energy
സമ്മര്‍ദ്ദം ചെലുത്തി വീടുകളില്‍ സ്ഥാപിച്ച സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍ പ്രവര്‍ത്തന രഹിതം. 20 ലക്ഷത്തിലേറെ വീടുകളിലെ മീറ്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ സേവനദാതാക്കളെ മാറിയാല്‍ കണക്ടാകാതിരിക്കാനോ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കാനോ സാധ്യതയുള്ളവയാണ് 15 ശതമാനത്തോളം മീറ്ററുകളെന്നും കണ്ടെത്തി. 2.3 മില്യന്‍ ഡിവൈസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ബിബിസി നടത്തിയ അമ്പേഷണത്തില്‍ വ്യക്തമായത്. 440 മില്യന്‍ പൗണ്ട് ചെലവഴിച്ച് സ്ഥാപിച്ച മീറ്ററുകളാണ് ഇപ്പോള്‍ യാതൊരു ഉപകാരവുമില്ലാതെ വെറുതെയിരിക്കുന്നത്. ഊര്‍ജ്ജോപഭോഗം കുറയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. വീടിനു പുറത്ത് സ്ഥാപിച്ച മീറ്റര്‍ കാണാന്‍ നല്ല ഭംഗിയൊക്കെയുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആന്‍ഡ് ബാനിസ്റ്റര്‍ എന്ന ഉപഭോക്താവ് പറയുന്നു. ഇത് സ്ഥാപിക്കുന്നതിലുള്ള താല്‍പര്യം തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികൃതര്‍ക്ക് ഇല്ലെന്നാണ് ആന്‍ഡി പറയുന്നത്. വീടുകളില്‍ ഉപയോഗിക്കുന്ന ഗ്യാസ്, വൈദ്യുതി എന്നിവയുടെ അളവ് സ്വയം കണക്കാക്കുന്ന ഉപകരണമാണ് ഇത്. വിവരങ്ങള്‍ സ്‌ക്രീനില്‍ കാണുകയും ചെയ്യാം. എന്നാല്‍ സേവനദാതാവിനെ മാറ്റിയാല്‍ ഇതിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതായാണ് കണ്ടു വരുന്നത്. ഓട്ടോമാറ്റിക് മീറ്റര്‍ റീഡിംഗുകള്‍ അയക്കുന്നതും എനര്‍ജി ചെലവ് എത്രയാണെന്ന് കാണിക്കുന്നതും ഇല്ലാതാകുകയാണ് ചെയ്യുന്നത്. എട്ടു ലക്ഷം രണ്ടാം തലമുറ സ്മാര്‍ട്ട് മീറ്ററുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പവര്‍ കമ്പനികളെ പ്രതിനിധീകരിക്കുന്ന എനര്‍ജി യുകെ ബിബിസിക്ക് നല്‍കിയ വിവരം. 2012 മുതല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിലൂടെ എനര്‍ജി ഉപയോഗത്തിന്റെ കൃത്യമായ കണക്ക് ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇതിലൂടെ ജനങ്ങള്‍ക്ക് സാമ്പത്തികമായി ഏറെ ലാഭമുണ്ടാകുന്നുണ്ട്. തകരാറിലായ ഡിവൈസുകള്‍ നന്നാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഈ വര്‍ഷം അവസാനത്തോടെ അത് പൂര്‍ത്തിയാകുമെന്നും വക്താവ് അറിയിച്ചു.
