കിയ ജി 20 കമ്യൂണിക്കിൽ ധനകാര്യ മേധാവികൾ വിശദീകരിച്ചത്. ക്രിപ്റ്റോകറൻസിയെ പറ്റിയും അവർ ചർച്ച ചെയ്തു. 2019 ലെ ലീഡേഴ്സ് ഡിക്ലറേഷൻ അടിസ്ഥാനമാക്കി, വെർച്വൽ അസറ്റുകളെയും അനുബന്ധ ദാതാക്കളെയും കുറിച്ച് അടുത്തിടെ സ്വീകരിച്ച ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ അവർ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. [caption id="attachment_215507" align="alignnone" width="850"] ഫെബ്രുവരി 22, 23 തീയതികളിൽ സൗദി അറേബ്യയിൽ നടന്ന ജി 20 യോഗത്തിൽ ഇസിബി ചീഫ് ക്രിസ്റ്റിൻ ലഗാർഡും (ഇടത്) ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും.[/caption] ഒപ്പം സ്റ്റേബിൾകോയിനുകളും അവർ ചർച്ചാവിഷയമാക്കി. "ഗ്ലോബൽ സ്റ്റേബിൾകോയിനുകളെ സംബന്ധിച്ച് 2019 ഒക്ടോബറിൽ നടത്തിയ പ്രസ്താവന ആവർത്തിക്കുന്നു. പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് അത്തരം അപകടസാധ്യതകൾ വിലയിരുത്തുകയും ഉചിതമായ രീതിയിൽ പരിഹരിക്കേണ്ടതുമാണ്. " അവർ കുറിച്ചു. സ്റ്റേബിൾകോയിനുകൾ സംബന്ധിച്ച് ഒക്ടോബർ മീറ്റിംഗിന് മുന്നോടിയായി എഫ്എസ്ബി ചെയർമാൻ ജി 20 ഫിനാൻസ് മേധാവികൾക്ക് ഒരു കത്തും അയക്കുകയുണ്ടായി. ഈ മീറ്റിംഗിന് മുന്നോടിയായി എഫ്എസ്ബി ചെയർമാൻ റാൻഡൽ കെ. ക്വാൽസ് ജി 20 ധനമന്ത്രിമാർക്കും സെൻട്രൽ ബാങ്ക് ഗവർണർമാർക്കും ക്രിപ്റ്റോകറൻസികളും സ്റ്റേബിൾകോയിനുകളും വിഷയത്തിൽ ഒരു കത്തയച്ചു. “ആഗോള സാമ്പത്തിക വ്യവസ്ഥ നിരന്തരം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. പരമ്പരാഗത ധനകാര്യത്തിന്റെ സ്വഭാവത്തെ സാങ്കേതികവിദ്യ മാറ്റുകയാണ്; ബാങ്ക് ഇതര മേഖല വളർന്നു. കൂടുതൽ ശ്രദ്ധ ആവശ്യമാണ്. " ക്വാൽസ് കുറിച്ചു. ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് (എഫ്എസ്ബി), ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ‌എം‌എഫ്), എഫ്‌എ‌ടി‌എഫ് എന്നിവയുൾപ്പെടെ ചില ആഗോള സ്റ്റാൻ‌ഡേർഡ് സെറ്റിംഗ് ബോഡികളിൽ നിന്ന് ക്രിപ്‌റ്റോകറൻസികളെയും സ്റ്റേബിൾകോയിനുകളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ ജി 20 പ്രതീക്ഷിക്കുന്നു.
