Health Care
മുതിര്‍ന്ന ബ്രിട്ടീഷുകാരുടെ ശരാശരി ആയുസ്സ് നേരത്തേ പ്രവചിച്ചതിനേക്കാള്‍ ആറു മാസം കുറഞ്ഞതായി റിപ്പോര്‍ട്ട്. ദീര്‍ഘായുസ്സ് സംബന്ധിച്ചുള്ള പ്രവചനങ്ങളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് ഇതെന്നാണ് വിവരം. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ആയുസ്സില്‍ ഇത്രയും ഇടിവുണ്ടാകാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്താന്‍ യുകെ പൗരന്‍മാരുടെ ലൈഫ് എക്‌സ്‌പെക്റ്റന്‍സി കണക്കാക്കുന്ന ഏജന്‍സിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഫാക്കല്‍റ്റി ആക്ച്വറീസ് വിസമ്മതിച്ചു. പെന്‍ഷന്‍ വ്യവസായത്തെ ആശ്രയിച്ചാണ് ഏജന്‍സി ഈ കണക്കുകള്‍ തയ്യാറാക്കുന്നത്. ശരാശരി ആയുസ് കുറയാന്‍ കാരണമായി ചെലവുചുരുക്കല്‍ നയത്തെയും എന്‍എച്ച്എസ് ഫണ്ട് കട്ടുകളെയും ചില വിദഗ്ദ്ധന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ജനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അമിത വണ്ണം, ഡിമന്‍ഷ്യ, പ്രമേഹം തുടങ്ങിയവയാണ് ഇതിന് കാരണമെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. പുതിയ നിഗമനം അനുസരിച്ച് ഇപ്പോള്‍ 65 വയസുള്ള പുരുഷന്‍മാര്‍ക്ക് 86.9 വയസു വരെയാണ് ശരാശരി ആയുസ്സ് പ്രവചിക്കുന്നത്. നേരത്തേ ഇത് 87.4 വയസു വരെ എന്നായിരുന്നു കണക്കാക്കിയത്. 65 വയസുള്ള സ്ത്രീകള്‍ക്ക് 89.2 വയസാണ് ശരാശരി ആയുസ്സ്. 89.7 വയസായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്. 2010-11ലാണ് ഈ വിധത്തിലുള്ള മാറ്റം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. കീഴ് വഴക്കങ്ങളില്‍ നിന്നുള്ള ഒരു വ്യതിയാനമായി മാത്രമാണ് ഇത് കണക്കാക്കിയിരുന്നത്. എന്നാല്‍ ആയുസ്സ് കുറയുന്നതിന്റെ നിരക്ക് പിന്നീട് ഉയരുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്തലില്‍ രണ്ടു മാസത്തോളം ശരാശരി ആയുസ്സില്‍ കുറവുണ്ടായി. എന്നാല്‍ ഈ വര്‍ഷം വീണ്ടും ആറു മാസം കൂടി കുറയുകയായിരുന്നു. 2015ലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ പുരുഷന്‍മാരുടെ ആയുസ്സ് 13 മാസവും സ്ത്രീകളുടെ ആയുസ്സ് 14 മാസവും കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ നയങ്ങളെയും സാമ്പത്തിക വ്യവസ്ഥയെയും ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്ന ഒരു ഘടകമാണ് ലൈഫ് എക്‌സ്‌പെക്ടന്‍സി. 2037ഓടെ സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം 68 ആയി ഉയര്‍ത്താന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. ഇത് 70 ആക്കി മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ നടപടികളെ പിന്നോട്ടു വലിക്കുമെന്നാണ് കരുതുന്നത്.
ശരീരഭാരം വര്‍ദ്ധിക്കുന്നതാണ് ഇക്കാലത്തെ ഏറ്റവും പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്ന്. ലൈഫ് സ്റ്റൈല്‍ രോഗങ്ങളില്‍ വില്ലനാകുന്നതും ഇതു തന്നെ. മിക്ക രോഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ആദ്യ പ്രതിവിധി ശരീരഭാരം കുറയ്ക്കുക എന്നതു തന്നെയാണ്. ഇതിനായി ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പക്ഷേ തെറ്റിദ്ധരിപ്പിക്കുന്ന പല നിര്‍ദേശങ്ങളും ഭക്ഷണ നിയന്ത്രണത്തിന്റെ കാര്യത്തില്‍ പ്രചാരത്തിലുണ്ട്. ഇവ പലപ്പോഴും ആരോഗ്യത്തിന് ദോഷകരമാകുന്നതുമാണ്. ഇത്തരം അബദ്ധങ്ങളില്‍ ചാടാതെ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് ചില മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവ പരിചയപ്പെടാം. വെള്ളം കൂടുതല്‍ കുടിക്കുക, മദ്യം കുറയ്ക്കുക കൂടുതല്‍ വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നത് തടയും. വൈന്‍, മറ്റു മദ്യങ്ങള്‍ എന്നിവയില്‍ നാം കരുതുന്നതിനേക്കാള്‍ അധികം കലോറി അടങ്ങിയിട്ടുണ്ട്. രണ്ട് ഗ്ലാസ് വൈനില്‍ ഒരു ബര്‍ഗറില്‍ അടങ്ങിയിരിക്കുന്നതിനു സമാനമായ കലോറിയാണ് ഉള്ളത്. ഇത് ഇല്ലാതാക്കണമെങ്കില്‍ അര മണിക്കൂറെങ്കിലും ഓടിയാലേ സാധിക്കൂ. ഫൈബര്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക ഫൈബര്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. ഇവ കുറച്ചു കഴിക്കുമ്പോള്‍ തന്നെ വയറ് നിറഞ്ഞതായി അനുഭവപ്പെടും. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ഗ്രെയിന്‍ ബ്രെഡ്, ബ്രൗണ്‍ റൈസ്, ബീന്‍സ്, പീസ്, ലെന്റില്‍സ്, ഓട്‌സ് തുടങ്ങിയവ നാരുകള്‍ ഏറെയുള്ള ഭക്ഷണങ്ങളാണ്. ഡയറ്റിന്റെ പേരില്‍ ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക ചില ഡയറ്റ് അഡൈ്വസുകളില്‍ പ്രത്യേക ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇത് ശരിയായ രീതിയല്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്‍എച്ച്എസ് ചോയ്‌സസ് വെബ്‌സൈറ്റ് പറയുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങള്‍ ഒരിക്കലും ഡയറ്റില്‍ നിന്ന് ഒഴിവാക്കരുതെന്നാണ്. അങ്ങനെ ചെയ്യുന്നത് അവയോടുള്ള അഭിനിവേശം വര്‍ദ്ധിപ്പിക്കുകയേയുള്ളു. നിങ്ങളുടെ ദൈനംദിന കലോറി അലവന്‍സിനുള്ളില്‍ നിന്നുകൊണ്ട് ഏതു ഭക്ഷണവും നിങ്ങള്‍ക്ക് കഴിക്കാം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക ആരോഗ്യകരമായ ജീവിതത്തിനു ശരീരത്തിലെത്തുന്ന കലോറി കുറയ്ക്കുന്നതിനും ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇവയില്‍ കലോറിയും കൊഴുപ്പും കുറവാണെന്ന് മാത്രമല്ല നാരുകള്‍ നിറഞ്ഞതുമാണ്. സീരിയലിലോ യോഗര്‍ട്ടിലോ ബെറികളും വാഴപ്പഴവും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഗ്രില്‍ഡ് മഷ്‌റൂമോ ടൊമാറ്റോയോ മുട്ടയുടെ കൂടെ കഴിക്കാം. ഫ്രൂട്ട് സമൂത്തികള്‍ പഞ്ചസാര ചേര്‍ക്കാതെ ഉപയോഗിക്കാം. ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക ഭക്ഷണം കൃത്യ സമയത്ത് കഴിക്കുകയെന്നതും പ്രധാനമാണ്. ഇടയ്ക്ക് സ്‌നാക്കുകള്‍ കഴിക്കുന്നത് ഒഴിവാക്കുകയും വേണം. ഒരാഴ്ചയില്‍ എന്തൊക്കെ കഴിക്കാമെന്നതിന് ഒരു പ്ലാന്‍ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ ഷോപ്പിംഗ് നടത്തുകയാണ് നല്ലത്. കൂടുതല്‍ വ്യായാമം ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക ശരീരത്തിന് കൂടുതല്‍ വ്യായാമം ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. സജീവമായിരിക്കുന്നത് കലോറികള്‍ എരിച്ചു കളയാന്‍ മികച്ച മാര്‍ഗ്ഗമാണ്. നീന്തല്‍, കുട്ടികളുമായി പാര്‍ക്കില്‍ എന്തെങ്കിലും കളികളില്‍ ഏര്‍പ്പെടുക, ജോഗിംഗ് നടത്തുകയോ ജോലിക്കായി സൈക്കിളില്‍ പോകുന്നത് ശീലമാക്കുകയോ ചെയ്യുക. ഫുഡ് ലേബലുകള്‍ വായിക്കുന്നത് ശീലമാക്കുക ഭക്ഷണ സാധനങ്ങളുടെ ലേബലുകളില്‍ അവയില്‍ അടങ്ങിയിരിക്കുന്ന കലോറി മൂല്യം രേഖപ്പെടുത്തിയിരിക്കും. അവ വായിക്കുന്നത് ശീലമാക്കിയാല്‍ ഉയര്‍ന്ന കലോറി അടങ്ങിയവ ഒഴിവാക്കാന്‍ സാധിക്കും.
മൂന്നില്‍ രണ്ട് എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍സും നഴ്‌സുമാരുടെ ജോലികള്‍ ചെയ്യുന്നതായി പഠനം. ജീവനക്കാരുടെ ദൗര്‍ലഭ്യത കാരണമാണ് ഇത്തരം ജോലികള്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍സിന് (എച്ചസിഎ) ചെയ്യേണ്ടി വരുന്നത്. സാധാരണയായി മുറിവ് കെട്ടുന്നും ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്നതുമെല്ലാം നഴ്‌സുമാരുടെ ജോലിയാണ് എന്നാല്‍ മിക്ക എന്‍എച്ച്എസ ട്രസ്റ്റുകളിലും ഇത്തരം ജോലികള്‍ ചെയ്യുന്നത് എച്ച്‌സിഎ ആണ്. നഴ്‌സുമാരുടെ ജോലികള്‍ എച്ച്‌സിഎ ചെയ്യുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതില്‍ എച്ച്‌സിഎകള്‍ വിജയിക്കണമെന്നില്ല. കാരണം അവര്‍ അത്തരം ജോലികളില്‍ പ്രാവീണ്യമില്ലാത്തവരാണ്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ഏതാണ്ട് 376,000 ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 74 ശതമാനത്തോളം പേര്‍ക്ക് അധിക ജോലി ചെയ്യേണ്ടി വരുന്നതായി യൂണിയന്‍ യൂണിസണ്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. യുകെയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 2,000ത്തോളം എച്ച്‌സിഎമാരിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. പരിഭ്രമത്തോടെയാണ് രോഗികള്‍ക്ക് പരിചരണം നല്‍കുതെന്ന് 63 ശതമാനം പേരും പ്രതികരിച്ചു. രോഗിയെ പരിചരിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും ചെറിയ സഹായങ്ങള്‍ ലഭിക്കാറുണ്ടെന്നും എച്ച്‌സിഎകള്‍ വ്യക്തമാക്കി. രോഗികള്‍ക്ക് സുരക്ഷിതമായ ചികിത്സയണോ നല്‍കുന്നതെന്ന കാര്യത്തില്‍ 39 ശതമാനം പേര്‍ക്കും ആത്മവിശ്വാസമില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വിന്ററില്‍ അധിക ജോലി ചെയ്യേണ്ടി വന്നതായി 57 ശതമാനം പേരും പറയുന്നു. ഞാന്‍ ജോലി ആരംഭിച്ച ആദ്യ ദിവസം തന്നെ ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്നതിനും പള്‍സ് നോക്കുന്നതും സംബന്ധിച്ച നിര്‍ദേശങ്ങള്‍ മറ്റൊരു എച്ച്‌സിഎ നല്‍കിയതായി നിക്കോള്‍ പറയുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ എച്ച്‌സിഎ ജോലി ചെയ്തു വരുന്ന നിക്കോള്‍ യൂണിസണ്‍ അംഗം കൂടിയാണ്. ജീവനക്കാരുടെ ദൗര്‍ലഭ്യത എന്‍എച്ച്എസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ രംഗത്തെ വിഗദ്ധര്‍ മുന്നറയിപ്പ് നല്‍കിയിരുന്നു. നഴ്‌സുമാരുടെ ജോലികള്‍ ചെയ്യുന്നതിനാവശ്യമായ പരിശീലനം തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ഒരു എച്ച്‌സിഎ വ്യക്തമാക്കുന്നു. രക്തമെടുക്കുക, പള്‍സ് പരിശോധിക്കുക, ബ്ലഡ് പ്രഷര്‍ നോക്കുക തുടങ്ങിയവ ചെയ്യുന്നതിനാവശ്യമായിട്ടുള്ള പരിശീലനം ലഭിക്കാതെയാണ് ഞങ്ങള്‍ ഈ ജോലികള്‍ ചെയ്യുന്നതെന്ന് പേര് വെളിപ്പെടുത്താത്ത മറ്റൊരു എച്ച്‌സിഎ പ്രതികരിച്ചു. 51 ശതമാനം പേര്‍ക്കും കൃത്യമായ പരിശീലനം ലഭിച്ചിട്ടില്ലെന്ന് സര്‍വ്വേ പറയുന്നു.
വൈകിയെത്തിയ സ്പ്രിംഗ് നിരവധി അലര്‍ജി രോഗങ്ങളും ഇതര ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ ഏറെ സാധ്യതകളുണ്ട്. രാജ്യത്തെ അഞ്ചില്‍ ഒരാള്‍ക്ക് സീസണിന്റെ ആരംഭത്തില്‍ തന്നെ ഹേയ് ഫീവര്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. സീസണില്‍ വരാന്‍ പോകുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സഹായമാകുന്ന 9 കാര്യങ്ങള്‍ വായിക്കാം. കുറിപ്പ് തയായാറാക്കിയിരിക്കുന്നത് ന്യൂട്രീഷ്യനിസ്റ്റ് സാറാ ഫ്‌ളവറാണ്. 1. അന്നനാളം ആരോഗ്യപ്രദമായ അന്നനാളം അലര്‍ജി രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ സഹായിക്കുന്നു. ഹേയ് ഫീവറില്‍ നിന്നും എക്‌സീമയില്‍ നിന്നും രക്ഷിക്കാന്‍ ആരോഗ്യ പൂര്‍ണമായ അന്നനാളത്തിന് കഴിയും. അന്നനാളത്തില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. 2. തേനിന്റെ ഉപയോഗം പ്രാദേശിക മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന തേന്‍ ഹേയ് ഫീവറിനെ പ്രതിരോധിക്കാന്‍ ഏറെ കഴിവുള്ളവയാണ്. കര്‍ഷകരുടെ അടുക്കല്‍ നിന്ന് നേരിട്ട് ലഭിക്കുന്ന തേനാണ് കൂടുതല്‍ ഫലപ്രദം 3. ബീച്ചുകളിലേക്കുള്ള യാത്രകള്‍ മരങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ സമ്മര്‍ സമയത്ത് പോളണുകള്‍ ധാരാളമായി കാണാറുണ്ട്. ഇവ ശരീരത്തില്‍ വിവിധ തരം അലര്‍ജിക്ക് കാരണമാകുന്നവയാണ്. സൈനസിലെ അണുബാധയ്ക്കും പോളണുകള്‍ കാരണമാകും. എന്നാല്‍ ബീച്ചുകളില്‍ പോളണുകളുടെ അളവ് വളരെ കുറവായിരിക്കും. 4. മദ്യപാനത്തിന്റെ അളവ് ക്രമീകരിക്കുക. സമ്മറില്‍ സാധാരണയായി ബിയര്‍ ഗാര്‍ഡനിലേക്ക് പോകുന്നആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കാറുണ്ട്. എന്നാല്‍ മദ്യത്തില്‍ ഗണ്യമായ അളവില്‍ ഹിസ്റ്റമിന്‍ അടങ്ങിയിട്ടുണ്ട്. വിവിധ സീസണല്‍ അലര്‍ജികള്‍ക്കും ഇത് കാരണമായേക്കാം. ദിവസം വെറും ഒരു ഗ്ലാസ് മദ്യം കുടിക്കുന്ന വ്യക്തികളില്‍ വരെ അലര്‍ജി സാധ്യതകളുണ്ട്. വൈന്‍ ഉപയോഗിക്കുന്നതും ചൊറിച്ചിലിന് കാരണമായേക്കും. 5. പ്രകൃതി ദത്തമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുക. മാറി വരുന്ന കാലാവസ്ഥ വിവിധങ്ങളായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. പ്രകൃതി ദത്തമായി വിഭവങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സാഹായിക്കും. ടിഷ്യൂ സെല്‍ സാള്‍ട്ട് ഉപയോഗിക്കുന്നത് രോഗ പ്രതിരോധത്തിന് നല്ലതാണ്. 6. ഹെര്‍ബല്‍ ചായ കുടിക്കാം വളരെ നാച്യൂറലായ ചില തേയില ഇനങ്ങള്‍ക്ക് ആന്റ്ി-ഹിസ്റ്റാമിന്‍ എഫ്ക്ടുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. ഗ്രീന്‍ ടീ, ചമോമൈല്‍, എല്‍ഡര്‍ഫ്‌ളവര്‍, ജിഞ്ചര്‍, പെപ്പര്‍ മിന്റ്, പെരും ജീരകം തുടങ്ങിയവയ്ക്ക് ഹേയ് ഫീവറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. 7. വെളുത്തുള്ളിയുടെ ഉപയോഗം ഹിസ്റ്റമിന്റെ ഉത്പാദനം തടയുന്നതിന് സഹായകമായ ഭക്ഷ്യ വസ്തുവാണ് വെളുത്തുള്ളി. സമ്മറില്‍ പ്രത്യേകിച്ച് അന്തരീക്ഷത്തില്‍ പോളണ്‍ കൗണ്ട് വര്‍ദ്ധിച്ചിരിക്കുന്ന സമയത്ത് വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് ശരീരത്തിന് നല്ലതാണ്. 8. സ്‌പൈസസിന്റെ ഉപയോഗം മഞ്ഞളിലെ കുര്‍കുമിന്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററിയായി പ്രവര്‍ത്തിക്കും. കൂടാതെ ഇതിനൊപ്പം കുരുമുളക് കൂടി ചേര്‍ത്ത് കഴിക്കുന്നത് ഇരട്ടി ഫലം ചെയ്യും. മൂക്കിലെ ബ്ലോക്കുകള്‍ മാറാനും സൈനസ് ഇന്‍ഫെക്ഷനില്‍ നിന്ന് മോചനം തേടാനും മുളക് കഴിക്കുന്നത് ഗുണം ചെയ്യും. 9. വൃത്തിയുള്ള വസ്ത്രധാരണം ഹേയ് ഫീവര്‍ പിടിപെടുന്നതിനെ പ്രതിരോധിക്കുന്നതാനായി സ്വീകരിക്കേണ്ട മറ്റൊരു മുന്‍കരുതല്‍ നടപടിയാണ് വസ്ത്രങ്ങള്‍ വൃത്തിയായ സൂക്ഷിക്കുകയെന്നത്. പുറത്ത് പോയി വരുന്ന ചെറിയൊരു സമയത്തിനുള്ളില്‍ തന്നെ മുടിയിലും വസ്ത്രത്തിലും പോളണുകള്‍ പറ്റിപിടിക്കാനുള്ള സാധ്യതകളുണ്ട്. ഇത് അലര്‍ജിക്കും ഫീവറിനും കാരണമായേക്കും. അലര്‍ജി പിടിപെടാതിരിക്കാന്‍ എപ്പോഴും വസ്ത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നത് നന്നായിരിക്കും.  
റോബോട്ട് ഉപയോഗിച്ച് ഒരേ സമയം കാന്‍സര്‍ രോഗിക്ക് രണ്ട് സര്‍ജറികള്‍ നടത്തി. റോയല്‍ മാര്‍സ്‌ഡെന്‍ ഹോസ്പിറ്റലിന്റെ ചരിത്രത്തിലെ ആദ്യത്തെ റോബോട്ടിക് സര്‍ജറിയാണ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. 63 കാരിയായ ക്രിസ്റ്റീന ലോക്ട്ടനാണ് അപൂര്‍വ്വ ശസ്ത്രക്രിയക്ക് വിധേയയാരിക്കുന്നത്. ഒരേ സമയം നടന്ന രണ്ട് സര്‍ജറിയിലൂടെ ക്രിസ്റ്റീനയുടെ ഗര്‍ഭപാത്രവും വന്‍കുടലിന്റെ ഒരു ഭാഗവും നീക്കം ചെയ്തു. ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് കണ്‍സോള്‍ ഉപയോഗിച്ച് നടത്തിയ സര്‍ജറി പൂര്‍ണ വിജയമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗം ബാധിച്ച ശരീരഭാഗങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് കണ്‍സോള്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. ഇതിന്റെ 3ഡി മാഗ്നിഫൈഡ് ഇമേജുകളാണ് ഉപയോഗിച്ചാണ് സൂക്ഷ്മ പരിശോധന നടത്തുന്നത്. റോബോട്ടിക് സര്‍ജറി പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തിയതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സര്‍ജന്‍ ഷാനവാസ് റഷീദ് അഭിപ്രായപ്പെടുന്നു. ശസ്ത്രക്രിയയില്‍ കൂടുതല്‍ കൃത്യത പാലിക്കുന്നത് മൂലം രോഗികളുടെ ശരീരഭാഗങ്ങളിലുണ്ടാകുന്ന ക്ഷതങ്ങളുടെ തോത് കുറയും. കാന്‍സര്‍ ബാധിച്ച ശരീരഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിന് സമാന ശസ്ത്രക്രിയകള്‍ ഇനിയും ചെയ്യാന്‍ കഴിയുമെന്നും ഡോ. റഷീദ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ലോക്ട്ടണിന് വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചത്. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലായി കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയും നടത്തിയിരുന്നു. തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയയാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ആശുപത്രി വിടാന്‍ ലോക്ട്ടണിന് കഴിഞ്ഞു. ഇത്രയും ചുരുങ്ങിയ ദിവസംകൊണ്ട് വീട്ടിലേക്ക് തിരച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലോക്ട്ടന്‍ പ്രതികരിച്ചു. റോയല്‍ മാര്‍സ്‌ഡെന്‍ ഹോസ്പിറ്റലിലാണ് യുകെയിലെ ഏറ്റവും വലിയ റോബോട്ടിക് സര്‍ജറി പ്രോഗ്രാമുള്ളത്.
RECENT POSTS
Copyright © . All rights reserved