HIV
ലണ്ടന്‍: എച്ച്‌ഐവി മുക്തി നേടിയ ലോകത്തെ രണ്ടാമനായി ലണ്ടന്‍ സ്വദേശി. ഒരിക്കല്‍ ബാധിച്ചാല്‍ പിന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അണുബാധയാണ് എയിഡ്‌സ് രോഗാണുവാണ് എച്ച്‌ഐവി. മജ്ജ മാറ്റിവെക്കലിലൂടെയാണ് എച്ച്‌ഐവി പൊസിറ്റീവായ ആള്‍ രോഗമുക്തി നേടിയതെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസറും എച്ച്‌ഐവി വിദഗ്ദ്ധനുമായ ഡോ.രവീന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. ഇതോടെ എച്ച്‌ഐവി ബാധയില്‍ നിന്ന് മുക്തി നേടുന്ന ലോകത്തെ രണ്ടാമത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് ഇയാള്‍. അമേരിക്കക്കാരനായ തിമോത്തി ബ്രൗണ്‍ ആണ് എച്ച്‌ഐവിയില്‍ നിന്ന് മുക്തനായ ആദ്യ വ്യക്തി. 2007ല്‍ ജര്‍മനിയില്‍ വെച്ച് നടത്തിയ ചികിത്സയിലാണ് തിമോത്തി ബ്രൗണ്‍ രോഗമുക്തി നേടിയത്. ബെര്‍ലിന്‍ പേഷ്യന്റ് എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ലണ്ടന്‍ സ്വദേശിയായ രോഗിയില്‍ നടത്തിയത് സ്‌റ്റെം സെല്‍ ചികിത്സയായിരുന്നു. അപൂര്‍വ്വ ജനിതക മാറ്റത്തിലൂടെ എച്ച്‌ഐവിയോട് പ്രതിരോധം ആര്‍ജ്ജിച്ച ദാതാവിന്റെ മജ്ജയുടെ വിത്തുകോശങ്ങളാണ് ഇയാളില്‍ ഉപയോഗിച്ചത്. വൈറസിനെതിരായുള്ള ചികിത്സകളും ഇതിനൊപ്പം തുടര്‍ന്നു. 18 മാസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ ഈ രോഗിയില്‍ എച്ച്‌ഐവി ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഡോ.രവീന്ദ്ര ഗുപ്ത പറഞ്ഞു. 2016ലാണ് എച്ച്‌ഐവി പ്രതിരോധമുള്ള ഒരു വിത്തുകോശ ദാതാവിനെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മജ്ജ മാറ്റിവെക്കല്‍ നടത്തിയതോടെ രോഗി എച്ച്‌ഐവിയോട് പ്രതിരോധം ആര്‍ജ്ജിക്കുകയായിരുന്നു. 2003ല്‍ എച്ച്‌ഐവി ബാധിതനായ ഈ രോഗിക്ക് 2012ല്‍ രക്താര്‍ബുദവും സ്ഥിരീകരിച്ചിരുന്നു.
എച്ച്.ഐ.വി തടയാന്‍ പ്രാപ്തിയുള്ള വാക്‌സിനുകള്‍ ഉടന്‍ കണ്ടെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ കുരങ്ങില്‍ പരീക്ഷിച്ചിരുന്ന വാക്‌സിന്‍ വിജയകരമായിരുന്നു. രണ്ടാം ഘട്ടത്തില്‍ ഇവ മനുഷ്യരില്‍ കുത്തിവെച്ചതിനെ തുടര്‍ന്നുണ്ടായി പോസിറ്റീവ് ഫലമാണ് ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നത്. സൗത്ത് ആഫ്രിക്ക, യു.എസ്, ഉഗാണ്ട, റൗവാണ്ട തുടങ്ങിയ സ്ഥലങ്ങളിലെ 393ലധികം വളണ്ടിയേര്‍സില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നതെന്ന് വിദഗദ്ധര്‍ വ്യക്തമാക്കുന്നു. യു.എസ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ശാസ്ത്രജ്ഞനായ ഡാന്‍ ബറൗച്ച് പുതിയ പരീക്ഷണ വിജയം ചികിത്സാരംഗത്തെ വഴിത്തിരിവെന്നാണ് വിലയിരുത്തിയത്. എച്ച്.ഐ.വി വാക്‌സിനുമായി ബന്ധപ്പെട്ട് നേരത്തെ കുരങ്ങുകളില്‍ പഠനം നടത്തിയിട്ടുള്ള വിദഗദ്ധരുടെ ടീം ലീഡറായിരുന്നു ഡാന്‍ ബറൗച്ച്. പുതിയ പരീക്ഷണ വിജയം രോഗകളുടെ പ്രതിരോധശേഷി തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യനില്‍ സാധാരണ നിലയില്‍ കാണുന്ന പ്രതിരോധശേഷിയുടെ പതിന്മടങ്ങ് ശക്തി വാക്‌സിന്‍ നല്‍കുമെന്നാണ് കരുതുന്നത്. എച്ച്.ഐ.വി വൈറസ് പ്രധാനമായും ബാധിക്കുന്ന മനുഷ്യന്റെ പ്രതിരോധ മികവിനെ തിരികെ കൊണ്ടുവരാന്‍ ഇത് സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. സമീപകാലത്തുണ്ടായിരിക്കുന്ന ഏറ്റവും വലിയ ഗവേഷണ വിജയങ്ങളിലൊന്നാണിത്. അതേസമയം പഠനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളു. 90,000ത്തിലധികം ബ്രിട്ടിഷ് പൗരന്മാര്‍ക്ക് എച്ച്.ഐ.വി ബാധയുണ്ട്. ഒരു വര്‍ഷത്തില്‍ 5,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. എയ്ഡ്‌സ് രോഗത്തിനും പിന്നീട് മരണത്തിനും കാരണമാകുന്ന ഈ വൈറസുകളെ നേരിടാന്‍ ഇതുവരെ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. കുരങ്ങുകളിലാണ് ഇവ ആദ്യം കണ്ടെത്തിയത്. എന്നാല്‍ പിന്നീട് മനുഷ്യനിലേക്ക് പടരുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി ബാധിതരുള്ളത് സൗത്ത് ആഫ്രിക്കയിലാണ്. പ്രതിരോധശേഷിയെ തകര്‍ക്കുകയാണ് ഈ വൈറസിന്റെ പ്രവര്‍ത്തന രീതി. പിന്നീട് ഇതര രോഗങ്ങള്‍ പെട്ടന്ന് പിടിപെട്ട് വൈറസ് ബാധയേറ്റയാള്‍ മരണപ്പെടുകയും ചെയ്യും.
ഇര്‍വിന്‍: സ്‌കോട്ട്‌ലന്‍ഡിലെ ഇര്‍വിനില്‍ ഉപേക്ഷിക്കപ്പെട്ട സിറിഞ്ചില്‍ നിന്ന് കുത്തേറ്റ ഏഴ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്തം എച്ച്‌ഐവി പരിശോധനയ്ക്ക് അയച്ചു. പുറത്ത് കളിക്കുന്നതിനിടെയാണ് ഇവര്‍ക്ക് സിറിഞ്ചില്‍ നിന്ന് കുത്തേറ്റതെന്നാണ് വിവരം. എച്ച്‌ഐവിക്കു പുറമേ ഹെപ്പറ്റൈറ്റിസ് പരിശോധനയ്ക്കും ഇവരുടെ രക്തം വിധേയമാക്കും. റെഡ്‌ബേണ്‍ കമ്യൂണിറ്റി സെന്ററില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഒരു കുട്ടിയുടെ അമ്മ ഇക്കാര്യം സ്‌കൂളിലെ അധ്യാപകരെ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതെന്ന് ഡെയ്‌ലി റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്ന് കുട്ടികളെ ക്രോസ്ഹൗസ് ആശുപത്രിയില്‍ എത്തിക്കുകയും രക്തപരിശോധനക്ക് വിധേയരാക്കുകയുമായിരുന്നു. ചിലര്‍ക്ക് കുത്തിവെയ്പുകള്‍ നല്‍കിയതിനു ശേഷമാണ് വീട്ടിലേക്ക് അയച്ചത്. പരിശോധനാഫലങ്ങള്‍ വരണമെങ്കില്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നതിനാല്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്. ചിലര്‍ തങ്ങളുടെ ആശങ്ക മാധ്യമങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒട്ടേറെ സിറിഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും അടിയന്തരമായി ചെയ്യണമെന്ന് ഒരു രക്ഷിതാവ് ആവശ്യപ്പെട്ടു. സംഭവത്തേക്കുറിച്ച് എന്‍എച്ച്എസ് ഐര്‍ഷയര്‍ ആന്‍ഡ് അറാന്റെ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധന നടത്തിയെന്നും കണ്‍സള്‍ട്ടന്റായ ഹെയ്‌സല്‍ ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. രക്തത്തില്‍ കൂടി പകരാവുന്ന വൈറസുകള്‍ ഈ സംഭവത്തില്‍ കുട്ടികളിലേക്ക് എത്താനുള്ള സാധ്യത വിരളമാണെന്നും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന സിറിഞ്ചുകളോ സൂചികളോ ഒരു കാരണവശാലും എടുക്കരുതെന്ന് കുട്ടികളെയും മുതിര്‍ന്നവരെയും ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved