Dana Majhi outside a Honda showroom in Bhawanipatna in Odisha’s Kalahandi district.
ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന അതേ വഴിയിലൂടെയാണ് ദന മാജി ഇന്നും നടന്നത്. കാൽനടയായല്ല, പുത്തൻ പുതിയ ബൈക്കിൽ. ഭവാനിപട്ടണത്തിലെ മഹേഷ് ഹോണ്ട എന്ന കടയിൽ നിന്നാണ് ഇദ്ദേഹം സിബി ഷൈൻ 125 ബൈക്ക് സ്വന്തമാക്കിയത്. മാജിയാണ് മാറിയിരിക്കുന്നത്. ഇന്നിപ്പോൾ പഴയ ദരിദ്രനാരായണനല്ല അയാൾ. ബാങ്കിൽ അഞ്ച് വർഷ കാലാവധിയിൽ വലിയ തുക സ്ഥിരനിക്ഷേപം ഉണ്ട്. പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന പദ്ധതിയിലൂടെ പുതിയ വീടിന്റെ പണി നടക്കുകയാണ്. പെൺമക്കൾ മൂന്ന് പേരും ഇപ്പോൾ ഭുവനേശ്വറിലെ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥികളാണ്. പുനർ വിവാഹിതനായ മാജിയിപ്പോൾ വീണ്ടും അച്ഛനാകാൻ ഒരുങ്ങുകയാണ്. മൂന്നാം ഭാര്യ അലമാതി ദേയി ഗർഭിണിയാണ്. ജീവിതനിലവാരം പെട്ടെന്ന് മാറിയെങ്കിലും മാജിയിപ്പോഴും തന്റെ സ്ഥലത്ത് കൃഷി ചെയ്ത് തന്നെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ക്ഷയരോഗം ബാധിച്ച് മരിച്ച ഭാര്യ അമംഗ് ദേയിയുടെ മൃതദേഹം മുറുക്കെ വരിഞ്ഞുചുറ്റി തോളിലേറ്റി നടന്നുപോകുന്ന ദന മാജിയുടെയും മകളുടെയും ചിത്രം ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞത്. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യയും ക്ഷയരോഗം ബാധിച്ച് മരിച്ചിരുന്നു. ആദ്യ ഭാര്യയിലെ മകൾ സനന്ദിയും ഇതേ രോഗത്തിന്റെ പിടിയിലായിരുന്നു. ഭുവനേശ്വറിലെ കലഹണ്ടി ഗ്രാമ നിവാസിയായ മാജിക്ക് ബെഹ്റിൻ പ്രധാനമന്ത്രി ഖലിഫ ബിൻ സൽമാൻ അൽ ഖലിഫ 9 ലക്ഷം രൂപയാണ് മാജിക്ക് നൽകിയത്. ഇതിനോടൊപ്പം നിരവധി പേർ മാജിക്ക് പണം നൽകി. പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജനയിലൂടെ 75000 രൂപയാണ് വീട് നിർമ്മിക്കാൻ ലഭിച്ചത്. നാഷണൽ ഫാമിലി ബെനഫിറ്റ് പദ്ധതി പ്രകാരം 20000 രൂപയും സംസ്ഥാന സർക്കാരിന്റെ റെഡ് ക്രോസ് പദ്ധതി പ്രകാരം 50000 രൂപയും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. സുലഭ് ഇന്റർനാഷണൽ തുറന്ന ബാങ്ക് അക്കൗണ്ടിലെ സ്ഥിരനിക്ഷേപത്തിൽ നിന്ന് പ്രതിമാസം 10000 രൂപയാണ് ഇദ്ദേഹത്തിന്റെ മകൾ ചാന്ദിനിക്ക് ലഭിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്ന് അജ്ഞാതനായ ഒരാൾ 80000 രൂപ ഇദ്ദേഹത്തിന്റെയും മക്കളുടെയും പേരിൽ നാല് തവണകളിലായി ലഭിക്കും വിധം ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. “ഞാനൊരു ഗ്രാമീണനാണ്. ഒരു ലക്ഷം എന്ന് എന്ന് പറഞ്ഞാൽ എത്രയാണെന്ന് പോലും എനിക്കറിയില്ല. ഞാനെന്റെ മരുമകനും പെങ്ങൾക്കുമൊപ്പം കൃഷി ചെയ്യും ഇനിയും. പക്ഷെ ഇപ്പോൾ എന്റെ അയൽക്കാരുടെ കുത്തുവാക്കുകളെ എനിക്ക് സഹിക്കാനാവുന്നില്ല. ഞാൻ ധനികനായെന്ന് അവരെല്ലാം പറയുന്നു”, മാജി മുൻപ് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞതാണിത്. അതേസമയം ആംബുലൻസിന് വേണ്ടി മാജി ആവശ്യപ്പെട്ടിരുന്നില്ലെന്ന വാദം ഒഡീഷ സർക്കാർ ഉയർത്തിയിരുന്നു. സംഭവം വിവാദമായ സാഹചര്യത്തിലാണ് പ്രതിപക്ഷത്തു നിന്നുള്ള ചോദ്യത്തിന് ഒഡീഷ നിയമസഭയിൽ ഈ ഉത്തരം സർക്കാർ നൽകിയത്.
RECENT POSTS
Copyright © . All rights reserved