സ്വന്തം ലേഖകൻ ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്സിന്റെ സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്തെ 80% സെൻട്രൽ ബാങ്കുകളും ക്രിപ്റ്റോ കറൻസി പുറത്തിറക്കുന്നതിനുള്ള ഒരുക്കത്തിലാണ്. 10% ബാങ്കുകൾ അവരുടെ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു. വരും വർഷങ്ങളിൽ ഇത് നടപ്പിലാക്കും. ഓസ്‌ട്രേലിയ, ബ്രസീൽ, ചൈന, ഫ്രാൻസ്, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള 66 കേന്ദ്ര ബാങ്കുകൾ സർവേയിൽ പങ്കെടുത്തു. സർവേയിൽ പങ്കെടുത്ത ബാങ്കുകൾ ആഗോള സമ്പദ്‌വ്യവസ്ഥയുടെ 90% പ്രതിനിധീകരിക്കുന്നു. 2018ൽ 70% പേർ മാത്രമായിരുന്നു ക്രിപ്റ്റോ കറൻസിയ്ക്കായി പരിശ്രമിച്ചുകൊണ്ടിരുന്നത്. 10% വർധനവ് ആണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ഡിജിറ്റൽ പണം പ്രയോഗത്തിലെത്തിക്കാൻ മിക്ക ബാങ്കുകളും പരിശ്രമിക്കുന്നുണ്ട്. സെനഗൽ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ ക്രിപ്റ്റോ കറൻസികൾ ഉണ്ട്. ചൈന ഇത് പുറത്തിറക്കാൻ ഇരിക്കുന്നു. ഒപ്പം തെക്കൻ കൊറിയയും യൂറോപ്യൻ സെൻട്രൽ ബാങ്കും ഈയൊരു വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്തുകയാണ്. മിക്ക ബാങ്കുകളും ക്രിപ്റ്റോ കറൻസിയിലേക്ക് മാറാൻ ശ്രമിക്കുന്നു എന്ന് സർവേയിലൂടെ കണ്ടെത്തി. സുരക്ഷിതമായ പണമിടപാട് നടത്തുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്.
സ്വന്തം ലേഖകൻ പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിന് വേണ്ടി ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കിയുള്ള വജ്ര പ്ലാറ്റ്ഫോം ആരംഭിച്ചു. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ സുരക്ഷാ സവിശേഷതകളിൽ ആകൃഷ്ടരായ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് പ്ലാറ്റ്ഫോം 'വജ്ര' ആരംഭിച്ചത്. വിവിധ പേയ്‌മെന്റ് കമ്പനികൾക്ക് അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലോ മൊബൈൽ ആപ്ലിക്കേഷനുകളിലോ സുരക്ഷിത ഇടപാടുകൾ നടത്തുന്നതിന് വജ്ര പ്ലാറ്റ്ഫോം ആക്സസ് ചെയ്യാൻ കഴിയുമെന്ന് എൻ‌പി‌സി‌ഐ അഭിപ്രായപ്പെട്ടു. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡിഎൽടി) അടിസ്ഥാനമാക്കിയാണ് വജ്ര പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഈ സാങ്കേതികവിദ്യ ആധാർ പ്രാമാണീകരണത്തിനും സഹായകരമാകും. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡി‌എൽ‌ടി) അടിസ്ഥാനമാക്കി ആരംഭിച്ച ഈയൊരു പ്ലാറ്റ്ഫോം എൻ‌പി‌സി‌ഐ ഉൽ‌പ്പന്നങ്ങളുടെ പേയ്‌മെന്റ് ക്ലിയറിംഗും സെറ്റിൽമെന്റ് പ്രക്രിയകളും ഓട്ടോമേറ്റ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഡി‌എൽ‌ടി പ്ലാറ്റ്ഫോം നൽകുന്ന സുതാര്യത, പരാതികൾ എളുപ്പത്തിൽ കണ്ടെത്താനും പരിഹരിക്കാനും സഹായിക്കുന്നു. പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിനൊപ്പം, ആധാർ പ്രാമാണീകരണം സുഗമമാക്കുന്നതിന് യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐ‌ഡി‌ഐ‌ഐ) ഈ ബ്ലോക്ക്ചെയിൻ അധിഷ്ഠിത സാങ്കേതികവിദ്യ സഹായിക്കുകയും ചെയ്യും. ഇടപാടുകൾക്കായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡിജിറ്റൽ പണത്തിന്റെ ഒരു രൂപമായ ക്രിപ്റ്റോകറൻസിയുടെ ഉപയോഗത്തിനെതിരെ സർക്കാർ നിലകൊള്ളുന്നു. എന്നാൽ ഇന്ത്യയിൽ സ്വന്തം ഡിജിറ്റൽ കറൻസി വികസിപ്പിക്കാൻ റിസർവ് ബാങ്ക് (ആർബിഐ) താൽപര്യം പ്രകടിപ്പിച്ചിരുന്നു . രാജ്യത്ത് ഒരു പരമാധികാര ഡിജിറ്റൽ കറൻസി വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അത് ഉചിതമായ രീതിയിൽ പുറത്തിറക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു.
