deportation
അനധികൃത കുടിയേറ്റക്കാരെ ഡീപോര്‍ട്ട് ചെയ്യുന്ന വിമാനങ്ങള്‍ ഡീപോര്‍ട്ട് ചെയ്യപ്പെടുന്നവരുടെ പ്രതിഷേധം മൂലം റദ്ദാക്കപ്പെടുന്നു. സുരക്ഷാ ജീവനക്കാരുടെ അകമ്പടിയില്ലാതെ ഡീപോര്‍ട്ട് ചെയ്യപ്പെടുന്നവരെ വിമാനങ്ങളില്‍ ഉപേക്ഷിക്കുകയാണ് ഹോം ഓഫീസ് ജീവനക്കാരെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇത്തരക്കാരെ മിക്കവാറും ഒറ്റയ്ക്കായിരിക്കും അയക്കുക. ഇവര്‍ വിമാനങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തുകയും ബഹളം വെയ്ക്കുകയും ചെയ്യുന്നത് പതിവാണ്. ഇതോടെ പൈലറ്റുമാര്‍ ടേക്ക് ഓഫിന് വിസമ്മതം അറിയിക്കുകയാണെന്ന് നിരീക്ഷകര്‍ പറയുന്നു. ചില വിമാനങ്ങള്‍ സര്‍വീസ് തന്നെ റദ്ദാക്കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ടത്രേ! പ്ലാന്‍ഡ് ഡീപോര്‍ട്ടേഷനുകള്‍ പോലും റദ്ദാക്കപ്പെട്ടിട്ടുണ്ട്. വിമാനത്തില്‍ ബഹളമുണ്ടാക്കി ഡീപോര്‍ട്ടേഷന്‍ അലസിപ്പിച്ച ചരിത്രമുള്ളവര്‍ക്കു പോലും എസ്‌കോര്‍ട്ട് ഏര്‍പ്പെടുത്താന്‍ ഹോം ഓഫീസ് ജീവനക്കാര്‍ തയ്യാറാകുന്നില്ല. പരിശീലനം ലഭിക്കാത്തതും അമിതജോലി ചെയ്ത് തളര്‍ന്നവരുമായ ജീവനക്കാരാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഹോം ഓഫീസിന്റെ പ്രവര്‍ത്തന ശൈലിയാണ് ഈ വിഷയത്തില്‍ വിമര്‍ശനത്തിന് വിധേയമാകുന്നത്. കുടിയേറ്റത്തിനായുള്ള അപേക്ഷകള്‍ നിരസിക്കുന്നതിന് ഇന്‍സെന്റീവുകള്‍ നല്‍കുകയും അപേക്ഷകരെ ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്ക് കാര്യമായ പരിശീലനമില്ലാത്തതുമൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനില്‍ അഭയം നിഷേധിക്കപ്പെട്ടവരെ നാടുകടത്താന്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ സാധാരണ ഗതിയില്‍ പ്രതിഷേധക്കാരുടെ ലക്ഷ്യമാകാറുണ്ട്. ഫെബ്രുവരി 15ന് ഡീപോര്‍ട്ട് ചെയ്യപ്പെട്ട 60 പേരുമായി പുറപ്പെടാനൊരുങ്ങിയ വിമാനം സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സ്റ്റാന്‍സ്റ്റെഡ് 15 എന്ന പേരില്‍ അറിയപ്പെട്ട സംഘമാണ് വിമാനം തടഞ്ഞത്. ഈ സംഭവം മൂലമുണ്ടായ സര്‍വീസ് വൈകല്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിന് 10 ലക്ഷത്തോളം പൗണ്ടിന്റെ നഷ്ടമുണ്ടാക്കിയിരുന്നു. ഡീപോര്‍ട്ട് ചെയ്യാനിരുന്നവരെ പിന്നീട് വിമാനത്തില്‍ നിന്ന് മാറ്റേണ്ടി വന്നു. പ്രതിഷേധക്കാര്‍ക്ക് ജയില്‍ ശിക്ഷ ഒഴിവായെങ്കിലും സസ്‌പെന്‍ഡഡ് ശിക്ഷകളും കമ്യൂണിറ്റി ഓര്‍ഡറുകളും നല്‍കി. ഇത്തരം പ്രതിഷേധങ്ങള്‍ കൊടും കുറ്റവാളികളെ നാടുകടത്താനുള്ള ശ്രമങ്ങളെപ്പോലും പരാജയപ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
ഏഴു വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജന്റെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളഞ്ഞു. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും തീരുമാനമായിട്ടുണ്ട്. ആര്‍എസ്ഡി എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ 1997ലാണ് ഇന്ത്യയില്‍ നിന്ന് യുകെയില്‍ എത്തിയത്. 2004ല്‍ ഇയാള്‍ക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിച്ചു. 2011ലാണ് ബന്ധുവായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2003നും 2010നുമിടയില്‍ ഇയാള്‍ കുട്ടിയെ ഗ്രൂമിംഗിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയെന്നാണ് തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് കോടതി ഇയാള്‍ക്ക് 14 വര്‍ഷത്തെ തടവുശിക്ഷ നല്‍കുകയും സെക്ഷ്വല്‍ ഒഫെന്‍ഡേഴ്‌സ് ലിസ്റ്റില്‍ ഇയാളുടെ പേര് ജീവപര്യന്തം ചേര്‍ക്കുകയും ചെയ്തു. യുകെ പൗരത്വത്തിനായി അപേക്ഷ നല്‍കിയ സമയത്ത് ഇയാള്‍ ഒരു കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇയാളുടെ പൗരത്വം റദ്ദാക്കാന്‍ ഹോംസെക്രട്ടറി തീരുമാനിച്ചത്. ഇത്തരത്തിലുള്ള ആദ്യ കേസാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. 2003ല്‍ അപേക്ഷ നല്‍കുന്നതിനു മുമ്പും പൗരത്വം ലഭിച്ചതിനു ശേഷവും വര്‍ഷങ്ങളോളം പീഡനം തുടര്‍ന്നുവെന്നാണ് വ്യക്തമായത്. ഈ കുറ്റകൃത്യം മറച്ചുവെച്ച് ബ്രിട്ടീഷ് പൗരത്വത്തിന് ശ്രമിച്ചുവെന്നത് അംഗീകരിക്കാനാകാത്ത കുറ്റമാണ്. ഇത് നിങ്ങളുടെ സ്വഭാവം ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് ആര്‍എസ്ഡിക്ക് നല്‍കിയ വിശദീകരണത്തില്‍ ഹോം സെക്രട്ടറി വ്യക്തമാക്കി. തീരുമാനത്തിനെതിരെ നല്‍കിയ അപ്പീലില്‍ ഇയാള്‍ വിജയിച്ചെങ്കിലും ഒരു സീനിയര്‍ ജഡ്ജ് ഹോം സെക്രട്ടറിയുടെ തീരുമാനത്തിന് അനുകൂലമായി വിധിയെഴുതുകയായിരുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ചേംബറിന്റെ അപ്പര്‍ ട്രൈബ്യൂണല്‍ ജഡ്ജിയായ ജഡ്ജ് പിറ്റ് ആണ് ഈ വിധിയെഴുതിയത്. ചൈല്‍ഡ് അബ്യൂസ് ലോയര്‍മാര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. റോച്ച്‌ഡെയിലില്‍ ഒരു കുട്ടിയെ പീഡനത്തിന് ഇരയാക്കിയ മൂന്ന് പാകിസ്ഥാന്‍ വംശജരുടെ കേസിലും ഈ വിധി ബാധിക്കും.
ശ്രീലങ്കന്‍ തമിഴ് വംശജനെ ഡീപോര്‍ട്ട് ചെയ്യുന്നതിനായി വിമാനത്തില്‍ കയറ്റാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. ശങ്കരപ്പിള്ള ബാലചന്ദ്രന്‍ എന്ന 61 കാരനെയാണ് ഹോം ഓഫീസ് ഡീപോര്‍ട്ട് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചത്. മൂന്ന് തവണ സ്‌ട്രോക്ക് വന്നിട്ടുള്ള ഇദ്ദേഹം കടുത്ത രക്തസമ്മര്‍ദ്ദ രോഗിയാണ്. വിമാനയാത്ര ഇദ്ദേഹത്തിന്റെ ജീവന് ഭീഷണിയായേക്കാമെന്ന് മെഡിക്കല്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് ഹോം ഓഫീസ് ഡീപോര്‍ട്ടേഷന്‍ നടപടികളുമായി മുന്നോട്ടു പോയത്. ഹീത്രൂ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ നിന്നും നാല് പാരമെഡിക്കുകളുടെ സഹായത്തോടെ ആംബുലന്‍സിലാണ് ഹോം ഓഫീസ് അധികൃതര്‍ ബാലചന്ദ്രനെ വിമാനത്താവളത്തില്‍ എത്തിച്ചത്. കുടുംബത്തെയും ഇദ്ദേഹത്തിനൊപ്പം അയക്കാനായിരുന്നു പദ്ധതി. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓസ്‌ട്രേലിയയിലേക്കുള്ള തിങ്കളാഴ്ച രാത്രി 9.30നുള്ള വിമാനത്തിലായിരുന്നു ബാലചന്ദ്രനെ അയക്കാന്‍ ഉദ്ദേശിച്ചിരുന്നത്. യാത്രാസമയം അടുത്തു വന്നതോടെ ഇദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം 169/113 ആയി ഉയര്‍ന്നു. എന്നാല്‍ ഹോം ഓഫീസ് നിയോഗിച്ച പാരമെഡിക്കുകള്‍ പറഞ്ഞത് ബാലചന്ദ്രന്‍ യാത്ര ചെയ്യാനാകുന്ന ആരോഗ്യാവസ്ഥയിലാണെന്നായിരുന്നു. അര്‍ദ്ധ ബോധാവസ്ഥയിലേക്ക് പോലും അദ്ദേഹം നീങ്ങി. അദ്ദേഹത്തിന്റെ കുടുംബം വിമാനത്താവളത്തിലുണ്ടായിരുന്നു. വിമാനത്തില്‍ കയറിയില്ലെങ്കില്‍ എല്ലാവരെയും ബലംപ്രയോഗിച്ച് പിന്നീട് നാടുകടത്തുമെന്നും അത് ഓരോരുത്തരെയായി നടത്തുമെന്നും അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി ബാലചന്ദ്രന്റെ മകന്‍ പ്രണവന്‍ പറഞ്ഞു. അനാരോഗ്യമുള്ളതിനാല്‍ ബാലചന്ദ്രനെ യുകെയില്‍ നിര്‍ത്തുമെന്നും കുടുംബാംഗങ്ങളെ നാടുകടത്തുമെന്നായിരുന്നു ഭീഷണി. അതോടെ പിതാവ് സുരക്ഷിതനായിരിക്കാന്‍ വിമാനത്തില്‍ കയറുന്നതില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രണവന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം കുറയുകയായിരുന്നെങ്കില്‍ യാത്രക്ക് തങ്ങള്‍ തയ്യാറാകുമായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. യാത്രക്ക് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇവരെ ഹോട്ടലിലേക്ക് വീണ്ടും മാറ്റിയിരിക്കുകയാണ്. എന്‍ജിനീയറായിരുന്ന ബാലചന്ദ്രന്റെ വര്‍ക്ക് വിസയുടെ കാലാവധി കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിനും കുടുംബത്തിനു സ്ഥിരതാമസത്തിനുള്ള അനുമതി ഹോം ഓഫീസ് നല്‍കിയിരുന്നില്ല. ഇതോടെ കുടുംബാംഗങ്ങള്‍ക്കും യുകെയില്‍ ജോലി ചെയ്യാനുള്ള അനുമതി ഇല്ലാതായിരുന്നു. മനുഷ്യാവകാശ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് നിയമസഹായം തേടിയിരിക്കുകയാണ് ഇവര്‍.
തമിഴ് വംശജനായ സതീഷ് ഗൗണ്ടറെ ഡീപോര്‍ട്ട് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ഹോം ഓഫീസ് പിന്‍മാറി. ഡോവറില്‍ ഫിസിയോതെറാപ്പിസ്റ്റായ സതീഷിന്റെ വിസ പുതുക്കുന്നതിലുണ്ടായ സാങ്കേതികപ്രശനമാണ് ഡീപോര്‍ട്ടേഷനിലേക്ക് നയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഡോവറില്‍ നടന്ന കമ്യൂണിറ്റി ക്യാംപെയിന്‍ പ്രവാസി ചരിത്രത്തില്‍ ഇടംപിടിക്കുന്ന സംഭവമായി മാറി. സണ്‍ഡേ പീപ്പിളിനാണ് ഗൗണ്ടറുടെ ഡീപോര്‍ട്ടേഷന്‍ തടഞ്ഞതിനുള്ള എല്ലാ ക്രെഡിറ്റും നല്‍കേണ്ടതെന്ന് ലോക്കല്‍ എംപിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ചാര്‍ലീ എല്‍ഫിക്ക് പറഞ്ഞു. രണ്ടു വര്‍ഷമായി ഡോവറില്‍ ഫിസിയോതെറാപ്പി സ്ഥാപനം നടത്തി വരികയാണ് 65കാരനായ സതീഷ് ഗൗണ്ടര്‍. ഒരു അസിസ്റ്റന്‍ ഫിസിയോയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സതീഷിന് സ്ഥാപനം അടക്കേണ്ടി വന്നു. സതീഷിന് വര്‍ക്ക് വിസ പുതുക്കണമെങ്കില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമായിരുന്നു. 50,000 പൗണ്ട് മുടക്കി ആരംഭിച്ച സ്ഥാപനം അടച്ചു പൂട്ടിയതോടെ തെരുവിലിറങ്ങേണ്ട അവസ്ഥയില്‍ പോലും സതീഷ് എത്തി. ഇതിനിടയിലും ഒരു ബ്രിട്ടീഷ് സൈനികന്റെ ശരീരം പകുതി തളര്‍ന്ന ഭാര്യക്ക് ഇദ്ദേഹം ചികിത്സ നല്‍കുന്നുണ്ടായിരുന്നു. എംപിയായ എല്‍ഫിക്ക് ഹോം സെക്രട്ടറി സാജിദ് ജാവിദിന് സതീഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന കത്തയച്ചു. ഡോവറിലെ ഏക ഫിസിയോതെറാപ്പിസ്റ്റായ സതീഷിന്റെ കാര്യം പുനരവലോകനം ചെയ്യാമെന്ന് ഹോം സെക്രട്ടറി ഉറപ്പു നല്‍കുകയും ചെയ്തു. പുതിയ അപേക്ഷ നല്‍കാനുള്ള അവസരമാണ് ഇതിലൂടെ സതീഷിന് തുറന്നു കിട്ടിയത്. എങ്കിലും എംപിയുടെ കത്തില്‍ ഹോം സെക്രട്ടറി ആഴ്ചകളോളം നടപടിയെടുത്തില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ബ്രിട്ടനില്‍ എന്‍എച്ച്എസിലും സ്വകാര്യ മേഖലയിലുമായി 5000 ഫിസിയോതെറാപ്പിസ്റ്റുകളുടെ കുറവുണ്ടെന്നാണ് കണക്ക്. ഈ മേഖലയിലുള്ളവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് സതീഷിനെ ഡീപോര്‍ട്ട് ചെയ്യാന്‍ ഹോം ഓഫീസ് ശ്രമിച്ചത്.
ന്യൂസ് ഡെസ്ക്. ചെസ് രംഗത്തെ അത്ഭുത പ്രതിഭയായി വിശേഷിപ്പിക്കപ്പെട്ട ബാലനെ ബ്രിട്ടൺ നാടുകടത്താനൊരുങ്ങുന്നു. ഒൻപതു വയസുകാരനായ ശ്രേയാസ് റോയലാണ് ബ്രിട്ടണിൽ തുടരാൻ ഉള്ള അവകാശത്തിനായി പൊരുതുന്നത്. ചെസ് രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്ത് കഴിഞ്ഞ നവംബറിൽ ലണ്ടനിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ ആദ്യം നീക്കം നടത്താൻ ശ്രേയാസിന് സംഘാടകർ അവസരം നൽകിയിരുന്നു. ഭാവിയുടെ വാഗ്ദാനമായാണ് ശ്രേയാസിനെ ചെസ് ലോകം വിശേഷിപ്പിക്കുന്നത്. സെപ്റ്റംബറിൽ ശ്രേയാസിന്റെ പിതാവിന്റെ വിസാ കാലാവധി അവസാനിക്കുന്നതിനാൽ ഈ പ്രതിഭയ്ക്ക് ബ്രിട്ടണിൽ തുടരാനുള്ള അവസരം നഷ്ടപ്പെടും. ശ്രേയാസിന്റെ മാതാപിതാക്കളായ ജിതേന്ദ്ര സിംഗും അഞ്ജുവും 2012ലാണ് സൗത്ത് ഈസ്റ്റ് ലണ്ടനിൽ താമസമാക്കിയത്. അന്ന് ശ്രേയാസിന് മൂന്നു വയസായിരുന്നു പ്രായം. ശ്രേയാസിന്റെ പിതാവ്, 38 കാരനായ ജിതേന്ദ്ര, തന്റെ മകൻ രാജ്യത്തിന്റെ സമ്പത്താണെന്നും ബ്രിട്ടൺ വിടുക എന്നത് അവനെ സംബന്ധിച്ചിടത്തോളം വലിയ ഷോക്കായിരിക്കുമെന്നും ബ്രിട്ടണിൽ തുടരാൻ അനുവദിക്കണമെന്നും ഹോം ഓഫീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബ്രിട്ടണിൽ തുടരാൻ സാധിച്ചില്ലെങ്കിൽ അത് ശ്രേയാസിന്റെ  ചെസ് ജീവിതത്തിന്റെ അന്ത്യം കുറിക്കുമെന്നും ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെപ്പോലെയാകണമെന്ന് ആഗ്രഹിക്കുന്ന ശ്രേയാസിന്റെ സ്വപ്നങ്ങൾ ഇതോടെ ഇല്ലാതാകുമെന്നും ജിതേന്ദ്ര പറയുന്നു.
RECENT POSTS
Copyright © . All rights reserved