home office
ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ച് 36,000 വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള നീക്കത്തില്‍ അന്വേഷണം. ഹോം ഓഫീസ് നടപടിക്കെതിരെ നാഷണല്‍ ഓഡിറ്റ് ഓഫീസാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷാ കൃത്രിമത്വം നടന്നുവെന്ന പേരില്‍ 2014ല്‍ ആരംഭിച്ച അന്വേഷണത്തിനൊടുവില്‍ 1000 വിദ്യാര്‍ത്ഥികളെ ഹോം ഓഫീസ് ഡീപോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. കൃത്രിമത്വം നടന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഹോം ഓഫീസ് അറിയിച്ചതെങ്കിലും വിന്‍ഡ്‌റഷ് സ്‌കാന്‍ഡലിന്റെ വെളിച്ചത്തില്‍ ഇതിനെതിരെ പൊതുജനങ്ങളും പാര്‍ലമെന്റും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹോം ഓഫീസ് തീരുമാനം റിവ്യൂവിന് വിധേയമാക്കുന്നതെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കിയത്. പരീക്ഷയില്‍ കൃത്രിമത്വം കാട്ടിയെന്ന് ഹോം ഓഫീസ് ആരോപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍, എത്രപേരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത് തുടങ്ങിയവയാണ് ഓഡിറ്റ് ഓഫീസ് പരിശോധിക്കുന്നത്. ബിബിസി പനോരമയുടെ രഹസ്യാന്വേഷണത്തിലാണ് പരീക്ഷാ കൃത്രിമത്വം പുറത്തു വന്നത്. ലാംഗ്വേജ് ടെസ്റ്റ് നടത്താന്‍ ചുമതലയുള്ള രണ്ട് സെന്ററുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ആ സമയത്തെ സര്‍ക്കാര്‍ അംഗീകൃത ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഫോര്‍ ഇന്റര്‍നാഷണല്‍ കമ്യൂണിക്കേഷന്‍ (TOIEC) പരീക്ഷയില്‍ ഒരു എഴുത്തു പരീക്ഷയും വാചാ പരീക്ഷയും മറ്റൊരു മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷയും ഉള്‍പ്പെട്ടിരുന്നു. അന്വേഷണത്തില്‍ വെളിപ്പെട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നായിരുന്നു അന്നത്തെ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് അഭിപ്രായപ്പെട്ടത്. ഇതേത്തുടര്‍ന്ന് പരീക്ഷ നടത്തിയിരുന്ന അമേരിക്കന്‍ കമ്പനിയായ എജ്യുക്കേഷണല്‍ ടെസ്റ്റിംഗ് സര്‍വീസിനോട് 2001 മുതല്‍ 2014 വരെ നടത്തിയ 58,000 ടെസ്റ്റുകളില്‍ പരിശോധന നടത്താന്‍ ഹോം ഓഫീസ് ഉത്തരവിട്ടു. 30,000ലേറെ പരീക്ഷാര്‍ത്ഥികള്‍ക്കു വേണ്ടി പ്രോക്‌സി ടെസ്റ്റ് ടേക്കേഴ്‌സ് ഉപയോഗിക്കപ്പെട്ടുവെന്ന് ശബ്ദം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പരിശോധന വ്യക്തമാക്കി. ഇതില്‍ 25 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ പല വിദ്യാര്‍ത്ഥികളും തെറ്റായി അകപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ലേബര്‍ എംപി സ്റ്റീഫന്‍ ടിംസ് പറഞ്ഞു.
ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യന്‍ പൗരന്‍മാരുടെ കുട്ടികള്‍ക്ക് യുകെയില്‍ താമസിക്കാനുള്ള അനുമതി ഇല്ലാതാകുമെന്ന് മുതിര്‍ന്ന എംപി. സെറ്റില്‍ഡ് സ്റ്റാറ്റസിനായുള്ള ആപ്ലിക്കേഷന്‍ സംവിധാനത്തിലെ ചില പിഴവുകളാണ് ഇതിന് കാരണമെന്ന് കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യിവെറ്റ് കൂപ്പര്‍ വ്യക്തമാക്കി. വിന്‍ഡ്‌റഷ് സ്‌കാന്‍ഡലിന് സമാനമായ സാഹചര്യമായിരിക്കും ഉടലെടുക്കുക എന്നാണ് കരുതുന്നത്. തങ്ങള്‍ ബ്രിട്ടീഷ് പൗരന്‍മാരാണെന്ന് കരുതുന്ന മാതാപിതാക്കളുടെ കുട്ടികള്‍ സ്വാഭാവികമായും സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷ നല്‍കില്ല. ഈ അറിവില്ലായ്മ അവരുടെ അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് കൂപ്പര്‍ പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നും നിലവിലില്ലെന്ന് കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റി എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ക്യാംപെയിനര്‍മാരും പറയുന്നു. സെറ്റില്‍മെന്റ് പദ്ധതിക്കായുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ നിരവധി കുട്ടികള്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കും. പക്ഷേ ഇതേക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അവകാശങ്ങള്‍ നഷ്ടമാകുമെന്നാണ് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കിയത്. 2021 ജൂണിനുള്ളില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ഉറപ്പാക്കണമെന്നാണ് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. യുകെയിലുള്ള 3.7 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാര്‍ ഇതിനായി അപേക്ഷ സമര്‍പ്പിക്കണം. നിലവിലുള്ള അവസ്ഥയില്‍ പ്രതിദിനം 5000 അപേക്ഷകളിലെങ്കിലും തീരുമാനമെടുത്താലേ ഇത്രയും പേര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് അനുവദിക്കാനാകൂ. ഹോം ഓഫീസിന് അതിനുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ ഈ പദ്ധതി തുടക്കം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. അപേക്ഷ നല്‍കാനുള്ള ആപ്പ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. ഇതും വിമര്‍ശനത്തിന് കാരണമായി. അപേക്ഷക്കായി മുതിര്‍ന്നവര്‍ക്ക് 65 പൗണ്ടും 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 32.50 പൗണ്ടുമായിരുന്നു ഫീസ് നിര്‍ണ്ണയിച്ചിരുന്നത്. ഇത് കുറയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയും പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ പ്രതികരണം നടത്തേണ്ടി വരികയും ചെയ്തിരുന്നു.
അഞ്ചു മാസത്തോളം ഹോം ഓഫീസ് അനധികൃതമായി തടവിലാക്കിയ ഹോംലെസ് ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 90,000 പൗണ്ട് അനുവദിച്ചു. ഇവോന ഡെപ്റ്റ്ക (33), ഹെന്റി സാഡ്‌ലോവ്‌സ്‌കി (38) എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ലങ്കാഷയറില്‍ തെരുവില്‍ കഴിച്ചുകൂട്ടിയ ഇവരെ 154 ദിവസം അന്യായമായി തടവില്‍ വെക്കുകയായിരുന്നു. ഇരുവര്‍ക്കും 44,5000 പൗണ്ട് വീതവും അതിന്റെ പലിശയും നല്‍കാനാണ് ലണ്ടന്‍ കോടതി വെള്ളിയാഴ്ച വിധിച്ചത്. ക്രിസ്മസിനു ശേഷം സാഡ്‌ലോവ്‌സ്‌കി മരിച്ചിരുന്നു. അതുകൊണ്ട് നഷ്ടപരിഹാരത്തുക ഇദ്ദേഹത്തിന്റെ പോളണ്ടിലെ കുടുംബത്തിന് ലഭിക്കും. യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ നിന്നുള്ളവരെ തെരുവില്‍ കഴിഞ്ഞുകൂടുന്നതായി കണ്ടെത്തിയാല്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ ഗോപിക് അനുസരിച്ചാണ് ഈ പോളിഷ് ദമ്പതികളെ പിടികൂടിയത്. ഈ നയം അനീതിയാണെന്ന് 2017 ഡിസംബറില്‍ ഹൈക്കോടതി വിധിച്ചിരുന്നതാണ്. അതിനാല്‍ ഇവരെ തടവിലാക്കിയത് അനധികൃതമായാണെന്ന് പിന്നീട് ഹോം ഓഫീസിന് സമ്മതിക്കേണ്ടി വന്നിരുന്നു. ഇവരെ രണ്ടു പേരെയും 2017 മാര്‍ച്ചിലാണ് ആദ്യമായി കസ്റ്റഡിയിലെടുത്തത്. പിന്നീട് വ്യത്യസ്ത ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററുകൡ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ട് വ്യത്യസ് ഇടങ്ങളിലായി ഒരു മാസത്തോളം അന്ന് ഇവര്‍ക്ക് കഴിയേണ്ടി വന്നു. അക്കാലയളവ് വളരെ ഭീതിയുളവാക്കുന്നതായിരുന്നുവെന്ന് ഡെപ്റ്റ്ക സാക്ഷിമൊഴിയില്‍ പറഞ്ഞു. കതകുകള്‍ അടയുന്നതിന്റെയും മറ്റു തടവുകാരുടെയും ശബ്ദങ്ങള്‍ തന്നെ ഭയപ്പെടുത്തി. ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ചു പോലും താന്‍ ചിന്തിച്ചുവെന്ന് അവര്‍ പറഞ്ഞു. തന്റെ പങ്കാളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവളെ കൊന്നു കളയുമെന്ന് പോലും ഭീഷണിപ്പെടുത്തിയെന്നായിരുന്നു സാഡ്‌ലോവ്‌സ്‌കി നല്‍കിയ മൊഴി. യാള്‍സ് വുഡ് ഐആര്‍സിയിലെ ഫാമിലി യൂണിറ്റില്‍ വെച്ചാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടിയത്. ഇരുവരെയും ഒറ്റയ്ക്ക് തടവിലിട്ട കാലയളവിന് വലിയ തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് ജസ്റ്റിസ് സൂള്‍ വിധിച്ചു. ദമ്പതികള്‍ക്ക് മാനസികമായി ഒട്ടേറെ ദുരിതങ്ങള്‍ സമ്മാനിക്കുകയായിരുന്നു ഈ അന്യായ തടവ്. ഇതിന് കാരണമായത് ഹോം ഓഫീസ് വരുത്തിയ കാലതാമസമാണ്. കേസിന്റെ വിചാരണ നടക്കുമ്പോള്‍ പോലും ഹോം ഓഫീസ് ഇക്കാര്യത്തില്‍ ക്ഷമാപണം നടത്താന്‍ തയ്യാറായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ദീര്‍ഘകാലമായി വിമര്‍ശനം ഏറ്റുവാങ്ങുന്ന ഗോള്‍ഡന്‍ വിസ പദ്ധതി നിര്‍ത്തലാക്കുന്നതില്‍ പരാജയപ്പെട്ട് ഹോം ഓഫീസ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ധനികരായ വിദേശികള്‍ക്ക് പണമീടാക്കി നല്‍കിയിരുന്ന ഗോള്‍ഡന്‍ വിസ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇത് നിര്‍ത്തലാക്കുമെന്നായിരുന്നു അറിയിപ്പ്. യുകെയുടെ ടയര്‍ വണ്‍ ഇന്‍വെസ്റ്റര്‍ പ്രോഗ്രാം നിര്‍ത്തലാക്കുകയാണെന്ന് അഞ്ചു ദിവസം മുമ്പ് വാര്‍ത്താക്കുറിപ്പില്‍ ഹോം ഓഫീസ് അറിയിക്കുകയായിരുന്നു. ഈ വിസയുടെ മറവില്‍ സംഘടിത കുറ്റകൃത്യങ്ങളും കള്ളപ്പണ ഇടപാടുകളും നടക്കുന്നുവെന്ന വസ്തുതയുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം. നമ്മുടെ നിയമങ്ങള്‍ അനുസരിക്കന്‍ തയ്യാറല്ലാത്തവരെയും നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെയും വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്ക്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മാറ്റം നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൊവ്വാഴ്ച ഹോം ഓഫീസ് പുറത്തിറക്കിയ പ്രസ്താവന സ്ഥിരീകരിക്കുന്നു. ടയര്‍ വണ്‍ (ഇന്‍വെസ്റ്റര്‍) വിസ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. എന്തായാലും അത് ഉടന്‍ തന്നെ ഇല്ലാതാക്കുമെന്നും സമീപഭാവിയില്‍ തന്നെ അതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും ഹോം ഓഫീസ് വക്താവ് അറിയിച്ചു. വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഹോം ഓഫീസ് തയ്യാറായില്ല. അഴിമതിക്കും ചൂഷണത്തിനും കാരണമാകുന്നുവെന്ന പേരില്‍ ഗോള്‍ഡന്‍ വിസ സമ്പ്രദായം ഏറെക്കാലമായി വിമര്‍ശിക്കപ്പെട്ടു വരികയാണ്. സ്‌ക്രിപാലിനെതിരെ ഉണ്ടായാ നോവിചോക്ക് ആക്രമണത്തിനു ശേഷം റഷ്യന്‍ ധനികര്‍ക്ക് അനുവദിച്ചിട്ടുള്ള 700 ഗോള്‍ഡന്‍ വിസകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചിരുന്നു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാതെ 3000 ഗോള്‍ഡന്‍ വിസകള്‍ യുകെ വിദേശ പൗരന്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് 2015ല്‍ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ യുകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലണ്ടന്‍: ന്യൂസിലാന്റ് സ്വദേശിയായ യുവാവിന് ഹോം ഓഫീസ് അധികൃതരുടെ പിഴവ് മൂലം വിസ നിഷേധിക്കപ്പെട്ടതായി പരാതി. 29 കാരനായ ലൂക്ക് തോമസാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അധികൃതര്‍ വിസ നിഷേധിച്ചത് മൂലം തന്റെ അഞ്ച് മാസം പ്രായമായ മകനെ ഇതുവരെ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ലൂക്ക് തോമസ് പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തോമസും പാര്‍ട്ണറും ന്യൂസിലാന്റിലാണ് താമസം. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് ബ്രിട്ടനിലേക്ക് താമസം മാറാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി വിസയ്ക്ക് ഹോം ഓഫീസിനെ സമീപിക്കുകയും ചെയ്തു. തോമസിന്റെ കേസില്‍ വിസ നിഷേധിക്കേണ്ടതായ യാതൊരു നിയമപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടായിരുന്നില്ല. ഹോം ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ട് നഷ്ടമായതാണ് ഈ ഉരുണ്ടുകളിക്ക് കാരണമെന്ന് ദമ്പതികളുടെ സോളിസിറ്റര്‍ പറയുന്നു. ഏപ്രില്‍ മാസത്തിലാണ് 573 പൗണ്ട് നല്‍കി പ്രീമിയം സര്‍വ്വീസ് ഉപയോഗിച്ച് അണ്‍മാരീഡ് പാര്‍ട്ണര്‍ വിസയ്ക്ക് തോമസ് അപേക്ഷ നല്‍കിയത്. ഹോം ഓഫീസ് അനുകൂലമായി പ്രതികരിക്കാതിരുന്നതോടെ ഏതാണ്ട് 5 മാസത്തോളം തോമസിന്റെ യു.കെ സന്ദര്‍ശനം മുടങ്ങി. നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഹോം ഓഫീസ് അധികൃതര്‍ തയ്യാറായില്ലെന്ന് തോമസിന്റെ പാര്‍ട്ണര്‍ പറയുന്നു. പിന്നീടാണ് തോമസിന്റെ പാസ്‌പോര്‍ട്ട് കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ആദ്യം പാസ്‌പോര്‍ട്ട് ഹോം ഓഫീസില്‍ കൈപ്പറ്റിയിട്ടില്ലെന്നായിരുന്നു വിവരം ലഭിച്ചത്. എന്നാല്‍ ഡെലിവറി രേഖകള്‍ പ്രകാരം പാസ്‌പോര്‍ട്ട് ഹോം ഓഫീസിലെത്തിയതായി വ്യക്തമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വിസ നിഷേധിച്ചതായി വ്യക്തമാക്കികൊണ്ട് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നു. എന്നാല്‍ അത് അബദ്ധം സംഭവിച്ചതാണെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു. നിരവധി നാടകീയ സംഭവങ്ങള്‍ക്ക് ശേഷം തോമസിന് സെപ്റ്റംബര്‍ അവസാനത്തോടെ വിസയും പാസ്‌പോര്‍ട്ടും ലഭിച്ചു. എന്നാല്‍ പതിപ്പിച്ചിരുന്ന എന്‍ട്രി സ്റ്റാമ്പ് കാലാവധി കഴിഞ്ഞതായിരുന്നു. എനിക്ക് 4 മാസത്തിലധികം പ്രായമായ ഒരു മകനുണ്ട്, അധികൃതരുടെ അനാസ്ഥമൂലം എനിക്ക് അവനെ ഒരു നോക്ക് കാണാനുള്ള അവസരമാണ് അനന്തമായ നീളുന്നതെന്ന് തോമസ് പറയുന്നു. തോമസിന്റെ മൂന്ന് മക്കളും നിലവില്‍ മാതാവിനൊപ്പം യു.കെയിലാണ് താമസിക്കുന്നത്. തോമസിന്റെ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി പാട്ണറായ സിമോണ്‍ ബ്രൂക്ക്‌സ് പറഞ്ഞു. മൂന്ന് കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നത് വിഷാദരോഗമുണ്ടാക്കുന്നതായും ബ്രൂക്ക്‌സ് പറയുന്നു.
RECENT POSTS
Copyright © . All rights reserved