Funding
സ്‌കൂളുകള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതല്‍ പണം അനുവദിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍മാര്‍. ആയിരത്തിലേറെ കൗണ്‍സിലര്‍മാര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിന് എഴുതിയ കത്തിലാണ് അധിക ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2009-10 അധ്യയന വര്‍ഷത്തിനും 2017-18 വര്‍ഷത്തിനുമിടയില്‍ ഇഗ്ലണ്ടിലെ സ്‌കൂളുകളിലെ ഓരോ വിദ്യാര്‍ത്ഥിക്കും അനുവദിച്ചിരുന്ന ഫണ്ടിന്റെ നിരക്ക് എട്ടു ശതമാനമായി ഇടിഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. കത്ത് ഇന്നലെ വെസ്റ്റ്മിന്‍സ്റ്ററിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ ആസ്ഥാനത്തുവെച്ച് അധികൃതര്‍ക്ക് കൈമാറി. 2015 മുതല്‍ സ്റ്റേറ്റ് ഫണ്ടഡ് സ്‌കൂളുകള്‍ക്ക് ലഭിക്കാനുള്ള ബില്യന്‍ കണക്കിന് പൗണ്ടിന്റെ ഫണ്ടാണ് ഇല്ലാതായിരിക്കുന്നത്. എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് അനുസരിച്ച് കൗണ്‍സിലുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ മൂന്നിലൊന്നും അക്കാഡമികളില്‍ പത്തില്‍ എട്ടും കടത്തിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി രക്ഷിതാക്കളുടെ മുന്നില്‍ യാചിക്കേണ്ട ദുരവസ്ഥയിലാണ് ഹെഡ്ടീച്ചര്‍മാരെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. ചില സ്‌കൂളുകള്‍ അധ്യയന സമയം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. സൗത്ത് വെസ്റ്റ് ലണ്ടനിലെ സേര്‍ബിറ്റണിലുള്ള ടോള്‍വര്‍ത്ത് ഗേള്‍സ് സ്‌കൂളിന്റെ ഹെഡ്ടീച്ചര്‍ സിയോബാന്‍ ലോവ് തനിക്ക് സ്‌കൂളിലെ ടോയ്‌ലെറ്റ് വൃത്തിയാക്കേണ്ടി വന്നതിന്റെയും ക്യാന്റീനില്‍ ഭക്ഷണം വിളമ്പേണ്ടി വന്നതിന്റെയും അനുഭവം വിവരിച്ചത് കഴിഞ്ഞ മാസമാണ്. പണമില്ലാത്തതിനാല്‍ ഒരു ഡെപ്യൂട്ടിയെ നിയമിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സ്‌കൂളിനെന്നും അവര്‍ പറഞ്ഞിരുന്നു. സ്‌കൂളുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഇംഗ്ലണ്ടിലും വെയിസിലും ഒരു പകര്‍ച്ചവ്യാധിയുടെ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണെന്ന് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്റെ കൗണ്‍സിലേഴ്‌സ് നെറ്റ് വര്‍ക്ക് കണ്‍വീനര്‍ മാഗി ബ്രൗണിംഗ് പറഞ്ഞു. ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് പാഠ്യപദ്ധതിയെ ഗുരുതരമായി ബാധിക്കുകയാണ്. ഡ്രാമ ആന്‍ഡ് ആര്‍ട്ട് പോലെയുള്ള വിഷയങ്ങള്‍ ഇതേത്തുടര്‍ന്ന് സ്‌കൂളുകള്‍ ഉപേക്ഷിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
സ്‌കൂളുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ഹെഡ്ടീച്ചര്‍മാര്‍. 7000ത്തോളം ഹെഡ്ടീച്ചര്‍മാരാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വീടുകളിലേക്ക് ഇക്കാര്യമറിയിച്ചു കൊണ്ട് കത്തയച്ചിരിക്കുകയാണ് ഇവര്‍. വിഷയം അറിയിക്കാന്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ അനുമതി ലഭിച്ചില്ലെന്നും സ്‌കൂളുകളുടെ പ്രതിസന്ധി അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും ഹെഡ്ടീച്ചര്‍മാര്‍ ആരോപിക്കുന്നു. വര്‍ത്ത്‌ലെസ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ക്യാംപെയിന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കത്തയക്കല്‍ പ്രതിഷേധ പരിപാടി ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ 3.5 മില്യന്‍ വീടുകളിലേക്ക് കഴിഞ്ഞ ദിവസം സംഘടന കത്തുകള്‍ അയച്ചു. സ്‌കൂളുകളില്‍ തങ്ങള്‍ക്ക് എല്ലാ വിധ ജോലികളും ചെയ്യേണ്ടി വരുന്നുണ്ടെന്ന് പ്രധാനാധ്യാപകര്‍ പരാതിപ്പെടുന്നു. ടോയ്‌ലെറ്റുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സറേയിലെ സേര്‍ബിറ്റണില്‍ പ്രവര്‍ത്തിക്കുന്ന ടോള്‍വര്‍ത്ത് ഗേള്‍സ് സ്‌കൂളിന്റെ ഹെഡ്ടീച്ചറായ സിയോബാന്‍ ലോവ് പറഞ്ഞു. കാന്റീനില്‍ ഭക്ഷണം വിളമ്പേണ്ടി വന്നിട്ടുണ്ട്. ഒരു ഡെപ്യൂട്ടി ഹെഡ്ടീച്ചറെ നിയമിക്കാന്‍ പോലും കഴിയുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് 10 പൗണ്ട് എന്ന നിരക്കില്‍ പണം നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. പുസ്തകങ്ങള്‍ ഉള്‍പ്പെടെയുളളവ വാങ്ങുന്നതിനായാണ് ഇത്. സയന്‍സ് വിഷയങ്ങളില്‍ പഠനത്തിനായി ഒരു വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് 1.50 പൗണ്ടാണ് ലഭിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. നാലോ അഞ്ചോ വര്‍ഷം മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ ഫണ്ടിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണെന്ന് സ്‌കൂള്‍ വാച്ച്‌ഡോഗ് ഓഫ്‌സ്റ്റെഡ് ചീഫ് ഇന്‍സ്‌പെക്ടര്‍ അമാന്‍ഡ സ്പീല്‍മാന്‍ പറഞ്ഞു. ലോക്കല്‍ അതോറിറ്റികള്‍ നടത്തുന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ മൂന്നിലൊന്നും കമ്മി ബജറ്റിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
ബ്രിട്ടന്റെ ഭീമമായ പെന്‍ഷന്‍ ബില്‍ മൂലം അവശ്യ സര്‍വീസുകളുടെ ഫണ്ടിംഗ് വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. പബ്ലിക് സെക്ടര്‍ പെന്‍ഷന്‍ ബില്‍ തുക 1.3 ട്രില്യന്‍ പൗണ്ടാണ്. ഇത് നല്‍കണമെങ്കില്‍ അവശ്യ സര്‍വീസുകള്‍ക്ക് നല്‍കുന്ന പണത്തില്‍ നിന്ന് 4 ബില്യന്‍ പൗണ്ട് വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നാണ് ഹാമണ്ട് മുന്നറിയിപ്പ് നല്‍കുന്നത്. സ്‌കൂളുകള്‍, ആശുപത്രികള്‍, പോലീസ്, സായുധ സേനകള്‍ തുടങ്ങി ഒട്ടുമിക്ക സര്‍വീസുകളെയും ഈ വെട്ടിക്കുറയ്ക്കല്‍ ബാധിക്കും. പൊതു മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ അനിവാര്യമാണെന്നാണ് ഹാമണ്ട് പറയുന്നത്. ആശുപത്രികള്‍ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കേണ്ടതായി വരും. പൊതുമേഖലാ ജീവനക്കാര്‍ക്കായുള്ള പൊതുധനം കൈകാര്യം ചെയ്യുന്നതിലെ സങ്കീര്‍ണ്ണതയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. ഇതു മൂലം ഇനി അവശ്യ സര്‍വീസുകള്‍ക്ക് ആവശ്യത്തിനുള്ള ഫണ്ടിംഗ് ലഭിക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ടാകും. 2019-20 സാമ്പത്തിക വര്‍ഷത്തെ പെന്‍ഷന്‍ ചെലവുകള്‍ റീഫണ്ട് ചെയ്യാന്‍ ഒരുക്കമാണെന്ന് ട്രഷറി അറിയിച്ചിട്ടുണ്ടെങ്കിലും അതിനപ്പുറത്തേക്കുള്ള കാര്യം ഏറ്റെടുക്കില്ല. സ്‌പെന്‍ഡിംഗ് റിവ്യൂവില്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുടുംബത്തിന് 45000 പൗണ്ട് വീതമാണ് രാജ്യത്തിന്റെ പെന്‍ഷന്‍ ലയബിലിറ്റിയെന്ന് ഇന്റര്‍ജനറേഷണല്‍ ഫൗണ്ടേഷന്‍ എന്ന തിങ്ക്ടാങ്ക് പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച കുറയാനിടയുണ്ടെന്നാണ് ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചനം. പെന്‍ഷന്‍ ഭാരം വര്‍ദ്ധിക്കുന്നതിന് ട്രഷറി ഒരു കാരണമായി പറയുന്നതും ഇതു തന്നെയാണ്.
ലണ്ടന്‍: എന്‍എച്ച്എസ് ഫണ്ടിംഗുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ വാഗ്ദാനം. ദീര്‍ഘകാല ഫണ്ടിംഗ് പദ്ധതികള്‍ ആരംഭിക്കുമെന്നും തെരേസ മേയ് അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്‍എച്ച്എസിന് കഴിയുന്നില്ലെന്ന ആശങ്കകള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും സര്‍ക്കാരിനുള്ളില്‍ത്തന്നെയും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നു. ജെറമി ഹണ്ട്, ബോറിസ് ജോണ്‍സണ്‍ തുടങ്ങിയവര്‍ എന്‍എച്ച്എസ് ഫണ്ടുകളില്‍ വര്‍ദ്ധന വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘകാല ഫണ്ടിംഗ് പദ്ധതിയില്‍ എത്ര തുകയാണ് വകയിരുത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. എന്‍എച്ച്എസ് ബജറ്റില്‍ 4 ശതമാനത്തിന്റെ വര്‍ദ്ധനവായിരിക്കും വരുത്തുകയെന്നാണ് ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി കണക്കാക്കുന്നത്. അപ്രകാരമാണെങ്കില്‍ 2022-23 വര്‍ഷത്തോടെ 150 ബില്യന്‍ പൗണ്ടായിരിക്കും അനുവദിക്കപ്പെടുക. നിലവില്‍ വിഭാവനം ചെയ്തിരിക്കുന്നതിനേക്കാള്‍ 20 ബില്യന്‍ പൗണ്ട് കൂടുതലാണ് ഇത്. ഈ വര്‍ഷം എന്‍എച്ച്എസിന് 125 ബില്യന്‍ പൗണ്ടാണ് അനുവദിച്ചത്. ഈസ്റ്ററിനു മുമ്പായി ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാനാകുമെന്നും 2019ല്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന സ്‌പെന്‍ഡിംഗ് റിവ്യൂവിന് മുമ്പായി ഇത് അവതരിപ്പിക്കാന്‍ കഴിയുമെന്നും കോമണ്‍സ് സെലക്റ്റ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ യോഗത്തില്‍ മേയ് വ്യക്തമാക്കി. എന്‍എച്ച്എസ് 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വര്‍ഷം തന്നെ ഈ ദീര്‍ഘകാല ഫണ്ടിംഗ് പദ്ധതിക്ക് തുടക്കമിടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ സര്‍വീസുകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് എംപിമാര്‍. പണം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ച് നിര്‍ദേശിക്കാന്‍ പുതിയ പാര്‍ലമെന്ററി കമ്മീഷന് രൂപം നല്‍കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. നികുതി വര്‍ദ്ധന നടപ്പാക്കാന്‍ പ്രധാനമന്ത്രിക്കു മേല്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 21 സെലക്ട് കമ്മിറ്റി അധ്യക്ഷന്‍മാരാണ് ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. രാഷ്ട്രീയ വ്യതിയാനങ്ങള്‍ നോക്കാതെ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍, പബ്ലിക് ഹെല്‍ത്ത് മേഖലകളുടെ ഉന്നമനത്തിനായുള്ള ഈ നടപടിക്കായി സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്ന് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കമ്മിറ്റി അധ്യക്ഷ സാറ വോളാസ്റ്റണ്‍ പറഞ്ഞു. ഒരു സെലക്റ്റ് കമ്മിറ്റിതന്നെയായ കമ്മീഷന്‍ ഉടന്‍ തന്നെ രൂപീകരിക്കണമെന്നും അടുത്ത ഈസ്റ്ററിനുള്ളില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. എന്‍എച്ച്എസ്, പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ ശേഷിക്കും അപ്പുറത്താണ് പ്രവര്‍ത്തിക്കുന്നതെന്നും വളരെ മോശമായാണ് ഇവ പരിപാലിക്കപ്പെടുന്നതെന്നും 98 പേര്‍ ഒപ്പുവെച്ച കത്ത് പറയുന്നു. വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കാനും പുതിയ മരുന്നുകള്‍ സാങ്കേതികതകള്‍ എന്നിവ സ്വായത്തമാക്കാനുമുള്ള ശേഷി ഇവയ്ക്കില്ലെന്നും കത്ത് വ്യക്തമാക്കുന്നു. സോഷ്യല്‍ കെയര്‍ ഫണ്ടിംഗില്‍ സര്‍ക്കാര്‍ ഒരു ഗ്രീന്‍ പേപ്പര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സമ്മറില്‍ ഇത് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ കുറച്ചു കൂടി വിശാലമായ സമീപനമാണ് ആവശ്യമെന്ന് എംപിമാര്‍ പറയുന്നു.
RECENT POSTS
Copyright © . All rights reserved