Dementia
ഡിമന്‍ഷ്യ രോഗത്തിന് സാധ്യതയുണ്ടോ എന്ന് തിരിച്ചറിയുന്നതിനും അത് തടയുന്നതിനുമായി എന്‍എച്ച്എസ് നടത്തുന്ന പരിശോധന 40 വയസ് കഴിഞ്ഞ പകുതിയോളം പേര്‍ക്ക് മാത്രമേ നടത്താന്‍ കഴിയുന്നുള്ളുവെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് ചീഫുമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 40 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി നടത്തുന്ന 20 മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന പരിശോധനയാണ് ഇത്. ഈ പരിശോധനയില്‍ ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, വൃക്കരോഗങ്ങള്‍, പ്രമേഹം എന്നിവ വരാനുള്ള സാധ്യതയും വിലയിരുത്തുന്നു. സ്‌ട്രോക്ക്, പ്രമേഹം, രണ്ടു തവണയോളം ഹൃദ്രോഗം തുടങ്ങിയവ വന്നിട്ടുള്ളവര്‍ക്ക് ഡിമന്‍ഷ്യയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. നിലവില്‍ കണക്കാക്കപ്പെടുന്ന ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് ഇതെന്നും ഹെല്‍ത്ത് ചീഫുമാര്‍ പറയുന്നു. അനാരോഗ്യത്തിനും അകാല മരണങ്ങള്‍ക്കും കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളെയാണ് ഈ പരിശോധന പരിഗണിക്കുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ജാമി വാട്ടര്‍ഫോള്‍ പറയുന്നു. സാധ്യത കണ്ടെത്തിയാല്‍ ഒഴിവാക്കാന്‍ കഴിയുന്ന രോഗങ്ങളാണ് ഡിമെന്‍ഷ്യയും ഹൃദ്രോഗവും. അതിന് ജനങ്ങളെയ സഹായിക്കുകയാണ് ഈ പരിശോധനയെന്നും വാട്ടര്‍ഫോള്‍ പറഞ്ഞു. 40നും 74നുമിടയില്‍ പ്രായമുള്ള അനാരോഗ്യമുള്ളവര്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഈ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 15 മില്യന്‍ ആളുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരിശോധന നടത്തേണ്ടതായിരുന്നുവെങ്കിലും അവരില്‍ 50 ശതമാനം മാത്രമേ ഇതിനായി തയ്യാറായിട്ടുള്ളു. ഈ പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ക്ക് ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ അലിസ്റ്റര്‍ ബേണ്‍സ് പറഞ്ഞു. ജനങ്ങള്‍ക്ക് തങ്ങളുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് ഇത്. ഹൃദ്രോഗങ്ങളിലും സട്രോക്കിലും 2 ശതമാനം കുറവുണ്ടാകുമ്പോള്‍ 10,000 പേരിലെങ്കിലും ഡിമെന്‍ഷ്യ സാധ്യതയും ഇല്ലാതാകുന്നുവെന്ന് എന്‍എച്ച്എസ് അറിയിക്കുന്നു. ബ്രിട്ടനില്‍ ഡിമെന്‍ഷ്യ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്ന് അല്‍ഷിമേഴ്‌സ് സൊസൈറ്റി ഒക്ടോബറില്‍ അറിയിച്ചിരുന്നു.
