fertility
ആഴ്ചയില്‍ കുറഞ്ഞത് രണ്ടു കപ്പ് കാപ്പിയെങ്കിലും കുടിക്കുന്ന പുരുഷന്‍മാര്‍ക്ക് പ്രത്യുദ്പാദന ശേഷി വര്‍ദ്ധിക്കുമെന്ന് പഠനം. കാപ്പി കുടിക്കുന്ന പുരുഷന്‍മാര്‍ക്ക് തങ്ങളുടെ പങ്കാളികളെ ഗര്‍ഭം ധരിപ്പിക്കാനുള്ള ശേഷി ഇരട്ടിയാണെന്ന് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ വാര്‍ഷിക കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനം പറയുന്നു. കുട്ടികള്‍ക്കു വേണ്ടി ശ്രമിക്കുന്ന 500 ദമ്പതികളില്‍ നടത്തിയ പഠനത്തിലാണ് കാപ്പിയുടെ ഈ സവിശേഷത വ്യക്തമായത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആണ് പുരുഷന്‍മാരുടെ പ്രത്യുദ്പാദന ശേഷിയെ ഇരട്ടിയാക്കുന്നത്. അതുപോലെ തന്നെ ഓവുലേഷന് മുമ്പോ അതിനു ശേഷമോ മദ്യം കഴിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയുന്നതായും കണ്ടെത്തി. കഫീന് പുരുഷന്റെ പ്രത്യുദ്പാദന ശേഷിയെ സ്വാധീനിക്കാന്‍ കഴിയുമെന്ന കണ്ടെത്തല്‍ വളരെ അതിശയകരമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്തിലെ ഡോ.സണ്ണി മംഫോര്‍ഡ് പറഞ്ഞു. കുട്ടികള്‍ക്കു വേണ്ടി ശ്രമിക്കുന്നവര്‍ ജീവിതശൈലി പരിപാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പഠനം വ്യക്തമാക്കുന്നത്. കാപ്പിയും ചായയും കുട്ടികള്‍ക്കു വേണ്ടി ശ്രമിക്കുന്ന പുരുഷന്‍മാര്‍ക്ക് ഗുണകരമല്ലെന്നായിരുന്നു നേരത്തേ നടത്തിയ പഠനങ്ങള്‍ പറഞ്ഞിരുന്നത്. ജേര്‍ണല്‍ ഓഫ് ന്യൂട്രീഷനില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറഞ്ഞിരുന്നത് ബീജങ്ങളുടെ ഡിഎന്‍എയെ കഫീന്‍ തകരാറിലാക്കുമെന്നായിരുന്നു. കഫീനുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ 28 പേപ്പറുകള്‍ വിശകലനം ചെയ്യുന്ന പഠനമായിരുന്നു അത്. ശരീരത്തിലുള്ള അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ്, ഗ്വാനോസിന്‍ ട്രൈഫോസ്‌ഫേറ്റ് എന്നീ രാസഘടകങ്ങളുമായി ബന്ധപ്പെട്ടാണ് കഫീന്‍ പ്രത്യുദ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതെന്നാണ കരുതുന്നതെന്ന് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധയായ പ്രൊഫ. ഷീന ലൂയിസ് പറയുന്നു. കഫീന്‍ ഈ രാസഘടകങ്ങളെ വിഘടിപ്പിക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജം ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി. ചലനശേഷി കുറഞ്ഞ ബീജങ്ങളാണ് പുരുഷ വന്ധ്യതയ്ക്ക് പ്രധാന കാരണം. എന്നാല്‍ പ്രത്യുല്‍പാദന ശേഷി കൂട്ടുമെന്ന് പറഞ്ഞ് കഫീന്‍ ധാരാളമടങ്ങിയ പാനീയങ്ങള്‍ അമിതമായി കഴിക്കരുതെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലണ്ടന്‍: കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, പ്രത്യേകിച്ച് കോളകളുടെ ഉപയോഗം മനുഷ്യന്റെ പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്ന് പഠനം. ദിവസവും കോള കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമേയാണ് ഇത്. ദിവസവും ഒരു ക്യാന്‍ കോക്കകോള കുടിച്ചാല്‍ അത് സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത 20 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ഒരു ക്യാന്‍ കോക്കില്‍ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം 30 ഗ്രാം പഞ്ചസാരയില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, കുട്ടികളില്‍ നേരത്തേയുണ്ടാകുന്ന ആര്‍ത്തവം, ശുക്ലത്തില്‍ ബീജങ്ങളുടെ എണ്ണം കുറയുക തുടങ്ങിയ അവസ്ഥകള്‍ക്ക് കോള ഉപയോഗം കാരണമാകുമെന്നാണ് വ്യക്തമായിരിക്കുന്നത്. അതുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും കോളയുടെ ഉപയോഗം വന്ധ്യതയുണ്ടാക്കും. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. അമേരിക്കയിലും ക്യാനഡയിലുമുള്ള 21നും 45നുമിടയില്‍ പ്രായമുള്ള 3828 സ്ത്രീകളില്‍ നടത്തിയ പഠനം പഞ്ചസാരയടങ്ങിയ പാനീയങ്ങളും വന്ധ്യതയുമായുള്ള ബന്ധം വ്യക്തമാക്കുന്നു. ഈ സ്ത്രീകളുടെ 1045 പങ്കാളികളെയും പഠനത്തിന് വിധേയരാക്കി. ജീവിതശൈലി, മെഡിക്കല്‍ ഹിസ്റ്ററി, ആഹാരം, കോളകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. സ്ത്രീകളുടെ കോള ഉപയോഗം ഓരോ മാസത്തിലും ഗര്‍ഭം ധരിക്കാനുള്ള സാധ്യതകളെ 20 ശതമാനം ഇല്ലാതാക്കുന്നുണ്ടെന്ന് കണ്ടെത്തി. ഒന്നിലേറെ ക്യാനുകള്‍ ഉപയോഗിക്കുന്നവര്‍ ഗര്‍ഭിണികളാകാന്‍ 25 ശതമാനം സാധ്യത കുറവാണെന്നും വ്യക്തമായി. കോളകള്‍ ഉപയോഗിക്കുന്ന പുരുഷന്‍മാര്‍ക്ക് തങ്ങളുടെ പങ്കാളികളെ ഗര്‍ഭിണികളാക്കാനുള്ള കഴിവ് 33 ശതമാനം കുറയുന്നതായും പഠനം കണ്ടെത്തി. ഡയറ്റ് കോളകളും അമിതമായി പഞ്ചസാരയടങ്ങിയ ഫ്രൂട്ട് ജ്യൂസുകളും ഇതേവിധത്തില്‍ പാര്‍ശ്വഫലങ്ങളുള്ളവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved