Engine
നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നത് പിഴശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കും. വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിര്‍ത്തിയിട്ട വാഹനങ്ങളുടെ എന്‍ജിന്‍ ഐഡില്‍ ചെയ്യുന്ന ഡ്രൈവര്‍മാരെ ഒന്നിലേറെത്തവണ പിടികൂടിയാല്‍ അപ്പോള്‍ത്തന്നെ പിഴ നല്‍കാന്‍ കഴിയുന്ന നിയമമാണ് തയ്യാറാകുന്നത്. കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ കൂടുതല്‍ മലിനീകരണം ഐഡില്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന ചില ലണ്ടന്‍ കൗണ്‍സിലുകളുടെ ആവശ്യം അംഗീകരിക്കുകയാണെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു. നിലവിലുള്ള നിയമത്തിനു കീഴില്‍ ഐഡിലിംഗ് നടത്തുന്ന ഡ്രൈവര്‍മാര്‍ ആരും തന്നെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഈ നിയമം അനുസരിച്ച് പോലീസിന് ആദ്യം താക്കീത് കൊടുക്കാനേ കഴിയൂ. ഒരു മിനിറ്റിലേറെ സമയം നിര്‍ദേശം അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പിഴ നല്‍കാം. ലോക്കല്‍ അതോറിറ്റികള്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കനുസരിച്ച് ഈ പിഴ 20 പൗണ്ട് മുതല്‍ 80 പൗണ്ട് വരെയാകാം. 2017 മുതല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ ഇതനുസരിച്ച് 37 പേരില്‍ നിന്നു മാത്രമാണ് പിഴയീടാക്കിയിരിക്കുന്നത്. കുറ്റം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ പിഴയീടാക്കാനുള്ള നീക്കം പ്രശ്‌ന പരിഹാരത്തിന് ഉതകുമെന്നാണ് ഗോവ് ദി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ പുതിയ അധികാരങ്ങള്‍ കൗണ്‍സിലുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചില കമ്പനികളുടെ ഡ്രൈവര്‍മാര്‍ നിരന്തരം ഈ കുറ്റം ചെയ്യുന്നുണ്ടെന്നും ആവശ്യപ്പെട്ടാലും അവര്‍ അനുസരിക്കാന്‍ കൂട്ടാക്കാറില്ലെന്നും വെസ്റ്റ്മിന്‍സ്റ്റര്‍ സിറ്റി കൗണ്‍സില്‍ ലീഡര്‍ നിക്കി ഐകെന്‍ പറഞ്ഞു. ഇത്തരം കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
RECENT POSTS
Copyright © . All rights reserved