GMC
എന്‍എച്ച്എസ് നേരിടുന്നത് അപകടകരമായ ഒരു അവസ്ഥയെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍. ഡോക്ടര്‍മാരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടെന്ന് റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുമൂലം രോഗികളുടെ സുരക്ഷയാണ് അപകടത്തിലാകുന്നത്. എന്‍എച്ച്എസിനു മേല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യാനും ഇതു മൂലം ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതു മൂലം ജീവനക്കാര്‍ക്ക് ട്രെയിനിംഗിലും കെയറിലും അപായകരമായ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരികയാണെന്നും ജിഎംസി വെളിപ്പെടുത്തുന്നു. രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്ന പരിധിയിലാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ എണ്ണം. കൂടുതല്‍ ഡോക്ടര്‍മാര്‍ ജോലിയുപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അതിന്റെ നിരക്ക് വിചാരിക്കുന്നതിലും കൂടുതലാണെന്നും മുന്നറിയിപ്പില്‍ ജിഎംസി വ്യക്തമാക്കുന്നു. മെഡിക്കല്‍ ട്രെയിനിംഗ്, പ്രാക്ടീസ് എന്നിവയിലുള്ള റിപ്പോര്‍ട്ടിലാണ് ജിഎംസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2600 ഡോക്ടര്‍മാരില്‍ നടത്തിയ ഒരു സര്‍വേയില്‍ അഞ്ചിലൊന്നു പേര്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ വിടാന്‍ തയ്യാറെടുക്കുകയാണെന്ന് വെളിപ്പെടുത്തി. വിദേശങ്ങളില്‍ ജോലി തേടാനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. അത്രയും തന്നെ ഡോക്ടര്‍മാര്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും അതിലുമേറെപ്പേര്‍ നേരത്തേ റിട്ടയര്‍ ചെയ്യാനൊരുങ്ങുകയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. കരിയറിന്റെ മധ്യത്തില്‍ നില്‍ക്കുന്നവരാണ് നേരത്തേ വിരമിക്കാന്‍ ഒരുങ്ങുന്നത്. ഈ വിധത്തില്‍ ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും നമുക്കു മുന്നില്‍ സമയമില്ലെന്നും ജിഎംസി ഓര്‍മിപ്പിക്കുന്നു. സങ്കീര്‍ണ്ണമായ രോഗങ്ങളും അനുഭവ സമ്പന്നരായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും അപ്രതീക്ഷിതമായുണ്ടായ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കലുകളും എന്‍എച്ച്എസിനു മേലുള്ള സമ്മര്‍ദ്ദം ഉയര്‍ത്തിയിട്ടുണ്ട്.
ചാനല്‍ 4 എംബാരാസിംഗ് ബോഡീസ് എന്ന പരിപാടിയിലെ വിദഗ്ദ്ധനും മലയാളി യൂറോളജിസ്റ്റുമായ ഡോ.മനു നായരെ ട്രൈബ്യൂണലിന്റെ മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി. രോഗികളില്‍ പരീക്ഷണങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് മനു നായരെ ജിഎംസി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. എന്‍എച്ച്എസില്‍ തുടരാനും മനു നായര്‍ക്ക് അനുമതി ലഭിച്ചു. 130 രോഗികള്‍ ഇയാള്‍ക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ നാല് ആശുപത്രികളില്‍ ഡോ.മനു നായര്‍ നടത്തിയ ശസ്ത്രക്രിയകളിലൂടെ രോഗികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നാണ് ആരോപണം. രോഗമില്ലാത്തവര്‍ക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള ചികിത്സ നടത്തിയെന്നും പരീക്ഷണ ഘട്ടത്തിലുള്ള ചികിത്സകള്‍ രോഗികളില്‍ നടത്തിയെന്നുമൊക്കെയാണ് പരാതികള്‍ ഉയര്‍ന്നത്. സോലിഹള്ളിലെ സ്പയര്‍ പാര്‍ക്ക് വേ, സ്പയര്‍ ലിറ്റില്‍ ആസ്റ്റണ്‍, ബിഎംഐ പ്രയറി, എഡ്ജ്ബാസ്റ്റണ്‍ തുടങ്ങിയ സ്വകാര്യാശുപത്രികളിലും ഹാര്‍ട്ട്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ആശുപത്രിയിലും നടത്തിയ ശസ്ത്രക്രിയകളാണ് വിവാദത്തിലായത്. ഇതേത്തുടര്‍ന്ന് ഡോ. മനു ജിഎംസിയുടെ നിരീക്ഷണത്തിലായിരുന്നു.   ലോ ഫേമായ ഇര്‍വിന്‍ മിച്ചലും തോംപ്‌സണ്‍സ് സോളിസിറ്റേഴ്‌സുമാണ് രോഗികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. എന്നാല്‍ മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡോ.മനു നായര്‍ക്ക് എന്‍എച്ച്എസില്‍ തുടരാമെന്ന് ജിഎംസി വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ഇദ്ദേഹം ജോലി ചെയ്യുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍ ജിഎംസി തയ്യാറായില്ല. സിറ്റി ഹോസ്പിറ്റല്‍സ് സന്‍ഡര്‍ലാന്‍ഡ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജിഎംസി സൂചന നല്‍കി.
RECENT POSTS
Copyright © . All rights reserved