Forced Marriage
വിദേശികളുമായി നിര്‍ബന്ധിത വിവാഹത്തിനിരയായവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഹോം ഓഫീസ് വിസ അനുവദിക്കുന്നതായി റിപ്പോര്‍ട്ട്. വിസ നല്‍കരുതെന്ന് ഇവരുടെ ഭാര്യമാരുടെ അപേക്ഷ അധികൃതര്‍ നിരസിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിര്‍ബന്ധിത വിവാഹങ്ങളില്‍ കുടങ്ങിയ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. സമീപകാലത്ത് അധികൃതരുടെ മുന്നിലെത്തിയ നിരവധി കേസുകളില്‍ ഭാര്യമാരുടെ സമ്മതം ഇല്ലാതെയാണ് വിസ അനുവദിച്ചതെന്നും ചാരിറ്റി പറഞ്ഞു. നിര്‍ബന്ധിത വിവാഹത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ബ്രിട്ടണ്‍. ഏതാണ്ട് 90 പേരാണ് ഭര്‍ത്താക്കന്മാര്‍ക്ക് വിസ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹോം ഓഫീസിനെ സമീപിച്ചത്. എന്നാല്‍ ഇതില്‍ 50 ശതമാനത്തോളം പേര്‍ക്ക് വിസ അനുവദിച്ചു കഴിഞ്ഞതായി ചാരിറ്റിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ പതിനാറോളം കേസുകള്‍ പരിഗണനയിലുമാണ്. തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും നിര്‍ബന്ധിതമായി വിവാഹം ചെയ്യുകയും ചെയ്തവര്‍ക്കെതിരെയാണ് ഭാര്യമാര്‍ ഹോം ഓഫീസിനെ സമീപിച്ചത്. ഇതില്‍ മിക്കവരും ഇന്ത്യ, പാകിസ്ഥാന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ളവരാണ്. ഭാര്യമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അധികൃതര്‍ നിരാകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ചില ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ കണക്കിലെടുക്കുന്നില്ലെന്നും ഇത്തരക്കാര്‍ അന്ധന്മാരെപ്പോലെയാണ് പെരുമാറുന്നതെന്നും ചാരിറ്റി ആരോപിക്കുന്നു. ഇത്തരം കേസുകള്‍ സംബന്ധിച്ച് ഏതാണ്ട് 175ഓളം അന്വേഷണങ്ങളാണ് കഴിഞ്ഞ വര്‍ഷം ഹോം ഓഫീസിലെത്തിയതെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. നിര്‍ബന്ധിത വിവാഹമാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാമെങ്കിലും ഇക്കാര്യത്തില്‍ അവര്‍ ഇരകള്‍ക്കെതിരായ തീരുമാനമെടുക്കുകയാണെന്ന് കര്‍മ്മ നിര്‍വാണ ചാരിറ്റി സ്ഥാപകന്‍ ജസ്‌വീന്ദര്‍ സംഘേരാ ആരോപിച്ചു. രാജ്യത്തെ നിരവധി ചാരിറ്റി സ്ഥാപനങ്ങള്‍ ഹോം ഓഫീസിന്റെ പ്രവൃത്തിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
17കാരിയായ മകളെ ബന്ധുവിനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച മാതാവ് കുറ്റക്കാരിയെന്ന് കോടതി. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയാണ് മാതാവ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഇരട്ടി പ്രായമുള്ള ബന്ധുവിന് കുട്ടിയെ വിവാഹം ചെയ്ത് നല്‍കാന്‍ മാതാവ് തീരുമാനിക്കുകയായിരുന്നു. ഇതിനായി വരന്റെ സ്വദേശമായ പാകിസ്ഥാനിലേക്ക് പെണ്‍കുട്ടിയെ ഇവര്‍ എത്തിക്കുകയും ചെയ്തു. ബന്ധുവീട്ടില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് പാകിസ്ഥാനിലേക്ക് പോകുന്നതെന്ന് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച മാതാവ് പിന്നീട് വിവാഹക്കാര്യം അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ച പെണ്‍കുട്ടി യുകെയില്‍ തിരിച്ചെത്തിയ ഉടന്‍ അമ്മയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. പിന്നീട് ഇവരുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം താന്‍ വിവാഹത്തിന് മകളെ നിര്‍ബന്ധിച്ചിട്ടില്ലെന്ന് അമ്മ പറഞ്ഞു. കോടതിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ വ്യാജമാണെന്നും അവര്‍ പറഞ്ഞു. നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ആദ്യത്തെ കേസാണിത്. ഇത്തരം പ്രവണതകള്‍ അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്നും ഒരുതരത്തിലും പെണ്‍കുട്ടികളുടെ അനുവാദമില്ലാതെ വിവാഹം നടത്താന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. മകളുടെയും അമ്മയുടെയും പേരുവിവരങ്ങള്‍ ലഭ്യമല്ല. ഇരയുടെ സ്വകാര്യതയെ മാനിച്ച് പേരോ ഇതര വിവരങ്ങളോ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. പാകിസ്ഥാനിലേക്ക് പെണ്‍കുട്ടിയെ ചതിയിലൂടെയാണ് കൊണ്ടുപോയതെന്ന് കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. വളരെക്കാലമായി ബ്രിട്ടനില്‍ താമസിച്ചുവരുന്ന കുടുംബമാണ് ഇവരുടേത്. ബന്ധുക്കളില്‍ മിക്കവരും പാകിസ്ഥാനിലാണ്. വിവാഹക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ അനുവാദത്തിനായി മാത്രമാണ് ശ്രമിച്ചതെന്ന മാതാവിന്റെ വാദം കോടതി അംഗീകരിച്ചില്ല. അമ്മ വിവാഹം ഉറപ്പിച്ചയാളെ എനിക്ക് പങ്കാളിയാക്കാന്‍ ഇഷ്ടമല്ലായിരുന്നു. അമ്മയോട് യാചിച്ച് പറഞ്ഞിട്ടും തന്റെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ തയ്യാറായില്ല. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ച ശേഷമാണ് ഞാന്‍ ഇക്കാര്യം അറിയുന്നതെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ഇത്തരം പ്രവൃത്തികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഇവരുടെ ശിക്ഷ പിന്നീട് വിധിക്കും.
RECENT POSTS
Copyright © . All rights reserved