Euthanasia
ജീവിതത്തിലേക്ക് തിരികെ വരാന്‍ യാതൊരു സാധ്യതയുമില്ലാത്ത രോഗികളുടെ ജീവന്‍രക്ഷാ ഉപകരണങ്ങളും മറ്റും നീക്കം ചെയ്യാന്‍ ഇനി മുതല്‍ അനുമതിക്കായി കാത്തു നില്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. മസ്തിഷ്‌കത്തിന് സാരമായി പരിക്കേറ്റ് 2017 മുതല്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന 52കാരന് ദയാ മരണം നല്‍കണമന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം. ഇദ്ദേഹത്തിന് ബോധം തിരികെ ലഭിക്കാനുള്ള സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കിയതോടെ ഭക്ഷണവും വെള്ളവും നല്‍കുന്ന ട്യൂബുകള്‍ മാറ്റാന്‍ കുടുംബാംഗങ്ങള്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിന് കോടതിയുടെ അനുമതി ആവശ്യമാണ്. ഹൈക്കോര്‍ട്ട് ഇതിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വിധത്തില്‍ പ്രതികരണ ശേഷിയില്ലാതെ കഴിയുന്ന രോഗികളെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പുകള്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. മിസ്റ്റര്‍ വൈ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രോഗി ഡിസംബറില്‍ മരിച്ചു. ഇന്നലെയാണ് സുപ്രീം കോടതി അപ്പീല്‍ തള്ളിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രോഗികള്‍ക്ക് ലഭിച്ചിരുന്ന സുപ്രധാന നിയമ പരിരക്ഷയാണ് ഇതിലൂടെ ഇല്ലാതായതെന്ന് അഭിഭാഷകര്‍ വിമര്‍ശിച്ചു. രോഗികളുടെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്ന തീരുമാനമാണ് ഡോക്ടര്‍മാരും ബന്ധുക്കളും സ്വീകരിക്കുന്നതെങ്കില്‍ അതിന് കോടതിയുടെ അനുവാദം ആവശ്യമില്ലെന്നാണ് ഉത്തരവ്. നിയമ നടപടികള്‍ക്ക് സാധാരണ ഗതിയില്‍ കാലതാമസമുണ്ടാകുകയും ഹെല്‍ത്ത് അതോറിറ്റികള്‍ക്ക് അപ്പീലുകള്‍ക്കും മറ്റുമായി പണച്ചെലവുണ്ടാകുകയും ചെയ്തിരുന്നു. ക്ലിനിക്കലി അസിസ്റ്റഡ് ന്യൂട്രീഷന്‍ ആന്‍ഡ് ഹൈഡ്രേഷന്‍ എന്ന പ്രക്രിയ പിന്‍വലിക്കുന്നതിന് കോടതിയുടെ ഉത്തരവ് ആവശ്യമില്ലെന്ന ഹൈക്കോടതി വിധി ശരിവെക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്ത് ദയാവധം നടപ്പിലാക്കുന്നതിന് സുപ്രീം കോടതി അനുമതി. ഉപാധികളോടെയാണ് പുതിയ അനുമതി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന തീരുമാനം കൈകൊണ്ടിരിക്കുന്നത്. യാതൊരുവിധ ചികിത്സയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കില്ലെന്ന് ഡോക്ടര്‍മാര്‍ തീര്‍പ്പിച്ചു പറഞ്ഞിരിക്കുന്ന രോഗികള്‍ മരണ താത്പര്യം അറിയിക്കുകയാണെങ്കില്‍ ദയാവധത്തിന് അനുമതി നല്‍കാമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ വിധി. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമെ ദയാവധം നടപ്പിലാക്കാന്‍ കഴിയൂ. ഒരു വ്യക്തി മരണ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെയും അതിനു ശേഷം ഹൈക്കോടതിയുടെയും അനുമതിക്കായി കാത്തു നില്‍ക്കേണ്ടി വരും. മരുന്ന് കുത്തിവെച്ചുള്ള മരണത്തിന് കോടതി അനുമതി നല്‍കിയിട്ടില്ല. മറിച്ച് നിഷ്‌ക്രിയ മരണം തെരെഞ്ഞെടുക്കാനുള്ള അവകാശത്തിന് മാത്രമെ അനുമതി നല്‍കുകയുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിനൊപ്പം പുതിയ മാര്‍ഗ നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. അന്തസ്സോടെ മരിക്കുന്നത് മനുഷ്യന്റെ അവകാശമാണെന്നും വിധി പ്രസ്താവിച്ച കോടതി വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved