Hackers
ഹാക്കര്‍മാര്‍ വാഹന സംബന്ധിയായ വ്യാജ വിവരങ്ങള്‍ മെയിലുകള്‍ അയക്കുന്നത് വഴി വലിയ തട്ടിപ്പിന് ശ്രമിക്കുന്നതായി ഡ്രൈവേഴ്‌സ് ആന്റ് ലൈസന്‍സിംഗ് ഏജന്‍സിയുടെ (ഡി.വി.എല്‍.എ) മുന്നറിയിപ്പ്. യു.കെ സര്‍ക്കാരിന് കീഴില്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമായ സേവനങ്ങള്‍ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ പണം തട്ടുന്ന ഇടനിലക്കാരും സജീവമാണെന്ന് ഡി.വി.എല്‍.എ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് ഇത്തരം തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവന്നതോടെ ഒരു വാഹന ഉടമയാണ് ഡി.വി.എല്‍.എയെ പരാതിയുമായി സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡി.വി.എല്‍.എ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. വാഹനമോ ലൈസന്‍സ് ലഭ്യമാക്കുന്നതോ അല്ലേങ്കില്‍ ഓണ്‍ലൈന്‍ സഹായം വാഗ്ദാനം ചെയ്‌തോ ആണ് ആദ്യഘട്ടത്തില്‍ മെയില്‍ ലഭിക്കുക. പിന്നീട് ഉപഭോക്താവ് മറുപടി അയക്കുകയാണെങ്കില്‍ ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ നിങ്ങളെ അവരറിയിക്കും. നികുതി അടയ്‌ക്കേണ്ട തിയതി കഴിഞ്ഞതാണെന്ന് തുടങ്ങി വ്യാജമായതെന്നും ഉപഭോക്താവിനെ ധരിപ്പിക്കാനായിരിക്കും ആദ്യഘട്ടത്തില്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുക. പിന്നീട് പണം നഷ്ടമായാല്‍ മാത്രമെ നമുക്ക് തട്ടിപ്പിനെക്കുറിച്ച് ബോധ്യം വരികയുള്ളു. വ്യക്തി വിവരങ്ങള്‍ കൈമാറാനോ പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തങ്ങള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.വി.എല്‍.എ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ച് ലഭിക്കുന്ന മെയിലുകള്‍ തുറക്കാതെ തന്നെ ഡിലീറ്റ് ചെയ്യുന്നതായിരിക്കും ഉചിതമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പബ്ലിക് പ്ലാറ്റ് ഫോമുകളായി സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ലൈസന്‍സോ വാഹനസംബന്ധിയായ രേഖകളെ ഷെയര്‍ ചെയ്യുന്നത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നും ഡി.വി.എല്‍.എ മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ 03001232040 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഡി.വി.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്. യു.കെയില്‍ സൈബര്‍ ആക്രമണമുണ്ടാകുമെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഡി.വി.എല്‍.എ തട്ടിപ്പ് വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ 1167 ലേറെ സൈബര്‍ പ്രശ്‌നങ്ങളെ നേരിട്ട ഗ്രൂപ്പാണ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍.
പേസ്‌മേക്കറുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഹൃദയ ചലനത്തെ നിയന്ത്രിക്കുന്നതിനായി പേസ്‌മേക്കറുകള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഏകദേശം 35,000 രോഗികള്‍ യുകെയില്‍ ജീവിക്കുന്നുണ്ട്. ജീവന്‍ രക്ഷിക്കുന്നതിനായി ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫൈബ്രിലേറ്റേഴ്‌സ് (ICDs) ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള രോഗികളുടെ എണ്ണം 13,000ത്തിലധികം വരും. ജീവന്‍ നിലനിര്‍ത്തുന്നതിനായ ഘടിപ്പിച്ചിട്ടുള്ള ഇത്തരം കുഞ്ഞ് ഉപകരണങ്ങള്‍ രാഷ്ട്രീയ സാമ്പത്തിക ലാഭത്തിനായി ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ കോളെജ് ഓഫ് കാര്‍ഡിയോളജി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. നെഞ്ചിലോ ഹൃദയത്തിന് മുകളിലോ ആയി ഘടിപ്പിച്ചിരിക്കുന്ന ഈ ഉപകരണങ്ങള്‍ ഹൃദയ ചലനങ്ങള്‍ കൃത്യമല്ലെങ്കില്‍ ചെറു വൈദ്യുത തരംഗങ്ങള്‍ ഉണ്ടാക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കുകയും ചെയ്യും. രോഗികളുടെ നില ഗുരുതരമാണെങ്കില്‍ അവരുടെ ഡോക്ടറെ വിവരമറിയിക്കാനും ഈ ഉപകരണങ്ങള്‍ക്ക് കഴിവുണ്ട്. ഹാക്കര്‍മാര്‍ക്ക് പേസ്‌മേക്കറുകളുടെ സോഫ്റ്റ്‌വെയറുകളില്‍ അനധികൃതമായി ലോഗിന്‍ ചെയ്ത് അകത്തു കടക്കാനും പേസ് മേക്കറുകളുടെ ബാറ്ററി ലെവലിനെ നിയന്ത്രിക്കാനും കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫൈബ്രിലേറ്റേഴ്‌സിന്റെ കാര്യമെടുത്താല്‍ ഹൃദയ ചലനം നിര്‍ത്താനുള്ള വൈദ്യൂത തരംഗങ്ങള്‍ നിര്‍മ്മിക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഈ ഉപകരണങ്ങളെ വൈറസ് ഉപയോഗിച്ചോ ഇന്‍അഡ്വെര്‍ട്ടെന്റ് ഹാക്കിംഗ് രീതി ഉപയോഗിച്ചോ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. പേസ്‌മേക്കറുകള്‍ക്കും ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫൈബ്രിലേറ്റേഴ്‌സിനും ഹാക്കര്‍മാരുടെ ഭീഷണി നിലനില്‍ക്കുന്നതായി ഇവയുടെ നിര്‍മ്മാതാക്കള്‍ക്കും രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പേസ്‌മേക്കറുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഡിയോവാസ്‌ക്യുലാര്‍ ഇംപ്ലാന്‍ബിള്‍ ഇലക്ട്രോണിക് ഡിവൈസിനെ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം ഹാക്കിംഗിന് സാധ്യതകള്‍ കുറവാണെന്ന് പഠനം നടത്തിയ പ്രൊഫസര്‍ ധനഞ്ജയ ലാക്കിറെഡ്ഡി പറയുന്നു. മാല്‍വെയര്‍ അല്ലെങ്കില്‍ റാന്‍സംവെയര്‍ ആക്രമണങ്ങള്‍ ആശുപത്രി നെറ്റ്‌വര്‍ക്കുകളുടെ ആശയവിനിമയത്തെ ബാധിക്കുന്ന വിധത്തില്‍ ആസൂത്രണം ചെയ്യാനാണ് സാധ്യതകളെന്നും ലാക്കിറെഡ്ഡി പറയുന്നു. കാര്‍ഡിയാക് പേസ്‌മേക്കറുമായി ബന്ധിപ്പിക്കുന്ന വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ഹാക്കര്‍മാര്‍ ആക്രമിക്കുമെന്ന ഭീതി മൂലം വിച്ഛേദിച്ചിരിക്കുകയാണെന്ന് 2013ല്‍ മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡിക്ചീനി പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക് ഇന്ന് ഫെബ്രുവരി 6 ലോകമെങ്ങും സേഫർ ഇൻറർനെറ്റ് ദിനമായി ആചരിക്കുകയാണ്. കുട്ടികളും യുവാക്കളും ഉപയോഗിക്കുന്ന ഡിജിറ്റല്‍ സാങ്കേതിക ലോകത്തെ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേഫർ ഇൻറര്‍നെറ്റ് ദിനം ആചരിക്കുന്നത്. ഈ വര്‍ഷത്തെ സേഫർ ഇന്റര്‍നെറ്റ് ദിനം മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം ക്രിയേറ്റ്, കണക്ട്, ആന്‍ഡ് ഷെയര്‍ റെസ്‌പെക്റ്റ്; ഒരു മികച്ച ഇന്റര്‍നെറ്റ് നിങ്ങളിലൂടെ ആരംഭിക്കുന്നു' എന്നതാണ്. ചൈല്‍ഡ്‌നെറ്റ്, സൗത്ത് വെസ്റ്റ് ഫോര്‍ ലേണിംഗ്, ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റികളാണ് ചേര്‍ന്നാണ് സേഫർ ഇന്റര്‍നെറ്റ് ദിനം ആചരിക്കുന്നത്. 15 ശതമാനത്തോളം ജനങ്ങള്‍ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ചോരുന്നുണ്ടോയെന്ന് ഭയപ്പെടുന്നവരാണെന്ന് റോ.കോ.യുകെ നടത്തിയ സര്‍വ്വേയില്‍ പറയുന്നു. 6.7 ശതമാനം വരുന്ന ബ്രിട്ടിഷ് പൗരന്‍മാരും സ്വന്തം ലാപ്‌ടോപ് ക്യാമറയില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ഉപയോഗിക്കുന്നവരാണ്. എന്തിനേറെ പറയുന്നു ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പോലും ഇത്തരത്തില്‍ ലാപ്‌ടോപ് ക്യാമറയില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ഉപയോഗിക്കുന്നയാളാണ്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ തട്ടിയെടുക്കുന്ന ഹാക്കര്‍മാര്‍ ഓണ്‍ലൈനില്‍ സജീവമാണ്. 32.5 ശതമാനം പുരുഷന്‍മാരും 3.8 ശതമാനം സ്ത്രീകളും ദിവസവും ലൈംഗിക വീഡിയോകള്‍ കാണുന്നവരാണെന്ന് 2014 പുറത്തിറങ്ങിയ ഒരു സര്‍വ്വേ പറയുന്നു. ഇവരില്‍ മിക്കവരും തങ്ങളുടെ ലാപ്‌ടോപ് ക്യാമറകള്‍ ഹാക്ക് ചെയ്യപ്പെട്ടിണ്ടോയെന്ന് വ്യാകുലപ്പെടുന്നവരാണെന്നും സര്‍വ്വേ പറയുന്നു. സുരക്ഷിതമായി ഇൻറർനെറ്റ് ഉപയോഗിക്കാനുതകുന്ന ചില പൊടിക്കൈകള്‍ ഇതാ.. 1. വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും നമ്പരുകളും ഉള്‍പ്പെടുന്ന 8 അക്ഷരങ്ങളില്‍ കൂടുതലുള്ള പാസ്‌വേഡുകള്‍ ഉപയോഗിക്കുക. 2. പബ്ലിക്ക് വൈഫൈ ഉപയോഗിച്ച് ബാങ്കിങ് ഇടപാടുകള്‍ നടത്താതിരിക്കുക 3. ബാങ്കുകളില്‍ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന വിശ്വസ്തമല്ലാത്ത ഇമെയില്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക 4. വ്യത്യസ്തമായ വെബ്‌സൈറ്റുകള്‍ക്ക് വ്യത്യസ്തമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക 5. ഒരിക്കല്‍ ഉപയോഗിച്ച പാസ്‌വേഡുകള്‍ വീണ്ടും ഉപയോഗിക്കാതിരിക്കുക. 6. ആന്റി വൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക. 7. അപരിചിതരായ ആളുകളുടെ ഫേസ്ബുക്ക് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുക. 8. വ്യക്തിപരമായി വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നല്‍കുമ്പോള്‍ സൂക്ഷിക്കുക. 9. മോഷ്ടിക്കപ്പെട്ട ഫോണുകളില്‍ നിന്ന് സ്വകാര്യവിവരങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഫൈന്‍ഡ് മൈ ഐഫോണ്‍, ആന്‍ഡ്രോയിഡ് ലോസ്റ്റ്, ബ്ലാക്ക്‌ബെറി പ്രോട്ടക്റ്റ് എന്നീ ആപ്പുകള്‍ ഉപയോഗിക്കുക. 10. വിശ്വാസ്യതയുള്ള വെബ്‌സൈറ്റുകളില്‍ നിന്ന് മാത്രം ഷോപ്പിംഗ് നടത്തുക. 11. എടിഎം വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ സൂക്ഷിക്കാതിരിക്കുക. 12. ഫോണുകളും കമ്പ്യൂട്ടറുകളും പാസ്‌വേഡുകള്‍ ഉപയോഗിച്ച് സൂക്ഷിക്കുക.
ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്താനുള്ള പാക്-ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ഒരു സൈനിക ഉദ്യോഗസ്ഥനും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാനും ചേര്‍ന്നാണ് സൈബര്‍ ആക്രമണം നടത്താനുള്ള പാക്-ചൈനീസ് ഹാക്കര്‍മാരുടെ നീക്കത്തെ തകര്‍ത്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടുള്ള അക്കൗണ്ടുകളില്‍ കടന്നു കയറാന്‍ ശ്രമം നടക്കുന്നതായി മനസ്സിലാക്കിയ സൈനികന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഹാക്കിംഗ് ശ്രമം പരജയപ്പെടുത്താനായത്. തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ ഇത്തരം ശ്രമങ്ങള്‍ നിരന്തരം നടക്കുന്നതായിട്ടാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹാക്കിംഗ് ശ്രമം മനസ്സിലാക്കിയ സൈനികന്‍ മറ്റോരു റിട്ടയര്‍ഡ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഹാക്കര്‍മാരെ തുരത്തിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിശിഷ്ടസേവാ മെഡല്‍ നേടിയ ജവാനാണ് ഉദ്യോഗസ്ഥന്റെ സഹായത്തിന് എത്തിയത്. ഇരുവരുടെയും പേരുവിവരങ്ങള്‍ സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇലക്ട്രിക്കല്‍ ഗ്രിഡുകള്‍ വിഛേദിക്കാനും ഇന്റര്‍നെറ്റ് ബന്ധം താറുമാറാക്കാനും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍ തോതില്‍ പണം തട്ടിയെടുക്കാനും ഹാക്കര്‍മാര്‍ ശ്രമിച്ചുവരികയായിരുന്നു. ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിരന്തരം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലുണ്ടായ സൈബര്‍ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ 8 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രശ്‌ന ബാധിത മേഖലയില്‍ നിന്ന് നിരവധി പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.
RECENT POSTS
Copyright © . All rights reserved