English
ബ്രിട്ടീഷ് പൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടീഷ് മൂല്യങ്ങള്‍ പഠിച്ചിരിക്കണമെന്ന് ഹോം സെക്രട്ടറി. പൗരത്വത്തിന് അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ ഇനി മുതല്‍ ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് പാസാകണം. ഉയര്‍ന്ന നിലവാരത്തില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. ചരിത്രം, സംസ്‌കാരം, ദൈനംദിന ജീവിതം എന്നിവയില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന നിലവിലുള്ള ടെസ്റ്റിനെ ഹോം സെക്രട്ടറി സാജിദ് ജാവീദ് വിമര്‍ശിച്ചു. ഇപ്പോഴത്തെ പരീക്ഷ ഒരു പബ് ക്വിസിന് സമാനമാണെന്നാണ് അദ്ദേഹം പരിഹസിച്ചത്. ബ്രിട്ടനിലേക്ക് വരുന്നവരെ നാം സ്വാഗതം ചെയ്യുകയാണ്, പക്ഷേ പുതുതായി പൗരത്വം തേടുന്നവര്‍ക്കുള്ള പരീക്ഷയുടെ നിലവാരം പോരെന്ന് അദ്ദേഹം പറഞ്ഞു. ടോറി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ജാവീദ്. ഹെന്റി എട്ടാമന്റെ ആറാമത്തെ ഭാര്യയുടെ പേര് അറിയുന്നത് ചിലപ്പോള്‍ ഉപകാരപ്രദമായിരിക്കും. എന്നാല്‍ അതിലും പ്രധാനമെന്ന് താന്‍ കരുതുന്നത് നമ്മുടെ സമൂഹത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ലിബറല്‍ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് പുതിയ പൗരന്മാര്‍ മനസിലാക്കുന്നതാണെന്ന് ജാവീദ് വ്യക്തമാക്കി. ഒരു പബ് ക്വിസ് വിജയിക്കുന്നതിനേക്കാള്‍ ഒട്ടേറെ പ്രധാന കാര്യങ്ങള്‍ പൗരത്വത്തിലുണ്ട്. അതിനായി ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് ആവശ്യമാണ്. അത് കൊണ്ടുവരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷാ ജ്ഞാനത്തെക്കുറിച്ചും ജാവീദ് സംസാരിച്ചു. പരസ്പരം ആശയവിനിമയം നടത്താന്‍ പോലും സാധിക്കുന്നില്ലെങ്കില്‍ ഒരു കുടുംബമെന്ന നിലയില്‍ എങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കുമെന്നാണ് ജാവീദ് ചോദിച്ചത്. അതിനാല്‍ വാല്യൂ ടെസ്റ്റിനൊപ്പംതന്നെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും നിര്‍ബന്ധിതമാക്കും. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളില്‍ പെട്ടവരില്‍ ഇരട്ട പൗരത്വമുള്ളവര്‍ ഉണ്ടെങ്കില്‍ അവരുടെ യുകെ പൗരത്വം റദ്ദാക്കുമെന്നും ജാവീദ് വ്യക്തമാക്കി.
ലണ്ടന്‍: രാജ്യത്തുള്ളവര്‍ എല്ലാവരും നിര്‍ബന്ധിതമായി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പഠിക്കണമെന്ന് നിര്‍ദേശം. 2016ല്‍ ദേശീയോദ്ഗ്രഥനം സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഡെയിം ലൂയിസ് കെയ്‌സി ന്നെ ഉദ്യേഗസ്ഥയാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ വിള്ളലുകള്‍ അടയ്ക്കാന്‍ ഒരു പൊതുഭാഷയ്ക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ത്രീ സമത്വം, വര്‍ക്കിംഗ് ക്ലാസില്‍ വെളുത്ത വര്‍ഗ്ഗക്കാരുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയ്ക്കായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഇന്റഗ്രേഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇംഗ്ലീഷ് ഭാഷാ ജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ നല്‍കണം. കമ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും മുതിര്‍ന്നവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റും ഇവയില്‍ ഉള്‍പ്പെടുന്നു. 2016ല്‍ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും അവയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ കെയ്‌സി വിമര്‍ശിച്ചു. ബിബിസി റേഡിയോ 4ന്റെ വെസ്റ്റ്മിന്‍സ്റ്റര്‍ അവറിലായിരുന്നു ഇവരുടെ പ്രതികരണം. ഇന്റഗ്രേഷന്‍ സര്‍ക്കാരിന്റെ മുന്‍ഗണനാപ്പട്ടികയില്‍ ആദ്യം വരണമെന്നും അതിന് താമസമുണ്ടാകുന്നത് നിരാശാജനകമാണെന്നും അവര്‍ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയെ ശാക്തീകരിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികളാണ് ഇന്റഗ്രേഷന്റെ ഭാഗമായി നടപ്പിലാക്കേണ്ടത്. രാജ്യത്തുള്ളവര്‍ എല്ലാവരും ഇംഗ്ലീഷ് ഭാഷ സംസാരിക്കണമെന്നത് നിര്‍ബന്ധിതമാക്കാന്‍ ഒരു നിശ്ചിത സമയപരിധി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനുസരിച്ച് ബ്രിട്ടനിലേക്ക് എത്തുന്നവര്‍ക്ക് മികച്ച ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആവശ്യമാണെന്ന് നിബന്ധനയുണ്ടെന്ന് പ്രതികരിച്ച കണ്‍സര്‍വേറ്റീവ് എംപിയും മുന്‍ ഇമിഗ്രേഷന്‍ മിനിസ്റ്ററുമായ മാര്‍ക്ക് ഹാര്‍പര്‍ കെയ്‌സിയുടെ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്തു.
RECENT POSTS
Copyright © . All rights reserved