ബ്രിട്ടീഷ് വൈദ്യുതോല്‍പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കിയിരുന്ന ഗവണ്‍മെന്റ് സബ്‌സിഡികള്‍ നിര്‍ത്തലാക്കാന്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് നിര്‍ദേശം. ഇത് ബ്രിട്ടനെ ഇരുട്ടിലാക്കുമെന്നാണ് കരുതുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറിയാലും നവംബറില്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് അനുസരിച്ച് പവര്‍ സ്റ്റേഷനുകള്‍ക്ക് ലഭിച്ചിരുന്ന സബ്‌സിഡികള്‍ ഇല്ലാതാകും. കപ്പാസിറ്റി മാര്‍ക്കറ്റ് സ്‌കീം അനുസരിച്ച് ലഭിച്ചുകൊണ്ടിരുന്ന 1 ബില്യന്‍ പൗണ്ടിന്റെ സബ്‌സിഡികളായിരിക്കും ഇല്ലാതാകുക. ഇത് പവര്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ബ്രിട്ടന്റെ നല്ലൊരു ശതമാനം പ്രദേശങ്ങളിലെ വൈദ്യുതി വിതരണത്തെ ബാധിക്കുമെന്നുമാണ് ആശങ്ക ഉയരുന്നത്. ഇതേക്കുറിച്ച് ഗവണ്‍മെന്റ് സെലക്ട് കമ്മിറ്റി പഠനം നടത്തി വരികയാണ്. വിന്റര്‍ കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസമുണ്ടാകുന്നത് വീടുകളുടെ ഹീറ്റിംഗിനെ ബാധിക്കുമെന്നും കരുതുന്നു. 2014ലാണ് കപ്പാസിറ്റി മാര്‍ക്കറ്റ് സ്‌കീം അവതരിപ്പിച്ചത്. ഇതിലൂടെ ചെറുകിട വൈദ്യുതോല്‍പാദന സംരംഭങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇത് വൈദ്യുതി വിതരണത്തെയും സഹായിച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ സ്റ്റേറ്റ് എയിഡ് സ്‌കീമിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് നിരോധിക്കാന്‍ യൂറോപ്യന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ ചെറുകിട ഉദ്പാദകര്‍ പൂര്‍ണ്ണമായും തകരും. വന്‍കിട ഉദ്പാദകരായ ഡ്രാക്‌സ്, എസ്എസ്ഇ, സ്‌കോട്ടിഷ് പവര്‍ എന്നിവര്‍ക്കും ഈ സബ്‌സിഡി ലഭിക്കുന്നുണ്ട്. ഈ കമ്പനികളും കോടതിയുടെ ഉത്തരവില്‍ ആശങ്കാകുലരാണ്. എനര്‍ജി സപ്ലയര്‍മാരാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. സബ്‌സിഡി പദ്ധതി എനര്‍ജി ബില്ലുകളില്‍ നിന്ന് പിരിക്കുന്ന ലെവികളിലൂടെയും നികുതിപ്പണത്തില്‍ നിന്നുമാണ് നല്‍കി വന്നിരുന്നത്. ഇത് ഇല്ലാതാകുമ്പോളുള്ള നഷ്ടം പരിഹരിക്കാന്‍ നിരക്കു വര്‍ദ്ധന ഏര്‍പ്പെടുത്തേണ്ടി വരുമോ എന്നാണ് ഇവരുടെ ആശങ്ക. എനര്‍ജി ബില്ലുകളില്‍ നിന്ന് ഈടാക്കിയ 11 ബില്യനാണ് ഈ വര്‍ഷം പദ്ധതിക്കായി വിനിയോഗിച്ചത്. അടുത്തയാഴ്ചയോടെ ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്തണമെന്നാണ് എനര്‍ജി മിനിസ്റ്റര്‍ ക്ലെയര്‍ പെറിക്ക് ബിസിനസ് സെലക്ട് കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലണ്ടന്‍: സോളാര്‍ എനര്‍ജി ഉപയോഗിക്കുന്ന വീടുകളില്‍ അധികമായി വരുന്ന വൈദ്യുതി കമ്പനികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മില്യണ്‍ പൗണ്ടിലധികം വരുമാനം ലഭിക്കുന്ന കമ്പനികള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കാനുള്ള നീക്കം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2019 ഏപ്രിലോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 'എക്‌സ്‌പോര്‍ട്ട് താരിഫ്' നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളോട് ലണ്ടന്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ നീക്കത്തോട് ഗ്രീന്‍ ക്യാംപെയ്‌നേഴ്‌സ് പ്രതിഷേധമറിയിച്ചിട്ടുണ്ട്. അതേസമയം 2019 ഏപ്രിലോടെ പുതിയ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. പുതിയ തീരുമാനം ഗ്രീന്‍ എനര്‍ജി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് പിന്നാക്കം പോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് ക്ലൈമറ്റ് ചെയ്ഞ്ച് ചാരിറ്റി ചൂണ്ടിക്കാണിച്ചു. സര്‍ക്കാരിന്റെ നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഗ്രീന്‍ എനര്‍ജി രാജ്യത്തിന് ഗുണപ്രദമായി നിലനില്‍ക്കുന്ന ഒന്നാണ്. വിജയകരമായി മുന്നോട്ട് പോകുന്ന ഒരു പദ്ധതിയെന്ന നിലയിലാണ് സോളാര്‍ സംരഭങ്ങളെ നാം കാണുന്നത്. ഏതാണ്ട് 1 മില്യണ്‍ വീടുകളിലും 1,000 സ്‌കൂളുകളിലും പദ്ധതി പ്രാവര്‍ത്തികമാക്കുന്നുണ്ട്. കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രവര്‍ത്തനമായിട്ടാണ് ഇതിനെ കാണേണ്ടതെന്നും ക്യാംപെയ്‌നര്‍ ഗ്രൂപ്പ് അംഗം നീല്‍ ജോണ്‍സ് പറഞ്ഞു. ഗവര്‍മെന്റിന്റെ പുതിയ നീക്കം പ്രതികൂല ഫലമായിരിക്കും ഉണ്ടാക്കാന്‍ പോകുന്നതെന്ന് ഗ്രീന്‍ പിയര്‍ ജെന്നി ജോണ്‍സും വ്യക്തമാക്കുന്നു. തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പുതിയ മാറ്റം 800,000ത്തിലധികം വീടുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. 2010ന് ശേഷം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവരെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക. അതേസമയം വീടുകളില്‍ മിച്ചം വരുന്ന വൈദ്യുതി സൗജന്യമായി നല്‍കാനുള്ള പദ്ധതിയെ ന്യായീകരിച്ച് ദി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്റ് ഇന്‍ഡസ്ട്രിയല്‍ സട്രാറ്റജി രംഗത്ത് വന്നു. പദ്ധതി എല്ലാ ഉപഭോക്താക്കള്‍ക്കും മിതമായ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിന് സഹാകമാവും എന്നാണ് ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്റ് ഇന്‍ഡസ്ട്രിയല്‍ സട്രാറ്റജിയുടെ വാദം.
എനര്‍ജി കമ്പനികള്‍ നിരക്കു വര്‍ദ്ധന നടപ്പാക്കിയതിനു പിന്നാലെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി ഓഫ്‌ജെം നടപടി. വേരിയബിള്‍ താരിഫുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് കമ്പനികള്‍ക്ക് ഈടാക്കാനാകുന്ന തുകയുടെ പരിധിയില്‍ 47 പൗണ്ടിന്റെ വര്‍ദ്ധന വരുത്തി. എനര്‍ജി ഹോള്‍സെയില്‍ വിലയിലുണ്ടായ വര്‍ദ്ധനയാണ് ഈ നിരക്ക് ഉയര്‍ത്താന്‍ റെഗുലേറ്ററെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതോടെ സേഫ്ഗാര്‍ഡ് താരിഫ് തുക ഒക്ടോബറോടെ 1136 പൗണ്ടാകുമെന്ന് ഓഫ്‌ജെം പറഞ്ഞു. എണ്ണവിലയിലുണ്ടാകുന്ന വര്‍ദ്ധന മൂലമാണ് ഈ ക്യാപ് ഉയര്‍ത്തുന്നതെന്നും ഓരോ യൂണിറ്റ് എനര്‍ജിക്കും പരമാവധി വില നിശ്ചയിക്കാനാണ് ഇത് കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം. ഏതു വിധത്തിലായാലും വില വര്‍ദ്ധിക്കുന്നത് നിര്‍ഭാഗ്യകരം