അദ്ഭുത രോഗശാന്തി വാഗ്ദാനം ചെയ്ത് 88 കാരിയായ ഡിമെന്‍ഷ്യ രോഗിയില്‍ നിന്ന് 10,000 പൗണ്ടിന്റെ തട്ടിപ്പ്. ബാര്‍ബറ എവിറ്റ്‌സ് എന്ന സ്ത്രീയില്‍ നിന്നാണ് വ്യാജ മരുന്നുകള്‍ നല്‍കി തട്ടിപ്പു സംഘം വന്‍ തുക ഈടാക്കിയത്. സെയില്‍സ് കോളുകളിലൂടെ ബാര്‍ബറയെ കഴിഞ്ഞ എട്ടു വര്‍ഷമായി ഇവര്‍ കബളിപ്പിച്ചു വരികയായിരുന്നു. അടുത്തിടെ ഒരു നഴ്‌സിംഗ് ഹോമിലേക്ക് ഇവരെ മാറ്റിയപ്പോളാണ് തട്ടിപ്പ് പുറത്തായത്. ബാര്‍ബറയുടെ അക്കൗണ്ടില്‍ വെറും 30 പൗണ്ട് മാത്രമായിരുന്നു ശേഷിച്ചിരുന്നത്. ബാണ്‍സ്ലിയിലെ വൂംബ് വെല്ലില്‍ ബാര്‍ബറ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് മകനായ പോള്‍ 400 മരുന്നു ബോക്‌സുകള്‍ കണ്ടെത്തുകയായിരുന്നു. ഒരു പെട്ടിക്കുള്ളില്‍ സെലറി, മഞ്ഞള്‍ എന്നിവയുടെ 22 കണ്ടെയ്‌നര്‍ എക്‌സ്ട്രാക്ട് കണ്ടെത്തി. ഇതിനായി 385 പൗണ്ടാണ് വൃദ്ധയില്‍ നിന്ന് തട്ടിപ്പുകാര്‍ ഈടാക്കിയിരുന്നത്. മറ്റൊന്നില്‍ മാതള നാരങ്ങ സത്തായിരുന്നു ഉണ്ടായിരുന്നത്. 300 പൗണ്ടായിരുന്നു ഇതിന്റെ വില. നാല് പാക്കേജുകളിലായി 1000 പൗണ്ടിന്റെ ഉല്‍പ്പന്നങ്ങളും 135 പൗണ്ട് വിലയിട്ട് ഒമേഗ ഓയിലും തട്ടിപ്പുകാര്‍ നല്‍കിയിരുന്നു. തങ്ങള്‍ കണ്ടിട്ടുള്ള ഏറ്റവും ദയനീയമായ തട്ടിപ്പെന്നാണ് പോലീസ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ഈ വസ്തുക്കളൊന്നും ബാര്‍ബറയ്ക്ക് ആവശ്യമുള്ളതല്ലെന്ന് മകന്‍ പോള്‍ പറഞ്ഞു. ഒരു തവണ ഒരു തട്ടിപ്പുകാരന്റെ ഫോണ്‍ കോള്‍ താനാണ് എടുത്തത്. ബാങ്ക് വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു അയാള്‍. ഇത് താന്‍ ചോദ്യം ചെയ്യുകയും ഇനി വിളിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. പക്ഷേ താന്‍ വീട്ടിലില്ലാത്തപ്പോള്‍ വിളിക്കുമെന്നായിരുന്നു അയാളുടെ പ്രതികരണമെന്നും പോള്‍ പറഞ്ഞു. രോഗിയും വൃദ്ധയുമായ തന്റെ അമ്മയെ വിളിക്കുന്നവര്‍ ഒരു ദയയുമില്ലതെയാണ് പെരുമാറിയതെന്നും പോള്‍ പറയുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റായ സമയത്താണ് ഇതേക്കുറിച്ച് തനിക്ക് സംശയം തോന്നിയത്. ചില അത്യാവശ്യ കാര്യങ്ങള്‍ വീട്ടില്‍ നിന്ന് എടുക്കാനുണ്ടെന്ന് അമ്മ പറഞ്ഞു. ബിസ്‌ക്റ്റുകളും കേക്കുകളും അടങ്ങിയ ഫുഡ് പാക്കേജുകളാണ് തനിക്ക് വീട്ടില്‍ കാണാന്‍ കഴിഞ്ഞത്. അവയ്ക്ക് 125 പൗണ്ട് നല്‍കി വാങ്ങിയതായിരുന്നു. വെറും 35 പൗണ്ടിന് സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്ന വസ്തുക്കളായിരുന്നു അവ. എന്നാല്‍ തട്ടിപ്പ് ഇത്രയും വലിയ തോതിലുള്ളതായിരുന്നു എന്ന് മനസിലാക്കാന്‍ താന്‍ വൈകിയെന്നും പോള്‍ സമ്മതിക്കുന്നു.
ഡിമെന്‍ഷ്യയും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. യുകെയില്‍ അന്തരീക്ഷ മലിനീകരണം 60,000ത്തോളം പേര്‍ക്കെങ്കിലും ഡിമെന്‍ഷ്യയുണ്ടാക്കുമെന്നാണ് പഠനം മുന്നറിയിപ്പ് നല്‍കുന്നത്. വാഹനങ്ങളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമുള്ള മലിനീകരണം ഏറെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ മറവിരോഗം വരാനുള്ള സാധ്യത 40 ശതമാനം അധികമാണെന്നും പഠനം വ്യക്തമാക്കുന്നു. പഴയ ഡീസല്‍ കാറുകള്‍ പുറത്തുവിടുന്ന നൈട്രജന്‍ ഡയോക്‌സൈഡ്, കരിയടങ്ങിയ പുക എന്നിവയാണ് ഡിമെന്‍ഷ്യയുമായി ഏറ്റവും ബന്ധമുള്ള ഘടകങ്ങളെന്നും പഠനക്കില്‍ സ്ഥിരീകരിച്ചു. വിഷവസ്തുക്കള്‍ അടങ്ങിയ പുകയ്ക്ക് അല്‍ഷൈമേഴ്‌സും ഡിമെന്‍ഷ്യയുടെ മറ്റു രൂപങ്ങളുമായും ബന്ധമുണ്ടെന്നതിന് ശക്തമായ തെളിവുകളാണ് കിംഗ്‌സ് കോളേജ് ലണ്ടനും സെന്റ് ജോര്‍ജ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനും നടത്തിയ പഠനത്തില്‍ ലഭിച്ചത്. 14ല്‍ ഒന്ന് വീതം ഡിമെന്‍ഷ്യ കേസുകള്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിലവില്‍ യുകെയിലെ 8.5 ലക്ഷം ആളുകള്‍ മറവിരോഗ ബാധിതരാണ്. 2025ഓടെ ഇത് 10 ലക്ഷമായി ഉയരുമെന്നും 2050ഓടെ 20 ലക്ഷമാകുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ജനിതക കാരണങ്ങളാണ് രോഗത്തിന് പ്രധാനമായും ഉള്ളതെങ്കിലും പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ് എന്നിവ രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വായു മലിനീകരണം ഡിമെന്‍ഷ്യക്ക് കാരണമാകുമെന്നത് ആദ്യമായാണ് കണ്ടെത്തുന്നത്. 60,000 പേര്‍ക്കെങ്കിലും രോഗം വരാനുള്ള സാധ്യത അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിലൂടെ ഇല്ലാതാക്കാമെന്നും പഠനത്തില്‍ വ്യക്തമായി. നൈട്രജന്‍ ഡയോക്‌സൈഡ് ഏറ്റവും കൂടുതല്‍ അന്തരീക്ഷത്തില്‍ കലരുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 40 ശതമാനം അധികമാണെന്നും പോസ്റ്റ് കോഡ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളിലൂടെ 40,000 പേരെങ്കിലും ഓരോ വര്‍ഷവും അകാല മരണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്. ഗര്‍ഭിണികളായ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ പോലും വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന കരിയുടെ അംശം കണ്ടെത്തിയതായി ഈയാഴ്ച പുറത്തു വന്ന മറ്റൊരു പഠനത്തില്‍ പറഞ്ഞിരുന്നു. മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഗര്‍ഭസ്ഥശിശുക്കള്‍ പോലും വിമുക്തരല്ലെന്നാണ് ഇത് തെളിയിക്കുന്നത്.
