Fire
കൈവശമുണ്ടായിരുന്ന 70,000 പൗണ്ടിന്റെ നോട്ടുകള്‍ കത്തിച്ചു കളഞ്ഞ് കടംകയറിയ ബിസിനസുകാരന്‍. വിചിത്രമായ കാരണമാണ് ഇതിന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഡേവിഡ് ലോവ്‌സ് ബേര്‍ഡ് എന്ന 71 കാരനാണ് നോട്ടുകള്‍ കത്തിച്ചു കളഞ്ഞത്. പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്കായി ഇയാള്‍ സമീപിച്ച നിയമസ്ഥാപനത്തോടുണ്ടായ വെറുപ്പാണേ്രത ആ 'ക്രൂരകൃത്യത്തിന്' പ്രേരിപ്പിച്ചത്. ഇവര്‍ക്ക് പണം നല്‍കാതിരിക്കാന്‍ കൈവശമുണ്ടായിരുന്ന പണം കത്തിച്ചു കളയുകയായിരുന്നു. 30,000 പൗണ്ടായിരുന്നു നിയമസ്ഥാപനത്തിന് നല്‍കേണ്ട ഫീസ്. ഇന്‍സോള്‍വന്‍സി പ്രാക്ടീഷണര്‍മാരുമായി നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് 30,000 പൗണ്ട് ഫീസായി നല്‍കാന്‍ ഉത്തരവായത്. ഇതിനിടയില്‍ ഇന്‍ഷുറന്‍സ് തുകയായി ഇയാള്‍ക്ക് 80,000 പൗണ്ട് ലഭിച്ചിരുന്നു. ഈ പണം അധികൃതര്‍ക്ക് കൈമാറണമെന്ന നിര്‍ദേശവും ലഭിച്ചു. എന്നാല്‍ ഈ പണം കൈമാറാന്‍ ഒരുക്കമല്ലായിരുന്ന ബേര്‍ഡ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണമെടുക്കുകയും അത് കത്തിച്ചു കളയുകയുമായിരുന്നു. താന്‍ 30,000 പൗണ്ട് മാത്രമേ കത്തിച്ചു കളഞ്ഞിട്ടുള്ളുവെന്നും ബാക്കി തുക ഒരു ചാരിറ്റിക്ക് നല്‍കിയെന്നും സ്വാന്‍സീ ക്രൗണ്‍ കോടതിയില്‍ ഇയാള്‍ പറഞ്ഞുവെങ്കിലും അതിന് തെളിവു ഹാജരാക്കാന്‍ കഴിഞ്ഞില്ല. താന്‍ കുറ്റക്കാരനല്ലെന്ന് ബേര്‍ഡ് വാദിച്ചെങ്കിലും മൂന്നു ദിവസം നീണ്ട നടപടികള്‍ക്കൊടുവില്‍ കുറ്റം ചെയ്തതായി കോടതി സ്ഥിരീകരിച്ചു. ആറു മാസത്തെ തടവാണ് ഇയാള്‍ക്ക് ശിക്ഷയായി വിധിച്ചത്. ഇത് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വെസ്റ്റ് വെയില്‍സിലെ ലാനെല്ലിയില്‍ ഒരു ഔട്ട്‌ഡോര്‍ അഡ്വെഞ്ചറും പെയിന്റ് ബോളിംഗ് സെന്ററും നടത്തുകയായിരുന്നു ഇയാള്‍. 2014 മുതല്‍ ബേര്‍ഡ് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടു വരികയായിരുന്നു. ഇന്‍സോള്‍വന്‍സി സര്‍വീസിന് 30,000 പൗണ്ട് നല്‍കുകയായിരുന്നു ബേര്‍ഡ് ചെയ്യേണ്ടിയിരുന്നതെന്ന് സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററായ ഗ്ലെന്‍ വിക്ക്‌സ് പറഞ്ഞു. എന്നാല്‍ കമ്പനിയോടുള്ള അയാളുടെ വെറുപ്പ് പണം നല്‍കേണ്ടെന്ന തീരുമാനത്തില്‍ എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ ഹൗസിംഗിന് അര്‍ഹത ലഭിക്കുന്നതിനായി തട്ടിപ്പു നാടകം നടത്തിയ സ്ത്രീക്ക് മൂന്നു വര്‍ഷം തടവ്. സോഫി ഒ'ഷീ എന്ന സ്ത്രീക്കാണ് ശിക്ഷ ലഭിച്ചത്. ഇവര്‍ താമസിച്ചിരുന്ന വാടകവീടിന്റെ അടുക്കളയ്ക്ക് തീയിടുകയായിരുന്നു. അടുക്കളയില്‍ മാലിന്യം സൂക്ഷിച്ചിരുന്ന ബാഗില്‍ പെട്രോള്‍ ഒഴിച്ചാണ് തീയിട്ടതെന്ന് ഇവര്‍ കോടതിയില്‍ സമ്മതിച്ചു. താമസിച്ചു വന്നിരുന്ന വീടില്‍ താന്‍ സംതൃപ്തയായിരുന്നില്ലെന്നും അതിന് എന്തെങ്കിലും കേടുപാടുകള്‍ വന്നാല്‍ തനിക്ക് സോഷ്യല്‍ ഹൗസിംഗിന് അര്‍ഹത ലഭിക്കുമെന്ന് കരുതിയതിനാലാണ് ഇപ്രകാരം ചെയ്തതെന്നുമാണ് ഇവര്‍ പറഞ്ഞത്. കാര്‍ഡിഫ് ക്രൗണ്‍ കോര്‍ട്ട് സോഫിക്ക് മൂന്ന് വര്‍ഷവും നാലു മാസവും തടവുശിക്ഷ വിധിച്ചു. തീപ്പിടിത്തത്തില്‍ വീടിന് 40,000 പൗണ്ടിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചത്. അടുത്തുള്ള പ്രോപ്പര്‍ട്ടികള്‍ക്കും നാശനഷ്ടങ്ങള്‍ നേരിട്ടു. ഇവര്‍ താമസിച്ചിരുന്ന മൂന്ന് ബെഡ്‌റൂം വീടിന്റെ മറ്റു മുറികള്‍ക്കും തീയിടാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ജൂണ്‍ 12നായിരുന്നും സംഭവം. അയല്‍ക്കാരിയായ നതാലി റീസ് രാത്രി 8.30നാണ് ഫയര്‍ അലാം മുഴങ്ങുന്നത് കേട്ടത്. ബാക്ക് ഗാര്‍ഡനില്‍ എത്തിയപ്പോള്‍ തീപിടിക്കുന്നതാണ് ഇവര്‍ കണ്ടത്. തന്റെ ജനലിലൂടെ പുക വരുന്നത് കണ്ടുവെന്നും ചെറിയ പൊട്ടിത്തെറികള്‍ കേട്ടുവെന്നും മറ്റൊരു അയല്‍ക്കാരന്‍ പറഞ്ഞു. പേവ്‌മെന്റില്‍ സോഫി ഇരിക്കുന്നത് കണ്ടുവെന്നും എന്നാല്‍ ഇവര്‍ അയല്‍ക്കാര്‍ക്ക് യാതൊരു അറിയിപ്പും നല്‍കിയില്ലെന്നും അവര്‍ മൊഴി നല്‍കി. അയല്‍ക്കാര്‍ വിളിച്ചതനുസരിച്ചാണ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയത്. പെട്രോള്‍ കൊണ്ടുവന്ന ക്യാന്‍ പോലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് പോലീസ് സോഫിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ശരീരത്തില്‍ പെട്രോളിന്റെ മണമുണ്ടായിരുന്നുവെന്നും കയ്യില്‍ രണ്ട് ലൈറ്ററുകള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വീട്ടില്‍ നിന്ന് ഒഴിയണമെന്ന് ഉടമ അറിയിച്ചുവെന്നും സോഷ്യല്‍ ഹൗസിംഗ് ലഭിക്കാന്‍ താന്‍ ഇതേത്തുടര്‍ന്ന് ഒരു കുറുക്കുവഴി തേടിയതാണെന്നും സോഫി പറഞ്ഞു. ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍ തന്റെ പദ്ധതി പൊളിയുമെന്നതിനാലാണ് അയല്‍ക്കാരെ വിളിക്കാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മാഞ്ചസ്റ്ററിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. സിറ്റി സെൻററിൽ പുകപടലങ്ങൾ നിറഞ്ഞു. എമർജൻസി സർവീസുകൾ രംഗത്ത് എത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. സിറ്റി സെന്ററിനടുത്തുള്ള ആർഡ്വിക്കിലെ ഇംപീരിയൽ നിറ്റ് വെയറിൽ ആണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകുന്നേരം എഴുമണിയോടെയാണ് സംഭവം. മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യുവിന്റെ എട്ട് യൂണിറ്റുകൾ സ്ഥലത്ത് ഉണ്ട്. മാഞ്ചസ്റ്ററിനു പുറമേ സ്റ്റോക്ക് പോർട്ട്, ട്രാഫോർഡ് എന്നിവിടങ്ങളിൽ നിന്നും യൂണിറ്റുകൾ എത്തിയിട്ടുണ്ട്. അഗ്നിബാധ ഉണ്ടായിരിക്കുന്നത് ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ്. ഗോർട്ടണും അപ്പോളോ റൗണ്ട് എബൗട്ടിനും ഇടയിലുള്ള ഹൈഡ് റോഡ് പോലീസ് അടച്ചു. ആർക്കും പരിക്കുപറ്റിയതായി റിപ്പോർട്ട് ഇല്ല.  
ന്യൂസ് ഡെസ്ക്. ലണ്ടനിൽ ഫ്ളാറ്റ് സമുച്ചയത്തിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. വെല്ലിംഗ്ടൺ വേയിലെ മിൽ എൻഡിലുള്ള ടവർ ബ്ളോക്കിലാണ് തീപിടുത്തം. കെട്ടിടത്തിൽ നിന്നും കനത്ത തോതിൽ പുകയുയരുകയാണ്. എട്ട് ഫയർ എഞ്ചിനുകളും അമ്പത് ഫയർ ഫൈറ്റേഴ്സും സ്ഥലത്ത് കുതിച്ചെത്തിയിട്ടുണ്ട്. മറ്റ് എമർജൻസി സർവീസുകളും രംഗത്തുണ്ട്. സമീപത്തെ റോഡുകൾ അടച്ചു. നാല്പതോളം പേർ കെട്ടിടത്തിൽ നിന്ന് എമർജൻസി സർവീസുകൾ എത്തുന്നതിനു മുമ്പ് തന്നെ സുരക്ഷിതമായി പുറത്തെത്തി. രണ്ടു പേരെ ഫയർ സർവീസ് പുറത്തെത്തിച്ചു. ഏരിയൽ പ്ലാറ്റ്ഫോമിൽ നിന്ന് ടവർ ബ്ളോക്കിലേയ്ക്ക് വെള്ളം സ്പ്രേ ചെയ്തു കൊണ്ടിരിക്കുകയാണ്. തീയണയ്ക്കാനുള്ള ഊർജിത ശ്രമങ്ങളുടെ ഭാഗമായി സമീപ സ്ഥലങ്ങളിൽ നിന്നുള്ള ഫയർ യുണിറ്റുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആർക്കും അപകടമുണ്ടായതായി റിപ്പോർട്ടില്ല.  
RECENT POSTS
Copyright © . All rights reserved