Dinner
ജൂണില്‍ നടത്താനിരിക്കുന്ന സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബക്കിംഗ്ഹാം കൊട്ടാരം നല്‍കുന്ന ഔദ്യോഗിക വിരുന്ന് ബഹിഷ്‌കരിക്കുമെന്ന് ജെറമി കോര്‍ബിന്‍. വംശീയതയും സ്ത്രീവിദ്വേഷവും പ്രസംഗിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന് റെഡ് കാര്‍പറ്റ് വിരിക്കുന്നത് തെറ്റാണെന്ന് ലേബര്‍ നേതാവ് പറയുന്നു. യുകെ-യുഎസ് ബന്ധം കാണിക്കാന്‍ പൊങ്ങച്ചത്തിന്റെയും ആഘോഷത്തിന്റെയും ആവശ്യമില്ലെന്നും കോര്‍ബിന്‍ വ്യക്തമാക്കി. ട്രംപിന് ആദരം നല്‍കുമെന്ന് 2016ല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം തെരേസ മേയ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോസ്, ലിബറല്‍ ഡെമോക്രാറ്റ് നേതാവ് സര്‍ വിന്‍സ് കേബിള്‍ തുടങ്ങിയവര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രധാനമായ അന്താരാഷ്ട്ര കരാറുകള്‍ തകര്‍ക്കുകയും കാലാവസ്ഥാ മാറ്റത്തില്‍ നിഷേധ നിലപാട് എടുക്കുകയും വംശീയവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന ട്രംപിനെ ആദരിക്കാന്‍ പരവതാനി വിരിക്കാനുള്ള നീക്കത്തില്‍ നിന്ന് തെരേസ മേയ് പിന്‍മാറണമെന്ന് പ്രസ്താവനയില്‍ കോര്‍ബിന്‍ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പൊങ്ങച്ചത്തിന്റെയോ സ്‌റ്റേറ്റ് വിസിറ്റ് ആഘോഷത്തിന്റെയോ ആവശ്യമില്ല. അമേരിക്കന്‍ ഭരണകൂടത്തിനു മുന്നില്‍ സാഷ്ടാംഗം വീഴാന്‍ പ്രധാനമന്ത്രി വീണ്ടും തയ്യാറായിരിക്കുന്നത് നിരാശാജനകമാണെന്നും കോര്‍ബിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കായി ട്രംപ് വരുന്നതിനെ സ്വാഗതം ചെയ്യുമെന്നും കോര്‍ബിന്‍ വ്യക്തമാക്കി. ഡിന്നറിന് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ ബെര്‍കോവിന്റെ വക്താവ് അറിയിച്ചു. ട്രംപിന്റെ പ്രവര്‍ത്തനങ്ങളുടെ വിമര്‍ശകനാണ് ബെര്‍കോവ്. അമേരിക്കന്‍ ഭരണകൂടവുമായി മറ്റു വിഷയങ്ങളില്‍ ചര്‍ച്ചകളാണ് നടത്തേണ്ടതെന്നും ഡിന്നര്‍ ബഹിഷ്‌കരിക്കുകയാണെന്നും എസ്എന്‍പി വെസ്റ്റ്മിന്‍സ്റ്റര്‍ നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡും അറിയിച്ചു. അതേസമയം അമേരിക്കന്‍ പ്രസിഡന്റിന് ഏറ്റവും മികച്ച സ്വീകരണം നല്‍കണമെന്നാണ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞത്.
വീടുകള്‍ക്കുള്ളിലെ വായു മലിനീകരണം മാരകമായ തരത്തിലെന്ന് ശാസ്ത്രജ്ഞര്‍. റോസ്റ്റ് ഡിന്നറുകള്‍ ഉണ്ടാക്കുന്ന മലിനീകരണം ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരങ്ങളേക്കാള്‍ പരിതാപകരമായ അന്തരീക്ഷമാണ് വീടുകള്‍ക്കുള്ളില്‍ സൃഷ്ടിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പരമ്പരാഗത ശൈലിയിലുള്ള റോസ്റ്റ് ഡിന്നര്‍ അടച്ചുപൂട്ടിയ വീടുകള്‍ക്കുള്ളില്‍ പാചകം ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് കനത്ത ട്രാഫിക്കുള്ള ദിവസങ്ങളില്‍ സെന്‍ട്രല്‍ ലണ്ടനില്‍ സൃഷ്ടിക്കപ്പെടുന്ന മലിനീകരണത്തിന്റെ 13 മടങ്ങ് അധികമാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. റോസ്റ്റ് ചെയ്യുമ്പോള്‍ പുറത്തു വരുന്ന വസ്തുക്കളില്‍ പിഎം25 പാര്‍ട്ടിക്കുലേറ്റുകളും ഉള്‍പ്പെടുന്നു. ഇവ ശ്വാസകോശത്തിന്റെ ഉള്ളറകളില്‍ പോലും നിക്ഷേപിക്കപ്പെടുകയും ചിലപ്പോള്‍ രക്തചംക്രമണ വ്യവസ്ഥയില്‍ കലരുക പോലും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അതിനാല്‍ത്തന്നെ അപകടകാരിയായ മാലിന്യമായാണ് ഇതിനെ കണക്കാക്കുന്നത്. അമേരിക്കയില്‍ താങ്ക്‌സ്ഗിവിംഗ് ദിനത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ഫുള്‍ റോസ്റ്റ് ടര്‍ക്കി പാചകം ചെയ്യുമ്പോള്‍ ക്യുബിക് മീറ്ററില്‍ 200 മൈക്രോഗ്രാം ഈ മാലിന്യം സൃഷ്ടിക്കപ്പെടുന്നതായി കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് പിഎം2.5 പാര്‍ട്ടിക്കുലേറ്റിന്റെ സുരക്ഷിതമായ അളവ് 10 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററാണ്. സെന്‍ട്രല്‍ ലണ്ടനിലെ ശരാശരി പോലും 15.2 ആണെന്നിരിക്കെയാണ് ഈ നിരക്കിന്റെ ഭീകരത വ്യക്തമാകുന്നത്. മാംസം മാത്രമല്ല, പച്ചക്കറികള്‍ റോസ്റ്റ് ചെയ്യുമ്പോഴും അന്തരീക്ഷം മലിനീകരിക്കപ്പെടുന്നുണ്ട്. പച്ചക്കറികള്‍ കൂടുതല്‍ കടും നിറത്തിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത് കൂടുതലായും സംഭവിക്കുന്നത്. ബ്രസല്‍സ് സ്പ്രൗട്ടിനെ ഇക്കാര്യത്തില്‍ ഏറ്റവും അപകടകാരികളെന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. പച്ചക്കറികളും ഇറച്ചിയും ബോയില്‍ ചെയ്യുമ്പോഴും പിഎം2.5 പുറത്തു വരുന്നുണ്ടെങ്കിലും റോസ്റ്റിംഗിനെ അപേക്ഷിച്ച് ഈ രീതി അപകടകരമല്ലെന്നും പഠനം വ്യക്തമാക്കുന്നു. ഒരു ത്രീ ബെഡ്‌റൂം വീട്ടില്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ മോണിട്ടറുകള്‍ സ്ഥാപിച്ചാണ് പരീക്ഷണം നടത്തിയത്. ഇതിനായി കുറേ വിഭവങ്ങള്‍ പാചകം ചെയ്തു. വീട്ടിനുള്ളില്‍ അപകടകരമായ കണികകളുടെ സാന്നിധ്യം പാചക സമയത്ത് ഉയര്‍ന്നത് തങ്ങളെ അതിശയപ്പെടുത്തിയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ.മറീന വാന്‍സ് പറഞ്ഞു. ആഹാരസാധനങ്ങള്‍ ബോയില്‍ ചെയ്യുന്നതാണ് ഉചിതമെന്ന് ശാസ്ത്രജ്ഞര്‍ എന്ന നിലയില്‍ കണ്ടെത്തിയെങ്കിലും റോസ്റ്റ് ചെയ്യുന്നതാണ് രുചികരമെന്നതാണ് തമാശയെന്നും അവര്‍ പറയുന്നു.
ക്രിസ്മസ് ഡിന്നറിനുള്ള പ്രധാന വിഭവം എന്താണെന്ന് ചോദിച്ചാല്‍ ടര്‍ക്കി എന്നല്ലാതെ മറിച്ചൊരുത്തരം ഇല്ല. എന്നാല്‍ ഈ വിഭവമൊരുക്കാനുള്ള ടര്‍ക്കി യുകെയില്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. അപ്പോള്‍ ക്രിസ്മസിന് തീന്‍മേശയില്‍ വിളമ്പുന്ന റോസ്റ്റിനായുള്ള ടര്‍ക്കികള്‍ എവിടെ നിന്നാണ് എത്തുന്നത്? ഇതു കൂടാതെ മറ്റു വിഭവങ്ങളും എത്തുന്നത് എവിടെ നിന്നാണെന്ന് സണ്‍ഡേ മിറര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ചിലിയില്‍ നിന്നുള്‍പ്പെടെയാണ് യുകെയുടെ ക്രിസ്മസ് ആഘോഷത്തിനുള്ള വിഭവങ്ങള്‍ എത്തുന്നത്. ലിഡില്‍ ഫ്രോസണ്‍ ടര്‍ക്കി എത്തിക്കുന്നത് ക്യാനഡ, പോളണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ്. ഹംഗറിയില്‍ നിന്ന് ഗൂസ് എത്തിക്കുന്നു. ഐസ് ലാന്‍ഡിന്റെ ടര്‍ക്കി ബ്രെസ്റ്റും ബേക്കണും പോളണ്ടിലാണ് ഉത്പാദിപ്പിക്കപ്പെടുകയും പാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നത്. ലിഡിലിനെപ്പോലെ തന്നെ സ്റ്റഫ്ഡ് ഗൂസ് ഇവര്‍ ഇറക്കുമതി ചെയ്യുന്നത് ഹംഗറിയില്‍ നിന്നാണ്. ആസ്ഡ സൂപ്പര്‍മാര്‍ക്കറ്റ് റോസ്റ്റിംഗ് ബീഫ് എത്തിക്കുന്നത് അയര്‍ലന്‍ഡില്‍നിന്നും ഗാമണ്‍ ജോയിന്റ് ഡെന്മാര്‍ക്കില്‍ നിന്നുമാണ്. മോറിസണ്‍സിന്റെ ഗാമണ്‍ ജോയിന്റ് യൂറോപ്യന്‍ യൂണിയന്‍ പോര്‍ക്കില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. സെയിന്‍സ്ബറീസിന്റെ മാരിസ് പൈപ്പര്‍ പൊട്ടറ്റോസ് ഇസ്രായേലില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ടെസ്‌കോയുടെ ലെയ്ക്ക്‌ലാന്‍ഡ്‌സ് ഗൂസ് എത്തുന്നത് ഹംഗറിയില്‍ നിന്നും. ക്യാനഡ, ചിലി, യുഎസ് എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ബെറികളില്‍ നിന്നാണ് ഓഷ്യന്‍ സ്‌പ്രേയുടെ ക്രാന്‍ബെറി സോസ് ഉത്പാദിപ്പിക്കുന്നത്. ഒരു ക്രിസ്മസ് സ്റ്റാര്‍ട്ടറായ ലിഡിലിന്റെ ബീച്ച് ബുഡ് സ്‌മോക്ക്ഡ് സാല്‍മണ്‍ ജര്‍മനിയില്‍ നിന്ന് യാത്ര ചെയ്താണ് നമുക്കു മുന്നിലെത്തുന്നത്. അതേസമയം ബ്രിട്ടനില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോത്പന്നങ്ങള്‍ പരമാവധി വാങ്ങണമെന്ന് നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് ഫാമിംഗിനെ പിന്തുണയ്ക്കാനും ബ്രിട്ടീഷ് കര്‍ഷകരെ സഹായിക്കാനും ഇപ്രകാരം ചെയ്യണമെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. മോറിസണ്‍സ് മാത്രമാണ് ഇക്കാര്യത്തില്‍ അല്‍പമെങ്കിലും ഉദാരത കാണിക്കുന്നത്. ഫ്രഷ് വെജിറ്റബിള്‍സിനായി യുകെയിലെ കൃഷിക്കാരെ മോറിസണ്‍സ് ആശ്രയിക്കുന്നു.
RECENT POSTS
Copyright © . All rights reserved