google
ഏഴു വര്‍ഷത്തിനിടെ ഓഹരി മൂല്യത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി ഗൂഗിള്‍. മാര്‍ക്കറ്റ് വാല്യുവില്‍ 54 ബില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടായത്. എതിരാളികളായ ഫെയിസ്ബുക്ക്, ആമസോണ്‍ തുടങ്ങിയവയിലേക്ക് പരസ്യ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നുള്ള അഭ്യൂഹങ്ങള്‍ നിക്ഷേപകര്‍ക്കിടയില്‍ പടര്‍ന്നതാണ് ഈ ഇടിവുണ്ടാകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഗൂഗിളിന്റെയും യൂട്യൂബിന്റെയും പേരന്റ് കമ്പനിയായ ആല്‍ഫബെറ്റിന്റെ ഓഹരി മൂല്യത്തില്‍ ചൊവ്വാഴ്ച എട്ടു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 2012 ഒക്ടോബറിനു ശേഷം കമ്പനിക്കുണ്ടായ ഏറ്റവും വലിയ വീഴ്ചയാണ് ഇത്. തിങ്കളാഴ്ച ആദ്യപാദ ഫലങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെയാണ് നിക്ഷേപകരില്‍ നിന്ന് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായിരിക്കുന്നത്. 900 ബില്യന്‍ ഡോളറുണ്ടായിരുന്ന കമ്പനിയുടെ മാര്‍ക്കറ്റ് വാല്യൂ 830 ബില്യന്‍ ഡോളറായാണ് ന്യയോര്‍ക്ക് മാര്‍ക്കറ്റ് ക്ലോസ് ചെയ്തപ്പോള്‍ കുറഞ്ഞത്. റവന്യൂവില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 36.3 ബില്യനായി. 2015നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ക്വാര്‍ട്ടര്‍ റവന്യൂവാണ് ഇത്. യൂട്യൂബിലെ ഉള്ളടക്കം പരിശോധിക്കാനുള്ള അല്‍ഗോരിതത്തിനായി കൂടുതല്‍ പണം നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചൈ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇന്‍വെസ്റ്റര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. വ്യാജവിവരങ്ങള്‍, വിദ്വേഷ പ്രചാരണം, കുട്ടികളെ ലക്ഷ്യമിട്ടുള്ള കണ്ടന്റ് എന്നിവയ്ക്ക് യൂട്യൂബ് പരസ്യം നല്‍കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പരസ്യ വരുമാനത്തില്‍ 15 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 24 ശതമാനമായിരുന്നു. ഫെയിസ്ബുക്ക്, ആമസോണ്‍ എന്നിവയെ അപേക്ഷിച്ച് ആല്‍ഫബെറ്റിന്റെ പ്രകടനം വളരെ മോശമായിരുന്നുവെന്നാണ് മാര്‍ക്കറ്റ് വിലയിരുത്തല്‍.
ഗൂഗിള്‍ ക്രോമില്‍ വന്‍ സുരക്ഷാപ്പിഴവ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് അടിയന്തരമായി ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഗൂഗിളിന്റെ മുതിര്‍ന്ന സെക്യൂരിറ്റി എന്‍ജിനീയര്‍ നിര്‍ദേശം നല്‍കി. ഹാക്കര്‍മാര്‍ക്ക് മാല്‍വെയറുകള്‍ സ്ഥാപിക്കാന്‍ അവസരമൊരുക്കുന്ന പിഴവാണ് കണ്ടെത്തിയിരിക്കുന്നത്. ഡെസ്‌ക്ടോപ്പ് വെര്‍ഷനില്‍ കണ്ടെത്തിയ ഈ പിഴവ് പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. ക്രോമിലെ ഫയല്‍റീഡര്‍ എന്ന ഭാഗത്തെയാണ് ബഗ് ബാധിച്ചിരിക്കുന്നത്. യൂസര്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ചിരിക്കുന്ന ഡേറ്റ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ഇത്. ബഗ്ഗിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തു വിട്ടിട്ടില്ല. ഗൂഗിള്‍ ഇത് തിരിച്ചറിയുന്നതിനു മുമ്പുതന്നെ ക്രോം ബ്രൗസറുകള്‍ ഏറെ നേരം