flight
വിമാന യാത്രകള്‍ മിക്കവാറും വളരെ ടെന്‍ഷന്‍ ഫ്രീയായിരിക്കും മിക്കയാളുകള്‍ക്കും, ചിലപ്പോള്‍ വിമാനത്താവള അറൈവലുകളിലെ ബാഗേജുകള്‍ എത്തുന്ന കാരൗസലിന് അടുത്തെത്തുന്നതു വരെ. ഒട്ടുമിക്ക യാത്രക്കാര്‍ക്കും തങ്ങളുടെ ലഗേജുകള്‍ കൃത്യമായി ലഭിക്കാറുണ്ടെങ്കിലും ചിലര്‍ക്ക് ലഗേജുകള്‍ നഷ്ടമാകാറുണ്ടെന്നതാണ് വാസ്തവം. ട്രാന്‍സിറ്റുകളിലായിരിക്കും മിക്കവാറും ഇപ്രകാരം സംഭവിക്കുക. ക്യാബിന്‍ ബാഗുകളുമായി മാത്രം സഞ്ചരിക്കുന്നവര്‍ക്ക് ഈ ടെന്‍ഷന്‍ അനുഭവിക്കേണ്ടി വരുന്നില്ലെന്നതും വാസ്തവം. ഇത്തരത്തില്‍ ബാഗേജുകള്‍ ഏറ്റവും കൂടുതല്‍ നഷ്ടമാകുന്നത് യൂറോപ്പ് യാത്രകളിലാണെന്ന് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ പറയുന്നു. ആയിരം യാത്രക്കാരില്‍ ശരാശരി 7.3 ബാഗുകള്‍ യൂറോപ്പിലേക്കുള്ള യാത്രകള്‍ക്കിടയില്‍ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. നോര്‍ത്ത് അമേരിക്കയില്‍ ഇത് 2.85ഉം ഏഷ്യയില്‍ 1.8 മാണ് നിരക്ക്. ബജറ്റ് എയര്‍ലൈനുകള്‍ ഏറെയുള്ളതിനാല്‍ യൂറോപ്പിന്റെ ഏറ്റവു വിദൂര മേഖലകളില്‍ പോലും യാത്രികര്‍ക്ക് എത്താന്‍ സാധിക്കുന്നുണ്ട്. യാത്രക്കാര്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പതിനായിരക്കണക്കിനാളുകളാണ് ഈ വിധത്തില്‍ എത്തുന്നത്. എന്നാല്‍ അത്രയും സൗകര്യങ്ങള്‍ മിക്കയിടങ്ങളിലും ഇല്ല എന്നതാണ് വാസ്തവം. പലയിടങ്ങളിലും ബാഗേജ് ജീവനക്കാര്‍ തന്നെയായിരിക്കും കൈകാര്യം ചെയ്യുന്നത്. ഒന്നിലേറെ ലഗേജുകളുമായാണ് മിക്കയാളുകളും യാത്ര ചെയ്യുന്നത്. ട്രാന്‍സ്ഫര്‍ ഫ്‌ളൈറ്റുകളില്‍ ഈ വിധത്തില്‍ ബാഗേജുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും ഡെസ്റ്റനേഷനുകള്‍ മാറിപ്പോകാറുണ്ട്. പുതിയ സാങ്കേതികവിദ്യയും യൂറോപ്യന്‍ മാനദണ്ഡങ്ങളും ഇത്തരം സംഭവങ്ങളുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കിലും യൂറോപ്പിന് ലഭിച്ച ദുഷ്‌പേര് അടുത്തെങ്ങും മാറുമെന്ന് തോന്നുന്നില്ല.
