Demolition
ഒമ്പത് വീടുകള്‍ നിര്‍മിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 11 വീടുകള്‍ നിര്‍മിച്ച ഡെവലപ്പര്‍ക്ക് തിരിച്ചടി. എല്ലാ വീടുകളും പൊളിച്ചു മാറ്റണമെന്ന് കൗണ്‍സില്‍ ഉത്തരവിട്ടു. കോടീശ്വരനായ ഹിക്മത്ത് കാവേയുടെ ഉടമസ്ഥതയിലുള്ള ക്രിസ്റ്റലൈറ്റ് എന്ന കമ്പനിയോടാണ് എല്ലാ വീടുകളും പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്ലോസ്റ്റര്‍ഷയറിലെ ന്യൂവെന്റിലാണ് സംഭവം. വീടുകള്‍ക്ക് അനുമതി ലഭിച്ചതിനേക്കാള്‍ ഏറെ ഭൂമി ഈ വീടുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വീടുകളുടെ നിര്‍മാണത്തിന് താന്‍ നിയോഗിച്ച ബില്‍ഡര്‍മാര്‍ക്ക് സംഭവിച്ച അബദ്ധമാണ് ഇതെന്നാണ് ഹിക്മത്ത് കാവേ അവകാശപ്പെടുന്നത്. അനുമതിയില്ലാത്ത ഭൂമിയില്‍ നിര്‍മാണം നടത്തിയെന്നു മാത്രമല്ല, ഏറെ ഉയരത്തിലുമാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. കണ്‍സര്‍വേഷന്‍ സോണില്‍ വരുന്ന പ്രദേശത്ത് ഒമ്പത് വീടുകള്‍ നിര്‍മിക്കാനുള്ള അനുമതി ഗവണ്‍മെന്റ് പ്ലാനിംഗ് ഇന്‍സ്‌പെക്ടര്‍ നല്‍കിയതു പോലും നിരവധി നിബന്ധനകളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ അനുമതി നല്‍കിയ എസ്‌റ്റേറ്റ് അല്ല അവിടെ നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്ന് ഫോറസ്റ്റ് ഓഫ് ഡീന്‍ കൗണ്‍സിലര്‍മാര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ആക്ഷന്‍ മാത്രമാണ് മുന്നിലുള്ളതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തങ്ങള്‍ കരാര്‍ ഏല്‍പ്പിച്ച ബില്‍ഡറാണ് രണ്ട് അധിക വീടുകള്‍ നിര്‍മിച്ചതെന്നും ഇയാളെ കാണാനില്ലെന്നുമാണ് ഡെവലപ്പര്‍ കൗണ്‍സിലിനെ അറിയിച്ചിരിക്കുന്നത്. അധികമായി നിര്‍മിച്ച വീടുകള്‍ പൊളിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധരാണെന്നും കമ്പനി അറിയിച്ചു. എന്നാല്‍ അനുമതിയില്ലാത്ത ഭൂമിയില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനം നിലവിലുള്ള പെര്‍മിഷന്‍ അസാധുവാക്കിയിരിക്കുകയാണെന്ന് പ്ലാനിംഗ് കമ്മിറ്റി വിലയിരുത്തുന്നു. ഇത്തരമൊരു നിര്‍മാണത്തെക്കുറിച്ച് ഒരു പ്ലാനിംഗ് ആപ്ലിക്കേഷന്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതൊരു അനധികൃത നിര്‍മാണമായേ കണക്കാക്കാനാകൂ എന്നും എന്‍ഫോഴ്‌സ്‌മെന്റ് മാത്രമേ ഇനി മുന്നിലുള്ളുവെന്നും പ്ലാനിംഗ് കമ്മിറ്റി വ്യക്തമാക്കി.
Copyright © . All rights reserved