Farmer
വൈക്കോല്‍ നിക്ഷേപിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ അടുക്കിയ കര്‍ഷകനെതിരെ സമ്പന്നരായ പ്രദേശവാസികള്‍. ഡെര്‍ബിഷയറിലെ ഓക്ക്ക്രൂക്കിലുള്ള റിച്ചാര്‍ഡ് ബാര്‍ട്ടന്‍ എന്ന കര്‍ഷകനാണ് 30 ടണ്ണോളം വൈക്കോല്‍ തന്റെ കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ അടുക്കിയത്. എന്നാല്‍ 5 ലക്ഷം പൗണ്ടിനു മേല്‍ മൂല്യമുള്ള പ്രോപ്പര്‍ട്ടികളാണ് ഈ അതിര്‍ത്തിയോടു ചേര്‍ന്നുള്ളത്. ബാര്‍ട്ടന്‍ തന്റെ കൃഷിയിടത്തിലെ മാലിന്യം നിക്ഷേപിക്കാന്‍ ഈ ജനവാസ മേഖല ഉപയോഗിക്കുകയാണെന്നാണ് ഈ പ്രദേശവാസികള്‍ പറയുന്നത്. കാര്‍ ഹില്‍ ഫാമില്‍ മാലിന്യ നിര്‍മാര്‍ജന സൈറ്റ് ആരംഭിക്കുന്നതിനായി ബാര്‍ട്ടന്‍ നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. അതിനാല്‍ മനഃപൂര്‍വമാണ് ബാര്‍ട്ടന്‍ ജനവാസ മേഖലയില്‍ വൈക്കോല്‍ നിക്ഷേപിച്ചതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. എന്നാല്‍ താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ ഈ സംഭവത്തെ പെരുപ്പിച്ചു കാണിക്കുകയാണെന്നുമാണ് ബാര്‍ട്ടന്‍ അവകാശപ്പെടുന്നത്. താനൊരു കര്‍ഷനാണ്. ഒരു വെയിസ്റ്റ് പ്രോസസിംഗ് സൈറ്റിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. പിന്നെ വൈക്കോല്‍ എവിടെയാണ് തനിക്ക് നിക്ഷേപിക്കാന്‍ സാധിക്കുകയെന്നും ബാര്‍ട്ടന്‍ ചോദിക്കുന്നു. ഇതിനെതിരെ നില്‍ക്കുന്ന അയല്‍വാസികളെ സ്വാര്‍ത്ഥന്‍മാരെന്നാണ് ബാര്‍ട്ടന്‍ വിശേഷിപ്പിക്കുന്നത്. അവര്‍ സ്വന്തം കാര്യം മാത്രമാണ് ചിന്തിക്കുന്നത്. തന്റെ സ്വന്തം സ്ഥലത്താണ് ഈ വൈക്കോല്‍ നിക്ഷേപിച്ചിരിക്കുന്നത്. സ്വന്തം സ്ഥലത്ത് ഒഴിവുള്ള പ്രദേശത്താണ് അത് സൂക്ഷിച്ചിരിക്കുന്നതെന്നും ബാര്‍ട്ടന്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ വീടുകള്‍ക്ക് അരികിലായാണ് ബാര്‍ട്ടന്‍ ഈ വൈക്കോല്‍ കൂന സ്ഥാപിച്ചിരിക്കുന്നതെന്നും ഇതിന് തീ പിടിച്ചാല്‍ വലിയ അത്യാഹിതമായിരിക്കും സംഭവിക്കുകയെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്.
യുകെയിലെ ഫാമുകളില്‍ നിന്ന് വന്‍തോതില്‍ പഴങ്ങളും പച്ചക്കറികളും പാഴാക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് ടണ്ണോളം പഴങ്ങളും പച്ചക്കറികളും പാഴാക്കപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍തോതില്‍ ഉത്പാദന നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴായിപ്പോകാന്‍ കാരണം. ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സ്വാധീനമുണ്ടെന്ന് ഫുഡ് ആന്റ് എന്‍വിയോണ്‍മെന്റ് ചാരിറ്റി ഫീഡ്ബാക്ക് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിപണിയിലെ ഏതാണ്ട് 85 ശതമാനത്തോളം വ്യാപാരത്തെ നിയന്ത്രിക്കുന്നത് സൂപ്പര്‍ മാര്‍ക്കറ്റുകളാണ്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴായി പോകുന്നതിലൂടെ നഷ്ടം സഹിക്കേണ്ടി വരുന്നത് കര്‍ഷകര്‍ക്കായിരിക്കുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഉല്‍പ്പന്നങ്ങള്‍ പാഴായി പോകുന്നത് മൂലവും അനുബന്ധ ചെലവ് മൂലവും ഉണ്ടാകുന്ന നഷ്ടം കര്‍ഷകര്‍ക്കായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 37,000 ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് ഒരു വര്‍ഷത്തില്‍ പാഴായി പോകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ഉല്‍പാദനത്തിന്റെ ഏതാണ്ട് 16 ശതമാനത്തോളമാണ് പാഴാവുന്നത്. സാധാരണഗതിയില്‍ ഒരാള്‍ ഉപയോഗിക്കുന്ന പഴം, പച്ചക്കറി എന്നിവയുടെ അളവെടുത്താല്‍ പാഴായിപ്പോകുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഏതാണ്ട് 2,50,000 പേര്‍ക്ക് ഒരു വര്‍ഷം ഉപയോഗിക്കാന്‍ കഴിയുമെന്ന് പഠനം പറയുന്നു. ഏകദേശ കണക്കെടുത്താല്‍ ബര്‍മിങ്ഹാം അല്ലെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റികളിലെ മൊത്തം ആവശ്യകതയുടെ അത്രയും പഴങ്ങളും പച്ചക്കറികളും പാഴായി പോകുന്നതായി ഫീഡ്ബാക്ക് നടത്തിയ പഠനത്തില്‍ പറയുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വെച്ച് പാഴായിപ്പോകുന്ന പഴം, പച്ചക്കറികള്‍ എന്നിവയുടെ അളവ് കുറയ്ക്കുന്നതില്‍ ഗൗരവപൂര്‍വമായി ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് പഠനം പറയുന്നു. ഫാമുകള്‍ തങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും ഉത്പന്നങ്ങള്‍ പാഴായി പോകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു. സര്‍വ്വേയില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ പകുതി പേരും ഉദ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടാകുന്നതായി പറയുന്നു. ഇവ സമയത്ത് മാര്‍ക്കറ്റുകളിലെത്തിച്ചില്ലെങ്കില്‍ വിപണി നഷ്ടമാകുമോയെന്ന ഭയം മൂലം ഉദ്പാദനം വര്‍ദ്ധിപ്പിക്കുകയാണ് പതിവെന്ന് കര്‍ഷകര്‍ പറയുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഉദ്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ നിറത്തിന്റെയും ആകൃതിയുടെയുമൊക്കെ പേരില്‍ വിപണിയില്‍ നിന്ന് ഒഴിവാക്കപ്പെടാറുണ്ട്. അത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവ പിന്നീട് പാഴായി പോകുകയാണ് പതിവെന്നും കര്‍ഷകര്‍ പറയുന്നു. കുറഞ്ഞ വിലയില്‍ മറ്റിടങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന സമയത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്നത് മൊത്തക്കച്ചവടക്കാര്‍ നിര്‍ത്താറുണ്ടെന്ന് പഠനം നടത്തിയ പകുതിയിലേറെ കര്‍ഷകരും പ്രതികരിച്ചു.
RECENT POSTS
Copyright © . All rights reserved