donald trump
ബ്രക്‌സിറ്റ് നയങ്ങള്‍ അമേരിക്കയുമായുള്ള വ്യാപാരബന്ധം ഇല്ലാതാക്കിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ പുറത്തുവന്നിരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. യുകെ എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ അത് അംഗീകരിക്കാന്‍ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. ഏതാണ്ട് 24 മണിക്കൂറുകള്‍ക്ക് മുന്‍പാണ് തെരേസ മെയുടെ ബ്രക്‌സിറ്റ് നയങ്ങള്‍ അമേരിക്കയുമായുള്ള വ്യാപാരബന്ധത്തെ കൊന്നു കളഞ്ഞുവെന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ നിരസിച്ച് അദ്ദേഹം തന്നെ രംഗത്ത് വരികയായിരുന്നു. ഇക്കാര്യത്തില്‍ തെരേസ മെയ്‌യോട് ക്ഷമാപണം നടത്തിയതായും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ബ്രക്‌സിറ്റിന് ശേഷം യുകെയുമായി വലിയ വ്യാപാരബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് യുഎസ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ്-മെയ് കൂടിക്കാഴ്ച്ചയുടെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. യുകെയുമായി ഫ്രീ-ട്രേഡ് കരാറിന് സമാന ധാരണയുണ്ടാക്കാനാണ് അമേരിക്കയുടെ താല്‍പ്പര്യം. ഇക്കാര്യം ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബ്രക്‌സിറ്റിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുകളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. ബ്രക്‌സിറ്റിന് ശേഷം വ്യാപാര കരാറുകള്‍ നാല് മടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് നിലവില്‍ ആലോചിക്കുന്നതെന്നും ട്രംപ് പറഞ്ഞു. സുപ്രധാന ചര്‍ച്ചയില്‍ തെരേസ മെയ്‌യോട് ഒരേയൊരു കാര്യം മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടത് അത് വ്യാപാര കരാറിന് നിയന്ത്രണം ഉണ്ടാകരുതെന്നതാണ്. നമ്മുടെ രാജ്യങ്ങള്‍ക്ക് പരസ്പരം വ്യാപാരം നടത്താന്‍ താല്‍പ്പര്യമുള്ള കൂട്ടരാണ്. അതുകൊണ്ട് തന്നെ യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത് വ്യാപാര രീതിയാണ് നമുക്കാവശ്യമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ട്രംപ് യുകെ സന്ദര്‍ശനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറകണക്കിന് ആളുകള്‍ ട്രംപിനെതിരെ പ്രതിഷേധവുമായി എത്തി. ട്രംപ് യുദ്ധക്കൊതിയനാണെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നും എഴുതി ബോര്‍ഡുകളായിരുന്നു സമരക്കാര്‍ പ്രധാനമായും ഉയര്‍ത്തിപ്പിടിച്ചത്. കൂടാതെ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ട്രംപിന്റെ നയങ്ങള്‍ പൈശാചികമാണെന്നും പ്രതിഷേധകര്‍ പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ യുകെ സന്ദര്‍ശനത്തിനായി ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടനില്‍. ആയിരക്കണക്കിന് ട്രംപ് വിരുദ്ധരാണ് ബ്രിട്ടീഷ് തെരുവുകളില്‍ പ്രതിഷേധവുമായി അണിനിരന്നത്. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുകയാണ് സന്ദര്‍ശന ലക്ഷ്യമായി വിശദീകരിക്കപ്പെടുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്നതും പ്രധാനമാണ്. പ്രധാനമന്ത്രി തെരേസ മേയ്, എലിസബത്ത് രാജ്ഞി എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ട്രംപിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്രിട്ടീഷ് തെരുവുകളില്‍ ഉയരുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോളും ബ്രിട്ടനില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ട്രംപിന്റെ സീറോ ടോളറന്‍സ് നയവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളെ തടവിലാക്കിയതും ചില രാജ്യങ്ങളില്‍ ന്ിന്നുള്ളവര്‍ക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയതുമെല്ലാം പ്രതിഷേധം ശക്തമാക്കുന്നുണ്ട്. പ്രതിഷേധം ഭയന്ന് ട്രംപിന്റെ പരിപാടികളെല്ലാം ലണ്ടന് പുറത്താണ് നടക്കുന്നത്. 50,000 പേര്‍ പങ്കെടുക്കുന്ന വന്‍ പ്രകടനമാണ് പ്രതിഷേധ പരിപാടികളില്‍ ഏറ്റവും പ്രധാനം. ലണ്ടന്‍, കേബ്രിഡ്ജ്, ബ്രിസ്‌റ്റോള്‍, ന്യൂകാസില്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുകള്‍ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ട്രംപ് രാത്രി തങ്ങുന്ന സ്ഥലത്തിനു സമീപം പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം ഭയന്ന് പല തവണ മാറ്റിവെച്ചതിനു ശേഷമാണ് ട്രംപ് യുകെ സന്ദര്‍ശനത്തിന് എത്തിയത്.
സിറിയന്‍ സൈന്യം വീണ്ടും രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ തുനിഞ്ഞാല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് അമേരിക്ക. കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്ക സജ്ജമാണെന്ന് യുഎന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനിടെയാണ് യുഎസ് അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും സംയുക്തമായി സിറിയയില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. അസദ് ഭരണകൂടം വീണ്ടും രാസായുധം പ്രയോഗിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ആക്രമണം നടത്താന്‍ സഹായം നല്‍കിയ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സൈന്യത്തിന് ട്രംപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വിമതരെ നേരിടുന്നതിനാവശ്യമായ സാമ്പത്തിക സഹായം സിറിയന്‍ ഭരണകൂടത്തിന് നല്‍കുന്നത് റഷ്യയും ഇറാനുമാണ്. 2013ല്‍ സിറിയലുള്ള രാസായുധങ്ങള്‍ പൂര്‍ണമായും തുടച്ച് നീക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമീപകാലത്തെ ആക്രണങ്ങള്‍ വിലയിരുത്തുമ്പോള്‍ റഷ്യ വാക്ക് പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി വ്യക്തമാകുന്നതായി ട്രംപ് പറഞ്ഞു. സിറിയയില്‍ ആഭ്യന്തരയുദ്ധം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. രാജ്യത്തെ സമാധാനം തിരിച്ചു പിടിക്കുന്നതില്‍ റഷ്യയ്ക്ക് സഹായം ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. അസദ് ഭരണകൂടം നടത്തുന്ന കുറ്റകൃത്യങ്ങളെ മറച്ചുവെക്കാന്‍ റഷ്യ കൂട്ടുനില്‍ക്കുകയാണെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ അമേരിക്കന്‍ അംബാസഡര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 50 തവണ അസദ് സൈന്യം രാസായുധം ഉപയോഗിച്ചതായും അംബാസഡര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയുടെത് ധിക്കാര നടപടിയാണെന്ന് റഷ്യ തിരിച്ചടിച്ചു. നേരത്തെ സിറിയയില്‍ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മോസ്‌കോ രംഗത്ത് വന്നിരുന്നു. രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജമാണ്. സിറിയയില്‍ അത്തരം ആക്രമണങ്ങള്‍ നടന്നിട്ടില്ലെന്നും മോസ്‌കോ വ്യക്തമാക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് റഷ്യ പിന്തുണ നല്‍കുന്നത് ശരിയല്ലെന്ന് ആരോപിച്ച് ലോക രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. ജനങ്ങള്‍ക്ക്‌മേല്‍ രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ മുതിര്‍ന്നാല്‍ റഷ്യയും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സിറിയയില്‍ ആക്രമണം നടത്തിയ അമേരിക്കന്‍ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യ വിമര്‍ശിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ആക്രമണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സിറിയയെ ആക്രമിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് അമേരിക്ക. വിമത സൈന്യത്തിന് നേരെ അസദ് ഭരണകൂടം രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിനെതിരെ ലോക വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ബ്രിട്ടനോടൊപ്പം ചേര്‍ന്ന് സിറിയയെ ആക്രമിക്കുമെന്ന് വൈറ്റ് ഹൗസ് സൂചന നല്‍കിയിരുന്നു. എന്നാല്‍ നയതന്ത്ര വിദഗ്ദ്ധരടങ്ങുന്ന സംഘവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടാകില്ലെന്ന് സംബന്ധിച്ച തീരുമാനങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ജനങ്ങളുടെ മേല്‍ രാസായുധങ്ങള്‍ പ്രയോഗിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് വിമര്‍ശിച്ച് തെരേസ മേയ് സിറിയയെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്നുള്ള സൂചനകള്‍ നല്‍കിയതിന് പിന്നാലെ അമേരിക്കയും അസദിനെതിരെ രംഗത്ത് വന്നിരുന്നു. നേരത്തെ അസദ് മൃഗത്തിന് തുല്യനാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ വിമാനങ്ങള്‍ ആക്രമണമ നടത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക നേരത്തെ പുറത്ത് വന്നിരുന്നു. ബരാക് ഒബാമ വിചാരിച്ചിരുന്നെങ്കില്‍ അസദ് ഭരണകൂടം എത്രയോ മുന്‍പ് തന്നെ ഇല്ലാതാകുമായിരുന്നുവെന്നും ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സിറിയന്‍ ഭരണകൂടത്തിന്റെ രാസായുധ പ്രയോഗത്തിനെ ശരിവെക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഫ്രഞ്ച് ഭരണകൂടവും രംഗത്ത് വന്നിരുന്നു. സിറിയന്‍ സൈന്യം രാസായുധ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ നോക്കി നില്‍ക്കില്ലെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യന്‍ സഹായത്തോടെയാണ് വിമത സൈന്യത്തെ സിറിയ നേരിടുന്നത്. അതേസമയം അസദിന്റെ സഖ്യകക്ഷിയായി റഷ്യയും കരുതിയിരിക്കുന്നത് നന്നായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയെ ആക്രമിക്കുന്ന കാര്യത്തില്‍ അവസാന തീരുമാനം എടുത്തിട്ടില്ല. സഖ്യകക്ഷികളും മറ്റുള്ളവരുമായി ഇക്കാര്യത്തില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളുവെന്ന് യുഎസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേര്‍സ് വ്യക്തമാക്കി. വിമത ശക്തികേന്ദ്രത്തില്‍ സിറിയന്‍ സൈന്യം നടത്തിയ വിഷവാതക ആക്രമണമാണ് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും വിഷവാതകം ശ്വസിച്ച് 400ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സിറിയന്‍ ആക്രമണം നെര്‍വ് ഏജന്റ് ഉപയോഗിച്ചാണോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ രക്തത്തിലും മൂത്ര സാമ്പിളിലും ക്ലോറിന്റെയും നെര്‍വ് ഏജന്റിന്റെയും അംശം കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അസദ് ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി ലോക നേതാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്.
വാഷിങ്ടണ്‍: ലൈംഗികാരോപണമുന്നയിച്ച പോണ്‍ താരത്തെ നിശബ്ദയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരാതി. ആരോപണമുന്നയിച്ച പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന്റെ അഭിഭാഷകനാണ് പരാതി നല്‍കിയത്. ട്രംപിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. 2016ലെ തെരഞ്ഞെടുപ്പിനു മുന്‍പ് സ്‌റ്റോമിക്ക് ട്രംപ് 1.30 ലക്ഷം ഡോളര്‍ കൊടുത്തെന്ന ആരോപണം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി. ട്രംപിന്റെ സത്യസന്ധത പരിശോധിക്കണമെന്ന് അഭിഭാഷകനായ മൈക്കല്‍ അവനറ്റി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണു ഹര്‍ജി നല്‍കിയത്. ട്രംപ് യുഎസ് പ്രസിഡന്റാകും മുന്‍പ് അദ്ദേഹവുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നു ചാനല്‍ അഭിമുഖത്തിലാണു നടി വെളിപ്പെടുത്തിയത്.   ട്രംപുമായുള്ള ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ തനിക്കു ഭീഷണിയുണ്ടായിരുന്നെന്നും സ്‌റ്റോമി പറഞ്ഞിരുന്നു. ട്രംപ് പണം നല്‍കുകയോ ഇതിനെപ്പറ്റി അറിയുകയോ ചെയ്തിട്ടില്ലെന്നാണു പറയുന്നതെങ്കില്‍, കോടതിക്കു പുറത്തുണ്ടാക്കിയ കരാറിനെപ്പറ്റിയും അറിവുണ്ടായിരിക്കില്ലെന്നു അവനറ്റി പറഞ്ഞു. ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ ട്രംപിന്റെ അഭിഭാഷകന്‍ കോഹന്‍ 1.3 ലക്ഷം ഡോളര്‍ കൊടുത്തെന്നും കരാറില്‍ ഒപ്പുവയ്പിച്ചെന്നും സ്‌റ്റോമി വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്‌റ്റോമി കരാര്‍ ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ ട്രംപിന്റെ അഭിഭാഷകന്‍ രണ്ടു കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. അതേസമയം അഭിഭാഷകന്‍ പണം നല്‍കിയത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും അക്കാര്യം കോഹനോടു തന്നെ ചോദിക്കാനുമായിരുന്നു ട്രംപ് പറഞ്ഞത്.
RECENT POSTS
Copyright © . All rights reserved