gma
ലോറന്‍സ് പെല്ലിശ്ശേരി ഗ്ലോസ്റ്റര്‍  : സംഘടനാ പ്രവര്‍ത്തനങ്ങളിലെ മികവ് കൊണ്ട് എന്നും വ്യത്യസ്ഥരായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ യുകെയിലെ ഒരു മലയാളി കൂട്ടായ്മയ്ക്കും കഴിയാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോക മലയാളികള്‍ക്ക് മാതൃകയാകുന്നു .  ജി എം എയുടെ  കാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായ ഭവന നിര്‍മ്മാണ പദ്ധതിക്ക് ചെങ്ങന്നൂരിലെ പുലിയൂര്‍ ഗ്രാമത്തില്‍ ഐതിഹാസിക തുടക്കം . സഹജീവികളോടുള്ള സഹാനുഭൂതി ഫേസ്ബുക്കിലും വാട്സപ്പിലുമായി ഒതുങ്ങി പോകുന്ന ഇക്കാലത്ത് പ്രളയത്തിൽ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയർത്തിക്കൊണ്ട് ക്രിയാത്‌മകമായ പ്രവർത്തനങ്ങളിൽ കൂടി ഗ്ലോസ്റ്റർഷെയർ മലയാളികൾ വീണ്ടും യുകെ മലയാളികൾക്ക് അഭിമാനവും മാതൃകയുമായി മാറുന്നു. അതിന്റെ നേർക്കാഴ്‌ച്ചയായി മാറി ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂരിൽ ജി എം എയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചുള്ള ആദ്യ ഭവന നിര്‍മ്മാണത്തിന്റെ തറക്കല്ലിടൽ കർമ്മം . വളർത്തി വലുതാക്കിയ സ്വന്തം നാട് , നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടപ്പോൾ വെറും കാഴ്ചക്കാരായി മാറിനിൽക്കാതെ നാടിനോടൊപ്പമെന്ന നിലപാടിലെത്താൻ ജി എം എയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു . ഓണാഘോഷപരിപാടികൾ പോലും നിര്‍ത്തലാക്കികൊണ്ട് , പ്രളയ ദിനങ്ങളിൽ തന്നെ 25000 പൗണ്ട് പിരിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് കേരള വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിന് രൂപം നൽകുകയും , ജി എം എയിലെ യുവ തലമുറയടക്കം ഓരോ അംഗങ്ങളും അതിന്റെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി രംഗത്ത് വരികയും ചെയ്തു. ജി എം എയിലെ അംഗങ്ങളുടെ സംഭാവനയായും , ജോലിസ്ഥലങ്ങളിൽ ഇന്ത്യൻ  ഭക്ഷണങ്ങള്‍ ഉണ്ടാക്കി വിറ്റഴിച്ചും , മുസ്ലിം - ക്രിസ്ത്യൻ പള്ളികളിലെ സഹായങ്ങള്‍ വഴിയും , തെരുവുകളിലെ ബക്കറ്റ് പിരുവുകളിലൂടെയും , ഫേസ്ബുക്ക് പേജിലെ സഹായ അഭ്യര്‍ത്ഥനകളിലൂടെയുമെല്ലാം  സഹജീവികളോടുള്ള സഹാനുഭൂതി നാണയത്തുട്ടുകളായും പൗണ്ടുകളായും ഒഴുകിയെത്തുകയായിരുന്നു . ചുരുക്കം ചിലർക്കെങ്കിലും അപ്രാപ്യമെന്നു തോന്നിയിരുന്ന 25000 പൗണ്ട് എന്ന ലക്ഷ്യം വെറും മൂന്ന് ആഴ്ചകൾക്കുള്ളിൽ സമാഹരിച്ചുകൊണ്ട് ഇപ്പോൾ 28000 പൗണ്ടിൽ എത്തിനിൽക്കുന്നു എന്നുള്ളത് , വെറും 175 കുടുംബങ്ങൾ അംഗങ്ങളായുള്ള ജി എം എ  ഒരു കമ്മ്യൂണിറ്റി അസോസിയേഷൻ എങ്ങനെ ആയിരിക്കണം എന്നതിന്റെ ചൂണ്ടുപലക ആയി മാറുന്നു . പ്രളയത്തിൽ കിടപ്പാടം തന്നെ നഷ്ടപെട്ട് , സാമ്പത്തികമായി ഏറ്റവും കഷ്ടത അനുഭവിക്കുന്ന നാല് കുടുംബങ്ങൾക്ക് പൂർണ്ണമായും ജി എം എയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ആറായിരം പൌണ്ടിന് തത്തുല്ല്യമായ പുതിയ വീട് നിർമ്മിച്ച് നൽകുകയാണ് ജി എം എ ചെയ്യുന്നത് . കേരളാ ഗവണ്മെന്റിന്റെ ലൈഫ് മിഷനും , യുക്മയുടെ സ്നേഹക്കൂട് പദ്ധതിയുമായി സഹകരിച്ചാണ് ജി എം എ ഇത് പ്രാവർത്തികമാക്കുന്നത് . ഈ പദ്ധതിയിൽ കൂടി നിർമ്മിക്കുന്ന ആദ്യ ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂരിൽ കൂലിപ്പണിക്കാരനായ സജി കാരാപ്പള്ളിയിൽ എന്ന വ്യക്തിക്കും കുടുംബത്തിനുമായി തുടക്കം കുറിച്ചിരിക്കുന്നു. പ്രളയത്തിൽ അവരുടെ കൊച്ചു വീട് പൂർണ്ണമായും ഇല്ലാതായിരുന്നു . കാലങ്ങളായി മാറാ രോഗങ്ങൾ അലട്ടിയിരുന്ന സജിയുടെ ഭാര്യക്കും കുഞ്ഞുങ്ങൾക്കും മുമ്പിൽ വിധി പ്രളയരൂപത്തിൽ വീണ്ടും കോമാളി വേഷം കെട്ടിയപ്പോൾ ജി എം എയുടെ സഹായഹസ്തം അവരെ തേടി ചെല്ലുകയായിരുന്നു . ജി എം എ എക്സിക്യൂട്ടീവ് അംഗം ശ്രീ തോമസ് ചാക്കോയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു പുലിയൂരിലെ സജി കാരാപ്പള്ളിയുടെ കുടുംബത്തെ കണ്ടെത്താനും , നിർമ്മാണ തുടങ്ങുന്നതിനാവശ്യമായ ഏകോപനം ഇത്രയും വേഗത്തിൽ സാധ്യമാക്കാനും കഴിഞ്ഞത് . തറക്കല്ലിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സജിക്കും കുടുംബത്തിനുമൊപ്പം പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി . ടി . ഷൈലജ , വാർഡ് മെമ്പർമാരായ മുരളീധരൻ നായര്‍ , ബാബു കല്ലോത്തറ , ജി എം എ പ്രതിനിധി ഷാജി എബ്രഹാം , പൊതു പ്രവർത്തകരായ ബിനു മുട്ടാർ , രാജീവ് പള്ളത്ത് , അജേഷ് പുലിയൂര്‍ തുടങ്ങി പ്രാദേശിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ വിശിഷ്ട അതിഥികൾ സന്നിഹിതരായിരുന്നു . ചെങ്ങന്നൂരിലെ പല സന്നദ്ധ സംഘടനകള്‍ക്കും വേണ്ടി അനേകം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുള്ള അജേഷ് പുലിയൂരാണ് ജി എം എയുടെ സ്വപ്നക്കൂട് സജി കാരാപ്പള്ളിയ്ക്കായി നിര്‍മ്മിക്കുന്നത് . യൂകെയിൽ ഇരുന്നു കൊണ്ട് കേരളത്തിൽ ഇങ്ങനെയൊരു നിർമ്മാണ പദ്ധതി ഏറ്റെടുത്തു സാക്ഷാൽക്കരിക്കുക എന്നുള്ളത് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും , ജി എം എ കമ്മിറ്റിയുടെ നിശ്ചയദാർഢ്യവും മുഴുവൻ അംഗങ്ങളുടെ നിസ്വാർത്ഥ സഹകരണവും ഈയൊരു മിഷന്റെ മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുന്നു . വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അങ്ങേയറ്റം സുതാര്യമായും , അഴിമതി രഹിതവുമായി അര്‍ഹരായവരില്‍ മാത്രം എത്തിക്കുന്നതിനായി സുനില്‍ കാസ്സിം , വിനോദ് മാണി , ജില്‍സ് പോള്‍ , വിന്‍സെന്റ് സ്കറിയ , ലോറന്‍സ് പെല്ലിശ്ശേരി , ഡോ : ബിജു പെരിങ്ങത്തറ ,  തോമസ്‌ ചാക്കോ എന്നിവര്‍ അടങ്ങുന്ന ഒരു പ്രത്യേക കമ്മിറ്റിയും രൂപികരിച്ചിട്ടുണ്ട് . ഇതിനൊപ്പം പ്രളയത്തില്‍ വീട്ടിലെ സാധന സാമഗ്രികളെല്ലാം നഷ്ട്ടപ്പെട്ടുപോകുകയോ ഉപയോഗശൂന്യമാകുകയോ ചെയ്ത , സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന 20 കുടുംബങ്ങൾക്ക് ഇരുപതിനായിരം രൂപ വരെ മൂല്യമുള്ള അവശ്യ വസ്തുക്കൾ നൽകി സഹായിക്കുകയും ചെയ്യുന്നു. ചാരിറ്റി രംഗത്തെ ജി എം എ യുടെ ഓരോ ചുവടുവയ്പ്പും കാലപ്രയാണത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെടുന്നതിന്റെ ആൽമനിർവൃതിയിലാണ് ഗ്ലോസ്റ്റർഷെയർ മലയാളികൾ . അടുത്ത മൂന്നു വീടുകൾക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിക്കുമ്പോൾ , ജി എം എ പ്രസിഡന്റ് വിനോദ് മാണിയും , സെക്രട്ടറി ജിൽസ് പോളും , ട്രഷറർ വിൻസെന്റ് സ്കറിയയും ഇതിനെല്ലാം നേതൃത്വം നൽകുന്നതോടൊപ്പം ഇതുമായി സഹകരിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും ഒത്തിരി സ്നേഹത്തോടെ രേഖപ്പെടുത്തുന്നു
സ്വന്തം ലേഖകന്‍ ഗ്ലോസ്റ്റര്‍ : ഒക്ടോബര്‍ 27 ശനിയാഴ്ച സൗത്ത് യോർക്ക് ഷെയറിലെ ഷെഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ താരങ്ങളാകുവാന്‍ കലാതിലകം ബിന്ദുസോമനും , വ്യക്തിഗത ചാമ്പ്യൻ സംഗീത ജോഷിക്കുമൊപ്പം ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു.  കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യൻമാരായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ തങ്ങളുടെ ദേശീയ ചാമ്പ്യൻ പട്ടം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യവും ഷെഫീല്‍ഡിലേയ്ക്കെത്തുന്നത്. ഓക്സ്ഫോർഡില്‍ വച്ച് നടന്ന റീജിയണൽ കലാമേളയില്‍ നേടിയെടുത്ത മുന്നേറ്റം ദേശീയ കലാമേളയിലും നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് ജി എം എയുടെ മത്സരാര്‍ത്ഥികളും സംഘാടകരും. തുടർച്ചയായി അഞ്ച് വർഷം സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയില്‍ ചാമ്പ്യന്മാരായി കരുത്ത് തെളിയിച്ചാണ് ജി എം എ ഇപ്രാവശ്യത്തെ ദേശീയ കലാമേളയിൽ പങ്കെടുക്കുന്നത്. 169 പോയിന്റുകളാണ് ജി എം എ യുടെ ചുണക്കുട്ടികൾ ഓക്സ്ഫോര്‍ഡില്‍ നടന്ന റീജിയണൽ കലാമേളയില്‍ കരസ്ഥമാക്കിയിരുന്നത്. സീനിയർ വിഭാഗത്തിൽ മത്സരിച്ച ജി എം എയുടെ ബിന്ദു സോമൻ മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിയാണ് ദേശീയ കലാമേളയിലേയ്ക്കെത്തുന്നത്. ജി എം എ യുടെ വിജയങ്ങളില്‍ എല്ലാ വര്‍ഷങ്ങളിലെപ്പോലെ ഇക്കുറിയും ബിന്ദു സോമന്‍ വലിയ പങ്കാണ് വഹിച്ചത് . മോഹിനിയാട്ടം , മോണോ ആക്ട് ,  പദ്യപാരായണം എന്നീ വ്യക്തിഗത ഇനങ്ങളിലും മാർഗ്ഗംകളി ,  മൈം തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും ഒന്നാം സ്ഥാനത്തെത്തി കലാതിലകപ്പട്ടമണിയുകയായിരുന്നു ബിന്ദു സോമന്‍ . സീനിയർ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യനും ബിന്ദു സോമൻ തന്നെയായിരുന്നു. അതോടൊപ്പം ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനിലെ കൊച്ചുമിടുക്കി സംഗീത ജോഷി മനോഹരമായ പ്രകടനമാണ് ഇപ്രാവശ്യത്തെ റീജണല്‍ കലാമേളയില്‍ കാഴ്ചവെച്ചത്. സബ്‌ജൂണിയർ വിഭാഗത്തിൽ  മലയാളം പ്രസംഗത്തിനും , മോണോ ആക്ടിനും ഒന്നാം സ്ഥാനവും , പദ്യപാരായണത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് സംഗീത ജോഷി ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനുവേണ്ടി വ്യക്തിഗത ചാമ്പ്യന്‍പട്ടം നേടിയത്. വളരെ നാളുകളായി യുക്മ കലാമേളകളില്‍ പോരാടിയിട്ടുള്ള സംഗീത ജോഷി നേടിയ ഈ തിളക്കമാര്‍ന്ന വിജയങ്ങള്‍ ജി എം എ യുടെ ഇത്തവണത്തെ ചാമ്പ്യന്‍പട്ടത്തിന് മാറ്റ് കൂട്ടി. പലതവണ ജി എം എ യ്ക്ക് വേണ്ടി വ്യക്തിഗത ചാമ്പ്യന്‍ പട്ടം   നേടിയിട്ടുള്ള ബെന്നിറ്റ ബിനുവും , ഷാരോണ്‍ ഷാജിയും , ഭവ്യ ബൈജുവും , ദിയ ബൈജുവും , ബിന്ദു സോമനും , സംഗീത ജോഷിയും അടങ്ങുന്ന സംഘം ഇക്കുറിയും ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനുവേണ്ടി അണിനിരക്കുമ്പോള്‍ വാശിയേറിയ മത്സരങ്ങള്‍ക്കായിരിക്കും ദേശീയ കലാമേള വേദി സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു.  .    
ന്യുസ് ഡെസ്ക് ഗ്ലോസ്റ്റര്‍ : വെള്ളപ്പൊക്ക ദുരിതത്താല്‍ മനസ്സും ജീവിതവും തകര്‍ന്നടിഞ്ഞ മലയാളി സഹോദരങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി  ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ധനസമാഹരണം ചരിത്ര വിജയത്തിലേയ്ക്ക് അടുക്കുന്നു . വെറും പത്ത് ദിവസം കൊണ്ട് 20000 പൌണ്ടാണ്  ജി എം എ യുടെ  ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് . ഓഗസ്റ്റ്‌ 15 ന് ആരംഭിച്ച ചാരിറ്റി അപ്പീലിന് ഒരിക്കലും ലഭിക്കാത്ത ജനപിന്തുണയാണ് ഇംഗ്ലീഷ് സമൂഹത്തില്‍ നിന്ന്  അനുദിനം ലഭിച്ചുകൊണ്ടിരിക്കുന്നത് . യുകെയിലെ മറ്റൊരു മലയാളി അസ്സോസ്സിയേഷനുകള്‍ക്കും കഴിയാത്ത നേട്ടമാണ് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട്  ജി എം എ നേടിയെടുത്തത്. ഏറ്റെടുക്കുന്ന ഏത് പദ്ധതികളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് വിജയിപ്പിക്കുന്ന ജി എം എ നടത്തുന്ന ഈ ധനസമാഹരണ യജ്ഞം യുകെയിലെ മറ്റ് എല്ലാ അസോസിയേഷനുകള്‍ക്ക് കൂടി മാതൃകയാവുകയാണ് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25000 പൌണ്ട് അയയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് തുടങ്ങിയ ഈ ചാരിറ്റി അപ്പീല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം നേടി വന്‍ വിജയത്തിലെത്തുമെന്ന് ഇതിനകം  ഉറപ്പായി കഴിഞ്ഞു .  പതിവുപോലെ  ജി എം എ അംഗങ്ങളും , ഗ്ലോസ്റ്റര്‍ഷെയറിലെ പൊതുസമൂഹവും മനസ്സറിഞ്ഞ് സഹായിച്ചപ്പോള്‍ പത്ത്  ദിവസങ്ങള്‍ കൊണ്ട് ഇരുപതിനായിരത്തോളം പൌണ്ടാണ് ജി എം എ കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്ന മലയാളി സഹോദരങ്ങള്‍ക്കായി സമാഹരിച്ചത്.ഈ വര്‍ഷത്തെ ഓണാഘോഷം മാറ്റിവച്ചുകൊണ്ട് പ്രസിഡന്റ് വിനോദ് മാണി , സെക്രട്ടറി ജില്‍സ് പോള്‍ , ട്രഷറര്‍ വിന്‍സെന്റ് സ്കറിയ , വൈസ് പ്രസിഡന്റ് ബാബു ജോസഫ്‌ , ജോയിന്റ് സെക്രട്ടറി രെശ്മി മനോജ്‌ , ചാരിറ്റി കോഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി , അജിമോന്‍ ഇടക്കര , സുനില്‍ കാസിം , മനോജ്‌ വേണുഗോപാല്‍ , ഡോ ; ബിജു പെരിങ്ങത്തറ , തോമസ്‌ ചാക്കോ  തുടങ്ങിയവര്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കി . ജി എം എ യുടെ ചരിത്രത്തിലെ ഏറ്റവും നല്ല തിരുവോണാഘോഷത്തിനാണ് ഇന്നലെ ഗ്ലോസ്റ്റര്‍ഷെയര്‍ സാക്ഷ്യം വഹിച്ചത് . രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണിവരെ ഗ്ലോസ്റ്ററിലെ തെരുവുകളില്‍ ഇറങ്ങി ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനസമാഹരണം നടത്തിക്കൊണ്ടായിരുന്നു ജി എം എ അംഗങ്ങള്‍ ഇന്നലെ ഓണം ആഘോഷിച്ചത്.ഗ്ലോസ്റ്റര്‍ നഗരത്തില്‍ ആറു സ്ഥലങ്ങളിലായി നിലയുറപ്പിച്ച ജി എം എ യുടെ മക്കള്‍  വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ ഞങ്ങളുടെ സഹോദരങ്ങളെ സഹായിക്കണേ എന്ന് ഉച്ചത്തില്‍ അപേക്ഷിച്ചുകൊണ്ടേയിരുന്നു . 11 വയസ്സിന് മുകളില്‍ പ്രായമായ ജി എം എയിലെ യുവതലമുറയാണ് ഇന്നലെയും ഇന്നും മാതാപിതാക്കള്‍ക്കും കുഞ്ഞ് സഹോദരങ്ങള്‍ക്കുമൊപ്പം സഹായ അഭ്യര്‍ത്ഥനയുമായി ഗ്ലോസ്റ്റര്‍ നഗരത്തെ കീഴടക്കിയത് . കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച വലിയ ബാനറുകളും , സേവ് കേരള എന്നെഴുതിയ പോസ്റ്ററുകളും , ബക്കറ്റുകളുമായി തെരുവിലിറങ്ങിയ ജി എം എ യുടെ യുവജനങ്ങള്‍ അനായാസം ഇംഗ്ലീഷ് ജനതയുടെ മനം കവര്‍ന്നു . ഒറ്റദിവസം കൊണ്ട് തന്നെ 2067 പൌണ്ടാണ് ഗ്ലോസ്റ്റര്‍ഷെയറിലെ തെരുവുകളില്‍ എത്തിയ വെള്ളക്കാരില്‍ നിന്നും‍ വിദേശികളില്‍ നിന്നും ജി എം എയുടെ ചുണക്കുട്ടന്മാര്‍ കേരളത്തിനായി പിരിച്ചെടുത്തത് .