editorial
മലയാളം യുകെ എഡിറ്റോറിയൽ കേരള രാഷ്ട്രീയത്തിൽ എന്നും വിജയക്കൊടി പാറിച്ച അതികായൻ വിടപറഞ്ഞു. കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞു നിന്ന അസാമാന്യ പ്രതിഭയായിരുന്നു കെ എം മാണി. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയം മുന്നോട്ട് വച്ചു കൊണ്ട് പ്രാദേശിക പാർട്ടികൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ അതിപ്രധാനമായ സ്ഥാനമുണ്ടെന്ന് ധൈര്യപൂർവ്വം വിളിച്ചു പറഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹം. 54 വർഷം തുടർച്ചയായി എം എൽ എ പദവിയിൽ അദ്ദേഹം തുടർന്നു. പാലാ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ ഇന്നുവരെ അതിന്റെ നിയമസഭാ പ്രതിനിധി കെ എം മാണിയായിരുന്നു. 13 തവണയാണ് പാലാ മണ്ഡലം കെ എം മാണിയെ നിയമസഭയിലേക്ക് അയച്ചത്. 25 വർഷക്കാലം അദ്ദേഹം മന്ത്രിയായിരുന്നു. ധനകാര്യ മന്ത്രി എന്ന നിലയിൽ അവതരിപ്പിച്ചത് 13 ബഡ്ജറ്റുകൾ. ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കും ഒരു നിഘണ്ടുവായിരുന്നു കെഎം മാണി. അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം. ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീഷ്മാചാര്യൻ. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും നിയമവിദഗ്ദൻ എന്ന നിലയിലും എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയായിരുന്നു കെ.എം മാണി. വസ്തുതകൾ പഠിച്ച് നിയമങ്ങൾ നൂലിഴ കീറി വിശകലനം ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. ധനകാര്യത്തിനു പുറമേ ആഭ്യന്തരം, വൈദ്യുതി, റവന്യൂ, ജലസേചനം, നിയമം എന്നീ വകുപ്പുകളും മാണി കൈകാര്യം ചെയ്തു. ഇടത് വലത് മന്ത്രിസഭകളിൽ കെ എം മാണി നിരവധി തവണ വിവിധ മുഖ്യമന്ത്രിമാരോടൊത്ത് മികച്ച ഭരണം കാഴ്ചവച്ചു. വെളിച്ച വിപ്ളവവും കർഷകത്തൊഴിലാളി പെൻഷനും താലൂക്ക് അദാലത്തും കാരുണ്യ പദ്ധതിയുമടക്കം നിരവധി നൂതന ആശയങ്ങളായിരുന്നു അദ്ദേഹം കേരളത്തിന്റെ പൊതു സമൂഹത്തിന് സമ്മാനിച്ചത്. പാലാക്കാർ സ്നേഹപൂർവ്വം മാണിസാർ എന്നു വിളിച്ച ആ മഹാ വ്യക്തിത്വത്തിന് മത രാഷ്ട്രീയ രംഗങ്ങളിൽ വൻ സുഹൃദ് വലയമാണ് ഉണ്ടായിരുന്നത്. യുകെയിൽ കെ എം മാണിയുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന നിരവധി പേർ മലയാളി സമൂഹത്തിലുണ്ട്. പ്രിയ നേതാവിന്റെ വേർപാടിൽ ദു:ഖാർത്തരായി സോഷ്യൽ മീഡിയയിലൂടെ മാണി സാറിന്റെ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് യുകെ മലയാളികൾ. കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കാരുണ്യസ്പർശം നിറഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്. കേരള രാഷ്ട്രീയത്തിൽ ഒരു വൻ പ്രസ്ഥാനമായി നിറഞ്ഞു നിന്ന ബഹുമാനപ്പെട്ട കെ എം മാണിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസ് അനുശോചനം രേഖപ്പെടുത്തുകയും ആ സ്മരണകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുകയും ചെയ്യുന്നു. ബിനോയി ജോസഫ് അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ
മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് മൂന്നു വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ  നന്ദി അറിയിക്കുന്നു. നാളെയുടെ പ്രതീക്ഷകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിച്ചുകൊണ്ട് പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട്  സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു. ജനങ്ങളോടൊപ്പം... സമൂഹത്തിനു വേണ്ടി ... ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ... സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന... സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ എന്നും നീതിയ്ക്കായി നിലകൊണ്ടു. മലയാളം യുകെ ഉയർത്തിയ ശക്തമായ പ്രതികരണത്തിന്റെ പ്രകമ്പനങ്ങൾ അധികാര കേന്ദ്രങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കുകയും അത് സമൂഹം ഏറ്റെടുക്കുകയും ചെയ്യുന്നത്ര സ്വീകാര്യത ഇന്ന് ന്യൂസിന് കൈവന്നിരിക്കുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്. യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള മാതൃകാ ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ലെസ്റ്ററിൽ വച്ചു നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്ത സേവനം കാഴ്ചവച്ച അർഹരായ വ്യക്തികളെയും സംഘടനകളെയും ന്യൂസ് ടീം ആദരിച്ചിരുന്നു. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആയിരക്കണക്കിനു വരുന്ന മലയാളി നഴ്സുമാർക്ക് നഴ്സസ് ദിനാഘോഷത്തിലൂടെ ആദരം അർപ്പിക്കാൻ കഴിഞ്ഞതിൽ മലയാളം യുകെ ടീം കൃതാർത്ഥരാണ്. ലെസ്റ്ററിലെ മെഹർ സെന്ററിൽ ഒഴുകിയെത്തിയ ജനസമൂഹത്തെ സാക്ഷിയാക്കി  കലയുടെ വർണ വിസ്മയങ്ങൾ അരങ്ങേറിയപ്പോൾ രചിക്കപ്പെട്ടത് സംഘാടന മികവിന്റെയും ജനപങ്കാളിത്തത്തിന്റെയും പുതിയ അദ്ധ്യായമായിരുന്നു. ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കു നേരെ കണ്ണടയ്ക്കാതെ, അതേ സമയം തന്നെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്. വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും. ക്രിയാത്മകമായ ആശയങ്ങൾക്ക് മുൻതൂക്കം നല്കിക്കൊണ്ട് ഗുണമേന്മയുള്ളതും ലോകനിലവാരം പുലർത്തുന്നതുമായ ഇവൻറുകൾ സംഘടിപ്പിക്കുക എന്നത് മലയാളം യുകെ ടീമിന്റെ നയപരിപാടിയുടെ ഭാഗമാണ്. നേർവഴിയിൽ... ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദിയോടെ ബിനോയി ജോസഫ്, അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ.
RECENT POSTS
Copyright © . All rights reserved