തന്നെയാണ്. എന്നാല്‍ ഈ ക്യാപ് വര്‍ദ്ധിപ്പിക്കുന്നതോടെ ഗ്യാസ്, ഇലക്ട്രിസിറ്റി വിതരണത്തില്‍ യഥാര്‍ത്ഥ നിരക്ക് മാത്രമേ ഉപഭോക്താവിന് നല്‍കേണ്ടി വരികയുള്ളുവെന്ന് ഓഫ്‌ജെം ചീഫ് എക്‌സിക്യൂട്ടീവ് ഡെര്‍മോട്ട് നോളന്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ കുറഞ്ഞ നിരക്കിലുള്ള എനര്‍ജി ദാതാക്കളുണ്ടെന്നും ചെലവു കുറയ്ക്കാന്‍ അവയിലേക്ക് മാറാവുന്നതാണെന്നും ഓഫ്‌ജെം ചീഫ് പറഞ്ഞു. കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി നിര്‍ണ്ണയിക്കുന്ന മാനദണ്ഡമനുസരിച്ച് വര്‍ഷത്തില്‍ രണ്ടു തവണയാണ് ഓഫ്‌ജെം താരിഫില്‍ മാറ്റം വരുത്താറുള്ളത്. സേഫ്ഗാര്‍ഡ് താരിഫ് ഓരോ യൂണിറ്റ് എനര്‍ജിക്കും മൂല്യപരിധി നിര്‍ണ്ണയിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത് മൊത്തം ബില്ലിനെയായിരിക്കില്ല ബാധിക്കുന്നത്. ഉപഭോഗത്തിനനുസരിച്ച് പ്രീപെയ്‌മെന്റ് ഉപഭോക്താക്കളുടെ നിരക്കിലും മാറ്റം വന്നുകൊണ്ടിരിക്കും. സമ്മറില്‍ എനര്‍ജി കമ്പനികള്‍ പല തവണ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഓഫ്‌ജെം നടപടി.
ബ്രിട്ടീഷ് ഗ്യാസ് പ്രഖ്യാപിച്ച വില വര്‍ദ്ധനവ് ചൊവ്വാഴ്ച പ്രാബല്യത്തിലാകും. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിലുള്ള ഉപഭോക്താക്കളുടെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ 5.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഏപ്രിലില്‍ പ്രഖ്യാപിച്ച ഈ വര്‍ദ്ധനവ് മൂലം ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 246 മില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ശരാശരി ഉപഭോക്താവിന് വര്‍ഷത്തില്‍ 60 പൗണ്ട് വീതം അധികമായി ചെലവാകും. 4.1 മില്യന്‍ ഉപഭോക്താക്കളാണ് രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസിന് യുകെയിലുള്ളത്. മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ താരിഫ് നിരക്ക് പ്രതിവര്‍ഷം 796 പൗണ്ടാണ്. വില വര്‍ദ്ധിക്കുന്നതോടെ സ്റ്റാന്‍ഡാര്‍ഡ് താരിഫ് ഇതിനേക്കാള്‍ 45 ശതമാനം വിലയേറിയതാകും. കഴിഞ്ഞ സെപ്റ്റംബറില്‍ വരുത്തിയ 12.5 ശതമാനം വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇപ്പോള്‍ 5.5 ശതമാനത്തിന്റെ കൂടി വര്‍ദ്ധന വരുത്തുന്നത് ഉപഭോക്താവിന് ഇരട്ടി പ്രഹരമാണ് നല്‍കുന്നത്. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കാണ് ഇതു മൂലമുള്ള ഭാരം കൂടുതല്‍ താങ്ങേണ്ടി വരിക. അതേസമയം ഓണ്‍ലൈനില്‍ ഒരു ഫിക്‌സഡ് താരിഫിലേക്ക് മാറിയാല്‍ വര്‍ഷം 100 പൗണ്ടെങ്കിലും ലാഭിക്കാനാകുമെന്നും വിലയിരുത്തലുണ്ട്. ബിഗ് സിക്‌സ് എന്ന് അറിയപ്പെടുന്ന രാജ്യത്തെ ആറ് പ്രധാന എനര്‍ജി കമ്പനികളില്‍ 5 എണ്ണവും അടുത്ത മാസം അവസാനത്തോടെ നിരക്ക് വര്‍ദ്ധന നടപ്പിലാക്കുകയാണ്. ബ്രിട്ടീഷ് ഗ്യാസിനു പുറമേ എന്‍പവര്‍, സ്‌കോട്ടിഷ് എനര്‍ജി, ഇ-ഓണ്‍, ഇഡിഎഫ്, എസ്എസ്ഇ മുതലായ കമ്പനികളാണ് നിരക്കു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
RECENT POSTS
Copyright © . All rights reserved