ഇന്നലെ സ്വന്തം വീടുകളില്‍ പോലും ഓണം ആഘോഷിക്കാതെ ഗ്ലോസ്റ്ററിലെ തെരിവുകളിലിറങ്ങി ദുരിത ബാധിതര്‍ക്കായി കൈനീട്ടിയ ജി എം എയുടെ അംഗങ്ങള്‍ മനുഷ്യസ്നേഹത്തിന്റെ ഏറ്റവും ഉദാത്ത മാതൃകയാണ് തിരുവോണനാളില്‍ മലയാളി സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയത് .  അതോടൊപ്പം ലെസ്റ്ററില്‍ യുക്മ നടത്തുന്ന ദുരിതാശ്വാസ കേന്ദ്രത്തിലേയ്ക്ക് ഒരു വണ്ടി നിറയെ ഉടുപ്പുകള്‍, പുതപ്പുകള്‍ , മരുന്നുകള്‍  തുടങ്ങിയവ എത്തിച്ചു കൊടുത്തുകൊണ്ടാണ് ജി എം എ അംഗങ്ങള്‍ ഇപ്രാവശ്യത്തെ ഓണ ദിവസത്തെ ഒരു കാരുണ്യ ദിനമായി ആഘോഷിച്ചത്.ഗ്ലോസ്റ്റര്‍ഷെയറിലെ മുസ്ലിം - ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നും , ഹോസ്പിറ്റലുകളില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്നും , ഫേസ്ബുക്ക് ഡോണേഷന്‍ ക്യാമ്പെയിനിംഗില്‍ നിന്നും നൂറുകണക്കിന് പൌണ്ടാണ് ജി എം എ അംഗങ്ങള്‍ ഇതിനോടകം സമാഹരിച്ചത് .  ബക്രീദ് ദിനത്തില്‍ യുവാക്കളോടൊപ്പം ജി എം എ അംഗങ്ങളായ സുനില്‍ കാസിമിന്റെയും , ഷറഫുദിന്റെയും , ഷംസുദ്ദീന്റെയും നേതൃത്വത്തില്‍ ഗ്ലോസ്റ്ററിലെ മുസ്ലീം സഹോദരങ്ങളില്‍ നിന്നും 4127 പൌണ്ടാണ് ഇതുവരെ സമാഹരിച്ചത് .  ഗ്ലോസ്റ്ററിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് 2087 പൌണ്ടാണ്  ജി എം എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കണ്ടെത്തിയത്. വരും ദിനങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും മറ്റ് പല ബിസ്സിനസ് സ്ഥാപനങ്ങളുടെ സഹായത്തോടെയും കൂടുതല്‍ തുകകള്‍ സമാഹരിക്കുവാനുള്ള ശ്രമത്തിലാണ് ജി എം എ അംഗങ്ങള്‍ . സ്വദേശികള്‍ക്കും വിദേശികള്‍ക്കും കേരളത്തില്‍ നടന്ന ഈ മഹാദുരന്തത്തെപ്പറ്റി മാധ്യമങ്ങളിലൂടെ അറിവ് ലഭിച്ചത് ധനസമാഹരണത്തെ വളരെയധികം സഹായിച്ചെന്ന് തുടക്കം മുതല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജി എം എയുടെ ചാരിറ്റി കോഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി അറിയിച്ചു.ജന്മനാട്ടില്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കുണ്ടായ തകര്‍ച്ചയില്‍ താങ്ങാവാനും , അവരെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുവാനും ജി എം എ പോലെയുള്ള സംഘടനകള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ് . കലാ കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുക മാത്രമല്ല ഒരു സാംസ്ക്കാരിക സംഘടനയുടെ ലക്ഷ്യമെന്നും മറിച്ച് ഇന്ന് തങ്ങളുടെ സഹജീവികള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ ദുരന്തത്തെ  അവര്‍ക്കൊപ്പം നിന്നുകൊണ്ട് നേരിടാന്‍ തങ്ങളുമുണ്ട് എന്ന മഹത്തായ സന്ദേശമാണ് ഈ വലിയ ദുരിതാശ്വാസപ്രവര്‍ത്തങ്ങളിലൂടെ ജി എം എ തെളിയിക്കുന്നത്.
RECENT POSTS
Copyright © . All rights reserved