deepika
ന്യൂസ് ഡെസ്ക് കുഞ്ഞനുജൻറെ ജീവൻ നിലനിർത്താനുള്ള ഓപ്പറേഷനായി ജ്യേഷ്ഠൻ തയ്യാറെടുക്കുന്നു. ഓപ്പറേഷൻ നടത്തുന്നത് ബോൺരോ സ്വന്തം അനുജന് നല്കുന്നതിനായിട്ടാണ്. അനുജൻറെ പ്രായം മൂന്നു വയസ്. ഈ മഹത്തായ ദാന കർമ്മത്തിൽ പങ്കാളിയാകുന്ന ജ്യേഷ്ഠന് പ്രായം വെറും അഞ്ച് വയസ്. ഈ ധീരനായ മിടുക്കൻറെ പേര് ഫിൻലി. അനുജൻ ഒലി ക്രിപ്പ്സിന് ബാധിച്ചിരിക്കുന്നത് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണ്. ബോൺമാരോ ട്രാൻസ്പ്ലാന്റിന് വിധേയമാകുന്നതിനു മുമ്പ് രണ്ട് റൗണ്ട് കീമോതെറാപ്പിയ്ക്കു കൂടി ഒലി വിധേയമാകും. കഴിഞ്ഞ വർഷം ജൂൺ 19 നാണ് ഒലിക്ക് ക്യാൻസറാണ് എന്ന് കണ്ടെത്തിയത്. അതിനു ശേഷം ആറുമാസത്തിനുള്ളിൽ ഒലി നാല് റൗണ്ട് കീമോയ്ക്ക് വിധേയനായി. ബ്ലഡ് ടെസ്റ്റിൽ ക്യാൻസറാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് സട്ടണിലെ റോയൽ മാർസ്ഡൻ ഹോസ്പിറ്റലിലേയ്ക്ക് ഒലിയെ മാറ്റുകയും അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഫിൻലിയുടെ ബോൺമാരോ ഒലിയ്ക്ക്  ചേരുമെന്നറിഞ്ഞതു മുതൽ കുടുംബത്തിന് ആശ്വാസം ലഭിച്ചതായി അമ്മ ഫിയോണ പറഞ്ഞു. കെന്റിലെ സിറ്റിംഗ് ബോണിലാണ് ഇവർ താമസിക്കുന്നത്. തന്റെ സഹോദരനെ ബോൺമാരോ നല്കി പുതുജീവൻ നല്കുന്നതിന് ഫിൻലി കാത്തിരിക്കുകയാണെന്ന് അമ്മ ഫിയോണ പറഞ്ഞു. കീമോ തെറാപ്പിയും മരുന്നുകളുടെ ആധിക്യവും മൂലം ഒലിയ്ക്ക് മുടി മുഴുവൻ നഷ്ടപ്പെട്ടു. അതിൽ തീർത്തും ദുഃഖിതനായിരുന്നു ഫിൻലി. തന്റെ സഹോദരനെപ്പോലെയിരിക്കാൻ ഫിൻലി തൻറെ മുടി ഷേവ് ചെയ്ത് റോയൽ മാഴ്സഡൻ ചാരിറ്റിക്കായി 800 പൗണ്ട് സമാഹരിച്ചു. ഫെബ്രുവരി മാസത്തിലാണ് ഒലിക്ക് ബോൺമാരോ ട്രാൻസ് പ്ലാന്റ് നടത്തുന്നത്.
ന്യൂസ് ഡെസ്ക് ഇംഗ്ലണ്ടിൽ താമസക്കാരായ എല്ലാവരെയും അവയവദാന രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായുള്ള കൺസൽട്ടേഷൻ പുരോഗമിക്കുന്നു. 2017 ഒക്ടോബറിൽ ആണ് പ്രധാനമന്ത്രി തെരേസ മെയ് പുതിയ നയം പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായ 12 ആഴ്ച നീണ്ടു നിൽക്കുന്ന കൺസൽട്ടേഷൻ 2017 ഡിസംബറിൽ ആരംഭിച്ചു. പുതിയ നയമനുസരിച്ച് എല്ലാവരും ഓർഗൻ ഡോണർ രജിസ്റ്ററിൽ ഉൾപ്പെടുത്തപ്പെടും. അവയവദാനത്തിന് താത്പര്യമില്ലാത്തവർക്ക് രജിസ്റ്ററിൽ നിന്ന് പിൻമാറാനുള്ള അവകാശമുണ്ട്. അതിനായി ഓപ്റ്റ് ഔട്ട് ഓപ്ഷൻ ഏവർക്കും വിനിയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്. നിലവിലെ നിയമമനുസരിച്ച് ഒരാൾ സ്വമേധയാ രജിസ്റ്റർ ചെയ്താൽ മാത്രമേ അവരുടെ മരണശേഷം അവയവങ്ങൾ മറ്റൊരാൾക്കായി എടുക്കുവാൻ പറ്റുകയുള്ളൂ. രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ മരിച്ചവ്യക്തിയുടെ കുടുംബാംഗങ്ങളുടെ അനുമതിയോടെ മാത്രമേ അവയവങ്ങൾ എടുക്കാൻ അധികാരമുള്ളൂ. പുതിയനിയമം നടപ്പിലായാൽ ഒരു വ്യക്തി അവയവദാന രജിസ്റ്ററിൽ നിന്ന് ഓപ്റ്റ് ഔട്ട് ചെയ്തിട്ടില്ലെങ്കിൽ അയാളുടെ മരണശേഷം അവയവങ്ങൾ എടുക്കാൻ NHS ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റിന് അധികാരമുണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായം അറിയുകയാണ് കൺസൾട്ടേഷന്റെ ഉദ്ദേശ്യം. അവയവദാന നിരക്ക് ത്വരിതപ്പെടുത്തുകയാണ് പുതിയ നയത്തിന്റെ ഉദ്ദേശ്യം. 2016 മുതൽ 2018 വരെ അവയവദാന രജിസ്റ്ററിൽ പേരുള്ള 1169 പേർ മരണമടഞ്ഞു. അക്കാലയളവിൽ 3293 പേരാണ് അവയവം ലഭിക്കാനായി രജിസ്റ്റർ ചെയ്ത് കാത്തിരുന്നത്. അവയവങ്ങൾ വേണ്ട സമയത്ത് ലഭിക്കാത്തതിനാൽ പല രോഗികളും മരണമടയുന്ന സ്ഥിതിവിശേഷം കണക്കിലെടുത്താണ് പുതിയ നയം നടപ്പിലാക്കുന്നത്. ആഫ്രിക്കൻ ഏഷ്യൻ വംശജരാണ് ഓർഗൻ ഡൊണേഷനിൽ പുറകിൽ നിൽക്കുന്നത്. 35 ശതമാനം ആൾക്കാർ മാത്രമേ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് രജിസ്റ്ററിൽ സമ്മതം നല്കിയിട്ടുള്ളൂ. എന്നാൽ  50 ശതമാനത്തിലേറെ വെളുത്തവംശജർ രജിസ്റ്ററിൽ ഉണ്ട്. കഴിഞ്ഞ വർഷം അവയവം ദാനം ചെയ്ത ഏഷ്യൻ ആഫ്രിക്കൻ വംശജർ 6 ശതമാനം മാത്രമാണ്. അതിനാൽ തന്നെ ആഫ്രിക്കൻ ഏഷ്യൻ വംശജർ വെളുത്ത വംശജരെക്കാൾ ആറു മാസത്തിലേറെ ട്രാൻപ്ലാന്റിനായി കാത്തിരിക്കേണ്ടി വരുന്നുണ്ട്.
ന്യൂസ് ഡെസ്ക് ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാൻ വെൽഷ് ഗവൺമെന്റ് നടപടികൾ ആരംഭിച്ചു. കുട്ടികളെ അടിക്കുന്നതുപോലുള്ള ശിക്ഷാരീതികൾ മാതാപിതാക്കളോ കെയറർമാരോ നടപ്പാക്കുന്നത് നിയമം മൂലം നിരോധിക്കാനാണ് നീക്കം. സ്കോട്ട്ലണ്ടിലും അയർലണ്ടിലും ഈ നിയമം ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിനായി 12 ആഴ്ച നീളുന്ന കൺസൽട്ടേഷൻ വെയിൽസിൽ തുടങ്ങി. മിനിസ്റ്റർ ഫോർ ചിൽഡ്രൻ ആൻഡ് സോഷ്യൽ കെയർ ഹു ഇറാൻക ഡേവിസ് ആണ് കൺസൽട്ടേഷൻ പ്രോസസ് ഇന്ന് പ്രഖ്യാപിച്ചത്. കുട്ടികൾക്കും മാതാപിതാക്കൾക്കും ജീവിതത്തിലെ ഏറ്റവും തുടക്കത്തിന്റെ നിമിഷങ്ങൾ നല്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. 2018 ൽ നിയമം നടപ്പാക്കാനാണ് പദ്ധതിയെന്ന് വെൽഷ് ഫസ്റ്റ് മിനിസ്റ്റർ കാൽവിൻ ജോൺസ്  പറഞ്ഞു.  അസംബ്ലിയിൽ പാസായിക്കഴിഞ്ഞാൽ കുട്ടികളെ അടിക്കുന്നതും ശാരീരികമായി ശിക്ഷിക്കുന്നതും നിയമ വിരുദ്ധമാകും. ഫലപ്രദമായ മറ്റു മാർഗങ്ങളിലൂടെ കുട്ടികളെ ശരിയായ ശിക്ഷണം നല്കി വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾക്ക് കഴിയണമെന്ന് ഫസ്റ്റ് മിനിസ്റ്റർ പറഞ്ഞു. ലോകത്തിലെ 52 രാജ്യങ്ങളിൽ ഈ നിയമം നിലവിലുണ്ട്. വെയിൽസിന്റെ മാതൃക പിന്തുടർന്ന് ഇംഗ്ലണ്ടിലും നിയമം നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ഏറിവരികയാണ്.
ന്യൂസ് ഡെസ്ക് മേഗൻ മാർക്കലാണ് ബ്രിട്ടണിലെ ഇപ്പോഴത്തെ സൂപ്പർ താരം. റോയൽ വെഡിംഗ് വാർത്ത പുറത്തു വിട്ടതിൽ പിന്നെ സോഷ്യൽ മീഡിയയും പത്രങ്ങളും ക്യാമറക്കണ്ണുകളും മേഗനെ പിന്തുടരുകയാണ്. പ്രിൻസ് ഹാരിയുടെ പ്രതിശ്രുത വധുമായ മേഗൻ മാർക്കലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ ആണ് നീക്കം ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ 1.9 മില്യണും ട്വിറ്ററിൽ 350,000 ഉം ഫോളോവേഴ്സ് മേഗന് ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ 800,000 ലേറെ ലൈക്കുകൾ ആണ്  മേഗന്റെ പേജിന് ലഭിച്ചത്. മെയ് 19നാണ് ഇരുവരും വിവാഹിതരാകുന്നത്. അന്നേ ദിവസം ബ്രിട്ടണിലെ പബുകളും ബാറുകളും രാത്രി വൈകിയും പ്രവർത്തിക്കാൻ അനുമതി നല്കിയിട്ടുണ്ട്. രാജകീയ വിവാഹം ബ്രിട്ടണിലെ ഒരു വലിയ ആഘോഷമായി മാറും. അന്നു തന്നെയാണ് എഫ്.എ കപ്പ് ഫൈനലും നടക്കുന്നത്. വിവാഹവും ഫുട്ബോളും ഒന്നിച്ച് വരുന്നതിനാൽ ബ്രിട്ടന്റെ സ്ട്രീറ്റുകൾ ആഘോഷത്തിമർപ്പിന്റെ ഒരു രാത്രി ബ്രിട്ടണിൽ സൃഷ്ടിക്കും. പ്രിൻസ് ഹാരിയും മേഗനും തങ്ങളുടെ ആദ്യ പൊതുപരിപാടിയിൽ ഇന്നലെ ഒന്നിച്ച് പങ്കെടുത്തു. ബ്രിക് സ്റ്റണിലെ റേഡിയോ സ്റ്റേഷൻ സന്ദർശിക്കാനെത്തിയ ഹാരിയെയും മേഗനെയും കാണാൻ നൂറു കണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. മാർക്ക് ആൻഡ് സ്പെൻസറിന്റെ സ്വെറ്റ് ഷർട്ടും ബർബറി ട്രൗസറും സ്മിത്ത് കോട്ടും ധരിച്ചാണ് മേഗൻ എത്തിയത്. ജനങ്ങളോട് സംസാരിക്കാനും ഹാൻഡ് ഷേക്ക് നല്കാനും പ്രിൻസ് ഹാരിയും മേഗനും സമയം കണ്ടെത്തി.
ന്യൂസ് ഡെസ്ക് . ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ന് വൈകുന്നേരമാണ് യൂണിവേഴ്സിറ്റിയുടെ മാത്സ് ബിൽഡിംഗിന് തീ പിടിച്ചത്. സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബ്രിസ്റ്റോൾ സിറ്റി ഏരിയ പുകയിൽ മൂടി. ഫയർഫോഴ്സും എമർജൻസി വിഭാഗങ്ങളും രംഗത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അറുപത് അംഗ ഫയർഫോഴ്സ് സംഘമാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്.  വാട്ടർ ജെറ്റിംഗ് നടത്തുന്നതിനായി ഹെലികോപ്ടർ സ്ഥലത്ത് എത്തിയിട്ടുണ്ട്. വിൽസ് മെമ്മോറിയൽ ടവർ ഏരിയയിൽ ഉള്ള ഫ്രൈ ബിൽഡിംഗ് 33 മില്യൺ പൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നതിനിടയിൽ ആണ് അഗ്നിക്കിരയായത്. ഇത് ഗ്രേഡ് 2 ലിസ്റ്റിൽ വരുന്ന ബിൽഡിംഗ് ആണ്.  വരുന്ന സ്പ്രിംഗ്‌ ടേമിൽ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കുന്നതിനായുള്ള  രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരുന്നത്. ആരും തീപിടുത്ത സമയത്ത് ബിൽഡിംഗിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപത്തെ റോഡുകൾ അടച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരാണെന്ന് യൂണിവേഴ്സിറ്റി ട്വീറ്റ് ചെയ്തു.
RECENT POSTS
Copyright © . All rights reserved