gcse
പരീക്ഷകളില്‍ മോശം റിസല്‍ട്ടുണ്ടാകുമെന്ന് ഭയന്ന് കുട്ടികളെ സ്‌പോര്‍ട്‌സില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് പഠനം. സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നത് പരീക്ഷാഫലത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് പുതിയ പഠനം കണ്ടെത്തി. ദി ഹെഡ്മാസ്റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസസ് കോണ്‍ഫറന്‍സ് (എച്ച്എംസി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് അവരുടെ ഗ്രേഡുകളെ യാതൊരു വിധത്തിലും പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് എച്ച്എംസി വ്യക്തമാക്കുന്നത്. 19 ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലെ 1482 വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളുടെ ജിസിഎസ്ഇ ഫലവും അവരുടെ സ്‌പോര്‍ട്‌സിലെ പങ്കാളിത്തവും നിരീക്ഷണത്തിനു വിധേയമാക്കി. ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഹോക്കി, നെറ്റ്‌ബോള്‍, റഗ്ബി, ടെന്നീസ് തുടങ്ങിയ കളികളിലാണ് ഇവര്‍ ഏര്‍പ്പെട്ടത്. മിക്ക രക്ഷിതാക്കളും ധരിച്ചിരിക്കുന്നതു പോലെ സ്‌പോര്‍ട്‌സില്‍ കുട്ടികളുടെ പങ്കാളിത്തം അവരുടെ പഠനത്തെയോ പരീക്ഷാഫലത്തെയോ പ്രതികൂലമായി ബാധിക്കില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹഡേഴ്‌സ്ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗം തലവന്‍ പ്രൊഫ.പീറ്റര്‍ ക്ലോഫ് പറഞ്ഞു. സ്‌പോര്‍ട്‌സില്‍ പങ്കെടുത്തവര്‍ ജിസിഎസ്ഇ ഫലങ്ങളില്‍ പിന്നോട്ടു പോയതിന് യാതൊരു തെളിവുമില്ല. എന്നാല്‍ സ്‌പോര്‍ട്‌സിന് ഒട്ടേറെ ഗുണവശങ്ങള്‍ പഠനത്തില്‍ ചെലുത്താനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ സന്തോഷമുള്ളവരും മാനസികാരോഗ്യമുള്ളവരും ശക്തരുമായി മാറാന്‍ സ്‌പോര്‍ട്‌സ് സഹായിക്കും. സ്ഥിരമായി കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് കുട്ടികള്‍ക്ക് ഗുണമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാനസികാരോഗ്യവും സ്‌പോര്‍ട്‌സും തമ്മില്‍ നേരിട്ടു ബന്ധമുണ്ടെന്നും പ്രൊഫ.ക്ലോഫ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ക്കായി റിവൈസ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പോലും സ്‌പോര്‍ട്‌സ് ഒഴിവാക്കേണ്ടതില്ലെന്നാണ് തന്റെ പഠനം മുന്നോട്ടു വെക്കുന്ന നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യോതര പ്രവര്‍ത്തനങ്ങളായ മ്യൂസിക്, ഡ്രാമ തുടങ്ങിയവയില്‍ പങ്കെടുക്കുന്നത് പഠനത്തെ ബാധിക്കുമോ എന്നും പ്രൊഫ.ക്ലോഫ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് വിദ്യാര്‍ത്ഥിയുടെ അക്കാഡമിക് പ്രകടനത്തെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കാന്‍ കഴിയില്ലെന്നാണ് വ്യക്തമായത്.
സംഗീത പഠനം സ്റ്റേറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് അന്യമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഒട്ടേറെ സ്‌കൂളുകളുടെ പാഠ്യപദ്ധതിയില്‍ നിന്ന് മ്യൂസിക് പുറത്തായതായി ഹൗസ് ഓഫ് ലോര്‍ഡ്‌സ് വിലയിരുത്തുന്നു. മ്യൂസിക് എന്ന പാഠ്യവിഷയം ഇപ്പോള്‍ ഒരു അസ്തിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് മ്യൂസിക് അധ്യക്ഷന്‍ ലോര്‍ഡ് ബ്ലാക്ക് ബ്രെന്റ് വുഡ് പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സംഗീതത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ ലോര്‍ഡ്‌സില്‍ സംസാരിക്കുമ്പോളാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ സ്‌കൂളുകളില്‍ നിന്ന് സംഗീതം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ മൗലികാവകാശമാണെന്നിരിക്കെ ഈ വിഷയം ഇപ്പോള്‍ ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകളിലെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്റ്റേറ്റ് സെക്ടറില്‍ ഇത് ഇല്ലാതായി. രാജ്യത്ത് സംഗീതം ഒരു അസ്തിത്വ പ്രതിസന്ധിയെ നേരിടുകയാണ്. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് മൗലികമായ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോയല്‍ കോളേജ് ഓഫ് മ്യൂസിക്കിന്റെ ഗ്രാജ്വേഷന്‍ സെറിമണിയില്‍ പങ്കെടുത്ത നിരവധി പേര്‍ തങ്ങളുടെ പ്രദേശങ്ങളില്‍ സംഗീതത്തിനുള്ള പ്രാധാന്യം കുറയുന്നതായി പരാതിപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അഞ്ചിലൊന്ന് സ്‌കൂളുകളിലെ ജിസിഎസ്ഇ പാഠ്യപദ്ധതിയില്‍ നിന്ന് മ്യൂസിക് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഈ സമ്മറില്‍ ഇംഗ്ലണ്ടില്‍ ജിസിഎസ്ഇയില്‍ സംഗീതം പഠിച്ചിറങ്ങിയത് 35,000 കുട്ടികള്‍ മാത്രമാണ്. 2010നെ അപേക്ഷിച്ച് 23 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
ടോം ജോസ് തടിയംപാട് ഇംഗ്ലണ്ടിലെ ചെസ്റ്ററില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി ആഞ്ചേല ബെന്‍സണ്‍ ഈ വര്‍ഷത്തെ ജി.സി.എസ്.ഇ പരീക്ഷയില്‍ തിളങ്ങുന്ന വിജയമാണ് നേടിയത് 6 ഡബിള്‍ എ സ്റ്റാറും, 3 എ സ്റ്റാറും, 2 എ യും മാണ് ഈ കൊച്ചുമിടുക്കി കരസ്ഥമാക്കിയത്. ഈ വിജയം വളര്‍ന്നുവരുന്ന തലമുറയ്ക്ക് പ്രചോദനമായി മാറുമെന്നതില്‍ സംശയമില്ല. ആഞ്ചേല ബെന്‍സണ്‍, ചെസ്റ്ററില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി മണിമുറിയില്‍ വീട്ടില്‍ ബെന്‍സണ്‍ ദേവസ്യ, ബീന ബെന്‍സണ്‍, ദമ്പതികളുടെ മൂത്ത മകളാണ്, ആഞ്ചേലക്ക് മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തിളങ്ങുന്ന വിജയം കരസ്ഥമാക്കിയ ഈ മിടുക്കി സയന്‍സിനെയാണ് സ്‌നേഹിക്കുന്നത്. ആഞ്ചേല വെസ്റ്റ് കേര്‍ബി ഗ്രാമര്‍ സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളിലെ അദ്ധ്യാപകരുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചിരുന്നത്. ആഞ്ചേലയുടെ പിതാവ് ബെന്‍സണ്‍ സൗണ്ട് എന്‍ജിനീയറും നല്ലൊരു ഗായകനുമാണ് അമ്മ ബീന സ്റ്റാഫ് നഴ്‌സായി ചെസ്റ്റ്ര് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. അഭിനന്ദനങ്ങള്‍.
കുട്ടികളെ പരീക്ഷണ മൃഗങ്ങളെപ്പോലെ കണക്കാക്കുന്ന പുതിയ ജിസിഎസ്ഇ രീതിയിലേക്കില്ലെന്ന് പ്രൈവറ്റ് സ്‌കൂളുകള്‍. ജിസിഎസ്ഇ പരീക്ഷ കൂടുതല്‍ കടുത്തതാക്കാനുള്ള നീക്കം കുട്ടികളെ ഗിനിപ്പന്നികളാക്കുകയാണെന്ന് ബ്രിട്ടനിലെ പ്രമുഖ പ്രൈവറ്റ് സ്‌കൂളുകള്‍ വിലയിരുത്തുന്നു. ഇതില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഉചിതമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ സ്വതന്ത്ര സ്‌കൂളുകളുടെ കൂട്ടായ്മ വിലയിരുത്തി. സ്റ്റേറ്റ് സ്‌കൂളുകള്‍ ഈ സമ്പ്രദായത്തിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ തങ്ങള്‍ കുട്ടികളെ ഈ സമ്മറില്‍ നടക്കുന്ന ബുദ്ധിമുട്ടേറിയ ജിസിഎസ്ഇ പരീക്ഷ എഴുതിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രൈവറ്റ് സ്‌കൂളുകള്‍ വ്യക്തമാക്കി. 5 ലക്ഷത്തോളം സ്‌റ്റേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പുതിയ ജിസിഎസ് ഇ പരീക്ഷയെഴുതുന്നത്. 2015ല്‍ അവതരിപ്പിച്ച ഈ ബുദ്ധിമുട്ടേറിയ പരീക്ഷ എ സ്റ്റാര്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപ്പാക്കിയത്. എറ്റോണ്‍ കോളേജ്, വെല്ലിംഗ്ടണ്‍ കോളേജ് തുടങ്ങിയ പ്രമുഖ സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന 30 ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകള്‍ ഇത്തവണ ഇന്റര്‍നാഷണല്‍ ജിസിഎസ്ഇ പരീക്ഷയാണ് കുട്ടികള്‍ക്കായി നടത്തുന്നത്. പുതിയ പരീക്ഷാ സമ്പ്രദായം സ്റ്റേറ്റ് സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രമുഖ യൂണിവേഴ്‌സിറ്റികളിലെ പഠനം നിഷേധിക്കപ്പെടാന്‍ കാരണമാകുമെന്ന ആശങ്കകള്‍ക്കിടെയാണ് ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകള്‍ ഈ നിലപാട് എടുത്തിരിക്കുന്നത്. ഗവണ്‍മെന്റ് ലീഗ് ടേബിളുകള്‍ ഇന്റര്‍നാഷണല്‍ ജിസിഎസ്ഇക്ക് അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ കുട്ടികള്‍ക്ക് ഈ പരീക്ഷ അനായാസമാണെന്നും വിലയിരുത്തപ്പെടുന്നു. ഹെഡ്മാസ്റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസസ് കോണ്‍ഫറന്‍സ് നേതൃത്വം ഇന്‍ഡിപ്പെന്‍ന്റ് സ്‌കൂളുകളുടെ നിലപാടിനെ പിന്തുണക്കുകയാണ്.
ഗ്രാമര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണല്ലോ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കുന്നത്. എന്നാല്‍ ഈ സ്‌കൂളുകളുടെ മിടുക്കാണോ വിദ്യാര്‍ത്ഥികളുടെ ഈ വര്‍ദ്ധിച്ച വിജയശതമാനത്തിന് കാരണമാകുന്നത്? അങ്ങനെയല്ലെന്നാണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. കുട്ടികളുടെ ജനിതക ഗുണങ്ങളാണ് അവരെ ഉന്നത വിജയം നേടാന്‍ പ്രാപ്തരാക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെലക്ടീവ് സ്‌കൂളുകളിലെയും നോണ്‍ സെലക്ടീവ് സ്‌കൂളുകളിലെയും കുട്ടികളുടെ ജനിതക വ്യത്യാസങ്ങള്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. വിദ്യാര്‍ത്ഥികളുടെ ജിസിഎസ്ഇ ഫലമാണ് ഇവര്‍ വിശകലന വിധേയമാക്കിയത്. ഗ്രാമര്‍, പ്രൈവറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലെ പ്രകടനം മികച്ചതായിരുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ ഇതിന് കാരണം സ്‌കൂള്‍ അന്തരീക്ഷത്തേക്കാള്‍ അവരുടെ ജനിതകമായ പ്രത്യേകതകള്‍ കാരണമാണെന്ന് പഠനത്തില്‍ വ്യക്തമായി. 16 വയസ് വരെയുള്ള കുട്ടികളുടെ അക്കാഡമിക് നേട്ടങ്ങളില്‍ അവര്‍ പഠിക്കുന്ന സ്‌കൂളുകള്‍ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെന്നാണ് വ്യക്തമായതെന്ന് എന്‍പിജെ സയന്‍സ് ഓഫ് ലേണിംഗ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. സ്‌കൂളുകളുടെ നിലവാരം അക്കാഡമിക് നേട്ടങ്ങളെ സ്വാധീനിക്കാമെങ്കിലും ഗ്രാമര്‍ സ്‌കൂള്‍ ആയതുകൊണ്ടു മാത്രം കുട്ടികളുടെ പ്രകടനം മെച്ചപ്പെടണമെന്നില്ലെന്ന് പഠനം തയ്യാറാക്കിയ എമിലി സ്മിത്ത് വൂളി അഭിപ്രായപ്പെടുന്നു. അധ്യാപകരുടെ പരിശീലന കോഴ്‌സുകളില്‍ ജനിതക പ്രത്യേകതകളേക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പഠനത്തില്‍ പങ്കെടുത്ത മറ്റൊരു ഗവേഷകനായ പ്രൊഫ.റോബര്‍ട്ട് പ്ലോമിനും ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 4000 വിദ്യാര്‍ത്ഥികളെയാണ് പഠനത്തിന് വിധേയരാക്കിയത്. കുട്ടികളുടെ ജീനോടൈപ്പ്, സാമൂഹിക-സാമ്പത്തിക നിലവാരം, അക്കാഡമിക് കഴിവുകള്‍, നേട്ടങ്ങള്‍ മുതലായവ പഠനവിധേയമാക്കി.
RECENT POSTS
Copyright © . All rights reserved