Divorce
ലണ്ടന്‍: യു.കെയിലെ വിവാഹ മോചന നിരക്കില്‍ ഗണ്യമായ കുറവ് വന്നതായി റിപ്പോര്‍ട്ട് കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് ശതമാനം വിവാഹമോചനമാണ് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുടുംബ, സാമൂഹിക ജിവിതങ്ങള്‍ വളരെ പക്വമായ രീതിയില്‍ മുന്നോട്ട് പോകുന്നതിന്റെ സൂചനയാണ് പുതിയ റിപ്പോര്‍ട്ടുകളെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണങ്ങള്‍. കുടുംബ ജീവിതത്തില്‍ പുരുഷന്മാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും പുതിയ മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കുടുംബവുമായി ബന്ധപ്പെട്ട കൂടുതല്‍ ഉത്തരവാതിത്വങ്ങള്‍ നിറവേറ്റാന്‍ പുരുഷന്മാര്‍ മുന്നിട്ടിറങ്ങുന്നത് വലിയൊരളവില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഇല്ലാതാരിക്കാന്‍ കാരണമാകുന്നതായും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 1970ന് ശേഷം ഇത്രയും കുറവ് ശതമാനം വിവാഹമോചനങ്ങള്‍ യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മാര്യേജ് ഫൗണ്ടേഷന്‍ പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരാവുന്നതില്‍ നിന്ന് മാറി കുടുംബ ജീവിതം തെരഞ്ഞെടുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് പ്രധാനമായും വിവാഹമോചന നിരക്ക് കുറയാന്‍ കാരണം. ഇതര സാമൂഹിക ബന്ധങ്ങളുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കേണ്ടി വരുന്നവര്‍ അധികം താമസിയാതെ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുരുഷന്മാര്‍ കുടുംബജീവിതം കൂടുതല്‍ ഗൗരവത്തോടെ കാണുന്നതിന്റെ തെളിവാണിതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 1970ന് ശേഷം വിവാഹങ്ങള്‍ കൂടുതല്‍ ഗൗരവപൂര്‍ണവും സ്ഥിരതയുള്ളതുമായി മാറുന്നത് വളരെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്ന് മാര്യേജ് ഫൗണ്ടേഷന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഹാരി ബെന്‍സന്‍ പ്രതികരിച്ചു. ചില ബന്ധങ്ങള്‍ എത്രയൊക്കെ ശ്രദ്ധ ചെലുത്തിയാലും നിലനില്‍ക്കില്ല. എന്നാല്‍ ഇന്നത്തെ അവസ്ഥ വളരെയധികം വ്യത്യാസം വന്നിട്ടുണ്ട്. വിവാഹ കഴിക്കാത്തവര്‍ തമ്മില്‍ പിരിയുന്ന നിരക്കും വിവാഹമോചന നിരക്കും തമ്മില്‍ ഭീമമായ വ്യത്യാസം നമുക്ക് മനസിലാക്കാന്‍ കഴിയുമെന്നും ബെന്‍സന്‍ കൂട്ടിച്ചേര്‍ത്തു.
യുകെയില്‍ ഇനി മുതല്‍ നോ ഫോള്‍ട്ട് വിവാഹ മോചനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ അരങ്ങൊരുങ്ങുന്നു. വിവാഹമോചന നിയമങ്ങളില്‍ വരുത്താനിരിക്കുന്ന സുപ്രധാന മാറ്റത്തിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് വിവാഹമോചനം ലഭിക്കണമെങ്കില്‍ പങ്കാളിയുടെ മേല്‍ ആരോപിക്കുന്ന കുറ്റം തെളിയിക്കണമെന്ന വ്യവസ്ഥ ഇല്ലാതാകും. പരസ്ത്രീ ബന്ധം, അസ്വാഭാവികമായ പെരുമാറ്റം, ഉപേക്ഷിച്ചു പോകല്‍ തുടങ്ങിയ കാരണങ്ങളാണ് സാധാരണ ഗതിയില്‍ വിവാഹമോചനത്തിന് കാരണങ്ങളായി കേസുകളില്‍ ഉന്നയിക്കാറുള്ളത്. ഇവ ഇനി മുതല്‍ തെളിയിക്കപ്പെടേണ്ടതില്ല. നിയമത്തില്‍ 50 വര്‍ഷത്തിനു ശേഷമാണ് മാറ്റം വരുത്തിയിട്ടുള്ളത്. പങ്കാളികള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ തെളിഞ്ഞില്ലെന്നത് വിവാഹമോചനം തടയുന്നതിന് ഉപയോഗപ്പെടുത്തുന്നത് സാധാരണമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ അഴിച്ചുപണി നടത്താമെന്ന് ജസ്റ്റിസ് സെക്രട്ടറി അറിയിച്ചത്. ഫോള്‍ട്ട് ബേസ്ഡ് വിവാഹ മോചന സമ്പ്രദായം തന്നെ നിര്‍ത്തലാക്കാനും ഇക്കാര്യത്തില്‍ ലെജിസ്ലേഷന്‍ പാസാക്കുന്നതിനായുള്ള കണ്‍സള്‍ട്ടേഷന്‍ പ്രഖ്യാപിക്കാനും തയ്യാറാണെന്ന് സെക്രട്ടറി ഡേവിഡ് ഗോക്ക് അറിയിച്ചു. പുതിയ നിയമമനുസരിച്ച് വിവാഹമോചനങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി ആറു മാസത്തെ സമയം ജസ്റ്റിസ് മിനിസ്ട്രി നിശ്ചയിക്കും. ഇക്കാലയളവില്‍ വേറിട്ടു താമസിക്കുന്നത് പോലും വിവാഹമോചനത്തിനുള്ള നിയമപരമായ കാരണമായി കണക്കാക്കുന്നതാണ്. സിവില്‍ പാര്‍ട്ണര്‍ഷിപ്പുകളിലും ഇതേ വ്യവസ്ഥകള്‍ ബാധകമായിരിക്കും. നിലവിലുള്ള നിയമം കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകളും ഇത് മാറ്റാന്‍ പ്രേരകമായിട്ടുണ്ടെന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. യുകെയിലെ ഏറ്റവും മുതിര്‍ന്ന ഫാമിലി ജഡ്ജ് സര്‍.ജെയിംസ് മൂണ്‍ബി ഡൈവോഴ്‌സ് നിയമത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നു.
2012ലെ കണക്കനുസരിച്ച് യുകെയില്‍ വിവാഹിതരായവരില്‍ 42 ശതമാനം പേര്‍ വിവാഹമോചിതരാകുന്നുണ്ട്. ഈ വിവാഹമോചനങ്ങളിലെല്ലാം നിയമപരമായി ഒരു കാരണം മാത്രമാണ് നിലനില്‍ക്കുന്നത്. ബന്ധത്തില്‍ പരിഹരിക്കാനാകാത്ത വിധത്തിലുണ്ടാകുന്ന തകര്‍ച്ച. ഒരു ബന്ധം തകരാനായി ചൂണ്ടിക്കാണിക്കാനാകുന്നത് മൂന്ന് പ്രധാന കാരണങ്ങളാണ്. 1. അവിഹിതബന്ധങ്ങള്‍, 2. യുക്തിക്ക് നിരക്കാത്ത പെരുമാറ്റം, 3. വേര്‍പിരിയല്‍. ആദ്യത്തെ രണ്ട് കാരണങ്ങളും ദമ്പതികള്‍ പരസ്പരം ആരോപിക്കുന്നവയാണ്. ഈ ആരോപണ ഗെയിം തന്നെയാണ് വിവാഹമോചനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വേര്‍പിരിയല്‍ കാരണമായി ഉന്നയിക്കുന്ന വിവാഹമോചനക്കേസുകളില്‍ തങ്ങള്‍ വേറിട്ടാണ് താമസിക്കുന്നതെന്ന കാര്യം കോടതിയില്‍ തെളിയിച്ചാല്‍ മതിയാകും. ഒരു വീട്ടിലാണ് താമസമെങ്കില്‍ ഒരു കിടക്ക പങ്കിടുന്നില്ലെന്നും ദമ്പതികളായല്ല താമസിക്കുന്നതെന്നും തെളിയിച്ചാല്‍ മതിയാകും. ഇരുവരും സമ്മതിച്ചാല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും രണ്ടു വര്‍ഷത്തിനുള്ളിലും ഒരാളുടെ സമ്മതമില്ലെങ്കില്‍ അഞ്ചു വര്‍ഷത്തിനുള്ളിലും വിവാഹമോചനം അനുവദിക്കും. സ്‌കോട്ട്‌ലന്‍ഡില്‍ ഈ കാലയളവ് ഒന്നും രണ്ടു വര്‍ഷമാണ്. ഉപേക്ഷിച്ചു പോകുന്നത് വിവാഹമോചനങ്ങള്‍ക്ക് മറ്റൊരു കാരണമാണ്. രണ്ടു വര്‍ഷത്തിലേറെയായി പങ്കാളിയുമൊത്തല്ല കഴിയുന്നതെങ്കില്‍, അതിന് വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ പങ്കാളിക്ക് കഴിയുന്നില്ലെങ്കില്‍ വിവാഹമോചനം ലഭിക്കും. അവിഹിത ബന്ധങ്ങളും ൃകാരണമായി ഉന്നയിക്കാമെങ്കിലും അത്തരം ബന്ധങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടും ആറു മാസത്തിലേറെക്കാലം ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെങ്കില്‍ വിവാഹമോചനത്തിന് അതൊരു കാരണമായി ഉന്നയിക്കാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്കും ആണു പെണ്ണും തമ്മിലുള്ള അവിഹിതബന്ധം കാരണമായി ഉന്നയിക്കാനാകില്ല. ഈ വിധത്തില്‍ കുറ്റാരോപണം നടത്തിയുള്ള വിവാഹമോചന സമ്പ്രദായത്തിന് അന്ത്യമുണ്ടാകണമെന്നാണ് അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. ഒരു നോ ഫോള്‍ട്ട് സമ്പ്രദായത്തിനാണ് തുടക്കമിടേണ്ടത്. കോടതിക്കു മുന്നില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടാല്‍ അതിന്റെ നടപടികള്‍ ആരംഭിക്കാനാകുന്ന വിധത്തില്‍ നിയമങ്ങള്‍ മാറണമെന്നാണ് അഭിപ്രായം.
RECENT POSTS
Copyright © . All rights reserved