മാഞ്ചസ്റ്ററിലെ കോഫി ഷോപ്പുകളിലോ ബാറുകളിലോ കയറിയ ശേഷം പണമെടുത്തു നല്‍കിയാല്‍ ഇനി മുതല്‍ അവര്‍ സ്വീകരിക്കണമെന്നില്ല. മാഞ്ചസ്റ്ററിലെ പ്രശസ്തമായ സാന്‍ഡ്ബാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ക്യാഷ് പേയ്‌മെന്റില്‍ നിന്ന് പിന്‍മാറിക്കഴിഞ്ഞു. ഇനി മുതല്‍ ക്രിപ്‌റ്റോകറന്‍സിയിലേ തങ്ങള്‍ പ്രതിഫലം വാങ്ങൂ എന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകളുടെയും വാച്ചുകള്‍, ഫോണുകള്‍ എന്നിവയിലൂടെയുള്ള പണമടക്കലുകളുടെയും കാലത്ത് ക്യാഷ് രജിസ്റ്ററുകളും നോട്ടുകെട്ടുകളും പഴങ്കഥയായിക്കൊണ്ടിരിക്കുകയാണല്ലോ. അതിനിടെയാണ് ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഷോപ്പുകള്‍ മാറിയിരിക്കുന്നത്. ഫെബ്രുവരി മുതല്‍ തന്നെ റിയല്‍ എയ്ല്‍, സാന്‍ഡ്ബാര്‍ എന്നിവ ക്രിപ്‌റ്റോകറന്‍സി പേയ്‌മെന്റിലേക്ക് മാറിയിരുന്നു. കാര്‍ഡുകളും ബിറ്റ്‌കോയിനുകളും മാത്രമേ സ്വീകരിക്കൂ എന്ന് ഉപഭോക്താക്കളെ ഇവര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഭാവി ഇവയിലാണെന്ന് തങ്ങള്‍ കരുതുന്നുവെന്നാണ് മാനേജര്‍ ആഷ് റൈറ്റ് പറഞ്ഞത്. പത്ത് വര്‍ഷം മുമ്പ് 95 ശതമാനം പേയ്‌മെന്റുകളും പണമായിട്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ ഇതില്‍ 25 ശതമാനം ഇടിവുണ്ടായി. ആ ട്രെന്‍ഡ് പിന്നീട് തുടരുകയാണെന്നും റൈറ്റ് പറയുന്നു. പണമായുള്ള പേയ്‌മെന്റുകള്‍ കുറയുന്നത് സമയം ലാഭിക്കുകയും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ക്യാഷ് സര്‍വീസിംഗിനുള്ള ചെലവ് കാര്‍ഡ് പേയ്‌മെന്റുകളെ അപേക്ഷിച്ച് കുറവാണെന്നതാണ് വാസ്തവം. ആഴ്ചയില്‍ ഓഡിറ്റിംഗ് നടത്തുന്നതിനായി ചെലവാകുന്ന 40 മണിക്കൂര്‍ സമയം പുതിയ രീതിയില്‍ ഒഴിവാകുന്നുണ്ട്. ബാറുകളില്‍ കൊള്ള നടക്കുന്ന സംഭവങ്ങള്‍ ഇതു മൂലം കുറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved