Defence
ബ്രിട്ടീഷ് വിന്ററില്‍ സംരക്ഷണത്തിന് ആവശ്യമായ വസ്ത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ പരിക്കേറ്റുവെന്ന് ആഫ്രിക്കന്‍ വംശജനായ സൈനികന്‍. മൈക്കിള്‍ അസിയാമാ എന്ന സൈനികനാണ് മിനിസ്ട്രി ഓഫ് ഡിഫന്‍സിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തണുത്തു മരവിക്കുന്ന കാലാവസ്ഥയില്‍ തണുപ്പില്‍ നിന്ന് രക്ഷ നല്‍കുന്ന വസ്ത്രങ്ങള്‍ നല്‍കാതെ 18 മണിക്കൂര്‍ നീണ്ടുനിന്ന എക്‌സര്‍സൈസില്‍ പങ്കെടുപ്പിച്ചുവെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ആഫ്രിക്കന്‍ വംശജര്‍ക്ക് കടുത്ത ശൈത്യത്തില്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടാകുമെന്ന വസ്തുത അറിയാമായിരുന്നിട്ടും കടുത്ത കാലാവസ്ഥയില്‍ തന്നെ നിയോഗിക്കുകയായിരുന്നുവെന്ന് അസിയാമാ പരാതിപ്പെടുന്നു. സാലിസ്ബറി പ്ലെയിനിലും ലെസ്റ്റര്‍ഷയറിലെ നെയിസ്ബി ബാറ്റില്‍ഫീല്‍ഡിലും നടന്ന എക്‌സര്‍സൈസുകളില്‍ സാധാരണ വേഷത്തില്‍ പങ്കെടുത്ത തനിക്ക് ശരീരത്തിന് മരവിപ്പും കടുത്ത വേദനയും അനുഭവപ്പെട്ടതായി അസിയാമാ ഹൈക്കോടതിയില്‍ പറഞ്ഞു. മിനിസ്ട്രി ഓഫ് ഡിഫന്‍സിനെതിരെ 150,000 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് ഇയാള്‍. 2016 മാര്‍ച്ചിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വിന്ററിനെ പ്രതിരോധിക്കുന്ന ഗ്ലൗസ്, വിന്റര്‍ സോക്‌സ്, ബൂട്ട്‌സ് തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റ് കൊണ്ടു വരണമെന്ന് തന്റെ മേലുദ്യോഗസ്ഥര്‍ പറഞ്ഞിരുന്നില്ലെന്നും ഇത്രയും കടുത്ത തണുപ്പ് താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ മുന്നോട്ടു പോകാനാണ് നിര്‍ദേശം ലഭിച്ചതെന്നും അസിയാമാ പറഞ്ഞു. അഡജറ്റന്റ് ജനറല്‍സ് കോറിലായിരുന്നു അസിയാമാ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് സൈന്യത്തിന്റെ എച്ച്ആര്‍, ഫിനാന്‍സ്, അക്കൗണ്ടിംഗ്, ഐടി വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് അഡജറ്റന്റ് ജനറല്‍സ് കോര്‍ ആണ്. 15 ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള തണുപ്പില്‍ തനിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോടതിയില്‍ ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. നെയിസ്ബിയില്‍ സിവിലിയന്‍ വേഷത്തില്‍ അഞ്ചു മണിക്കൂര്‍ ലെക്ചര്‍ കേള്‍ക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം പറയുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് സാലിസ്ബറി പ്ലെയിനില്‍ നടന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കേണ്ടി വന്നത്. പുലര്‍ച്ചെ മുതര്‍ അര്‍ദ്ധരാത്രി വരെ നീളുന്ന ജോലികളായിരുന്നു ഇവിടെ ചെയ്യേണ്ടി വന്നത്. 2009ല്‍ നടന്ന ഒരു പഠനത്തില്‍ കറുത്തവരായ ബ്രിട്ടീഷ് സൈനികര്‍ക്ക് തണുത്ത കാലാവസ്ഥ താങ്ങാനുള്ള ശേഷി വെളുത്തവരേക്കാള്‍ കുറവാണെന്ന് വ്യക്തമായിരുന്നു. ഈ പഠന റിപ്പോര്‍ട്ടും കോടതിയില്‍ നല്‍കിയ റിട്ടില്‍ അസിയാമാ നല്‍കിയിട്ടുണ്ട. തണുത്ത കാലാവസ്ഥയില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ളവരെ എത്രയും പെട്ടെന്നു തന്നെ സ്ഥലത്തു നിന്ന് മാറ്റണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പറയുന്നത്. എന്നാല്‍ ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നുവെന്നാണ് സൈനികോദ്യോഗസ്ഥര്‍ പ്രതികരിച്ചത്. 36 കാരനായ അസിയാമാ ഘാനയിലാണ് ജനിച്ചത്. 2016 ഒക്ടോബര്‍ വരെ ഇദ്ദേഹം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. വില്‍റ്റ്ഷയറിലെ റ്റിഡ്വര്‍ത്തില്‍ ഒരു ഇവാഞ്ജലിക്കല്‍ ചര്‍ച്ചിന് നേതൃത്വം നല്‍കുകയാണ് ഇദ്ദേഹം ഇപ്പോള്‍.
ലോകമൊട്ടാകെയുള്ള പ്രതിരോധ, സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ലോകശക്തികള്‍ക്കൊപ്പമുള്ള ബ്രിട്ടന്റെ സ്ഥാനം ബ്രെക്‌സിറ്റോടെ ഇല്ലാതാകുമെന്ന് സൂചന. ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി നടത്തിയ വിശകലനമാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. യൂറോപ്യന്‍ യൂണിയന്റെ കോമണ്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് പോളിസിയില്‍ നിന്ന് പുറത്താകുന്നതോടെ രാജ്യത്തിന് ആഗോള സുരക്ഷയിലുള്ള സ്വാധീനം നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദൗത്യങ്ങളില്‍ പങ്കെടുക്കാന്‍ ബ്രിട്ടന് സാധിച്ചേക്കുമെങ്കിലും ഇപ്പോള്‍ നേതൃനിരയിലും ആസൂത്രണത്തിലും മറ്റുമുള്ള നിര്‍ണ്ണായക സ്വാധീനശേഷി ബ്രെക്‌സിറ്റോടെ ഇല്ലാതാകുമെന്നാണ് വ്യക്തമാകുന്നത്. ആഫ്രിക്കന്‍ മുനമ്പിലെ കടല്‍ക്കൊള്ളക്കാരെ തുരത്തുന്നതിലും കൊസോവോയിലും പടിഞ്ഞാറന്‍ ബാള്‍ക്കനിലും നടത്തിയ ദൗത്യത്തിലും ബ്രിട്ടന് നിര്‍ണ്ണായക പങ്കായിരുന്നു ഉണ്ടായിരുന്നത്. വളരെ വിജയകരമായാണ് ഈ ദൗത്യങ്ങള്‍ ബ്രിട്ടന്‍ പൂര്‍ത്തിയാക്കിയതെന്ന് കമ്മിറ്റി വിലയിരുത്തി. സിഎസ്ഡിപി ദൗത്യങ്ങള്‍ യുകെയുടെ വിദേശനയത്തില്‍ സുപ്രധാന സംഭാവനകള്‍ നല്‍കുകയും ഈ ദൗത്യങ്ങളില്‍ നിന്ന് ഒട്ടേറെ നേട്ടങ്ങള്‍ രാജ്യത്തിന് ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്ന് കമ്മിറ്റി അധ്യക്ഷയായ ബാരോണസ് വര്‍മ പറഞ്ഞു. മൂന്നാം ലോകരാജ്യങ്ങളിലെ പങ്കാളിത്ത മോഡല്‍ നിലവിലുള്ള രീതിയില്‍ തുടര്‍ന്നാല്‍ സിഎസ്ഡിപി ദൗത്യങ്ങളില്‍ യുകെയുടെ സ്വാധീനം ഇല്ലാതാകും. യൂറോപ്യന്‍ യൂണിയന്റെ തീരുമാനമെടുക്കാനും ആസൂത്രണം ചെയ്യാനുമുള്ള ബോഡികളില്‍ നിരീക്ഷക സ്ഥാനം നിലനിര്‍ത്താനായി ചര്‍ച്ചകള്‍ നടത്തുകയാണ് ഇനി ചെയ്യാനുള്ളതെന്ന് ലോര്‍ഡ്‌സ് യൂറോപ്യന്‍ യൂണിയന്‍ എക്‌സ്റ്റേര്‍ണല്‍ അഫയേഴ്‌സ് സബ് കമ്മിറ്റി പറയുന്നു. ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയനുമായി പുതിയ സുരക്ഷാ ഉടമ്പടി രൂപീകരിക്കുമെന്നും സിഎസ്ഡിപിയിലുള്‍പ്പെടെ നിര്‍ണ്ണായക സഹകരണം ഉറപ്പു വരുത്തുമെന്നും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രിക്ക് നേരിട്ട വന്‍ തിരിച്ചടിയാണ് ഈ വെളിപ്പെടുത്തലെന്നും വിലയിരുത്തലുണ്ട്.
റഷ്യയും പാശ്ചാത്യ ലോകവും തമ്മില്‍ പുതിയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടന് പ്രതിരോധ വിദഗ്ദ്ധന്റെ മുന്നറിയിപ്പ്. പ്രതിരോധ മേഖലയില്‍ മതിയായ നിക്ഷേപം നടത്താത്തതിനാല്‍ ശീതയുദ്ധ സമയത്തെ അതേവിധത്തിലുള്ള ഭീഷണിയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് വിദഗ്ദ്ധനായ ജൂലിയന്‍ ലൂയിസ് പറഞ്ഞു. മൂന്നാം ലോകമഹായുദ്ധത്തിന്റെ നിഴലില്‍ ലോകം നില്‍ക്കുമ്പോള്‍ നാറ്റോ നിര്‍ദേശിച്ചിരിക്കുന്ന 2 ശതമാനം മിനിമം സൈനികഫണ്ട് പോലും വെട്ടിക്കുറച്ചിരിക്കുകയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു. കോമണ്‍സിലെ ഒട്ടു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഡിഫന്‍സ് ബജറ്റ് വര്‍ദ്ധിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്. അതേ സമയം ഡിഫന്‍സ് കമ്മിറ്റി ഇത് ചെവിക്കൊള്ളുന്നില്ല. ജിഡിപിയുടെ രണ്ട് ശതമാനമാണ് പ്രതിരോധത്തിനായി വകയിരുത്തിയിരിക്കുന്നതെന്നാണ് 2016ലെ റിപ്പോര്‍ട്ട് പറയുന്നത്. ശീതയുദ്ധകാലത്ത് ജിഡിപിയുടെ 4.5-5 ശതമാനത്തിനിടയിലായിരുന്നു ഡിഫന്‍സിനായി നീക്കിവെച്ചിരുന്നത്. ശീതയുദ്ധത്തിനൊടുവില്‍ 90കളില്‍ ചെലവു ചുരുക്കലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പോലും 3 ശതമാനം തുക വകയിരുത്തിയിരുന്നു. ഇപ്പോള്‍ രാജ്യ സുരക്ഷ അപകടത്തിലാണെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. ശീതയുദ്ധകാലത്തേക്കാള്‍ മോശം അവസ്ഥയാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വെറും രണ്ട് ശതമാനം മാത്രമാണ് നിക്ഷേപം. ഇത് ഒട്ടും മതിയാവില്ല. തീവ്രവാദമായിരുന്നു അടുത്തകാലം വരെയുള്ള ഭീഷണിയെങ്കില്‍ രാജ്യങ്ങള്‍ ഭീഷണിയാകുന്ന സ്ഥിതിവിശേഷം വീണ്ടും ഉടലെടുത്തിരിക്കുകയാണ്. ഇവയുടെ രണ്ടിന്റെയും ഒരുമിച്ചുള്ള ആക്രമണം 1980കളില്‍ റഷ്യയുടെയും ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെയും ഭാഗത്തു നിന്നുണ്ടായതാണ് അവസാന അനുഭവമെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ ആക്രമണത്തിന് അമേരിക്ക, ഫ്രാന്‍സ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന ബ്രിട്ടീഷ് നടപടിയുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്.
RECENT POSTS
Copyright © . All rights reserved