DUP
താന്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഡീലിനെ പിന്തുണച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി തെരേസ മേയ്. നമ്മുടെ രാജ്യത്തിനും പാര്‍ട്ടിക്കും ഹിതകരമായ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയാന്‍ തയ്യാറാണെന്നാണ് മേയ് ബാക്ക്‌ബെഞ്ച് എംപിമാരെ അറിയിച്ചത്. അടുത്ത ഘട്ടം ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ താന്‍ നയിക്കേണ്ടെന്നാണ് ടോറി ബാക്ക്‌ബെഞ്ച് എംപിമാരുടെ അഭിപ്രായമെന്ന് തനിക്ക് അറിയാമെന്നും ഒരിക്കലും ഈ അഭിപ്രായത്തിന് എതിരായി താന്‍ പ്രവര്‍ത്തിക്കില്ലെന്നും അവര്‍ എംപിമാരുടെ യോഗത്തില്‍ പറഞ്ഞു. അതേസമയം ഡീലിനെ പിന്തുണക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ടോറി സഖ്യകക്ഷിയായ ഡിയുപി പ്രതികരിച്ചത്. മേയുടെ പ്രഖ്യാപനം റിബല്‍ എംപിമാരുടെ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഡിയുപിയുടെ നിലപാട് നമ്പര്‍ 10ന് വന്‍ തിരിച്ചടിയാണെന്ന് ബിബിസിയിലെ ലോറ ക്വേന്‍സ്‌ബെര്‍ഗ് പറയുന്നു. ഡിയുപി കടുത്ത നിലപാടില്‍ നിന്ന് പിന്മാറുമോ എന്നാണ് യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ജേക്കബ് റീസ് മോഗ് അടക്കമുള്ള ബ്രെക്‌സിറ്റ് അനുകൂലികളായ ടോറികള്‍ ഉറ്റുനോക്കുന്നത്. അറ്റകൈ പ്രയോഗമെന്ന നിലയില്‍ രാജി സന്നദ്ധത പ്രധാനമന്ത്രി അറിയിച്ചെങ്കിലും ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താതെയുള്ള ഡീലിന് പിന്തുണ നല്‍കാനാണ് മേയ് ആവശ്യപ്പെടുന്നതെന്ന് ഡിയുപി നേതാവ് ആര്‍ലീന്‍ ഫോസ്റ്റര്‍ പറഞ്ഞു. യുകെയുടെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന ഒന്നാണ് ബാക്ക്‌സ്റ്റോപ്പ് എന്നാണ് ഫോസ്റ്റര്‍ അഭിപ്രായപ്പെട്ടത്. ഐക്യം ഇല്ലാതാക്കുന്ന ഒരു നടപടിക്കും ഡിയുപി പിന്തുണ നല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഡീലിന് പാര്‍ലമെന്റ് പിന്തുണ നല്‍കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക് പറഞ്ഞു. അതിനുള്ള ലക്ഷണങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഡീല്‍ പാസായാല്‍ പുതിയ ബ്രെക്‌സിറ്റ് തിയതിയായ മെയ് 22നു ശേഷം രാജി സമര്‍പ്പിക്കാമെന്നും പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നതു വരെ തുടരുമെന്നുമാണ് മേയ് 1922 കമ്മിറ്റി യോഗത്തില്‍ പറഞ്ഞത്.
ബ്രെക്‌സിറ്റില്‍ ലഭിച്ച രഹസ്യ നിയമോപദേശം പുറത്തു വിട്ട് പ്രധാനമന്ത്രി തെരേസ മേയ്. കോമണ്‍സില്‍ കഴിഞ്ഞ ദിവസം നേരിട്ട വന്‍ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് അറ്റോര്‍ണി ജനറല്‍ നല്‍കിയ നിയമോപദേശം മേയ് പുറത്തു വിട്ടത്. എന്നാല്‍ ഇതിനും കോമണ്‍സില്‍ കടുത്ത വിമര്‍ശനങ്ങളായിരുന്നു തെരേസ മേയെ കാത്തിരുന്നത്. ഈ നിയമോപദേശം അനുസരിച്ചുള്ള ബ്രെക്‌സിറ്റ് ഡീല്‍ 'സാമ്പത്തികശാസ്ത്രപരമായ ഭ്രാന്ത്' എന്നാണ് ഭരണ സഖ്യകക്ഷിയായ ഡിയുപി വിശേഷിപ്പിച്ചത്. പാര്‍ലമെന്റില്‍ ഡിയുപിയുടെ നേതാവായ നിഗല്‍ ഡോഡ്‌സ് ഈ ധാരണയെ നാശകാരിയെന്നാണ് വിശേഷിപ്പിച്ചത്. അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സ് നല്‍കിയ നിയമോപദേശത്തില്‍ ഐറിഷ് ബോര്‍ഡര്‍ സംബന്ധിച്ചുള്ള നിര്‍ദേശമാണ് അതൃപ്തിക്ക് കാരണമായത്. ഇതനുസരിച്ച് ചില വിഷയങ്ങളില്‍ ബ്രിട്ടനെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മറ്റൊരു രാജ്യമായി പരിഗണിക്കേണ്ടി വരും. ഐറിഷ് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മൂലം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്കുള്ള ചരക്കു നീക്കത്തില്‍ പരിശോധനകള്‍ ആവശ്യമായി വരും. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ ഈ നിയന്ത്രണങ്ങള്‍ തുടരണമെന്നായിരുന്നു മേയ്ക്ക് ലഭിച്ച നിയമോപദേശം. ഇത് അവതരിപ്പിച്ചതോടെ പ്രധാനമന്ത്രി കോമണ്‍സിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു. വസ്തുതകളെ മറച്ചുവെക്കുകയാണ് ഈ നിയമോപദേശമെന്ന ആരോപണവുമായി എസ്എന്‍പി നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡ് രംഗത്തെത്തി. ഇതേത്തുടര്‍ന്ന് അംഗങ്ങള്‍ പരസ്പരം നുണ പറയുന്നുവെന്ന ആരോപണമുയര്‍ത്തുന്നതിനെതിരെ സ്പീക്കര്‍ രംഗത്തു വരികയും ചെയ്തു. രഹസ്യ രേഖയില്‍ പുതുതായി യാതൊന്നും ഇല്ലെന്നും അന്തിമ ധാരണയിലെത്തിയില്ലെങ്കില്‍ മാത്രമേ നിയന്ത്രണങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീളുകയുള്‌ളുവെന്ന് കോക്‌സും തെരേസ മേയും വ്യക്തമാക്കിയിരുന്നു.
RECENT POSTS
Copyright © . All rights reserved