ചെറുപ്പത്തില്‍ മസ്തിഷ്‌കത്തിനുണ്ടാകുന്ന പരിക്കുകള്‍ പ്രായമാകുമ്പോളുണ്ടാകുന്ന ഡിമെന്‍ഷ്യക്ക് കാരണമാകുമെന്ന് പഠനം. ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറിയും അവ പിന്നീടുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കൂറിച്ചും ഡാനിഷ്, യുഎസ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിഷയത്തില്‍ നടന്നിരിക്കുന്ന സമഗ്രമായ പഠനങ്ങളിലൊന്നാണിത്. ചെറുപ്രായത്തില്‍ തന്നെ മസ്തിഷ്‌കത്തില്‍ പരിക്കേല്‍ക്കുന്ന ആളുകള്‍ക്ക് പ്രായമാകുമ്പോള്‍ അല്‍ഷൈമേഴ്‌സും ഡിമെന്‍ഷ്യയുടെ ഇതര രൂപങ്ങളായ അസുഖങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം വെളിപ്പെടുത്തുന്നു. 36 വര്‍ഷങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 2.8 മില്യണ്‍ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പഠന വിധേയമാക്കിയ ഗവേഷകര്‍ 20 വയസിന് മുന്‍പ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി സംഭവിച്ചവര്‍ക്ക് ഡിമെന്‍ഷ്യ പിടിപെടാന്‍ 63 ശതമാനം സാധ്യതയുള്ളതായി കണ്ടെത്തി. തലയ്ക്ക് ക്ഷതമേറ്റ് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയുക. 30 വയസിന് ശേഷമുണ്ടാകുന്ന മസ്തിഷ്‌ക പരിക്കുകള്‍ ഡിമെന്‍ഷ്യക്ക് കാരണമാകാനുള്ള സാധ്യതകള്‍ താരതമ്യേന കുറവാണ്. ഇത്തരം ആളുകള്‍ക്ക് ഡിമെന്‍ഷ്യ പിടിപെടാന്‍ 30 ശതമാനം സാധ്യത മാത്രമാണുള്ളത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പരിക്കുകളാണ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി എന്ന പേരിലറിയപ്പെടുന്നത്. റോഡ് അപകടങ്ങള്‍, വലിയ വീഴ്ച്ചകള്‍ തുടങ്ങിയവ സംഭവിക്കുമ്പോഴാണ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറിയുണ്ടാകുന്നത്. ചെറിയ ക്ഷതങ്ങുളും ടിബിഐ ആയാണ് കണക്കാക്കുന്നത്. തലക്ക് ഒരു തവണ ക്ഷതമേറ്റാല്‍ പോലും ഡിമെന്‍ഷ്യക്ക് 17 ശതമാനം സാധ്യതയുണ്ടത്രേ! ബോക്‌സിംഗ്, റഗ്ബി, ഫുട്‌ബോള്‍ പോലെയുള്ള ഗെയിമുകളില്‍ തലയ്ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. കായികതാരങ്ങള്‍ മറവിരോഗത്തിന് അടിമയാകാനുള്ള വലിയ സാധ്യതയാണ് ഇത് നല്‍കുന്നത്. ഓരോ വര്‍ഷവും 50 മില്യന്‍ ആളുകള്‍ക്ക് ടിബിഐ ഉണ്ടാകുന്നുണ്ട്. ഇത് തടയാനായാല്‍ ഡിമെന്‍ഷ്യ വരുന്നത് ഒഴിവാക്കാന്‍ ഒരു പരിധി വരെ സാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിലവില്‍ 47 മില്യന്‍ ആളുകള്‍ക്ക് ഡിമെന്‍ഷ്യ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ ജീവിതദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതനുസരിച്ച് രോഗികളുടെ എണ്ണവും ഉയരുമെന്നാണ് വിലയിരുത്തല്‍. .
RECENT POSTS
Copyright © . All rights reserved