Elephant attacked man
മൂന്നാര്‍: മൂന്ന് വയസുള്ള കുട്ടിയുടെ അലറി വിളിച്ചുള്ള കരച്ചിലിനു മുമ്പില്‍ അലിവു തോന്നിയ കാട്ടാന കുട്ടിയുടെ അച്ഛന്റെ ജീവന്‍ തിരികെ കൊടുത്തു. ഇടുക്കി ജില്ലയിലെ ലോക പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിനടുത്തുള്ള മറയൂരിലാണ് സംഭവം. പുത്തൂര്‍ സ്വദേശിയായ ഗണേശന്‍ മൂന്ന് വയസുള്ള മണിയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയാണ് റോഡരികില്‍ പതുങ്ങി നിന്ന കാട്ടാനയുടെ മുമ്പില്‍ ചെന്നുപെട്ടത്. ബൈക്ക് തിരികെ ഓടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ആനയെ കണ്ട പരിഭ്രമത്തില്‍ ഗണേശനും മണിയും കൂടി ഇരുചക്രവുമായി വിഴുകയായിരുന്നു. ഈ അവസരത്തില്‍ കാട്ടാന പാഞ്ഞുവന്ന് ഗണേശനെ നിലത്തടിക്കാനായി പിടിച്ചുയര്‍ത്തിയെങ്കിലും മൂന്ന് വയസുള്ള മകന്‍ മണിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അല്‍പസമയം നിഷ്‌ക്രിയനായി നിന്നതിനുശേഷം ഗണേശനെ സാവധാനം നിലത്തുവച്ച് പിന്‍വാങ്ങുകയായിരുന്നു. വാഹനത്തില്‍ നിന്ന് വീണതിന്റെ ചെറിയ പരിക്കല്ലാതെ ഗണേശന് മറ്റ് കുഴപ്പങ്ങളൊന്നുമില്ല. കോവില്‍ കടവില്‍ നിന്ന് കാണല്ലൂരിന് മടങ്ങവെ വെട്ടുകാട് ഭാഗത്തുവെച്ചാണ് ഗണേശനെയും മണിയേയും കാട്ടാന ആക്രമിച്ചത്.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആനയിടഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പൂവത്തുംമൂട് ആറാട്ടുകടവിലായിരുന്നു മാവേലിക്കര കണ്ണന്‍ എന്ന കൊമ്പന്റെ പരാക്രമം. ആനയിടഞ്ഞതിനെതുടര്‍ന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ക്ഷേത്രത്തിലെ ആറാട്ടിനു ശേഷം എതിരേല്‍പ്പിനായ മൂന്ന് ആനകളെ നിര്‍ത്തിയിരുന്നു. നടക്കു നിന്ന ദേവസ്വം ബോര്‍ഡിന്റെ മാവേലിക്കര കണ്ണനാണ് ഇടഞ്ഞത്. പിറകിലായി നിന്ന ആനയുടെ കൊമ്പ് മാവേലിക്കര കണ്ണന്റെ ദേവത്ത് കൊണ്ടതാണ് ഇടയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇടഞ്ഞതോടെ ആനയുടെ പുറത്തായിരുന്ന ശാന്തിക്കാരനെ ഇറക്കാന്‍ കണ്ണന്‍ തയ്യാറായില്ല. തുടര്‍ന്ന് ക്ഷേത്ര കെട്ടിടത്തിന് മുകളില്‍ നിന്ന് വടം കെട്ടി ഇയാളെ വലിച്ചു കയറ്റുകയായിരുന്നു. ശാന്തിക്കാരന് പരിക്കുകളൊന്നുമില്ല. ഒരു മണിക്കൂറിന് ശേഷം ആനയെ തളച്ചു.
ആലപ്പുഴ: ഭക്ഷണം നല്‍കുന്നതിനിടയില്‍ ആനയുടെ ആക്രമണത്തിന് ഇരയായ പാപ്പാന്റെ കൈ അറ്റു. ആലപ്പുഴ, കഞ്ഞിക്കുഴിയിലാണ് സംഭവം. കഞ്ഞിക്കുഴി സ്വദേശിയായ കുന്നത്ത് പടിഞ്ഞാറ് പ്രതാപനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായത്. കോഴഞ്ചേരി പുതിയകാവ് ക്ഷേത്രത്തിലെ നാരായണന്‍കുട്ടി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. പ്രതാപന്‍ പാട്ടത്തിന് എടുത്തിരുന്ന ആനയെ വീടിന് സമീപമുള്ള പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. ആനയ്ക്ക് ഏത്തപ്പഴം കൊടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പഴം വാങ്ങിയ ആന പ്രതാപന്റെ കയ്യില്‍ ചവിട്ടിയശേഷം കയ്യില്‍ പിടിച്ച് വലിക്കുകയായിരുന്നു. മുട്ടിനുമുകളില്‍ കൈ അറ്റുപോയ നിലയില്‍ പ്രതാപനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറ്റുപോയ കൈ പോലീസും നാട്ടുകാരും ചേര്‍ന്ന് ആനയുടെ സമീപത്തുനിന്ന് തോണ്ടി മാറ്റി. പിന്നീട് കൈ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. രാത്രി 9 മണിയോടെ പ്രതാപനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റി. ആനയെ തളച്ചിട്ടിരിക്കുകയാണെങ്കിലും മദപ്പാടിന്റെ ലക്ഷണം ഉണ്ടെന്നാണ് വിവരം.
RECENT POSTS
Copyright © . All rights reserved