GP
പരിശോധനയ്ക്കിടെ മുസ്ലീം സ്ത്രീയോട് നിഖാബ് മാറ്റാന്‍ ആവശ്യപ്പെട്ട ജിപിക്ക് ജോലി നഷ്ടമായേക്കും. ഡോ.കെയ്ത്ത് വൂള്‍വര്‍സണ്‍ എന്ന 52കാരനായ ഡോക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കുട്ടിയുമായി ആശുപത്രിയിലെത്തിയ സ്ത്രീ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിയാത്തതിനാലാണ് താന്‍ നിഖാബ് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും അപ്പോള്‍ യാതൊരു എതിര്‍പ്പും കൂടാതെ മുഖാവരണം മാറ്റിയ സ്ത്രീ ഒരു മണിക്കൂറിനു ശേഷം അവരുടെ ഭര്‍ത്താവ് എത്തിയപ്പോളാണ് ആശുപത്രി അധികൃതരുടെ അടുത്ത് പരാതിയുമായി എത്തിയത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് സംഭവം. ഡോ.വൂള്‍വര്‍സണ്‍ വിവേചനമാണ് കാട്ടിയതെന്ന് ആരോപിച്ച് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിലും ഇവര്‍ പരാതി നല്‍കിയിരിക്കുകയാണ്. താന്‍ തന്റെ ജോലി ശരിയായി ചെയ്യുക മാത്രമായിരുന്നുവെന്നും തനിക്കെതിരെ അനീതിയാണ് നടക്കുന്നതെന്നും ഡോ.വൂള്‍വര്‍സണ്‍ പറഞ്ഞു. മുഖാവരണം ധരിച്ചിരിക്കുന്നതിനാല്‍ ആ സ്ത്രീ പറഞ്ഞതെന്താണെന്ന് വ്യക്തമായി കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ വളരെ വിനീതമായാണ് മുഖാവരണം മാറ്റുമോ എന്ന് ചോദിച്ചത്. അവരുടെ മകള്‍ക്ക് എന്ത് അസുഖമാണെന്ന് വ്യക്തമായി കേള്‍ക്കാനും അതിനുള്ള ചികിത്സ നല്‍കാനും മാത്രമാണ് ഇപ്രകാരം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ വംശീയവാദിയല്ല, ഈ വിഷയത്തില്‍ വംശീയതയോ മതമോ ത്വക്കിന്റെ നിറമോ ഉള്‍പ്പെടുന്നുമില്ല, ആശയവിനിമയത്തിലെ വ്യക്തത മാത്രമാണ് ഇതിലെ പ്രശ്‌നമെന്ന് ഡോക്ടര്‍ പറഞ്ഞു. മുമ്പും മുസ്ലീം രോഗികളെ താന്‍ ചികിത്സിച്ചിട്ടുണ്ട്. മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. മിക്കയാളുകളും മുറിയില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ അവ മാറ്റാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുമ്പ് ഒരിക്കല്‍ പോലും താന്‍ വിലക്ക് നേരിട്ടിട്ടില്ല. ഇപ്പോള്‍ ജോലിയില്‍ നിന്ന് പുറത്തു പോകുന്ന അവസ്ഥയിലാണ്. ഇത് തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡോക്ടര്‍ നിര്‍ബന്ധിച്ചിട്ടാണ് താന്‍ മുഖാവരണം മാറ്റിയതെന്നാണ് സ്ത്രീ മൊഴി നല്‍കിയത്. അപ്രകാരം ചെയ്തില്ലെങ്കില്‍ കണ്‍സള്‍ട്ടേഷന്‍ നടത്തില്ലെന്ന് പറഞ്ഞുവെന്നും ഡോക്ടര്‍ വളരെ പരുക്കനായാണ് പെരുമാറിയതെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ പരാതി ജിഎംസിക്ക് കൈമാറി.
ഇന്‍ഹേലറുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാത്തതിനാല്‍ ആസ്ത്മ രോഗികളില്‍ അപായ സാധ്യത ഉയര്‍ന്ന നിരക്കിലെന്ന് ചാരിറ്റി. ആസ്തമ രോഗികളില്‍ പകുതിയോളം പേരും ഇന്‍ഹേലര്‍ ശരിയായ വിധത്തിലല്ല ഉപയോഗിക്കുന്നതെന്ന് ഗവേഷണങ്ങളില്‍ വ്യക്തമായിരുന്നു. ഇന്‍ഹേലര്‍ ഉപയോഗവും അവയുടെ കാര്യക്ഷമതയും പരിശോധിക്കാനുള്ള അവസരങ്ങള്‍ രോഗികളില്‍ അഞ്ചിലൊരാള്‍ക്ക് വീതം ലഭ്യമാകുന്നില്ലെന്നും ആസ്തമ യുകെ നടത്തിയ പഠനത്തില്‍ വ്യക്തമായി. 10,000 രോഗികളിലാണ് പഠനം നടത്തിയത്. 21 വിവിധ തരത്തിലുള്ള ഇന്‍ഹേലറുകളും സ്‌പേസറുകളും നേസല്‍ സ്‌പ്രേകളും എങ്ങനെയാണ് ശരിയായ ഉപയോഗിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന മൂന്നു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള വീഡിയോകളും ചാരിറ്റി പുറത്തു വിട്ടു. ആസ്തമ രോഗികള്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ചികിത്സയാണ് ഇന്‍ഹേലര്‍ എന്ന് ജിപിയും ചാരിറ്റിയുടെ ക്ലിനിക്കല്‍ തലവനുമായ ഡോ.ആന്‍ഡി വിറ്റമോര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ രോഗികള്‍ ഇന്‍ഹേലറുകളുടെ പ്രാധാന്യം മനസിലാക്കി അവ പരിശോധനാ വിധേയമാക്കാന്‍ ശ്രമിക്കാത്തത് ഗുരുതരമായ സാഹചര്യമാണ്. ഒരു ജിപിയെയൊ ആസ്തമ നഴ്‌സിനെയോ സന്ദര്‍ശിച്ചാണ് ഇത് ചെയ്യേണ്ടത്. പല വിധത്തിലുള്ള ഇന്‍ഹേലറുകള്‍ ലഭ്യമാണ്. അവയുടെ ഉപയോഗ രീതികളും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഇവയുടെ ഉപയോഗ രീതികള്‍ മനസിലാക്കുക എന്നത് രോഗികള്‍ക്കും ആരോഗ്യ വിദഗ്ദ്ധര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഇന്‍ഹേലര്‍ വാങ്ങുമ്പോള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കുന്ന രീതികള്‍ രോഗികള്‍ മറക്കുന്ന ദുശ്ശീലവും കണ്ടു വരുന്നുണ്ട്. ഇന്‍ഹേലര്‍ ശരിയായ വിധത്തിലല്ല പിടിക്കുന്നതെങ്കില്‍ മരുന്ന് പൂര്‍ണ്ണമായും ഉള്ളിലെത്തില്ല. വായില്‍ മരുന്ന് പറ്റിപ്പിടിക്കുന്നത് മറ്റു പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മരുന്ന് അകത്തേക്ക് വലിക്കുന്ന ശക്തി കുറയുന്നതും കൂടിപ്പോകുന്നതും മറ്റു തരത്തിലുള്ള പിഴവുകളാണ്. അതുപോലെ മറ്റൊരു തകരാറാണ് ഉപയോഗത്തിനു മുമ്പ് ഇന്‍ഹേലര്‍ കുലുക്കാത്തത്. വര്‍ഷത്തിലൊരിക്കല്‍ രോഗികള്‍ ഇന്‍ഹേലര്‍ ടെക്‌നിക്ക് ജിപിയുടെ അടുത്തോ ആസ്തമ നഴ്‌സിന്റെ അടുത്തോ എത്തി പരിശോധിക്കണമെന്നാണ് ദേശീയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പറയുന്നത്. ഇന്‍ഹേലര്‍ ഉപയോഗത്തിലെ പിഴവുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ആസ്തമ അറ്റാക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും ചാരിറ്റി പുറത്തിറക്കുന്ന വീഡിയോകള്‍ രോഗികള്‍ ശ്രദ്ധാപൂര്‍വ്വം കാണണമെന്നും ഡോ.വിറ്റമോര്‍ പറഞ്ഞു.
രോഗികള്‍ക്ക് ആവശ്യമായ നിയമോപദേശം നല്‍കുന്നതിന് ജിപി സര്‍ജറികളില്‍ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നു. ലീഗല്‍ എയിഡ് സിസ്റ്റത്തില്‍ 1.6 ബില്യന്‍ പൗണ്ടിന്റെ മാറ്റങ്ങളാണ് വരുത്തുന്നത്. ഫിനാന്‍സ്, ഹൗസിംഗ് തുടങ്ങിയവയില്‍ നിയമ പ്രശ്‌നങ്ങളുണ്ടെന്ന് അറിവില്ലാത്ത രോഗികള്‍ക്ക് അത് വ്യക്തമാക്കി കൊടുക്കുകയാണ് ഈ അഭിഭാഷകരുടെ ജോലിയെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ലൂസി ഫ്രേസര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകുകയും മാസങ്ങള്‍ നീളുന്ന നിയമയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്യുന്നത് ഒഴിവാക്കിക്കൊണ്ട് ദുര്‍ബലരായ ആളുകള്‍ക്ക് സഹായമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നികുതിദായകര്‍ക്ക് ആയിരങ്ങള്‍ നഷ്ടമാകുന്നതും ഇതിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ നിയമ സഹായം നല്‍കുന്ന സംവിധാനത്തിനായി മറ്റൊരു 5 മില്യന്‍ പൗണ്ടിന്റെ പദ്ധതിയും തയ്യാറാകുന്നുണ്ട്. അഭിഭാഷകരുടെ സേവനം തേടുന്നതിനായി സ്‌കൈപ്പ്, വീഡിയോ ലിങ്കുകള്‍ നല്‍കുകയാണ് ഇതില്‍ ചെയ്യുന്നത്. എഴുതിത്തയ്യാറാക്കായി ദൈര്‍ഘ്യമേറിയ വാദങ്ങള്‍ ലീഗല്‍ സബ്മിഷനുകളാക്കി മാറ്റുന്ന ആപ്പുകള്‍ അവതരിപ്പിക്കാനും ഈ പദ്ധതിയില്‍ നിര്‍ദേശമുണ്ട്. 2 ബില്യന്‍ പൗണ്ടിന്റെ വാര്‍ഷിക ബജറ്റില്‍ നിന്ന് 400 മില്യന്‍ വെട്ടിക്കുറച്ചതില്‍ ഒരു വര്‍ഷത്തോളം അവലോകനം നടത്തിയ ശേഷമാണ് ഈ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പണം ലാഭിക്കാനായി നടത്തിയ വെട്ടിക്കുറയ്ക്കല്‍ മൂലം ഒട്ടേറെയാളുകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട അഭയാര്‍ത്ഥി കുട്ടികള്‍, രക്ഷാകര്‍തൃത്വ തര്‍ക്കത്തിനിടയില്‍ പെട്ടിരിക്കുന്ന കുട്ടികള്‍ എന്നിവര്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്ന വിധത്തിലേക്ക് ലീഗല്‍ എയിഡ് പരിപാടികള്‍ വികസിപ്പിക്കും. നിയമസഹായത്തിനായുള്ള വരുമാന പരിധി വര്‍ദ്ധിപ്പിക്കുമെന്നും ഫ്രേസര്‍ അറിയിച്ചു നിലവില്‍ 733 പൗണ്ട് വരെ മാത്രം മാസവരുമാനമുള്ളവര്‍ക്കാണ് സൗജന്യ നിയമ സഹായം ലഭിക്കാന്‍ അര്‍ഹതയുള്ളത്.
ലണ്ടന്‍: യു.കെയിലെ ഫാമിലി ഡോക്ടര്‍മാരുടെ വര്‍ദ്ധിച്ചു വരുന്ന ജോലി ഭാരം കുറയ്ക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരാനൊരുങ്ങി എന്‍.എച്ച്.എസ്. സമീപകാലത്ത് ജി.പിമാരുടെ എണ്ണത്തിലുണ്ടായ കുറവ് ഡോക്ടര്‍മാരുടെ ജോലിഭാരം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മിക്കവരും അധിക സമയം ജോലിയെടുക്കുന്നവരാണെന്നും ചിലര്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍.എച്ച്.എസ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പത്ത് മുതല്‍ പതിനഞ്ച് വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളാക്കി രോഗികളെ പരിശോധിക്കാനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. എന്‍.എച്ച്.എസ് പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളോടപ്പം ഗ്രൂപ്പ് കണ്‍സള്‍ട്ടേഷന്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം അവസാനമാണ് എന്‍.എച്ച്.എസ് പത്ത് വര്‍ഷത്തെ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. പുതിയ നീക്കത്തെ ജി.പിമാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ജോലിഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് പലരുടെയും പ്രതീക്ഷ. ലണ്ടന്‍, ന്യൂകാസില്‍, മാഞ്ചസ്റ്റര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഗ്രൂപ്പ് കണ്‍സള്‍ട്ടേഷന്‍ സംബന്ധിച്ച പൈലറ്റ് സ്റ്റഡി നടന്നു കഴിഞ്ഞു. സമാന രോഗാവസ്ഥയുള്ള പത്ത് മുതല്‍ പതിനഞ്ച് വരെ രോഗികളെയാണ് ഗ്രൂപ്പുകളാക്കി തിരിച്ച് പരിശോധിച്ചത്. സമാന നിര്‍ദേശങ്ങള്‍ നിരവധി പേര്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കേണ്ട അവസ്ഥ ഗ്രൂപ്പ് കണ്‍സള്‍ട്ടേഷന്‍ സമയത്തുണ്ടാകുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗ്രൂപ്പ് കണ്‍സള്‍ട്ടേഷന്‍ തികച്ചും ക്രിയാത്മകവും ഫലപ്രദവുമാണെന്ന് കഴിഞ്ഞ ദിവസം റോയല്‍ കോളേജ് ഓഫ് ജി.പി ആന്യുല്‍ കോണ്‍ഫറന്‍സ് വ്യക്തമാക്കി. അതേസമയം പുതിയ നീക്കം മിക്ക രോഗികളിലും എതിര്‍ത്തു. പത്ത് മുതല്‍ പതിനഞ്ച് വരെ അപരിചതരായ ആളുകള്‍ക്കിടയില്‍ ഇരുന്ന് തങ്ങളുടെ രോഗാവസ്ഥ വിവരിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് രോഗികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം പൊണ്ണത്തടി, ഡയബെറ്റിസ്, ഇറക്ടൈല്‍ ഡിസ്ഫങ്ഷന്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഗ്രൂപ്പ് കണ്‍സള്‍ട്ടേഷന്‍ ഗുണം ചെയ്യുമെന്ന് നിരീക്ഷകര്‍ പറയുന്നു.
ബ്രിട്ടനിലെ ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി ഇല്ലാതാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി ഡോക്ടര്‍മാര്‍. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ഇനി മുതല്‍ ജിപിമാര്‍ രോഗികള്‍ക്ക് ക്ലാസുകള്‍ നല്‍കണമെന്ന് റോയല്‍ കോളേജ് ഓഫ് ജീപീസ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ നിര്‍ദേശം. സമീകൃതമായ ഡയറ്റ് എങ്ങനെ തയ്യാറാക്കാമെന്നതില്‍ പരിശീലനം നല്‍കാന്‍ വാരാന്ത്യത്തില്‍ തങ്ങളുടെ പ്രാക്ടീസുകളില്‍ വെച്ച് കുക്കറി ക്ലാസുകള്‍ നടത്താന്‍ ജിപിമാര്‍ തയ്യാറാകണമെന്നും നിര്‍ദേശമുയര്‍ന്നു. രോഗികള്‍ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വളരെ വലിയ പങ്കു വഹിക്കാനുണ്ടെന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ജിപിമാര്‍ക്കു വേണ്ടി ആരോഗ്യകരമായ റെസിപ്പികളുടെ ഒരു നിര തന്നെ തയ്യാറാക്കി വരികയാണെന്ന് നോണ്‍ പ്രോഫിറ്റ് ഏജന്‍സിയായ കൂളിനറി മെഡിസിന്‍ യുകെയിലെ ഡോ. അഭിനവ് ബന്‍സാലി പറഞ്ഞു. ന്യൂട്രീഷനിലും കുക്കിംഗിലും ജിപിമാര്‍ക്ക് പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഏജന്‍സിയെന്നും ലണ്ടനിലെ ജോര്‍ജ്‌സ് ഹോസ്പിറ്റലില്‍ ഇന്റന്‍സീവ് കെയറില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ബന്‍സാലി വ്യക്തമാക്കി. രോഗികള്‍ക്ക് റെസിപ്പി കാര്‍ഡുകള്‍ നല്‍കാനും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നിര്‍ദേശിക്കുന്ന വെബ്‌സൈറ്റുകള്‍ കാട്ടിക്കൊടുക്കാനുമുള്ള നിര്‍ദേശത്തെ ഡോക്ടര്‍മാര്‍ സ്വാഗതം ചെയ്യുമെന്ന് റോയല്‍ കോളേജ് ഓഫ് ജിപീസ് ചെയര്‍മാന്‍ പ്രൊഫ.ഹെലന്‍ സ്‌റ്റോക്ക്‌സ് ലാംപാര്‍ഡ് പറഞ്ഞു. പല രോഗികള്‍ക്കും തങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ മാറ്റണമെന്ന് ആഗ്രഹമുള്ളവരാണ്. എന്നാല്‍ അതിനാവശ്യമായ ഉപദേശങ്ങള്‍ അവര്‍ക്ക് ലഭ്യമാകുന്നില്ല. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തില്‍ ഏറെ ഉള്‍പ്പെടുത്തണമെന്നും പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നുമൊക്കെ രോഗികള്‍ക്ക് അറിയാം. എന്നാല്‍ അത് കൃത്യമായി എങ്ങനെ നടപ്പാക്കണമെന്നതില്‍ ആശയക്കുഴപ്പമുണ്ട്. അവ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞു കൊടുക്കാനാകും. 10 പൗണ്ടില്‍ താഴെ മാത്രം ചെലവു വരുന്ന റെസിപ്പികള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഡോ.ബന്‍സാലി വെളിപ്പെടുത്തി.
RECENT POSTS
Copyright © . All rights reserved