ആക്രമണത്തിന് വിധേയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബഗ്ഗിന് പരിഹാരം കണ്ടെത്താനും അവ പരിഹരിക്കാനുമെടുത്ത സമയത്തിനുള്ളില്‍ ഹാക്കര്‍മാര്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിയിരിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. വളരെപ്പെട്ടെന്നു തന്ന് ക്രോം അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഗൂഗിളിന്റെ മുതിര്‍ന്ന സെക്യൂരിറ്റി എന്‍ജിനീയര്‍ ജസ്റ്റിന്‍ ഷൂ ട്വിറ്റര്‍ സന്ദേശത്തില്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടത്. വളരെ ഗുരുതരമായ ഒരു ബഗ്ഗാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ കണ്ടെത്തിയ ബഗ്ഗുകള്‍ ബ്രൗസറുമായി ബന്ധമുള്ള തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ് വെയറുകളെയായിരുന്നു ആക്രമിച്ചിരുന്നത്. പുതിയ ബഗ് ക്രോം കോഡിനെ നേരിട്ട് ആക്രമിക്കുകയാണ്. അതിനാല്‍ അപ്‌ഡേറ്റ് ചെയ്ത് ബഗ് ഫിക്‌സ് ചെയ്തതിനു ശേഷം ബ്രൗസര്‍ മാനുവല്‍ റീസ്റ്റാര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്രകാരം ചെയ്യുന്നത് എക്‌സ്‌പ്ലോയിറ്റ് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത് പൂര്‍ണ്ണമായും ഇല്ലാതാക്കും. ക്രോം വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ബ്രൗസറിന്റെ മെനു ബാറിലെ ഹെല്‍പ് ഓപ്ഷന്‍ വഴിയും എബൗട്ട് ഗൂഗിള്‍ ക്രോം ഓപ്ഷന്‍ വഴിയും സാധിക്കും.
ഗൂഗിള്‍, ഫെയിസ്ബുക്ക് എന്നിവയില്‍ കൂടി പ്രചരിക്കപ്പെടുന്ന വാര്‍ത്തകളില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ മേല്‍നോട്ടത്തിന് റെഗുലേറ്ററെ നിയമിക്കണമെന്ന് ഗവണ്‍മെന്റ് പിന്തുണയോടെ നടത്തിയ റിവ്യൂ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. യുകെയുടെ വാര്‍ത്താ ഇന്‍ഡസ്ട്രിയുടെ ഭാവി സംബന്ധിച്ചുള്ള കെയണ്‍ക്രോസ് റിവ്യൂവിലാണ് ഈ നിര്‍ദേശമുള്ളത്. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ നല്‍കുന്ന സൈറ്റുകള്‍ വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാന്‍ വായനക്കാരെ സഹായിക്കണമെന്നും നിലവാരമുള്ള വാര്‍ത്തകള്‍ സംബന്ധിച്ച് അവര്‍ക്ക് അറിവ് നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ലോക്കല്‍ ജേര്‍ണലിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതിയിളവുകള്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിനേക്കാള്‍ ഉപരിയായി ഒരു പബ്ലിക് ഇന്ററസ്റ്റ് ന്യൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ആര്‍ട്‌സ് കൗണ്‍സിലിന് തുല്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വാര്‍ത്താ മേഖലയില്‍ സഹായം ആവശ്യമായ സ്ഥാപനങ്ങള്‍ക്ക് പബ്ലിക്, പ്രൈവറ്റ് ഫണ്ടുകള്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കും. ഉന്നത നിലവാരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ച് നടത്തിയ സ്വതന്ത്ര റിവ്യൂ മുന്‍ മാധ്യമപ്രവര്‍ത്തകനായ ഡെയിം ഫ്രാന്‍സസ് കെയണ്‍ക്രോസ് ആണ് നടത്തിയത്. വാര്‍ത്താ പ്രസാധകര്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ഇടയില്‍ വാര്‍ത്തകള്‍ വിതരണം ചെയ്യപ്പെടുന്നതിലുള്ള ക്രമരാഹിത്യവും അസന്തുലിതാവസ്ഥയും ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഫെയിസ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയവര്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വിശ്വസിക്കാവുന്ന വാര്‍ത്തകള്‍ ഏതാണെന്ന് വ്യക്തമാക്കിക്കൊടുക്കണം. ഏതൊക്കെ വാര്‍ത്തകള്‍ക്കായിരിക്കണം ദൃശ്യത നല്‍കേണ്ടത് എന്നകാര്യത്തില്‍ കൂടുതല്‍ സുതാര്യത വരുത്തണം. ഈ ശ്രമങ്ങളെല്ലാം മേല്‍നോട്ടത്തിന് വിധേയമായി നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈറ്റുകള്‍ ഏതു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റെഗുലേറ്റര്‍ ആദ്യഘട്ടത്തില്‍ വിലയിരുത്തും. നിയന്ത്രണങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവരാന്‍ ഇടയുള്ള നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ഗൂഗിള്‍ ന്യൂസ് യൂറോപ്പിലെ തങ്ങളുടെ സേവനങ്ങള്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചന. ലിങ്ക് ടാക്‌സ് ഏര്‍പ്പെടുത്തന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അംഗീകാരം നല്‍കിയെന്നാണ് വിവരം. സെപ്റ്റംബറില്‍ അവതരിപ്പിച്ച ഈ ലെജിസ്ലേഷന്‍ മ്യൂസിക്, സിനിമ, മീഡിയ പബ്ലിഷിംഗ് കമ്പനികളുടെ കോപ്പിറൈറ്റ് നിയമങ്ങള്‍ പുനരവലോകനം ചെയ്യുന്നു.. ഇതനുസരിച്ച് വാര്‍ത്തകള്‍ ഗൂഗിള്‍ ന്യൂസിലും യൂട്യൂബിലും ഉള്‍പ്പെടുത്തണമെങ്കില്‍ അവ തയ്യാറാക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കണം. ഗൂഗിളിന്റെ ന്യൂസ് ആപ്പിനെയും വെബ്‌സൈറ്റിനെയുമാണ് പബ്ലിഷര്‍മാര്‍ ഏറെ ആശ്രയിക്കുന്നതെങ്കിലും ഗൂഗിള്‍ നല്‍കുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍ അമിതമാകരുതെന്ന ആവശ്യം ഇവര്‍ പതിവായി ഉന്നയിക്കാറുണ്ട്. യൂറോപ്യന്‍ യൂണിയനിലെ 500 മില്യന്‍ ആളുകളില്‍ നിന്ന് ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ ഇല്ലാതായേക്കുമെന്ന സൂചനയാണ് യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിക്കാനിരിക്കുന്ന നിയമത്തിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഗൂഗിള്‍ നല്‍കിയത്. ഇത് വാര്‍ത്താ മാധ്യമങ്ങളെ ബാധിക്കാനും സാധ്യതയുണ്ട്. സ്‌പെയിനില്‍ ഇതേ വിധത്തില്‍ നികുതി ഏര്‍പ്പെടുത്താന്‍ 2014ല്‍ ഗവണ്‍മെന്റ് ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്‌പെയിനില്‍ നിന്ന് ഗൂഗിള്‍ ന്യൂസ് കമ്പനി പിന്‍വലിച്ചു. സ്പാനിഷ് ന്യൂസ് വെബ്‌സൈറ്റുകളുടെ ട്രാഫിക് ശോചനീയമായി ഇടിയുകയായിരുന്നു ഇതിന്റെ ഫലം. ഇതേ അവസ്ഥ യൂറോപ്പിലുണ്ടാകുന്നതില്‍ താല്‍പര്യമില്ലെന്നാണ് ഗൂഗിള്‍ ന്യൂസ് െൈവെസ് പ്രസിഡന്റ് പറഞ്ഞത്. ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ അവസാനിപ്പിച്ചാല്‍ പുതിയ ന്യൂസ് വെബ്‌സൈറ്റുകള്‍ക്ക് ഉപയോക്താക്കളെ ലഭിക്കാതെ വരും. കമ്പനി ഈ ആപ്പിലൂടെ ലാഭമുണ്ടാക്കുന്നില്ല. അതുകൊണ്ടു തന്നെ നിയമം പ്രാബല്യത്തിലായാല്‍ സേവനം അവസാനിപ്പിക്കുന്നതില്‍ വലിയ ബുദ്ധിമുട്ട് കമ്പനിക്കില്ലെന്നും വൈസ് പ്രസിഡന്റ് ജിന്‍ഗ്രാസ് പറഞ്ഞു. ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ കാലം അവസാനിക്കുന്നതിനു മുമ്പ് നിയമം നടപ്പാക്കിയാല്‍ യുകെയിലും ഗൂഗിള്‍ ന്യൂസ് ലഭിച്ചേക്കില്ല.
ഡേറ്റ ചോരല്‍ വിവാദത്തിനിടെ പുതിയ ഫോണ്‍ പുറത്തിറക്കി ടെക് ഭീമനായ ഗൂഗിള്‍. ഗൂഗിള്‍ പിക്‌സല്‍ 3 ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. മികച്ച ഫോട്ടോഗ്രാഫി ഫീച്ചറുകളുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഡിജിറ്റല്‍ സൂം ഫീച്ചറാണ് പ്രധാന സവിശേഷത. ഈ സാങ്കേതികത ഉപയോഗിക്കുന്നതിനാല്‍ ഒന്നില്‍ കൂടുതല്‍ ക്യാമറകള്‍ ഫോണിന്റെ പിന്നില്‍ ഉപയോഗിക്കേണ്ടി വരില്ലെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഗൂഗിള്‍ പ്ലസില്‍ വന്‍ ഡേറ്റ ചോര്‍ച്ചയുണ്ടായെന്ന് വാര്‍ത്ത പുറത്തു വന്ന ദിവസം തന്നെയാണ് ഈ പുതിയ ഫോണും അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സ്പ്രിംഗിലാണ് ഡേറ്റ ചോര്‍ന്നത്. അഞ്ചു ലക്ഷത്തോളം അക്കൗണ്ടുകളിലെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന വിവരം കമ്പനി പൂഴ്ത്തിയെന്നായിരുന്നു വാര്‍ത്തകള്‍. ഇത്രയും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരാന്‍ കാരണം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് ശരിയായ സുരക്ഷയില്ലാത്തതിനാലാണെന്നും വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ഗൂഗിള്‍പ്ലസ് സേവനങ്ങള്‍ ലഭ്യമാക്കുന്നത് നിര്‍ത്തി വെക്കുകയാണെന്ന് കമ്പനി അറിയിച്ചിരുന്നു. പിക്‌സല്‍ ഫോണുകളെ ഈ നീക്കം ബാധിക്കാനിടയില്ലെന്നാണ് കരുതുന്നത്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിലെ സേവനങ്ങളാണ് ഫോണില്‍ ലഭ്യമാകുക. ഗൂഗിള്‍ സേവനങ്ങള്‍ എല്ലാം തന്നെ ഫോണിലുണ്ടാകും. ഡിവൈസിന്റെ വശങ്ങളില്‍ അമര്‍ത്തിയാല്‍ ഗൂഗിളിന്റെ വിര്‍ച്വല്‍ അസിസ്റ്റ് ലഭ്യമാകും. ഫോട്ടോഗ്രാഫി ഫീച്ചറുകളാണ് ഫോണിന്റെ പ്രധാന പ്രത്യേകത. ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ പിന്നിലാണെങ്കില്‍ പിക്‌സല്‍ 3യില്‍ മുന്‍വശത്താണ് രണ്ടു ക്യാമറകള്‍ ഇടം പിടിച്ചിരിക്കുന്നത്. സെല്‍ഫി സ്റ്റിക്കിന്റെ ആവശ്യമില്ലാതെതന്നെ ഗ്രൂപ്പ് ഫോട്ടോകള്‍ എടുക്കാന്‍ സൗകര്യം നല്‍കുന്ന ഒരു വൈഡ് ആംഗിള്‍ ലെന്‍സാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഡിസ്റ്റോര്‍ഷനുകള്‍ ശരിയാക്കാനുള്ള സോഫ്റ്റ് വെയറും ഇതിനോട് അനുബന്ധിച്ചുണ്ട്.
RECENT POSTS
Copyright © . All rights reserved