gas
സമ്മര്‍ദ്ദം ചെലുത്തി വീടുകളില്‍ സ്ഥാപിച്ച സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍ പ്രവര്‍ത്തന രഹിതം. 20 ലക്ഷത്തിലേറെ വീടുകളിലെ മീറ്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ സേവനദാതാക്കളെ മാറിയാല്‍ കണക്ടാകാതിരിക്കാനോ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കാനോ സാധ്യതയുള്ളവയാണ് 15 ശതമാനത്തോളം മീറ്ററുകളെന്നും കണ്ടെത്തി. 2.3 മില്യന്‍ ഡിവൈസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ബിബിസി നടത്തിയ അമ്പേഷണത്തില്‍ വ്യക്തമായത്. 440 മില്യന്‍ പൗണ്ട് ചെലവഴിച്ച് സ്ഥാപിച്ച മീറ്ററുകളാണ് ഇപ്പോള്‍ യാതൊരു ഉപകാരവുമില്ലാതെ വെറുതെയിരിക്കുന്നത്. ഊര്‍ജ്ജോപഭോഗം കുറയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. വീടിനു പുറത്ത് സ്ഥാപിച്ച മീറ്റര്‍ കാണാന്‍ നല്ല ഭംഗിയൊക്കെയുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആന്‍ഡ് ബാനിസ്റ്റര്‍ എന്ന ഉപഭോക്താവ് പറയുന്നു. ഇത് സ്ഥാപിക്കുന്നതിലുള്ള താല്‍പര്യം തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികൃതര്‍ക്ക് ഇല്ലെന്നാണ് ആന്‍ഡി പറയുന്നത്. വീടുകളില്‍ ഉപയോഗിക്കുന്ന ഗ്യാസ്, വൈദ്യുതി എന്നിവയുടെ അളവ് സ്വയം കണക്കാക്കുന്ന ഉപകരണമാണ് ഇത്. വിവരങ്ങള്‍ സ്‌ക്രീനില്‍ കാണുകയും ചെയ്യാം. എന്നാല്‍ സേവനദാതാവിനെ മാറ്റിയാല്‍ ഇതിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതായാണ് കണ്ടു വരുന്നത്. ഓട്ടോമാറ്റിക് മീറ്റര്‍ റീഡിംഗുകള്‍ അയക്കുന്നതും എനര്‍ജി ചെലവ് എത്രയാണെന്ന് കാണിക്കുന്നതും ഇല്ലാതാകുകയാണ് ചെയ്യുന്നത്. എട്ടു ലക്ഷം രണ്ടാം തലമുറ സ്മാര്‍ട്ട് മീറ്ററുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പവര്‍ കമ്പനികളെ പ്രതിനിധീകരിക്കുന്ന എനര്‍ജി യുകെ ബിബിസിക്ക് നല്‍കിയ വിവരം. 2012 മുതല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിലൂടെ എനര്‍ജി ഉപയോഗത്തിന്റെ കൃത്യമായ കണക്ക് ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇതിലൂടെ ജനങ്ങള്‍ക്ക് സാമ്പത്തികമായി ഏറെ ലാഭമുണ്ടാകുന്നുണ്ട്. തകരാറിലായ ഡിവൈസുകള്‍ നന്നാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഈ വര്‍ഷം അവസാനത്തോടെ അത് പൂര്‍ത്തിയാകുമെന്നും വക്താവ് അറിയിച്ചു.
എനര്‍ജി കമ്പനികള്‍ നിരക്കു വര്‍ദ്ധന നടപ്പാക്കിയതിനു പിന്നാലെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി ഓഫ്‌ജെം നടപടി. വേരിയബിള്‍ താരിഫുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് കമ്പനികള്‍ക്ക് ഈടാക്കാനാകുന്ന തുകയുടെ പരിധിയില്‍ 47 പൗണ്ടിന്റെ വര്‍ദ്ധന വരുത്തി. എനര്‍ജി ഹോള്‍സെയില്‍ വിലയിലുണ്ടായ വര്‍ദ്ധനയാണ് ഈ നിരക്ക് ഉയര്‍ത്താന്‍ റെഗുലേറ്ററെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതോടെ സേഫ്ഗാര്‍ഡ് താരിഫ് തുക ഒക്ടോബറോടെ 1136 പൗണ്ടാകുമെന്ന് ഓഫ്‌ജെം പറഞ്ഞു. എണ്ണവിലയിലുണ്ടാകുന്ന വര്‍ദ്ധന മൂലമാണ് ഈ ക്യാപ് ഉയര്‍ത്തുന്നതെന്നും ഓരോ യൂണിറ്റ് എനര്‍ജിക്കും പരമാവധി വില നിശ്ചയിക്കാനാണ് ഇത് കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം. ഏതു വിധത്തിലായാലും വില വര്‍ദ്ധിക്കുന്നത് നിര്‍ഭാഗ്യകരം തന്നെയാണ്. എന്നാല്‍ ഈ ക്യാപ് വര്‍ദ്ധിപ്പിക്കുന്നതോടെ ഗ്യാസ്, ഇലക്ട്രിസിറ്റി വിതരണത്തില്‍ യഥാര്‍ത്ഥ നിരക്ക് മാത്രമേ ഉപഭോക്താവിന് നല്‍കേണ്ടി വരികയുള്ളുവെന്ന് ഓഫ്‌ജെം ചീഫ് എക്‌സിക്യൂട്ടീവ് ഡെര്‍മോട്ട് നോളന്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ കുറഞ്ഞ നിരക്കിലുള്ള എനര്‍ജി ദാതാക്കളുണ്ടെന്നും ചെലവു കുറയ്ക്കാന്‍ അവയിലേക്ക് മാറാവുന്നതാണെന്നും ഓഫ്‌ജെം ചീഫ് പറഞ്ഞു. കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി നിര്‍ണ്ണയിക്കുന്ന മാനദണ്ഡമനുസരിച്ച് വര്‍ഷത്തില്‍ രണ്ടു തവണയാണ് ഓഫ്‌ജെം താരിഫില്‍ മാറ്റം വരുത്താറുള്ളത്. സേഫ്ഗാര്‍ഡ് താരിഫ് ഓരോ യൂണിറ്റ് എനര്‍ജിക്കും മൂല്യപരിധി നിര്‍ണ്ണയിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത് മൊത്തം ബില്ലിനെയായിരിക്കില്ല ബാധിക്കുന്നത്. ഉപഭോഗത്തിനനുസരിച്ച് പ്രീപെയ്‌മെന്റ് ഉപഭോക്താക്കളുടെ നിരക്കിലും മാറ്റം വന്നുകൊണ്ടിരിക്കും. സമ്മറില്‍ എനര്‍ജി കമ്പനികള്‍ പല തവണ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഓഫ്‌ജെം നടപടി.
ബ്രിട്ടീഷ് ഗ്യാസ് പ്രഖ്യാപിച്ച വില വര്‍ദ്ധനവ് ചൊവ്വാഴ്ച പ്രാബല്യത്തിലാകും. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിലുള്ള ഉപഭോക്താക്കളുടെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ 5.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഏപ്രിലില്‍ പ്രഖ്യാപിച്ച ഈ വര്‍ദ്ധനവ് മൂലം ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 246 മില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ശരാശരി ഉപഭോക്താവിന് വര്‍ഷത്തില്‍ 60 പൗണ്ട് വീതം അധികമായി ചെലവാകും. 4.1 മില്യന്‍ ഉപഭോക്താക്കളാണ് രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസിന് യുകെയിലുള്ളത്. മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ താരിഫ് നിരക്ക് പ്രതിവര്‍ഷം 796 പൗണ്ടാണ്. വില വര്‍ദ്ധിക്കുന്നതോടെ സ്റ്റാന്‍ഡാര്‍ഡ് താരിഫ് ഇതിനേക്കാള്‍ 45 ശതമാനം വിലയേറിയതാകും. കഴിഞ്ഞ സെപ്റ്റംബറില്‍ വരുത്തിയ 12.5 ശതമാനം വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇപ്പോള്‍ 5.5 ശതമാനത്തിന്റെ കൂടി വര്‍ദ്ധന വരുത്തുന്നത് ഉപഭോക്താവിന് ഇരട്ടി പ്രഹരമാണ് നല്‍കുന്നത്. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കാണ് ഇതു മൂലമുള്ള ഭാരം കൂടുതല്‍ താങ്ങേണ്ടി വരിക. അതേസമയം ഓണ്‍ലൈനില്‍ ഒരു ഫിക്‌സഡ് താരിഫിലേക്ക് മാറിയാല്‍ വര്‍ഷം 100 പൗണ്ടെങ്കിലും ലാഭിക്കാനാകുമെന്നും വിലയിരുത്തലുണ്ട്. ബിഗ് സിക്‌സ് എന്ന് അറിയപ്പെടുന്ന രാജ്യത്തെ ആറ് പ്രധാന എനര്‍ജി കമ്പനികളില്‍ 5 എണ്ണവും അടുത്ത മാസം അവസാനത്തോടെ നിരക്ക് വര്‍ദ്ധന നടപ്പിലാക്കുകയാണ്. ബ്രിട്ടീഷ് ഗ്യാസിനു പുറമേ എന്‍പവര്‍, സ്‌കോട്ടിഷ് എനര്‍ജി, ഇ-ഓണ്‍, ഇഡിഎഫ്, എസ്എസ്ഇ മുതലായ കമ്പനികളാണ് നിരക്കു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ തേടി എനര്‍ജി കമ്പനികള്‍. ബ്രിട്ടനിലെ മൂന്ന് പ്രമുഖ എനര്‍ജി കമ്പനികളായ ബ്രിട്ടീഷ് ഗ്യാസ്, ഇഡിഎഫ് എനര്‍ജി, ഫസ്റ്റ് യൂട്ടിലിറ്റി എന്നിവര്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് വേണ്ടി തങ്ങളുടെ ഏറ്റവും മികച്ചതും വിലക്കുറവുള്ളതുമായ ഡീലുകള്‍ മാറ്റിവെച്ചിരിക്കുകയാണ്. അതായത് സ്മാര്‍ട്ട് മീറ്റര്‍ വേണ്ടെന്ന് തീരുമാനിക്കുന്ന ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ 111 പൗണ്ട് വരെ നഷ്ടമായേക്കും. കുറഞ്ഞ നിരക്കുള്ള ഡീലുകളില്‍ ഏര്‍പ്പെടുന്ന ഉപഭോക്താക്കള്‍ ഏതു നിമിഷവും സ്മാര്‍ട്ട് മീറ്ററിലേക്ക് മാറേണ്ടി വരും എന്ന നിബന്ധനയാണ് ഇ.ഓണ്‍ മുന്നോട്ടു വെക്കുന്നത്. മീറ്ററുകള്‍ മാറുന്നതിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്താനായി സ്മാര്‍ട്ട് മീറ്റര്‍ ഒണ്‍ലി താരിഫുകള്‍ കമ്പനികള്‍ അവതരിപ്പിച്ചു തുടങ്ങിയതായി വിദഗ്ദ്ധര്‍ പറയുന്നു. യുകെയിലെ 50 മില്യന്‍ വീടുകളിലും ബിസിനസുകളിലുമായി 2020 അവസാനത്തോടെ സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍ സ്ഥാപിക്കണമെന്നാണ് എനര്‍ജി കമ്പനികള്‍ക്ക് ഗവണ്‍മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതില്‍ പരാജയപ്പെട്ടാല്‍ 7 ബില്യന്‍ പൗണ്ട് വരെ പിഴ നല്‍കേണ്ടി വരുമെന്ന ഭീഷണിയും കമ്പനികള്‍ നേരിടുന്നുണ്ട്. കമ്പനികള്‍ നേരിടുന്ന വലിയൊരു വെല്ലുവിളി, ഈ മീറ്ററുകള്‍ സ്ഥാപിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് വിസമ്മതം അറിയിക്കാമെന്ന വ്യവസ്ഥയാണ്. അതുകൊണ്ടു തന്നെ ഉപഭോക്താക്കളെ പരമാവധി സ്മാര്‍ട്ട് മീറ്ററുകളിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് കമ്പനികള്‍. അതേസമയം മീറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ സപ്ലയര്‍മാര്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയുമാണന്ന പരാതിയും വ്യാപകമാണ്. സ്മാര്‍ട്ട് മീറ്ററുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും അത് നിയമപരമായ അനിവാര്യതയാണെന്നും കമ്പനികള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായും വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനായി തങ്ങളുടെ ഏറ്റവും മികച്ച പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുകയാണെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.
ഗ്യാസ്, ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് അധിക ഫീസ് ചുമത്തി എനര്‍ജി കമ്പനി ഇഡിഎഫ്. 90 പൗണ്ടാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത്. ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവയ്ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കായോ പണമായോ പണമടക്കുന്നവര്‍ക്കാണ് ഈ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഡയറക്ട് ഡെബിറ്റായി പണം നല്‍കാത്ത അഞ്ചര ലക്ഷം ഉപഭോക്താക്കളെ നേരിട്ടു ബാധിക്കുന്ന തീരുമാനമാണ് ഇത്. ചെക്കായോ പണമായോ ബില്ലടക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇത് ബാധകമാകും. ഡയറക്ട് ഡെബിറ്റ് പേയ്‌മെന്റുകളല്ലാത്തവയ്ക്ക് വരുന്ന അധികച്ചെലവാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്നാണ് ഇഡിഎഫ് അവകാശപ്പെടുന്നത്. ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ഓഫ്‌ജെം അനുവദിച്ചിരിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ നിരക്ക് ഈടാക്കുന്നതെന്നും മറ്റുകമ്പനികള്‍ക്ക് തുല്യമാണ് ഇതെന്നും കമ്പനി അറിയിച്ചു. എന്നാല്‍ പണമടക്കുന്ന രീതിയനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പിഴയിടാനുള്ള ആശയം വിവാദമായിരിക്കുകയാണ്. ഡയറക്ട് ഡെബിറ്റ് ചിലര്‍ക്ക് ഉപകാരപ്രദമാണെങ്കില്‍ പ്രായമായവരുള്‍പ്പെടെയുള്ളവരില്‍ പലരും ചെക്കുകളിലൂടെയും മറ്റുമാണ് പണമടക്കാറുള്ളത്. അവരുടെ ബജറ്റിനെ ഈ രീതികളായിരിക്കും സഹായിക്കുകയെന്ന് ഏജ് യുകെയുടെ കരാളിന്‍ അബ്രഹാംസ് പറഞ്ഞു. അതിന് ഈ രീതിയിലുള്ള നിരക്ക് ഈടാക്കുന്നത് അത്തരക്കാരെ കുഴപ്പത്തിലാക്കുകയേയുള്ളു. ബില്‍ എസ്റ്റിമേറ്റുകള്‍ പോലും ശരിയായ വിധത്തില്‍ തയ്യാറാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത് ഉപഭോക്താക്കളെ വീണ്ടും കഷ്ടത്തിലാക്കുമെന്ന് അവര്‍ പറഞ്ഞു. ഇലക്ട്രിസിറ്റി അക്കൗണ്ടുകളുടെ സ്റ്റാന്‍ഡിംഗ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 1.4 മില്യന്‍ ഉപഭോക്താക്കള്‍ ഇതിന്റെ ഭാരം അനുഭവിക്കേണ്ടതായി വരും. വൈദ്യുതി മാത്രം ഉപയോഗിക്കുന്നവര്‍ 85 പൗണ്ടും ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നവര്‍ 181 പൗണ്ടും ഇതനുസരിച്ച് നല്‍കേണ്ടി വരും. ബ്രിട്ടീഷ് ഗ്യാസ് തങ്ങളുടെ നിരക്കുകള്‍ ഉയര്‍ത്തിയതിനു പിന്നാലെയാണ് ഇഡിഎഫിന്റെ നടപടി.
RECENT POSTS
Copyright © . All rights reserved