DNA
ഹാര്‍ട്ട് അറ്റാക്ക് സാധ്യത പ്രവചിക്കാന്‍ കഴിയുന്ന ഡിഎന്‍എ സാങ്കേതികത മികച്ചതെന്ന് ശാസ്ത്രജ്ഞന്‍മാര്‍. നാല് ലക്ഷത്തോളം യുകെ പൗരന്‍മാരില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാംപിളുകളില്‍ നിന്ന് ഹാര്‍ട്ട് അറ്റാക്കിന് സാധ്യതയുള്ളവരുടെ ജനിതക പ്രത്യേകതകള്‍ വേര്‍തിരിച്ചെടുത്തത് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാരാണ്. അഞ്ചുലക്ഷം ബ്രിട്ടീഷുകാര്‍ തങ്ങളുടെ സമകാലികരേക്കാള്‍ മൂന്നിരട്ടി ഹൃദയാഘാത സാധ്യതയുണ്ടെന്ന് ഈ പഠനത്തില്‍ വ്യക്തമായി. ഇവരുടെ ജീവന്‍ രക്ഷിക്കാനുള്ള രാജ്യവ്യാപകമായ സ്‌ക്രീനിംഗിന് ഈ കണ്ടുപിടിത്തം വഴിതെളിച്ചിരിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. ശേഖരിച്ച ഡിഎന്‍എ സാംപിളുകളില്‍ നിന്ന് ഒരു യുകെ ബയോബാങ്കിന് രൂപം നല്‍കിയിരിക്കുകയാണ് ഇവര്‍. ഇതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ ഉപയോഗിച്ച് രോഗ സാധ്യത പ്രവചിക്കാനാകുന്ന റിസ്‌ക് സ്‌കോറുകള്‍ ഗവേഷകര്‍ രൂപീകരിച്ചു. കൊറോണറി ആര്‍ട്ടറി ഡിസീസ്, ഹൃദയ സ്പന്ദനത്തില്‍ അസ്വാഭാവികതകള്‍ കാണിക്കുന്ന ഏട്രിയല്‍ ഫൈബ്രില്ലേഷന്‍, ടൈപ്പ് 2 ഡയബറ്റിസ്, വന്‍കുടലിലെ അസുഖങ്ങള്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നീ രോഗങ്ങളാണ് വിശകലന വിധേയമാക്കിയത്. പ്രത്യേക ജനിതക ഘടനയോടു കൂടിയ എട്ട് ശതമാനം ആളുകള്‍ക്ക് മറ്റുള്ളവരേക്കാള്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് വ്യക്തമായി. ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ പ്രകടിപ്പിച്ചില്ലെങ്കില്‍ പോലും ഇവര്‍ക്ക് രോഗസാധ്യതയുണ്ട്. വിപ്ലവകരമായ ഈ കണ്ടുപിടിത്തം ജനിക്കുമ്പോള്‍ത്തന്നെ രോഗസാധ്യത മനസിലാക്കാന്‍ കഴിയുന്ന വിധത്തിലേക്ക് വളരുമെന്നാണ് കരുതുന്നത്. ഹൃദ്രോഗങ്ങള്‍ക്ക് കാരണമായ സാധാരണ ഘടകങ്ങളേക്കാള്‍ ജനിതക ഘടകങ്ങളാണ് ഇത്തരക്കാരില്‍ അപകടകരമാകുന്നത്. എന്നാല്‍ ഈ ഘടകങ്ങള്‍ പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുകയാണ്. നിലവിലുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ഇത്തരക്കാരെ കണ്ടെത്താന്‍ പലപ്പോഴും സാധിക്കാറില്ലെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍ പോലും സമ്മതിക്കുന്നുണ്ട്.
ന്യൂകാസില്‍: ത്രീ പേരന്റ് ബേബികള്‍ അഥവാ മൂന്ന് മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാകുന്നു. ബ്രിട്ടനില്‍ ആദ്യമായി മൂന്ന് മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളുടെ ജനനത്തിന് നിയമപരമായ അനുവാദം ലഭിച്ചു. ന്യൂകാസിലിലെ ഡോക്ടര്‍മാര്‍ക്കാണ് ഇതിനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ചികിത്സയില്ലാത്തതും അതീവ ഗുരുതരവുമായ ജനിതകരോഗമുള്ള രണ്ട് സ്ത്രീകള്‍ക്കാണ് ഈ ചികിത്സ നടത്തുക. ഇവരുടെ കുട്ടികള്‍ക്കും രോഗം പകര്‍ന്നു നല്‍കാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഈ രീതിയില്‍ ഐവിഎഫ് സമ്പ്രദായത്തിലൂടെ ബീജസങ്കലനം നടത്തി സൃഷ്ടിക്കുന്ന ഭ്രൂണങ്ങളില്‍ മറ്റൊരു സ്ത്രീ ദാതാവിന്റെ ഡിഎന്‍എ യോജിപ്പിക്കുകയാണ് ചെയ്യുക. ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റി (HFEA) വ്യാഴാഴ്ചയാണ് ഇതിന് അംഗീകാരം നല്‍കിയതായി അറിയിച്ചത്. ഇതിനായി ന്യൂകാസില്‍ ക്ലിനിക്കില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റീപ്രൊഡക്ടീവ് ബയോളജി പ്രൊഫസര്‍ മെരി ഹെര്‍ബര്‍ട്ടും സംഘവും മേല്‍നോട്ടം വഹിക്കും. മൈറ്റോകോണ്‍ട്രിയല്‍ ഡൊണേഷന്‍ തെറാപ്പിയെന്ന ഈ രീതിക്ക് ബ്രിട്ടനില്‍ ആദ്യമായാണ് അരങ്ങൊരുങ്ങുന്നത്. 2015ല്‍ ഇത് നിയമവിധേയമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ന്യൂകാസില്‍ സെന്ററിന് ഇതിനായുള്ള ലൈസന്‍സ് ലഭിച്ചത്. ചികിത്സക്ക് വിധേയരാകുന്നവരേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മയോക്ലോണിക് എപ്പിലെപ്‌സി, അഥവാ മെര്‍ഫ് സിന്‍ഡ്രോം എന്ന ജനിതക രോഗമുള്ളവരാണ് ഈ സ്ത്രീകള്‍. ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണുന്ന ഈ രോഗം അകാല മരണങ്ങള്‍ക്ക് കാരണമാകാറുണ്ട്. പെട്ടെന്നുണ്ടാകുന്ന അപസ്മാരവും പേശികളിലുള്ള നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയും ക്ഷീണം, ബധിരത, ഓര്‍മനാശം മുതലായ അവസ്ഥകളും ഈ രോഗം മൂലമുണ്ടാകാം. ഈ രോഗമുള്ളവരുടെ കുട്ടികള്‍ക്കു ഇത് പാരമ്പര്യമായി ലഭിക്കാറുണ്ട്. ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
RECENT POSTS
Copyright © . All rights reserved