football
2030 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ നീക്കങ്ങള്‍ സജീവമാക്കി ഫുട്‌ബോള്‍ അസോസിയേഷന്‍. ഗവണ്‍മെന്റ് ബോഡിയായ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതിനായുള്ള അവകാശവാദം ഉന്നയിക്കുമെന്ന് വ്യക്തമാക്കി. ഈ നീക്കം വിജയിച്ചാല്‍ 64 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടക്കുന്നത്. 34 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന പ്രമുഖ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. യൂറോ 2020ന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വെംബ്ലിയില്‍ വെച്ചാണ് നടക്കുന്നത്. ഇതിനായി ഒരു സംയുക്ത ബിഡ് നല്‍കേണ്ടി വരും. ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ ഒരു സംയുക്ത നീക്കം നടത്തിയാല്‍ അതിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. ഏതു വിധത്തിലുള്ള നീക്കങ്ങള്‍ക്കും യുവേഫയുടെ നാമനിര്‍ദേശവും ഫിഫയില്‍ അംഗങ്ങളായ 211 രാജ്യങ്ങളുടെ പിന്തുണയും ആവശ്യമാണ്. ഈ നീക്കം നടത്താനുള്ള അന്തിമ തീരുമാനം അടുത്ത വര്‍ഷത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ മത്സരിക്കേണ്ടി വരും. മൊറോക്കോയും 2030 ലോകകപ്പിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം സംയുക്തമായി അപേക്ഷിക്കാനാണ് പദ്ധതി. 2018 ലോകകപ്പിനായി ഇംഗ്ലണ്ട് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഒടുവില്‍ അത് റഷ്യക്ക് ലഭിക്കുകയായിരുന്നു. 2026ല്‍ അമേരിക്ക, ക്യാനഡ, മെക്‌സിക്കോ എന്നിവര്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് സമാനമായ ഫോര്‍മാറ്റ് ആയിരിക്കും 2030ലും. 48 ടീമുകളും 80 മത്സരങ്ങളും നടക്കും.
ദശാബ്ദങ്ങള്‍ക്ക് ശേഷം ലോകകപ്പ് സെമിയിലെത്തിയ ഇംഗ്ലണ്ട് ടീമിന്റെ മാനേജരായ ഗാരെത്ത് സൗത്ത്‌ഗേറ്റിന്റെ വെയിസ്റ്റ്‌കോട്ടാണ് യുകെയില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അതിശയിക്കേണ്ട, സൗത്ത്‌ഗേറ്റിന്റെ വെയിസ്റ്റ്‌കോട്ട് ടീമിന്റെ ഭാഗ്യചിഹ്നമാണെന്ന് ആരാധകര്‍ വിധിയെഴുതിക്കഴിഞ്ഞു. റഷ്യയില്‍ നിന്ന് ടീം തിരിച്ചെത്തിയാല്‍ ഈ വെയിസ്റ്റ്‌കോട്ടിന് വന്‍ വിലയായിരിക്കും ലഭിക്കുക. ഇത് ലഭിക്കുന്നതിനായി മ്യൂസിയങ്ങള്‍ മത്സരമാരംഭിച്ചു കഴിഞ്ഞു. ഇന്നാണ് ക്രൊയേഷ്യക്കെതിരായ ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ മത്സരം നടക്കുന്നത്. ഈ മത്സരത്തില്‍ സൗത്ത്‌ഗേറ്റ് ധരിക്കുന്ന വെയിസ്റ്റ്‌കോട്ടിന് വലിയ സാസ്‌കാരിക പ്രാധാന്യമാണ് ചരിത്രകാരന്‍മാര്‍ കല്‍പിക്കുന്നത്. രാജ്യത്തെ രണ്ട് പ്രമുഖ മ്യൂസിയങ്ങളാണ് ഇത് ലഭിക്കുന്നതിനായുള്ള പോരാട്ടം ആരംഭിച്ചിരിക്കുന്നത്. മ്യൂസിയം ഓഫ് ലണ്ടനാണ് സൗത്ത്‌ഗേറ്റിന്റെ നേവി ബ്ലൂ വെയിസ്റ്റ്‌കോട്ടിനായി ആദ്യം അവകാശവാദമുന്നയിച്ചത്. തങ്ങളുടെ ചരിത്രവസ്തുക്കളില്‍ ഒന്നായി ഇത് ലഭിക്കണമെന്ന് മ്യൂസിയം താല്‍പര്യപ്പെട്ടു. തൊട്ടുപിന്നാലെ മാഞ്ചസ്റ്ററിലെ നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം ഇതേ ആവശ്യവുമായി രംഗത്തെത്തി. 65 പൗണ്ട് വിലയുള്ള ഈ കോട്ട് തങ്ങള്‍ക്കാണ് കൂടുതല്‍ അവകാശപ്പെട്ടതെന്നും സ്‌പോര്‍ട്‌സ് സ്മാരകങ്ങളില്‍ ഇത് വിലപ്പെട്ട ഒന്നായിരിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു. 1666ലാണ് ബ്രിട്ടനില്‍ വെയിസ്റ്റ് കോട്ടുകള്‍ പിറവിയെടുക്കുന്നത്. ചാള്‍സ് രണ്ടാമന്‍ രാജാവാണ് ഇതിന് പ്രചാരണം നല്‍കിയത്. അത്തരം ചരിത്രപ്രാധാന്യമുള്ള വെയിസ്റ്റ്‌കോട്ടുകള്‍ക്കൊപ്പം ഇത് പ്രദര്‍ശിപ്പിക്കാനാണ് പദ്ധതിയെന്ന് മ്യൂസിയം ഓഫ് ലണ്ടന്റെ സീനിയര്‍ ഫാഷന്‍ ക്യൂറേറ്റര്‍ ബിയാട്രിസ് ബെഹ്ലെന്‍ പറഞ്ഞു. എന്നാല്‍ സ്‌പോര്‍ട്‌സ് മ്യൂസിയം എന്ന നിലയില്‍ തങ്ങളുടെ ഡിസ്‌പ്ലേയിലായിരിക്കും ഈ വെയിസ്റ്റ്‌കോട്ട് കൂടുതല്‍ ചേരുകയെന്നാണ് നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം പറയുന്നത്. ഇത് ലഭിക്കാനായി ഒരു ഷൂട്ടൗട്ടിന് തയ്യാറുണ്ടോ എന്ന വെല്ലുവിളിയും ട്വിറ്ററില്‍ ലണ്ടന്‍ മ്യൂസിയത്തോട് നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം നടത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മാച്ച് യുകെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് വന്‍ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തല്‍. വെള്ളി, ശനി ദിവസങ്ങളിലെ ഗ്രോസറി സെയിലില്‍ സാധാരണയുള്ളതിനേക്കാള്‍ 5 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്. 860 മില്യന്‍ പൗണ്ടിന്റെ വില്‍പനയാണ് പ്രതീക്ഷിക്കുന്നതെന്ന് കാന്റര്‍ വേള്‍ഡ്പാനല്‍ പറയുന്നു. രണ്ടു ദിവസങ്ങളിലായി 1.4 മില്യന്‍ ആളുകള്‍ ഷോപ്പുകളില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. സമ്മറും ഫുട്‌ബോള്‍ ജ്വരവും വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നതിനാല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അതിനായുള്ള ഒരുക്കത്തിലാണ്. ആല്‍ക്കഹോളിനായിരിക്കും ആവശ്യക്കാര്‍ ഏറെയെത്തുക. 25 ശതമാനത്തോളം ആല്‍ക്കഹോള്‍ വില്‍പന ഉയര്‍ന്നേക്കും. രണ്ടു ദിവസത്തിനുള്ളില്‍ മദ്യവില്‍പനയിലൂടെ മാത്രം സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് 26 മില്യന്‍ പൗണ്ടിന്റെ അധിക വരുമാനം ഉണ്ടാകും. 30 ശതമാനം എക്‌സ്ട്രാ ഷോപ്പിംഗ് മദ്യത്തിനു വേണ്ടി മാത്രമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. അതുകൊണ്ടുതന്നെ കിക്കോഫിന് തൊട്ടു മുമ്പായി ഒഴിയുന്ന ഷെല്‍ഫുകള്‍ നിറക്കേണ്ടത് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് അത്യാവശ്യമായി വരും. സ്റ്റോക്കുകളും ജീവനക്കാര്‍ കുറയാതിരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതായും വന്നേക്കും. വര്‍ഷങ്ങള്‍ക്കിടെ ബാര്‍ബിക്യൂ മീറ്റ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ഈ വര്‍ഷമാണെന്ന് ടെസ്‌കോ പറയുന്നു. എന്നാല്‍ ബിയര്‍ വില്‍പന കഴിഞ്ഞ വര്‍ഷമായിരുന്നു കൂടുതല്‍. 50 മില്യന്‍ ബോട്ടിലുകളും ക്യാനുകളും ഈയാഴ്ച വിറ്റഴിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് യുകെയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖല പ്രതീക്ഷിക്കുന്നത്.
തായ്‌ലന്‍ഡിലെ ഭൂഗര്‍ഭ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമംഗങ്ങളായ കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ബ്രിട്ടീഷ് വിദഗ്ദ്ധന്‍. ബ്രിട്ടീഷ് ഗുഹാ പര്യവേക്ഷകനായ വേണ്‍ അണ്‍സ്‌വര്‍ത്ത് ആണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികളെ എപ്പോള്‍ പുറത്തെത്തിക്കാനാകുമെന്ന കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ വ്യക്തത വരുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നും നാളെയുമായി കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കും. ബ്രിട്ടീഷ് വോളന്റിയര്‍മാരായ ജോണ്‍ വോളാന്‍ഥനും റിക്ക് സ്റ്റാന്റ്റ്റനുമാണ് ഗുഹയില്‍ കുടുങ്ങിയവരെ കണ്ടെത്തിയത്. 9 ദിവസമായി ഇവര്‍ ഗുഹയിലെ പട്ടായ ബീച്ച് എന്നറിയപ്പെടുന്ന സ്ഥലത്ത് വെള്ളം കയറാത്ത പ്രദേശത്ത് ഇരിക്കുകയായിരുന്നു. ഗുഹയിലെ വെള്ളം താഴ്ന്നതിനു ശേഷം കുട്ടികളെ പുറത്തെത്തിക്കണമെങ്കില്‍ നാല് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. ചെളിവെള്ളം നിറഞ്ഞ ഇടുങ്ങിയ ഗുഹാ വഴികളിലൂടെ കുട്ടികളെ പുറത്തെത്തിക്കണമെങ്കില്‍ അവര്‍ക്ക അതിനാവശ്യമായ പരിശീലനം നല്‍കണമെങ്കിലും കൂടുതല്‍ സമയം ആവശ്യമാണ്. ഇപ്പോള്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കാനാകുന്നുണ്ട്. എന്നാല്‍ അടുത്ത മൂന്ന് ദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ശക്തമായാല്‍ ജലനിരപ്പ് വീണ്ടും ഉയരുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാകുകയും ചെയ്യും. 1.5 മൈല്‍ അകലെയുള്ള ഗുഹാ കവാടത്തിലേക്ക് എത്തണമെങ്കില്‍ നാല് മണിക്കൂറെങ്കിലും മുങ്ങാങ്കുഴിയിട്ട് നീന്തണം. അത് ഈ കുട്ടികള്‍ക്ക് സാധിക്കുമോ എന്ന കാര്യത്തിലും ആശങ്കകളുണ്ട്.
മോസ്‌ക്കോ: കളത്തിലും പുറത്തും കാഴ്ചക്കാരായി രണ്ട് ദൈവങ്ങള്‍. ലയണല്‍ മെസ്സിയും ഡീഗോ മാറഡോണയും. നിസ്സഹായരായ ഈ രണ്ട് കാഴ്ചക്കാരെയും സാക്ഷികളാക്കി അര്‍ജന്റീന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഒരു ദുരന്തമായി മാറി. ലോകകപ്പ് ഫുട്‌ബോളിലെ നാണംകെട്ടൊരു ചരിത്രമാണ് മെസ്സിയും കൂട്ടരും നിസ്‌നിയിലെ നൊവ്‌ഗൊരാഡ് സ്റ്റേഡിയത്തില്‍ കുറിച്ചത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം പോരാട്ടത്തില്‍ ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മെസ്സിയുടെ ടീം അടിയറവ് പറഞ്ഞത്. ക്രൊയേഷ്യയോട് തോറ്റത് ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അര്‍ജന്റീന ആരാധകരെയും നിരാശയുടെ പടുകുഴിയിലാക്കി. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷമായിരുന്നു മൂന്ന് ഗോളുകളും. ആദ്യത്തേത് ഗോളി വില്ലി കബല്ലെറോയുടെ സമ്മാനം. അതില്‍ താളം തെറ്റിയവരുടെ പോസ്റ്റിലേയ്ക്ക് പിന്നീട് സൂപ്പര്‍താരങ്ങളായ ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ അടിച്ചുകയറ്റുകയും ചെയ്തു. ഈ ജയത്തോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ത്രിശങ്കുവിലായിരിക്കുകയാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു  പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി. അതില്‍ അവര്‍ ജയിക്കുകയും ഐസ്ലന്‍ഡ് അടുത്ത രണ്ട് മത്സരങ്ങളും തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ. ഇല്ലെങ്കില്‍ 2002നുശേഷം ഒരിക്കല്‍ക്കൂടി ഒന്നാം റൗണ്ടില്‍ തന്നെ തോറ്റു മടങ്ങേണ്ടിവരും അവര്‍ക്ക്. അര്‍ജന്റജീന ഒരു ഗോളിന്റെ വക്കിലായിരുന്നു. അവിടെ നിന്നും മധ്യനിരയിലേയ്ക്ക് പന്ത് പറന്നുവരുമ്പോള്‍ രണ്ട് അര്‍ജന്റൈ്ന്‍ ഗോള്‍ ഏരിയയില്‍ ഉണ്ടായിരുന്നത് രണ്ട് ഡിഫന്‍ഡര്‍മാര്‍. എങ്കിലും അത്ര വലിയ അപകടമൊന്നും ഉണ്ടായിരുന്നില്ല ഗോളി മെര്‍ക്കാഡോ കബല്ലാരോയ്ക്ക് പന്ത് തട്ടിക്കൊടുക്കുമ്പോള്‍. എന്നാല്‍, വീണ്ടും മെര്‍ക്കാഡോയ്ക്ക് തന്നെ കൊടുക്കാനുള്ള കബല്ലാരോയുടെ ശ്രമമാണ് ആത്മഹത്യാപരമായത്. കാലിലേയ്ക്ക് ഇട്ടുകൊടുത്ത പന്ത് ഒന്നാന്തരമൊരു വോളിയിലൂടെ റെബിച്ച് വലയിലെത്തിച്ചു. അര്‍ജന്റീന ഞെട്ടിയ നിമിഷം. 1-0. രണ്ടാം ഗോള്‍ വന്നത് 80-ാം മിനിറ്റിലാണ്. ഓട്ടമന്‍ഡിയെ കബളിപ്പിച്ച് ഇരുപത്തിയഞ്ച് വാര അകലെ നിന്ന് മോഡ്രിച്ച് ഒരു വെടിയുണ്ട പായിക്കുകയായിരുന്നു. വീണ്ടും ക്രൊയേഷ്യക്ക് ലീഡ് 2-0. എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെയായിരുന്നു മൂന്നാം ഗോള്‍. അവിടേയും ്അര്‍ജന്റീനയുടെ പ്രതിരോധത്തിന് പിഴച്ചു. റാക്കിറ്റിച്ചടിച്ച ആദ്യ ഷോട്ട് കാബല്ലെറൊ തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് കൊവിസിച്ചിന് അടുത്തെത്തി. കൊവാസിച്ച് അത് റാക്കിറ്റിച്ചിന് വീണ്ടും പാസ്സ് ചെയ്തു. പന്തിലൊന്ന് തൊട്ടു നിയന്ത്രിച്ച് വലയിലെത്തിക്കേണ്ട ജോലിയേ റാക്കിറ്റിച്ചിനുണ്ടായുള്ളു. അര്‍ജന്റീനയുടെ പ്രതിരോധ താരങ്ങള്‍ ഓഫ്‌സൈഡിന് കൈയുയര്‍ത്തിപ്പോഴേക്കും ക്രൊയേഷ്യ മൂന്നു ഗോളിന്റെ ലീഡിലെത്തിയിരുന്നു. 3-0
Copyright © . All rights reserved