Heatwave
ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് ഈ വാരാന്ത്യത്തില്‍ തണ്ടര്‍‌സ്റ്റോം എത്തുന്നു. മഴയ്‌ക്കൊപ്പം രാത്രിയില്‍ താപനില കൂടുതല്‍ താഴുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3 മണി വരെ ഈസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും യെല്ലോ വാര്‍ണിംഗ് നല്‍കിയിരിക്കുകയായിരുന്നു. കനത്ത മഴയും ഇടിമിന്നലും പലയിടങ്ങളിലും ഉണ്ടായി. 20 മുതല്‍ 30 മില്ലീമീറ്റര്‍ വരെ മഴ പലയിടങ്ങളിലും ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ കാലാവസ്ഥ ഞായറാഴ്ച വരെ തുടരാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. മുന്നറിയിപ്പിനെത്തുടര്‍ന്ന് സ്റ്റാന്‍സ്റ്റെഡ് വിമാനത്തില്‍ നിന്നുള്ള 14 ഡിപ്പാര്‍ച്ചറുകളും 13 അറൈവലുകളും റയന്‍എയര്‍ റദ്ദാക്കി. മോശം കാലാവസ്ഥ മൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായി റയന്‍എയര്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. രാത്രി താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇന്ന് സൗത്ത് ഈസ്റ്റില്‍ കുറച്ച് സൂര്യപ്രകാശം ലഭിച്ചേക്കും. ബുധനാഴ്ച യുകെയിലെ താപനില കാര്യമായി ഉയരാന്‍ സാധ്യതയില്ല. സൗത്ത് ഈസ്റ്റില്‍ 24 ഡിഗ്രിയായിരിക്കും പരമാവധി രേഖപ്പെടുത്താന്‍ ഇടയുള്ള താപനില. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സൗത്ത് ഈസ്റ്റില്‍ മഴയുണ്ടാകും. ശക്തമായ കാറ്റും ഇതോടൊപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച 30 ഡിഗ്രിയായിരുന്നു പരമാവധി ചൂട്. യൂറോപ്യന്‍ ഹീറ്റ് വേവാണ് ഈ ചൂട് കാലാവസ്ഥ കൊണ്ടുവന്നത്. സ്‌പെയിനിലും പോര്‍ച്ചുഗലിലും കടുത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്. ഓട്ടമിലും ഏകദേശം വരണ്ട കാലാവസ്ഥ തന്നെയായിരുന്നു യുകെയില്‍ അനുഭവപ്പെട്ടത്.
ഹീറ്റ് വേവ് മൂലം യുകെയില്‍ കൊല്ലപ്പെട്ടത് 650ലേറെ ആളുകളെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 663 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഇക്കാലയളവിലുണ്ടായിരിക്കുന്നതും ഈ വര്‍ഷമാണ്. കിഡ്‌നി, ഹൃദയ രോഗങ്ങളുള്ളവരും പ്രായമായവരുമാണ് ഏറെ ഭീഷണി നേരിടുന്നതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹീറ്റ് വേവ് മൂലമുണ്ടാകുന്ന ഡീഹൈഡ്രേഷന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമിത ക്ഷീണം, അണുബാധ, ഹൃദയാഘാതം, പക്ഷാഘാതം മുതലയാവയുണ്ടാകാനുള്ള സാധ്യത ശരീരത്തിലെ ജലാംശം കുറയുന്നതു മൂലം ഉണ്ടാകാമെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ പ്രസിഡന്റ് പറഞ്ഞു. പ്രായമായവരിലാണ് ഇവയ്ക്കും സാധ്യത ഏറെയുള്ളത്. ശ്വസന പ്രശ്‌നമുള്ളവര്‍ക്ക് പ്രതിസന്ധിയാകുന്നത് അന്തരീക്ഷ വായുവിന്റെ മലിനീകരണമാണ്. അന്തരീക്ഷ മലിനീകരണം വരണ്ട കാലാവസ്ഥയില്‍ വര്‍ദ്ധിക്കും. വന്‍ നഗരങ്ങളില്‍ ഇത് പരിധിക്കും മേലെയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഹീറ്റ് വേവിന് ഉടനൊന്നും ശമനമുണ്ടാകാന്‍ ഇടയില്ലെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വാരാന്ത്യത്തില്‍ ചൂട് ഇനിയും കൂടുമെന്നാണ് പ്രവചനം. അസുഖങ്ങളും മരണങ്ങളും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എന്‍എച്ച്എസില്‍ ജീവനക്കാര്‍ക്ക് വന്‍ സമ്മര്‍ദ്ദമുണ്ടായേക്കുമെന്നും കരുതുന്നു. 2003 ഓഗസ്റ്റില്‍ ഹീറ്റ് വേവ് മൂലം 2000 അധിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 75 വയസിനു മുകളില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയും. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ലണ്ടനിലുമുള്ളവരായിരുന്നു മരിച്ചവരില്‍ ഏറെയും.
ദിവസങ്ങളോളം നീണ്ടുനിന്ന ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് യുകെയില്‍ ലഭിച്ചത് കനത്ത മഴ. ഒരു മാസം ലഭിക്കുന്ന അത്രയും അളവിലുള്ള മഴയാണ് ഏതാനും മണിക്കൂറുകളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെയ്തിറങ്ങിയതെന്നാണ് വിവരം. ഇത് വാരാന്ത്യത്തെ സാരമായി ബാധിച്ചു. ഗതാഗത തടസങ്ങള്‍ പലയിടത്തും രൂക്ഷമായിരുന്നു. വെള്ളപ്പൊക്കം പല സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാലാവസ്ഥാ മുന്നറിയിപ്പ് ആംബര്‍ വാണിംഗ് ആക്കി മാറ്റിയിരുന്നു. ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 88.2 മില്ലിമീറ്റര്‍ മഴയാണ് ശനിയാഴ്ച ഉച്ചക്കു ശേഷം രേഖപ്പെടുത്തിയത്. ജൂലൈ മാസം ഇവിടെ ശരാശരി ലഭിക്കാറുള്ളത് 81.2 മില്ലിമീറ്റര്‍ മഴയാണ്. ഗതാഗത തടസം അഞ്ചു മണിക്കൂറോളം നീണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോക്ക്‌സ്‌റ്റോണില്‍ ഗതാഗതത്തില്‍ മൂന്നു മണിക്കൂറോളം താമസമുണ്ടായെന്നും സ്റ്റാന്‍സ്‌റ്റെഡില്‍ നിന്ന് റയന്‍ എയര്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടുത്ത ചൂട് മൂലം ഷട്ടര്‍ എയര്‍ കണ്ടീഷനിംഗില്‍ തകരാറുകള്‍ ഉണ്ടായതാണ് താമസത്തിന് കാരണമായതെന്ന് യൂറോടണല്‍ അറിയിച്ചു. കനത്ത മഴയും കാറ്റും അതിനൊപ്പം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ കുറവുമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് റയന്‍ എയര്‍ അറിയിച്ചത്. ലണ്ടനിലെ ബ്ലാക്ക് വെല്‍ ടണലില്‍ ഒരു വാഹനത്തിന് തീ പിടിച്ചത് ഗതാഗത തടസത്തിന് കാരണമായിരുന്നു. ആഴ്ചകളോളം നീണ്ട ചൂടു കാലാവസ്ഥയ്ക്ക് ശേഷം ശനിയാഴ്ച 24.0 ഡിഗ്രി സെല്‍ഷ്യസ് ആയി താപനില കുറഞ്ഞിട്ടുണ്ട്.
ലണ്ടന്‍: യുകെയിലെ ആശുപത്രികളില്‍ സമ്മര്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന കൂടിയ താപനില ആശുപത്രികളെ കൂടുതല്‍ എയര്‍ കൂളറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ഹീറ്റ് വേവാണ് കഴിഞ്ഞ രണ്ട് ദിവസമായി യുകെയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹീത്രൂവില്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇകളില്‍ വ്യാഴാഴ്ച റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. താപനില ഉയരുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമീപകാലത്തെ ഏറ്റവും ശക്തമായ വിന്ററിന് ശേഷം എത്തിയിരിക്കുന്ന സമ്മറും എന്‍എച്ച്എസിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് താപനില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനിലയായ 38.5 ഡിഗ്രിയേക്കാള്‍ ചൂട് ഇന്നുണ്ടായേക്കും. അതിനു പിന്നാലെ ഒരു തണ്ടര്‍സ്റ്റോമിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. അന്തരീക്ഷ താപനില ഈ വിധത്തില്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗികള്‍ക്കും വൃക്ക, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. മൊബൈല്‍ എയര്‍ കണ്ടിഷനിംഗ് യൂണിറ്റുകളും കൂടുതലും ഫാനുകളും എത്തിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രികള്‍. ചൂട് വര്‍ദ്ധിക്കുന്നത് രോഗികളെയും ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഹീറ്റ് വേവിനെ മറികടക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗികള്‍ ധാരാളം വെള്ളം കലര്‍ന്ന ഭക്ഷണരീതിയിലേക്ക് മാറണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ധാരാളം വെള്ളം കുടിക്കുന്നത് രോഗങ്ങളെ അകറ്റി നിര്‍ത്തുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. നേരത്തെ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുന്നതു മൂലം പ്ലാന്‍ഡ് ഓപ്പറേഷനുകള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് എന്‍.എച്ച്.എസ് വ്യക്തമാക്കിയിരുന്നു.
വിന്റര്‍ പ്രതിസന്ധിയില്‍ ആടിയുലഞ്ഞ എന്‍എച്ച്എസ് അതില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ കാലാവസ്ഥ വീണ്ടും വില്ലനാകുന്നു. സമ്മറും എന്‍എച്ച്എസിന് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് യുകെയില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളത് റെക്കോര്‍ഡ് ചൂടാണെന്ന മെറ്റ് ഓഫീസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്ക് വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇകളില്‍ വ്യാഴാഴ്ച റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെട്ട ദിവസം കൂടിയായിരുന്നു ഇന്നലെ. ഹീത്രൂവില്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്ന് താപനില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനിലയായ 38.5 ഡിഗ്രിയേക്കാള്‍ ചൂട് ഇന്നുണ്ടായേക്കും. അതിനു പിന്നാലെ ഒരു തണ്ടര്‍‌സ്റ്റോമിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. അന്തരീക്ഷ താപനില ഈ വിധത്തില്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗികള്‍ക്കും വൃക്ക, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ഈ രോഗങ്ങള്‍ കൂടുതല്‍ ഗുരുതരമാകാനും മരണം പോലും സംഭവിക്കാനുമുള്ള സാധ്യത ഏറെയാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. ഹീറ്റ് വേവ് തുടരുന്ന പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് വിന്ററിലെ അതേ അവസ്ഥയിലേക്ക് തിരികെ വന്നിരിക്കുകയാണെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സാഫ്രോണ്‍ കോര്‍ഡി പറഞ്ഞു. ഹോസ്പിറ്റലുകളിലെയും കമ്യൂണിറ്റികളിലെയും ആംബുലന്‍സ് സര്‍വീസുകളിലെയും ജീവനക്കാരില്‍ കുറച്ചു പേര്‍ സിക്ക് ലീവിലാണ്. അതിലേറെപ്പേര്‍ ഹോളിഡേകള്‍ക്കായി പോയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. രോഗിളുടെ തിരക്ക് വര്‍ദ്ധിക്കുന്നതു മൂലം പ്ലാന്‍ഡ് ഓപ്പറേഷനുകള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ വീണ്ടും ഉണ്ടായിരിക്കുന്നതെന്നും എന്‍എച്ച്എസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.
RECENT POSTS
Copyright © . All rights reserved