dileep
ന്യൂഡല്‍ഹി: നടി ആക്രമിച്ച കേസിലെ നിര്‍ണായക തെളിവടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ പോലീസ് ഹാജരാക്കിയിട്ടുള്ള തെളിവുകള്‍ ലഭിക്കാന്‍ തിനക്ക് അവകാശമുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധിയാണെന്നും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്നും അതിനാല്‍ നിരപരാതിത്വം തെളിയിക്കുന്നതിനായി ഇവ പരിശോധിക്കാന്‍ അനുവദിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ അത് ചോരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ചൂണ്ടിക്കാണിച്ചിരുന്നു. പോലീസിന്റെ വാദങ്ങള്‍ അംഗീകരിച്ച വിചാരണാക്കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ആവശ്യം നേരത്തെ തള്ളിയിരുന്നു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍. നടി മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് ദിലീപിനെ ചതിക്കുകയായിരുന്നുവെന്ന് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ ഗൂഢാലോചനയില്‍ നടി രമ്യാ നമ്പീശനും ലാലിനും പങ്കുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോടാണ് മാര്‍ട്ടിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദിലീപിനെ ചതിച്ചതിന് പ്രതിഫലമായി മഞ്ജുവിന് മുംബൈയില്‍ ഫ്ളാറ്റും ഒടിയന്‍ സിനിമയില്‍ ചാന്‍സും കിട്ടിയെന്നും മാര്‍ട്ടിന്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിയായ മാര്‍ട്ടിനാണ് ആക്രമണം നടന്ന ദിവസം നടിയുടെ വാഹനം ഓടിച്ചിരുന്നത്. നേരത്തെ കോടതി ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയാണ് ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്. അതേസമയം നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന തെളിവുകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് അങ്കമാലി കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു. നേരത്തെ നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി തെളിവുകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെ ദൃശ്യങ്ങള്‍ എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് കോടതി ദിലീപിനോട് ഇങ്ങനെ ചോദിച്ചത്. ദൃശ്യങ്ങള്‍ മുമ്പ് കണ്ടതല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങള്‍ ആവശ്യമാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ട്. പോലീസ് ഇക്കാര്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ്. അക്രമിക്കപ്പെട്ട നടിയുടേത് തന്നെയാണോ വീഡിയോയിലെ സ്ത്രീശബ്ദമെന്ന് സ്ഥിരീകരിക്കണം. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായി സംശയമുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പുരുഷന്‍മാരുടെയും സ്ത്രീശബ്ദത്തിന്റെയും തീവ്രതയില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. നടിയെ ആക്രമിക്കുന്നതിനിടെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പകര്‍ത്തിയ വീഡിയോയാണ് ഇത്. തെളിവായി ഹാജരാക്കിയ ഈ ദൃശ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
കൊച്ചി: നടി ആക്രമക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹോക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി വരുന്ന തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ തെളിവുകളും നേരത്തെ കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം പ്രതിയായ ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അത് ദുരൂപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടി കാണിച്ച് അന്വേഷണ സംഘം രംഗത്ത് വന്നിരുന്നു. ദൃശ്യങ്ങള്‍ യാതൊരു കാരണവശാലും കൈമാറാന്‍ സാധിക്കില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലങ്ങളും വൈദ്യപരിശോധന ഫലങ്ങളും മറ്റു സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്. വിചാരണാ നടപടികള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതില്‍ ഹൈക്കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നത്. പ്രതികള്‍ക്ക് തങ്ങള്‍ക്കെതിരെയുള്ള മുഴുവന്‍ തെളിവുകള്‍ പരിശോധിക്കാനുള്ള അനുമതി നേരത്തെ കോടതി നല്‍കിയിരുന്നു. ഇതനുസരിച്ച് ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയുടെ സാന്നിധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ പരിശോധിച്ചിരുന്നു.
തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി-സിനിമാസ് തീയേറ്റര്‍ ഭൂമി കയ്യേറിയല്ല നിര്‍മിച്ചതെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. ഭൂമി കയ്യേറ്റത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലാണ് ഭൂമി കയ്യേറ്റം നടന്നിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്. ദിലീപ്, തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ് ജയ എന്നിവരെ എതിര്‍ കക്ഷികളാക്കി പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. തീയേറ്റര്‍ സമുച്ചയം നിര്‍മിക്കാന്‍ പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്നും അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ തീയേറ്ററിനു സമീപമുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ചാലക്കുടി ഡി സിനിമാസിന്റെ കൈവശമുള്ളതെന്നും ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയില്ലെന്നുമുള്ള ജില്ല സര്‍വേയറുടെ റിപ്പോര്‍ട്ട് പകര്‍ത്തിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്നായിരുന്നു ആരോപണം.
RECENT POSTS
Copyright © . All rights reserved