Drug
നോ ഡീല്‍ ബ്രെക്‌സിറ്റിന് സാധ്യത ശക്തമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. അത്തരമൊരു സാഹചര്യം ക്യാന്‍സര്‍ രോഗികള്‍ക്ക് കടുത്ത വെല്ലുവിളിയായിരിക്കും സൃഷ്ടിക്കുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിര്‍ത്തികളിലുണ്ടാകുന്ന കാലതാമസം ക്യാന്‍സര്‍ മരുന്നുകള്‍ നശിക്കാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. പല വിധത്തിലുള്ള ട്യൂമറുകള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന റേഡിയോആക്ടീവ് മരുന്നുകള്‍ അതിര്‍ത്തികളില്‍ താമസമുണ്ടായാല്‍ ഉപയോഗശൂന്യമാകാനുള്ള സാധ്യതകള്‍ ഏറെയാണ്. ചില മരുന്നുകള്‍ നിര്‍മിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കേണ്ടതാണ്. അത്തരം മരുന്നുകള്‍ യൂറോപ്പില്‍ നിന്ന് എത്തിക്കുമ്പോള്‍ അതിര്‍ത്തികളിലെ പരിശോധനകള്‍ക്കായി താമസം നേരിടാന്‍ സാധ്യതയുണ്ട്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടക്കുന്നതെങ്കില്‍ ഈ കാലതാമസം ഉറപ്പാണ്. റേഡിയോആക്ടീവ് മരുന്നുകളുടെ കൈമാറ്റം സുഗമമാക്കുന്നത് യൂറാറ്റം കരാറില്‍ നിന്ന് ബ്രെക്‌സിറ്റോടെ യുകെ പുറത്താകും. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് കടുത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്‍എച്ച്എസ് ഉപയോഗിക്കുന്ന ക്യാന്‍സര്‍ മരുന്നുകളില്‍ ഭൂരിപക്ഷവും യൂറോപ്പില്‍ നിന്നാണ് വരുന്നത്. പ്രതിവര്‍ഷം 10,000 ക്യാന്‍സര്‍ രോഗികളെങ്കിലും ഇതിന്റെ ഗുണഭോക്താക്കളാകുന്നു. ഈ മരുന്നുകളുടെ ലഭ്യത കുറയുന്നതിലൂടെ പല രോഗികളെയും മരണത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ക്യാന്‍സര്‍, ശ്വാസകോശത്തിലെ ക്ലോട്ടുകള്‍, ഓസ്റ്റിയോപോറോസിസ് തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള സ്‌കാനിംഗ് പരിശോധനകള്‍ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പുകളും ഇവയില്‍ ഉള്‍പ്പെടും. 7 ലക്ഷം പരിശോധനകളാണ് ഇവ ഉപയോഗിച്ച് ഓരോ വര്‍ഷവും നടത്തുന്നത്.
കാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച മരുന്ന് ഇനി മുതല്‍ എന്‍എച്എസിലും ലഭ്യമാകും. കാര്‍-ടി തെറാപ്പി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചികിത്സക്കുള്ള മരുന്ന് കുറഞ്ഞ വിലയില്‍ ലഭ്യമാക്കണമെന്ന് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് അറിയിച്ചു. അമേരിക്കയില്‍ ഫലപ്രദമായി നടത്തി വരുന്ന ഈ ചികിത്സക്ക് യുകെയില്‍ ഇതുവരെ അനുമതി നല്‍കിയിട്ടുണ്ടായിരുന്നില്ല. ഈ വര്‍ഷം കാര്‍-ടി തെറാപ്പിക്ക് യുകെയില്‍ അനുമതി ലഭിക്കുമെന്ന സൂചനയാണ് സൈമണ്‍ സ്റ്റീവന്‍സ് നല്‍കിയത്. രോഗിയുടെ സ്വാഭാവിക രോഗപ്രതിരോധ വ്യവസ്ഥയിലെ കില്ലര്‍ കോശങ്ങളെ ജനിതക എന്‍ജിനീയറിംഗിലൂടെ ശക്തമാക്കിക്കൊണ്ട് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണ് ഈ തെറാപ്പി അവലംബിക്കുന്നത്. 2011ല്‍ അമേരിക്കയിലാണ് ഈ ചികിത്സാരീതിക്ക് തുടക്കം കുറിച്ചത്. മാസങ്ങള്‍ മാത്രം ആയുസ്സ് പ്രവചിച്ച രോഗികളില്‍ പോലും ഈ തെറാപ്പി വന്‍ വിജയമായിരുന്നു. എന്നാല്‍ 3,40,000 പൗണ്ട് ഒരു രോഗിയുടെ ചികിത്സക്ക് മാത്രം ചെലവാകുമെന്ന ന്യനതയും കാര്‍-ടി തെറാപ്പിക്കുണ്ട്. പക്ഷേ കാന്‍സര്‍ ചികിത്സക്കായി എന്‍എച്ച്എസ് ഓരോ രോഗിക്കും അനുവദിച്ചിരിക്കുന്ന പരിധി 50,000 പൗണ്ട് മാത്രമാണ്. വളരെ ഫലപ്രദമായ ഈ ചികിത്സാരീതി എന്‍എച്ച്എസ് ഏറ്റെടുക്കേണ്ടതുണ്ടെന്ന് സ്റ്റീവന്‍സ് വ്യക്തമാക്കി. അതിനായി മരുന്നുകള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ദി ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഈ തെറാപ്പിക്ക് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ചികിത്സ താങ്ങാന്‍ കഴിയുന്ന വിധത്തിലുള്ളതാണോ എന്ന് ഇവിടെ പരിശോധിക്കും. കുട്ടികളെ ബാധിക്കുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, മുതിര്‍ന്നവരെ ബാധിക്കുന്ന ലിംഫോമ എന്നിവയ്ക്ക് നല്‍കുന്ന കാര്‍-ടി ചികിത്സ ഇപ്പോള്‍ യൂറോപ്യന്‍ റെഗുലേറ്റര്‍മാരുടെ പരിഗണനയിലാണ്. ഈ കടമ്പകള്‍ കൂടി കടന്നാലേ എന്‍എച്ച്എസിന് ഈ തെറാപ്പി അംഗീകരിക്കാന്‍ സാങ്കേതികമായി കഴിയൂ.
ഗര്‍ഭസ്ഥ ശിശുക്കളെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വിവാദ എപ്പിലെപ്‌സി മരുന്ന് യുവതികള്‍ക്ക് നല്‍കുന്നത് നിരോധിച്ചു. അപസ്മാരത്തിന് ഫലപ്രദമായ മരുന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഡിയം വാല്‍പൊറേറ്റ് ആണ് പ്രത്യുല്‍പാദന കാലയളവില്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് ഈ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളില്‍ ഗുരുതരമായ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഈ മരുന്നിന് കഴിയുമെന്നാണ് വെളിപ്പെടുത്തല്‍. ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നവര്‍ക്ക് മാത്രം ഈ മരുന്ന് നല്‍കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഗര്‍ഭിണികളായ അപസ്മാര രോഗികള്‍ക്ക് ഫലപ്രദമായ മരുന്ന് സോഡിയം വാല്‍പോറേറ്റ് മാത്രമാണെന്ന് രണ്ട് കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റുകള്‍ വ്യക്തമാക്കി ഒരാഴ്ചക്കു ശേഷമാണ് പുതിയ നിരോധനമെന്നതും ശ്രദ്ധേയമാണ്. അപസ്മാരം ചികിത്സിക്കാതിരിക്കുന്നത് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഒരുപോലെ അപകടകരമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കുട്ടികള്‍ക്ക് ഓട്ടിസം, പഠന വൈകല്യങ്ങള്‍ തുടങ്ങിയ വൈകല്യങ്ങളുണ്ടാകാന്‍ കാരണം സോഡിയം വാല്‍പോറേറ്റിന്റെ ഉപയോഗമാണെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഗര്‍ഭകാലത്ത് ഈ മരുന്ന് ഉപയോഗിച്ചാലുള്ള കുഴപ്പങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചിരുന്നു. ഈ മരുന്നിന്റെ പാര്‍ശ്വഫലം അനുഭവിക്കുന്ന 20,000ത്തോളം കുട്ടികള്‍ യുകെയിലുണ്ടെന്നാണ് ക്യാംപെയിനര്‍മാര്‍ പറയുന്നത്. സനോഫിയുടെ എപീലിയം എന്ന ബ്രാന്‍ഡാണ് യുകെയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. ഗര്‍ഭകാലത്ത് ഇത് ഉപയോഗിച്ചാല്‍ കുട്ടികളില്‍ വളര്‍ച്ചാ പ്രശ്‌നങ്ങളുണ്ടാകാമെന്ന് നൈസ് ഡേറ്റയും സൂചന നല്‍കുന്നു. ഈ മരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളും യുവതികളും തങ്ങളുടെ ജിപിമാരെ ബന്ധപ്പെട്ട് മറ്റു മരുന്നുകള്‍ തേടേണ്ടതാണെന്നും എംഎച്ച്ആര്‍എയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
RECENT POSTS
Copyright © . All rights reserved