Ethnic Minorities
കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് കുറഞ്ഞ ഗ്രേഡുകള്‍ ലഭിക്കാന്‍ കാരണം വംശീയാതിക്രമങ്ങള്‍ ആകാമെന്ന് വെളിപ്പെടുത്തല്‍. ഇക്വാളിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യൂണിവേഴ്‌സിറ്റികളിലുണ്ടാകുന്ന വംശീയാധിക്ഷേപങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ബ്ലാക്ക്, വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്ന് മുമ്പുള്ളതിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റികളില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷവും വെളുത്ത വര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളേക്കാള്‍ കുറഞ്ഞ ഗ്രേഡുകളാണ് കരസ്ഥമാക്കുന്നത്. ബ്ലാക്ക് വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞുപോകുന്നതിന്റെ നിരക്കും കൂടുതലാണ്. ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രാപ്തിയില്ലെന്നും യൂണിവേഴ്‌സിറ്റികള്‍ തങ്ങളെപ്പോലുള്ളവര്‍ക്കുള്ളതല്ലെന്നുമുള്ള തോന്നലാണ് പ്രധാനമായും ബ്ലാക്ക്, വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരെ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് ഇഎച്ച്ആര്‍സി പറയുന്നു. ക്യാംപസുകളില്‍ വംശീയാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി അധ്യാപകരും വിദ്യാര്‍ത്ഥികളും ആശങ്കകള്‍ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലെ കറുത്തവരും ന്യൂനപക്ഷക്കാരുമായ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് ഇഎച്ച്ആര്‍സി വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സംഭവങ്ങള്‍ മാത്രമാണ് പുറത്തു വരുന്നത്. അല്ലാത്തവ യൂണിവേഴ്‌സിറ്റികള്‍ മറച്ചു വെക്കുകയാണെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറയുന്നു. നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരിയെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ഒരു ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ശിക്ഷിക്കപ്പെട്ടത് ഈ വര്‍ഷം ആദ്യമാണ്. ആക്രമണത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നടപടിയുണ്ടായത്.
RECENT POSTS
Copyright © . All rights reserved