fees
വിദേശികളായ നൂറു കണക്കിന് ഡോക്ടര്‍മാര്‍ എന്‍എച്ച്എസ് വിടാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിസ, ഹെല്‍ത്ത്‌കെയര്‍ ഫീസായി ഓരോ വര്‍ഷവും ആയിരക്കണക്കിന് പൗണ്ട് നല്‍കേണ്ടി വരുന്നതിനാലാണ് ഡോക്ടര്‍മാര്‍ നാഷണല്‍ ഹെല്‍ത്ത് കെയര്‍ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനുസരിച്ച് വര്‍ക്കിംഗ് വിസയ്ക്കായി ആയിരക്കണക്കിന് പൗണ്ട് നല്‍കണം. എന്‍എച്ച്എസ് സൗകര്യങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ഓരോ കുടുംബാംഗത്തിനും 400 പൗണ്ട് വീതവും നല്‍കണം. ഇത് താങ്ങാനാവാത്തതിനാല്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ഇവര്‍ ഒരുങ്ങുകയാണ്. യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് ഈ നിലപാടെടുത്തിരിക്കുന്നത്. ഡോക്ടര്‍മാരുടെ ക്യാംപെയിനിംഗ് സംഘടനയായ എവരിഡോക്ടറില്‍ 500ലേറെ ഡോക്ടര്‍മാരാണ് തങ്ങളുടെ ആശങ്കകള്‍ അറിയിച്ചത്. എന്‍എച്ച്എസിന് ഡോക്ടര്‍മാരെ ആവശ്യമുണ്ടെങ്കിലും ഇത്തരം നയങ്ങള്‍ യുകെയിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് തങ്ങള്‍ ഒരു രണ്ടാംകിട ജീവനക്കാരാണെന്നും ഒട്ടും ആവശ്യമില്ലാത്തവരാണെന്നുമുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് ഇന്ത്യക്കാരനായ ഒരു എന്‍എച്ച്എസ് ഡോക്ടര്‍ പറഞ്ഞു. ഇദ്ദേഹവും യുകെയില്‍ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. എന്‍എച്ച്എസിനു വേണ്ടി ജോലിചെയ്യാന്‍ തയ്യാറാണെങ്കിലും ഇമിഗ്രേഷന്‍ സംവിധാനം ഇവിടെ ജീവിക്കാന്‍ കഴിയാത്ത വിധത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടര്‍മാരുടെ കുറവു മൂലം ഇപ്പോള്‍ത്തന്നെ പ്രതിസന്ധി നേരിടുന്ന എന്‍എച്ച്എസിന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തുനിന്നുള്ള ഡോക്ടര്‍മാരുടെ ഈ തീരുമാനം ഇരുട്ടടിയാകുമെന്നത് ഉറപ്പാണ്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ആശുപത്രികളുടെയും ജിപി സര്‍വീസുകളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വിദഗ്ദ്ധ പരിശീലനം നേടിയ ഇവര്‍ യുകെയിലെത്തിയാല്‍ വളരെ മോശമായാണ് അവരെ പരിഗണിക്കുന്നതെന്ന് എവരിഡോക്ടറിലെ ഡോ.ജൂലിയ പാറ്റേഴ്‌സണ്‍ പറഞ്ഞു.
ഫീസ് പണമായി നല്‍കുന്ന രക്ഷിതാക്കളുടെ വിവരങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് നാഷണല്‍ ക്രൈം ഏജന്‍സി. ഏജന്‍സിയുടെ ഇക്കണോമിക് ആന്‍ഡ് സൈബര്‍ ക്രൈം വിഭാഗം തലവന്‍ ഡൊണാള്‍ഡ് ടൂണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. സാങ്ഷന്‍ ലിസ്റ്റിലുള്ളവര്‍ പണമടയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ് നീക്കം. ബര്‍സാര്‍മാര്‍ ഇത് പരിശോധിക്കണമെന്നും എന്‍സിഎ അറിയിച്ചു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പോലെയുള്ള സംഘടനകള്‍ തിരിച്ചറിഞ്ഞിട്ടുള്ള സാമ്പത്തിക തട്ടിപ്പുകാര്‍ എത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സംശയിക്കപ്പെടുന്ന വ്യക്തികളുടെ കുട്ടികള്‍ പബ്ലിക് സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്നും അതുള്‍പ്പെടെ വിവിധ മേഖലകളില്‍ നിരീക്ഷണം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ പബ്ലിക് സ്‌കൂളുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന ആരോപണം സ്‌കൂള്‍ അധികൃതര്‍ നേരത്തേ നിഷേധിച്ചിരുന്നു. കള്ളപ്പണം സ്‌കൂളുകള്‍ അറിവോടെ സ്വീകരിക്കുന്നതായി ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടില്ലെന്നാണ് ഹെഡ്മാസ്റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസസ് കോണ്‍ഫറന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ബുക്കാനന്‍ പറയുന്നത്. അത്തരം ഒരു ആരോപണം തന്നെ വ്യാജമാണെന്നും ബുക്കാനന്‍ പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ സ്‌കൂളുകള്‍ സ്വന്തം നിലയക്ക് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഡൊണാള്‍ഡ് ടൂണ്‍ പറഞ്ഞു. ആരോടും പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയല്ല. പകരം സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രമാണ് സ്‌കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ക്രിമിനല്‍ ബന്ധമുണ്ടോ എന്ന് ഗൂഗിളില്‍ തിരയുകയെന്നത് ബര്‍സാര്‍മാര്‍ക്ക് അദ്ധ്വാനമുള്ള ജോലിയല്ല. ശമ്പളം കുറഞ്ഞ ജോലികള്‍ ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ഫീസുകള്‍ താങ്ങാനാകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ പ്രൈവറ്റ് സ്‌കൂളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കഴിഞ്ഞ മാസം സെക്യൂരിറ്റി മിനിസ്റ്റര്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. ഫുട്‌ബോള്‍ ക്ലബ്ബുകള്‍, എസ്‌റ്റേറ്റ് ഏജന്റുമാര്‍, ലക്ഷ്വറി കാര്‍ ഡീലര്‍മാര്‍ തുടങ്ങിയവരും കള്ളപ്പണം എത്തുന്ന വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും സംശയമുള്ളവരെക്കുറിച്ച് പോലീസില്‍ വിവരം നല്‍കണമെന്നും മിനിസ്റ്റര്‍ പറഞ്ഞിരുന്നു.
അഭയാര്‍ത്ഥികളായെത്തിയവര്‍ക്ക് യുകെയില്‍ വെച്ച് ജനിക്കുന്ന കുട്ടികളുടെ പൗരത്വത്തിനായി അമിത തുക ഈടാക്കുന്ന ഹോം ഓഫീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം. അഭയാര്‍ത്ഥികളുടെ കുട്ടികളെ പണം പിടുങ്ങാനുള്ള മാര്‍ഗ്ഗമായി ഹോം ഓഫീസ് കാണുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. 1000 പൗണ്ടിലേറെ വരുന്ന തുകയാണ് യുകെയില്‍ വെച്ച് ജനിക്കുന്ന കുട്ടികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കൊപ്പം യുകെയിലെത്തുന്ന കുട്ടികള്‍ക്കും പൗരത്വം ലഭിക്കുന്നതിനായി നല്‍കേണ്ടി വരുന്നത്. അതി ഭീമമായ ഈ തുക താങ്ങാന്‍ പല അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്കും കഴിയാത്തതിനാല്‍ ഇവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിക്കപ്പെടുകയാണ്. ഒരു കുട്ടിക്ക് ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കണമെങ്കില്‍ 1102 പൗണ്ടാണ് ഫീസ്. അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക്കായി 372 പൗണ്ട് അധികമായി വരും. രണ്ടര വര്‍ഷത്തെ യുകെ സ്റ്റാറ്റസ് ലഭിക്കാനുള്ള ലീവ് ടു റിമെയ്ന്‍ ആപ്ലിക്കേഷന് 1033 പൗണ്ടാണ് നല്‍കേണ്ടത്. 500 പൗണ്ട് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഇതിനൊപ്പം നല്‍കണം. അടുത്തിടെയാണ് ഈ നിരക്കുകള്‍ ഹോം ഓഫീസ് കുത്തനെ ഉയര്‍ത്തിയത്. വര്‍ഷങ്ങളായി യുകെയില്‍ കഴിഞ്ഞു വരുന്ന അഭയാര്‍ത്ഥികള്‍ക്ക് അവരുടെ സ്റ്റാറ്റസ് പുതുക്കുന്നതിനായി നേരിടേണ്ടി വരുന്ന യാതനകള്‍ ഏറെയാണെന്നും കണക്കുകള്‍ പറയുന്നു. പണത്തിനായി നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യേണ്ടതായി പലര്‍ക്കും വരുന്നു. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ഇവരിലെ സ്ത്രീകള്‍ക്ക് ലൈംഗികത്തൊഴിലിലേക്ക് തിരിയേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു സ്വതന്ത്ര ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡേഴ്‌സ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഫീസുകളുടെ യുക്തിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് ഈ ആരോപണങ്ങള്‍ ഉയര്‍ന്നത്.
ലണ്ടന്‍: ഇന്ന് മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നു. കുട്ടികളുടെ പാസ്‌പോര്‍ട്ടിന്റെ ഫീസ് 46 പൗണ്ടില്‍ നിന്ന് 58.50 പൗണ്ടായി ഉയരും. 27 ശതമാനം വര്‍ദ്ധനയാണ് ഇതിലുണ്ടായിരിക്കുന്നത്. മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ട് ഫീസ് 72.50 പൗണ്ടില്‍ നിന്ന് 85 പൗണ്ടായും ഉയര്‍ന്നു. ഈസ്റ്റര്‍ അവധി ദിനങ്ങള്‍ വരാനിരിക്കെയാണ് ഫീസ് വര്‍ദ്ധന നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഈ വര്‍ദ്ധനയില്‍ നിന്ന് രക്ഷപ്പെടാനും മാര്‍ഗ്ഗമുണ്ട്. ഓണ്‍ലൈനില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷച്ചാല്‍ കാര്യമായ പണച്ചെലവ് ഉണ്ടാകില്ല. മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ടിന് 75.50 പൗണ്ടും 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പാസ്‌പോര്‍ട്ടിന് 49 പൗണ്ടും മാത്രമാണ് ഓണ്‍ലൈനില്‍ ഈടാക്കുക. വെറും മൂന്ന് പൗണ്ടിന്റെ വര്‍ദ്ധനവ് മാത്രമാണ് ഓണ്‍ലൈനില്‍ വരുത്തിയിരിക്കുന്നത്. പോസ്റ്റര്‍ ആപ്ലിക്കേഷനുകളുടെ ഫീസിലാണ് കാര്യമായ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. മാര്‍ച്ച് 27, അതായത് ഇന്നുമുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ത്തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നതിനാല്‍ നിരക്ക് വര്‍ദ്ധന തടയാന്‍ ലേബര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 258നെതിരെ 317 വോട്ടുകള്‍ക്ക് ഫീസ് വര്‍ദ്ധനയ്ക്കുള്ള തീരുമാനം കോമണ്‍സ് പാസാക്കി. ചെലവ് കൂടുമെന്നതിനാല്‍ ഈ നിരക്കു വര്‍ദ്ധന മൂലം ഒട്ടേറെ കുടുംബങ്ങള്‍ തങ്ങളുടെ സമ്മര്‍ യാത്രകള്‍ ഉപേക്ഷിക്കാനിടയുണ്ടെന്ന് ഷാഡോ ഹോം സെക്രട്ടഫി ഡയാന്‍ ആബട്ട് പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് ആപ്ലിക്കേഷനുകളുടെ ഫീസ് മുതിര്‍ന്നവര്‍ക്ക് 39 പൗണ്ട് വര്‍ദ്ധിച്ച് 142 പൗണ്ടായി. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇത് 122 ആയാണ് ഉയര്‍ന്നത്. ഒരു പ്രീമിയം കളക്ട് സര്‍വീസും പുതിയ നിരക്കിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 177 പൗണ്ടും കുട്ടികള്‍ക്ക് 151 പൗണ്ടുമാണ് ഇതിന്റെ നിരക്ക്.
RECENT POSTS
Copyright © . All rights reserved