Greater Manchester
മാഞ്ചസ്റ്റര്‍: യാത്രക്കാരെ ഡ്രോപ്പ് ഓഫ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ വിമാനത്താവളം. കിസ് ആന്‍ഡ് ഫ്‌ളൈ ഡ്രോപ്പ് ഓഫ് ലെയിനുകള്‍ ഇല്ലാതാക്കാനാണ് തീരുമാനം. 5 മിനിറ്റിന് 3 പൗണ്ട് വീതം ചാര്‍ജ് ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ഒഴിവാക്കണമെങ്കില്‍ ഒരു മൈല്‍ ദൂരത്ത് നിന്നുള്ള ഷട്ടില്‍ ബസില്‍ കയറി വിമാനത്താവളത്തില്‍ എത്താം. വിമാനത്താവള പരിസരത്ത് വാഹനത്തിരക്ക് വര്‍ദ്ധിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ വിമാനത്താവളത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള സൗകര്യം ദുരുപയോഗം ചെയ്ത് അനാവശ്യ ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ ഈ നടപടി അനിവാര്യമാണെന്ന് ഒരു പക്ഷം പറയുമ്പോള്‍ യാത്രക്കെത്തുന്നവരുടെ അവസാന പെന്നി വരെ ഊറ്റിയെടുക്കാനുള്ള തന്ത്രമാണ് അധികൃതരുടേതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. ടെര്‍മിനല്‍ ഫോര്‍കോര്‍ട്ടുകളിലും ട്രെയിന്‍ സ്‌റ്റേഷനിലും അഞ്ച് മിനിറ്റിന് 3 പൗണ്ടായിരിക്കും ഈടാക്കുക. പത്ത് മിനിറ്റുവരെയുള്ള സമയത്തിന് 4 പൗണ്ടും ഈടാക്കും. ജൂണ്‍ മുതല്‍ ഇത് നടപ്പിലാകും. തോര്‍ലി ലെയിനില്‍ ഒരു ഫ്രീ ഓഫ് സൈറ്റ് ഡ്രോപ്പ് ഓഫ് കാര്‍ പാര്‍ക്ക് സ്ഥാപിക്കും. ദീര്‍ഘകാല പാര്‍ക്കിംഗുകള്‍ക്കുള്ള ജെറ്റ് പാര്‍ക്‌സ് 1 നടുത്ത് നിന്ന് ഷട്ടില്‍ ബസ് സര്‍വീസും ആരംഭിക്കും. എന്നാല്‍ നിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ഭൂരിപക്ഷം പേരും എതിര്‍ക്കുകയാണെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിമാനത്താവളത്തിലെത്തുന്നവര്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
മാഞ്ചസ്റ്റര്‍: ബ്രിട്ടനില്‍ മീസില്‍സ് പടരുന്നു. പ്രധാന നഗരങ്ങളായ വെസ്റ്റ് യോര്‍ക്ക്ഷയര്‍, ചെഷയര്‍ ആന്റ് ലിവര്‍പൂള്‍, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, സറേ, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പകര്‍ച്ചവ്യാധി മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാന്‍ സാധ്യത കുറവാണെങ്കിലും സമീപ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. മീസില്‍സ് ബാധയാണെന്ന് സംശയം തോന്നിയാല്‍ ജി.പിമാരെ കാണുകയോ എന്‍.എച്ച്.എസ് 111ല്‍ വിളിക്കുകയോ ചെയ്യണമെന്നും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണമെന്നുമാണ് നിര്‍ദേശം. ജനുവരി 9വരെ വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ 34ഉം ചെഷയര്‍ ആന്റ് ലിവര്‍പൂളില്‍ 29ഉം വെസ്റ്റ് മിഡ്ലാന്‍ഡില്‍ 32ഉം സറെയില്‍ 20ഉം ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ 7ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാക്സിനേഷന്‍ എടുക്കാത്തവര്‍ മീസില്‍സ് പടര്‍ന്നു പിടിച്ചിരിക്കുന്ന രാജ്യങ്ങളായ റുമേനിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് അപകട സാധ്യതയുണ്ടാക്കുമെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനുകള്‍ നിങ്ങള്‍ എടുത്തിട്ടില്ലെങ്കില്‍ ജിപിമാരെ സമീപിക്കാനും നിര്‍ദേശമുണ്ട്. വാക്‌സിന്‍ എടുക്കാത്തവരിലും മുമ്പ് ഈ രോഗം ബാധിക്കാത്തവരിലും മീസില്‍സ് വരാനുള്ള സാധ്യത ഏറെയാണ്. കുട്ടികള്‍ക്ക് ഇത് അപകടകരമായേക്കാം. ഏഴ് മുതല്‍ 10 ദിവസം വരെ രോഗം നീണ്ടുനിന്നേക്കാം. കുട്ടികള്‍ക്ക് നല്‍കുന്ന രണ്ട് ഡോസ് എംഎംആര്‍ വാക്‌സിനുകള്‍ എടുക്കാത്തവര്‍ എത്രയും പെട്ടന്ന് വാക്‌സിനുകളെടുത്ത് കുട്ടികളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കണമെന്ന് ഇമ്യുണൈസേഷന്‍ മേധാവി ഡോ. മേരി റാംസേ അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ജി.പിയുമായി ബന്ധപ്പെടണമെന്നും റാംസേ കൂട്ടിച്ചേര്‍ത്തു. സാധാരണ പനിയുടെ ലക്ഷണങ്ങളായ മൂക്കടപ്പ്, തുമ്മല്‍, കണ്ണുകള്‍ നിറയുക തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. കണ്‍പോളകളിലെ വീക്കം, കണ്ണുകള്‍ ചുവന്ന് തുടുക്കുകയും പ്രകാശത്തിലേക്ക് നോക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുക, 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന പനി, വായില്‍ വെള്ളയും ചാര നിറത്തിലുമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുക, ശരീര വേദന, ചുമ, ഭക്ഷണത്തോട് വിരക്തി, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാവരിലും എല്ലാ ലക്ഷണങ്ങളും കാണണമെന്നില്ല. ലക്ഷണങ്ങള്‍ കണ്ടാല്‍ ജിപിമാരുടെ സഹായം തേടണമെന്നാണ് നിര്‍ദേശം.
RECENT POSTS
Copyright © . All rights reserved