Fares
റെയില്‍ നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് തടയണമെന്ന നിരന്തര ആവശ്യം ഒടുവില്‍ അധികാരികളുടെ ശ്രദ്ധയില്‍. റെയില്‍വേ നിരക്കുകള്‍ വര്‍ദ്ധിക്കുന്ന പ്രവണതയ്ക്ക് തടയിടുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഇന്ന് പ്രഖ്യാപിക്കും. നാണയപ്പെരുപ്പ നിരക്ക് അനുസരിച്ച് റെയില്‍വേ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന രീതിക്ക് പരിഹാരമുണ്ടാക്കുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രെയിലിംഗ് റെയില്‍ ഇന്‍ഡസ്ട്രിയിലെ യൂണിയന്‍ നേതൃത്വങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്നത്. അടുത്തിടെ ടൈംടേബിളുകളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയതോടെയാണ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് തടയണമെന്ന ആവശ്യം ശക്തമായിത്തുടങ്ങിയത്. സ്വീകാര്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന റീട്ടെയില്‍ പ്രൈസ് ഇന്‍സെക്‌സ് എന്ന വാര്‍ഷിക നാണയപ്പെരുപ്പ നിരക്ക് അനുസരിച്ച് നിരക്കുകള്‍ കണക്കാക്കുന്ന രീതിയില്‍ റെയില്‍വേ നിരക്കുകള്‍ തയ്യാറാക്കുന്നത് അവസാനിപ്പിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ക്ക് നല്‍കിയ കത്തില്‍ ഗ്രെയിലിംഗ് വ്യക്തമാക്കി. കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് അനുസരിച്ച് നിരക്കുകള്‍ തയ്യാറാക്കുന്ന സമ്പ്രദായം നടപ്പില്‍ വരുത്താനാണ് പദ്ധതിയെന്ന് സെക്രട്ടറി വ്യക്തമാക്കി. അടുത്ത വര്‍ഷത്തോടെ ആ രീതിയിലേക്ക് മാറുമെന്ന് കത്തില്‍ ഗ്രെയിലിംഗ് പറഞ്ഞു. അതേ സമയം ന്യായീകരിക്കാനാകാത്ത വിധത്തിലുള്ള ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടരുതെന്നും ഗ്രെയിലിംഗ് യൂണിയന്‍ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടു. ഇത് നിരക്കു വര്‍ദ്ധനയിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. റീട്ടെയിര്‍ പ്രൈസ് ഇന്‍ഡെക്‌സ് രീതി എടുത്തുകളയണമെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണിയും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
RECENT POSTS
Copyright © . All rights reserved