അനധികൃത കുടിയേറ്റക്കാരെ ഡീപോര്‍ട്ട് ചെയ്യുന്ന വിമാനങ്ങള്‍ ഡീപോര്‍ട്ട് ചെയ്യപ്പെടുന്നവരുടെ പ്രതിഷേധം മൂലം റദ്ദാക്കപ്പെടുന്നു. സുരക്ഷാ ജീവനക്കാരുടെ അകമ്പടിയില്ലാതെ ഡീപോര്‍ട്ട് ചെയ്യപ്പെടുന്നവരെ വിമാനങ്ങളില്‍ ഉപേക്ഷിക്കുകയാണ് ഹോം ഓഫീസ് ജീവനക്കാരെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇത്തരക്കാരെ മിക്കവാറും ഒറ്റയ്ക്കായിരിക്കും അയക്കുക. ഇവര്‍ വിമാനങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തുകയും ബഹളം വെയ്ക്കുകയും ചെയ്യുന്നത് പതിവാണ്. ഇതോടെ പൈലറ്റുമാര്‍ ടേക്ക് ഓഫിന് വിസമ്മതം അറിയിക്കുകയാണെന്ന് നിരീക്ഷകര്‍ പറയുന്നു. ചില വിമാനങ്ങള്‍ സര്‍വീസ് തന്നെ റദ്ദാക്കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ടത്രേ! പ്ലാന്‍ഡ് ഡീപോര്‍ട്ടേഷനുകള്‍ പോലും റദ്ദാക്കപ്പെട്ടിട്ടുണ്ട്. വിമാനത്തില്‍ ബഹളമുണ്ടാക്കി ഡീപോര്‍ട്ടേഷന്‍ അലസിപ്പിച്ച ചരിത്രമുള്ളവര്‍ക്കു പോലും എസ്‌കോര്‍ട്ട് ഏര്‍പ്പെടുത്താന്‍ ഹോം ഓഫീസ് ജീവനക്കാര്‍ തയ്യാറാകുന്നില്ല. പരിശീലനം ലഭിക്കാത്തതും അമിതജോലി ചെയ്ത് തളര്‍ന്നവരുമായ ജീവനക്കാരാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഹോം ഓഫീസിന്റെ പ്രവര്‍ത്തന ശൈലിയാണ് ഈ വിഷയത്തില്‍ വിമര്‍ശനത്തിന് വിധേയമാകുന്നത്. കുടിയേറ്റത്തിനായുള്ള അപേക്ഷകള്‍ നിരസിക്കുന്നതിന് ഇന്‍സെന്റീവുകള്‍ നല്‍കുകയും അപേക്ഷകരെ ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്ക് കാര്യമായ പരിശീലനമില്ലാത്തതുമൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനില്‍ അഭയം നിഷേധിക്കപ്പെട്ടവരെ നാടുകടത്താന്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ സാധാരണ ഗതിയില്‍ പ്രതിഷേധക്കാരുടെ ലക്ഷ്യമാകാറുണ്ട്. ഫെബ്രുവരി 15ന് ഡീപോര്‍ട്ട് ചെയ്യപ്പെട്ട 60 പേരുമായി പുറപ്പെടാനൊരുങ്ങിയ വിമാനം സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സ്റ്റാന്‍സ്റ്റെഡ് 15 എന്ന പേരില്‍ അറിയപ്പെട്ട സംഘമാണ് വിമാനം തടഞ്ഞത്. ഈ സംഭവം മൂലമുണ്ടായ സര്‍വീസ് വൈകല്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിന് 10 ലക്ഷത്തോളം പൗണ്ടിന്റെ നഷ്ടമുണ്ടാക്കിയിരുന്നു. ഡീപോര്‍ട്ട് ചെയ്യാനിരുന്നവരെ പിന്നീട് വിമാനത്തില്‍ നിന്ന് മാറ്റേണ്ടി വന്നു. പ്രതിഷേധക്കാര്‍ക്ക് ജയില്‍ ശിക്ഷ ഒഴിവായെങ്കിലും സസ്‌പെന്‍ഡഡ് ശിക്ഷകളും കമ്യൂണിറ്റി ഓര്‍ഡറുകളും നല്‍കി. ഇത്തരം പ്രതിഷേധങ്ങള്‍ കൊടും കുറ്റവാളികളെ നാടുകടത്താനുള്ള ശ്രമങ്ങളെപ്പോലും പരാജയപ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
ലണ്ടന്‍: ടിക്കറ്റുകളില്‍ എയര്‍ലൈനുകള്‍ അധികമായി ഈടാക്കുന്ന നിരക്കുകള്‍ ഇല്ലാതാക്കാനൊരുങ്ങി ഗവണ്‍മെന്റ്. അപ്രതീക്ഷിത ചാര്‍ജുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിര്‍ദേശങ്ങള്‍ പുതിയ ഏവിയേഷന്‍ സ്ട്രാറ്റജിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ബുക്കിംഗ് ഫീസ്, സീറ്റ് റിസര്‍വേഷന്‍, ലഗേജ്, ലെഗ് റൂമുകള്‍ എന്നിവയ്ക്കും മറ്റുമായി ഈടാക്കുന്ന നിരക്കുകള്‍ ഒഴിവാക്കണമെന്നാണ് എയര്‍ലൈന്‍ കമ്പനികളോട് ആവശ്യപ്പെടുക. ഇത്തരം ഹിഡന്‍ ചാര്‍ജുകള്‍ ബുക്കിംഗിനിടയില്‍ മാത്രമായിരിക്കും യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുക. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആണ് ഇക്കാര്യം അറിയിച്ചത്. ടിക്കറ്റിലെ പേര് മാറ്റുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ ബുക്കിംഗ് സമയത്തുതന്നെ വ്യക്തമാക്കിയിരിക്കണമെന്നും പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു. റയന്‍എയര്‍ പേരുമാറ്റത്തിന് ഓണ്‍ലൈനില്‍ 115 പൗണ്ടും വിമാനത്താവളങ്ങളില്‍ 160 പൗണ്ടുമാണ് ഈടാക്കാറുള്ളത്. ഈസിജെറ്റ് ഇതിനായി ഓണ്‍ലൈനില്‍ 40 പൗണ്ടും കോള്‍ സെന്റര്‍ വഴിയാണെങ്കില്‍ 52 പൗണ്ടും ഈടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചാര്‍ജുകള്‍ മറച്ചുവെച്ചിരിക്കുന്നവയല്ലെന്നാണ് എയര്‍ലൈനുകള്‍ അവകാശപ്പെടുന്നത്. നിരക്കുകള്‍ സുതാര്യമായി അവതരിപ്പിക്കണമെന്നാണ് എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇവ അമിതമാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനമേര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ലോകത്തെ വന്‍കിട എയര്‍ലൈനുകളില്‍ 66 എണ്ണം ഇത്തരം ഫീസുകളിലൂടെ 33 ബില്യന്‍ പൗണ്ടാണ് സമ്പാദിച്ചതെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. മൊത്തം വരുമാനത്തിന്റെ 10 ശതമാനത്തോളം വരും ഇതെന്നാണ് കണക്ക്.
പെര്‍ത്ത്: ബ്രിട്ടനും ഓസ്‌ട്രേലിയക്കുമിടയില്‍ നോണ്‍സ്‌റ്റോപ്പ് വിമാന സര്‍വീസിന് തുടക്കമിട്ട് ക്വാണ്ടാസ് എയര്‍ലൈന്‍. പെര്‍ത്തില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 6.45ന് പറന്നുയര്‍ന്ന ക്യുഎഫ്9 ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനമാണ് ചരിത്രത്തിലേക്ക് കുതിക്കുന്നത്. പുലര്‍ച്ചെ 5 മണിയോടെ ഹീത്രൂവിലെത്തുന്ന വിമാനം ഉച്ചക്ക് 1 മണിയോടെ തിരികെ യാത്രയാരംഭിക്കും. നാളെ പുലര്‍ച്ചെ വിമാനം പെര്‍ത്തില്‍ തിരിച്ചെത്തും. പെര്‍ത്തില്‍ നിന്ന് ലണ്ടനിലേക്ക് പറക്കുന്ന വിമാനങ്ങള്‍ സാധാരണയായി 20 മുതല്‍ 21 മണിക്കൂര്‍ വരെയാണ് സമയമെടുക്കാറുള്ളത്. അബുദാബി, ദുബായ്, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ എവിടെയെങ്കിലും ഇവയ്ക്ക് സ്റ്റോപ്പ് ഓവറുകളും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ ആദ്യമായാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നോണ്‍സ്റ്റോപ്പ് വിമാന സര്‍വീസ് അവതരിപ്പിച്ചിരിക്കുന്നത്. 17 മണിക്കൂറാണ് വിമാനത്തിന്റെ യാത്രാ ദൈര്‍ഘ്യം. 14,498 കിലോമീറ്ററാണ് (9000 മൈല്‍) ഈ സമയത്തിനുള്ളില്‍ വിമാനം താണ്ടുന്നത്. ബോയിംഗ് 747നേക്കാള്‍ ഇന്ധനക്ഷമതയുള്ള മോഡല്‍ എന്നതും മികച്ച ക്യാബിന്‍ സൗകര്യങ്ങളുമാണ് 787-9 ഡ്രീംലൈനറിനെ ഈ റൂട്ടില്‍ സര്‍വീസിനായി തെരഞ്ഞെടുക്കാന്‍ കാരണം. ഈ സര്‍വീസ് ലോകത്തെ ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകളില്‍ രണ്ടാമത്തേതാണ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓക്ക്‌ലാന്‍ഡ് സര്‍വീസാണ് ദൈര്‍ഘ്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ സര്‍വീസ് 14,529 കിലോമീറ്റര്‍ ദൂരമാണ് താണ്ടുന്നതെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പറയുന്നു. ഓസ്‌ട്രേലിയക്കും ബ്രിട്ടനുമിടയില്‍ വിമാന റൂട്ട് 1935ലാണ് നിലവില്‍ വരുന്നത്. കാന്‍ഗരൂ റൂട്ട് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. പത്ത് പ്രധാന സ്റ്റോപ്പ്ഓവറുകളും 21 റീഫ്യൂവലിംഗ് സ്റ്റോപ്പുകളും ഇതിന് ഉണ്ടായിരുന്നു. 1938ല്‍ 9 ദിവസം നീളുന്ന ഫ്‌ളൈറ്റുകള്‍ സിഡ്‌നിക്കും സൗത്താംപ്റ്റണുമിടയില്‍ ആരംഭിച്ചു. ഫ്‌ളൈയിംഗ് ബോട്ടുകള്‍ എന്നായിരുന്നു ഇവ അറിയപ്പെട്ടിരുന്നത്. ഏറെ ക്യാബിന്‍ സ്‌പേസുണ്ടായിരുന് ഈ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഇറങ്ങി നടക്കാനും പുകവലിക്കാനുമുള്ള സൗകര്യമുണ്ടായിരുന്നു. ആധുനിക രീതിയിലുള്ള വിമാന സര്‍വീസ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 1971ല്‍ മാത്രമാണ് ആരംഭിച്ചത്. ഒട്ടേറെ ദിവസങ്ങള്‍ നീളുന്ന യാത്രയില്‍ നിന്ന് വെറും 17 മണിക്കൂറുകള്‍ മാത്രം നീളുന്ന ഒറ്റ ഫ്‌ളൈറ്റിലേക്ക് ഈ റൂട്ടിലെ യാത്ര മാറിയിരിക്കുകയാണ്. ചരിത്രപരമെന്നാണ് ഇതിനെ എയര്‍ലൈന്‍ മേഖലയിലുള്ളവര്‍ വിശേഷിപ്പിക്കുന്നത്. സിഡ്‌നിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നോണ്‍സ്‌റ്റോപ്പ് സര്‍വീസ് തുടങ്ങാന്‍ പുതിയ സര്‍വീസ് ക്വാണ്ടാസിന് പ്രചോദനമാകുമോ എന്ന ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു. നോണ്‍സ്‌റ്റോപ്പ് സര്‍വീസുകള്‍ ലാഭകരമാകുമോ എന്നതിന്റെ പരീക്ഷണം കൂടിയാണ് ഇതിലൂടെ നടക്കുന്നതെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് ജോണ്‍ സ്ട്രിക്ക്‌ലാന്‍ഡ് പറയുന്നു.
ഗുഡ്ഗാവ്: ആകാശത്ത് നിന്ന് വലിയ ശബ്ദത്തോടെ ഭൂമിയിലേക്ക് പതിച്ച വസ്തു ഫ്രിഡ്ജിലും മറ്റും എടുത്ത് സൂക്ഷിച്ചുവെച്ചവര്‍ നെട്ടോട്ടത്തില്‍. ഗുഡ്ഗാവിന് സമീപം ഫാസില്‍പൂര്‍ ഗ്രാമത്തിലാണ് ആകാശത്ത് നിന്ന് ഒരു പെട്ടിയുടെ രൂപത്തിലുള്ള വസ്തു പതിച്ചത്. സംഭവം ബോംബോ മറ്റോ ആണെന്നു കരുതി ഗ്രാമ വാസികള്‍ പരിഭ്രാന്തരായി. അടുത്ത ഗ്രാമത്തില്‍ നിന്ന് വരെ നിരവധി ആളുകളാണ് ആകാശത്ത് നിന്ന് വീണ പെട്ടി കാണാന്‍ ഗ്രാമത്തില്‍ എത്തിയത്. ആളുകള്‍ കൂടിയതോടെ എന്താണ് പെട്ടിയിലെന്നറിയാന്‍ ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. ഇതോടെ ജില്ലാ വകുപ്പിന്റെ നിര്‍ദേശപ്രകാരം കാലാവസ്ഥാ നീരിക്ഷണ വകുപ്പിലേയും ദുരന്ത നിവാരണ സംഘത്തിലേയും ഏതാനും അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പരിശോധനാ സംഘത്തെ അധികൃതര്‍ ഗ്രാമത്തിലേക്ക് അയച്ചു. അന്വേഷണ സംഘം എത്തുന്നതിനു മുന്‍പ് അന്യഗ്രഹത്തില്‍ നിന്ന് വന്ന അദ്ഭുത വസ്തുവാണെന്ന് വരെ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇതോടെ ഐസ് പോലുള്ള വസ്തു പൊട്ടിച്ച് പലരും വീടുകളിലേക്ക് കൊണ്ടുപോയിരുന്നു. ഇവര്‍ ഇതിന്റെ കഷണങ്ങള്‍ ഫ്രിഡ്ജുകളില്‍ സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണ സംഘം എത്തിയതോടെ കാര്യങ്ങളില്‍ വ്യക്തത വന്നു. വിമാനത്തില്‍ നിന്നും താഴെ വീണ മനുഷ്യവിസര്‍ജ്യമാണ് (frozen human waste) ഗ്രാമത്തിലെത്തിയ 'അത്ഭുത വസ്തു' എന്നായിരുന്നു പരിശോധന സംഘം കണ്ടെത്തിയത്. ബ്ലൂ ഐസ് എന്നാണ് വിമാനങ്ങളില്‍ ശീതീകരിച്ച് സൂക്ഷിക്കുന്ന വിസര്‍ജ്യത്തെ വിളിക്കുന്നത്. വിമാനത്തില്‍ നിന്ന് അബദ്ധവശാല്‍ താഴെ വീണതായിരിക്കാം ഇതെന്നാണ് നിഗമനം.
RECENT POSTS
Copyright © . All rights reserved