Home
കെയര്‍ ഹോമുകളില്‍ പെന്‍ഷനര്‍മാര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇംഗ്ലണ്ടിലെ പല കെയര്‍ ഹോമുകളിലും ഇതാണ് അവസ്ഥയെന്നാണ് ആക്ഷേപം ഉയരുന്നത്. പണം നല്‍കാന്‍ കഴിവുള്ളവര്‍ക്കു പോലും വളരെ ദയനീയമായ പരിചരണമാണ് ലഭിക്കുന്നത്. 7585 ഇംഗ്ലീഷ് പോസ്റ്റ്‌കോഡുകളില്‍ 75 ശതമാനം പ്രദേശങ്ങളിലും കെയര്‍ ഹോം ബെഡുകള്‍ കിട്ടാനില്ല. മൂന്നില്‍ രണ്ടിടങ്ങളില്‍ നഴ്‌സിംഗ് കെയര്‍ സൗകര്യം ലഭ്യമല്ലെന്നും വിശകലനം വ്യക്തമാക്കുന്നു. 2244 പേര്‍ക്ക് കെയര്‍ ഹോം ബെഡുകള്‍ ലഭ്യമല്ലെന്നാണ് കണക്ക്. അതേസമയം 30 ശതമാനം ആളുകള്‍ക്ക് പ്രാദേശികമായി ഈ കെയര്‍ സൗകര്യം കിട്ടാക്കനിയാണെന്നും പഠനത്തില്‍ വ്യക്തമായി. 65 വയസിനു മേല്‍ പ്രായമുള്ള 1.4 മില്യന്‍ ആളുകള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നതേയില്ല. എയിജ് യുകെയ്ക്കു വേണ്ടി ഇന്‍സിസീവ് ഹെല്‍ത്ത് എന്ന ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സിയാണ് പഠനം നടത്തിയത്. സോഷ്യല്‍ കെയര്‍ വര്‍ക്ക് ഫോഴ്‌സിന്റെ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കിലും വര്‍ഷങ്ങളായി രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ വന്നതും ലോക്കല്‍ അതോറിറ്റികള്‍ ബജറ്റ് വെട്ടിച്ചുരുക്കിയതും ശരിയായ സേവനം ലഭ്യമാക്കാനുള്ള ഈ സംവിധാനത്തിന്റെ ശേഷി ഇല്ലാതാക്കിയതായി കണ്‍സള്‍ട്ടന്‍സി പ്രതിനിധി കീരാന്‍ ലൂസിയ പറഞ്ഞു. ഹള്‍, ഈസ്റ്റ് യോര്‍ക്ക്ഷയര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നഴ്‌സിംഗ് ഹോ ബെഡ് ലഭിക്കുകയെന്നത് അസാധ്യമായി മാറിയിരിക്കുകയാണ്. മൂന്നു വര്‍ഷത്തിനിടെ ഈ സൗകര്യത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഡെവണ്‍, ടോട്ട്‌നസ് തുടങ്ങിയ പ്രദേശങ്ങളിലും ഇതേ സാഹചര്യമാണ് നിലവിലുള്ളത്. പെന്‍ഷനര്‍മാര്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ പോലും അതാതു സ്ഥലങ്ങളില്‍ കെയര്‍ കിട്ടുന്നത് വിദൂര സാധ്യത മാത്രമായി മാറിയിരിക്കുന്നു. ഇതു മൂലം തങ്ങളുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാമീപ്യമില്ലാത്ത ദൂരെയുള്ള കെയര്‍ഹോമുകളില്‍ കഴിയേണ്ട അവസ്ഥയാണ് പ്രായമുള്ളവര്‍ക്കെന്നും പഠനം വ്യക്തമാക്കുന്നു.
ഒമ്പത് വീടുകള്‍ നിര്‍മിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 11 വീടുകള്‍ നിര്‍മിച്ച ഡെവലപ്പര്‍ക്ക് തിരിച്ചടി. എല്ലാ വീടുകളും പൊളിച്ചു മാറ്റണമെന്ന് കൗണ്‍സില്‍ ഉത്തരവിട്ടു. കോടീശ്വരനായ ഹിക്മത്ത് കാവേയുടെ ഉടമസ്ഥതയിലുള്ള ക്രിസ്റ്റലൈറ്റ് എന്ന കമ്പനിയോടാണ് എല്ലാ വീടുകളും പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്ലോസ്റ്റര്‍ഷയറിലെ ന്യൂവെന്റിലാണ് സംഭവം. വീടുകള്‍ക്ക് അനുമതി ലഭിച്ചതിനേക്കാള്‍ ഏറെ ഭൂമി ഈ വീടുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വീടുകളുടെ നിര്‍മാണത്തിന് താന്‍ നിയോഗിച്ച ബില്‍ഡര്‍മാര്‍ക്ക് സംഭവിച്ച അബദ്ധമാണ് ഇതെന്നാണ് ഹിക്മത്ത് കാവേ അവകാശപ്പെടുന്നത്. അനുമതിയില്ലാത്ത ഭൂമിയില്‍ നിര്‍മാണം നടത്തിയെന്നു മാത്രമല്ല, ഏറെ ഉയരത്തിലുമാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. കണ്‍സര്‍വേഷന്‍ സോണില്‍ വരുന്ന പ്രദേശത്ത് ഒമ്പത് വീടുകള്‍ നിര്‍മിക്കാനുള്ള അനുമതി ഗവണ്‍മെന്റ് പ്ലാനിംഗ് ഇന്‍സ്‌പെക്ടര്‍ നല്‍കിയതു പോലും നിരവധി നിബന്ധനകളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ അനുമതി നല്‍കിയ എസ്‌റ്റേറ്റ് അല്ല അവിടെ നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്ന് ഫോറസ്റ്റ് ഓഫ് ഡീന്‍ കൗണ്‍സിലര്‍മാര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ആക്ഷന്‍ മാത്രമാണ് മുന്നിലുള്ളതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തങ്ങള്‍ കരാര്‍ ഏല്‍പ്പിച്ച ബില്‍ഡറാണ് രണ്ട് അധിക വീടുകള്‍ നിര്‍മിച്ചതെന്നും ഇയാളെ കാണാനില്ലെന്നുമാണ് ഡെവലപ്പര്‍ കൗണ്‍സിലിനെ അറിയിച്ചിരിക്കുന്നത്. അധികമായി നിര്‍മിച്ച വീടുകള്‍ പൊളിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധരാണെന്നും കമ്പനി അറിയിച്ചു. എന്നാല്‍ അനുമതിയില്ലാത്ത ഭൂമിയില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനം നിലവിലുള്ള പെര്‍മിഷന്‍ അസാധുവാക്കിയിരിക്കുകയാണെന്ന് പ്ലാനിംഗ് കമ്മിറ്റി വിലയിരുത്തുന്നു. ഇത്തരമൊരു നിര്‍മാണത്തെക്കുറിച്ച് ഒരു പ്ലാനിംഗ് ആപ്ലിക്കേഷന്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതൊരു അനധികൃത നിര്‍മാണമായേ കണക്കാക്കാനാകൂ എന്നും എന്‍ഫോഴ്‌സ്‌മെന്റ് മാത്രമേ ഇനി മുന്നിലുള്ളുവെന്നും പ്ലാനിംഗ് കമ്മിറ്റി വ്യക്തമാക്കി.
ജനസംഖ്യയില്‍ 26 ശതമാനം യുവാക്കള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോഴും കഴിയുന്നതെന്ന് സര്‍വേ. 3.4 മില്യനിലേറെ യുവജനങ്ങള്‍ക്ക് ഇപ്പോഴും മാതാപിതാക്കളുടെ വീടുകള്‍ തന്നെയാണ് ആശ്രയം. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രോപ്പര്‍ട്ടി വിലയാണ് ഈ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. 20നും 34നുമിടയില്‍ പ്രായമുള്ളവരാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ നേരിടുന്നതെന്നാണ് വ്യക്തമായിട്ടുള്ളത്. ഉയര്‍ന്ന വാടകയും മോര്‍ട്ട്‌ഗേജ് ഡിപ്പോസിറ്റുകളും പെയ്‌മെന്റുകളും സൃഷ്ടിക്കുന്ന അധൈര്യവും യുവാക്കള്‍ക്ക് സ്വന്തം കൂര തേടാന്‍ കഴിയാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് കണക്കുകള്‍. യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ വിദ്യാഭ്യാസ വായ്പകളുടെ ഭാരം, പ്രതിഫലമില്ലാത്ത ഇന്റേണ്‍ഷിപ്പുകള്‍, ജോലികളിലെ അനിശ്ചിതത്വം, ഉയരാത്ത ശമ്പള നിരക്കുകള്‍ എന്നിവയാണ് പ്രധാനമായും ഉള്ളത്. ഇവ സ്വന്തമായി പാര്‍പ്പിടം എന്ന സ്വപ്‌നത്തെത്തന്നെയാണ ഇല്ലാതാക്കുന്നതെന്ന് ഇന്റര്‍ജനറേഷണല്‍ ഫെയര്‍നസ് എന്ന പ്രഷര്‍ ഗ്രൂപ്പ് കോ ഫൗണ്ടര്‍ ആന്‍ഗസ് ഹാന്റണ്‍ പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന യുവാക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എട്ടു ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇതില്‍ ഉണ്ടായത്. പത്തു വര്‍ഷത്തിനിടെ 28 ശതമാനവും 15 വര്‍ഷത്തിനിടെ 41 ശതമാനവുമാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ്. ലണ്ടനിലും സൗത്ത് ഈസ്റ്റിലുമാണ് ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്നത്. അനുപാതത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡാണ് മുന്നില്‍. മൂന്നിലൊന്നിലേറെപ്പേര്‍ ഇവിടെ ഇത്തരത്തില്‍ കഴിയുന്നുണ്ട്. ഗാര്‍ഹിക പ്രതിസന്ധി ഒരു തമുറയെത്തന്നെ ബാധിക്കുന്ന കാഴ്ചയക്കാണ് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്നത്.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്. സാധാരണക്കാര്‍ക്ക് പാര്‍പ്പിടം എന്ന സ്വപനം അപ്രാപ്യമാക്കുന്ന വിധത്തിലാണ് വില വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകര്‍ വീടുകള്‍ വാങ്ങിക്കൂട്ടുന്നതും പുതുതായി നിര്‍മിച്ച വീടുകളുടെയും കെട്ടിടങ്ങളുടെയും ക്ഷാമവുമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍. 2009ലെ മാന്ദ്യത്തിനു ശേഷം വീടുകളുടെ ശരാശരി വിലയില്‍ 47 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 154,452 പൗണ്ട് വിലയുണ്ടായിരുന്ന വീടുകള്‍ക്ക് കഴിഞ്ഞ ഏപ്രിലില് 226,906 പൗണ്ടായാണ് വില ഉയര്‍ന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പത്തു വര്‍ഷത്തിനിടെ 96 ശതമാനം വിലവര്‍ദ്ധനവാണ് ലണ്ടനിലുണ്ടായത്. ഒരു ശരാശരി വീടിന് 484,585 പൗണ്ടാണ് ഇവിടുത്തെ വില. ഇംഗ്ലണ്ടില്‍ ഏറ്റവും വിലക്കുറവുള്ള പ്രദേശം എന്ന് അറിയപ്പെടുന്ന നോര്‍ത്ത് ഈസ്റ്റില്‍ പോലും ശരാശരി വില 130,489 പൗണ്ടാണ്. 11 ശതമാനം വര്‍ദ്ധനയാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും ഒരു 25 ശതമാനം നിക്ഷേപമുള്ള ഒരു സാധാരണ വരുമാനക്കാരന് ഇവിടെ 884 സ്‌ക്വയര്‍ഫീറ്റ് വിസ്താരമുള്ള വീടുകള്‍ വരെ മാത്രമേ വാങ്ങാനാകൂ. ദേശീയ ശരാശരിയില്‍ നിന്ന് 9 സ്‌ക്വയര്‍ഫീറ്റ് കുറവാണ് ഇത്. ലണ്ടനിലാണെങ്കില്‍ 292 സ്‌ക്വയര്‍ഫീറ്റ് വരെ മാത്രമേ ഈ വരുമാനമുള്ളവര്‍ക്ക് താങ്ങാനാകൂ. സാവില്‍സ് ആണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. ബ്രൈറ്റണ്‍, കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് എന്നിവയാണ് പ്രോപ്പര്‍ട്ടി വില ഏറ്റവും കൂടുതലുള്ള മറ്റു നഗരങ്ങള്‍.
മാതാപിതാക്കളുടെ പരാതിയില്‍ 30കാരനായ മകന്‍ വീട്ടില്‍ നിന്ന് പുറത്തു പോകണമെന്ന് കോടതി. ന്യൂയോര്‍ക്കിലാണ് സംഭവം. മൈക്കിള്‍ റോറ്റോന്‍ഡോ വീട്ടില്‍ നിന്ന് പോകാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളായ ക്രിസ്റ്റീനയും മാര്‍ക്ക് റോറ്റോന്‍ഡോയും കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുന്നതെന്നുമാണ് ഒരു ഘട്ടത്തില്‍ മൈക്കിള്‍ പറഞ്ഞത്. വീട് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇയാള്‍ക്ക് ഔദ്യോഗികമായി നിരവധി കത്തുകള്‍ അയച്ചിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ കോടതിയെ സമീപിച്ചത്. എട്ട് വര്‍ഷം മുമ്പാണ് മൈക്കിള്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനെത്തിയത്. പിന്നീട് വീട് വിട്ടുപോകാന്‍ ഇയാള്‍ തയ്യാറായില്ല. ആറു മാസം കൂടി വീട്ടില്‍ തുടരാന്‍ അനുവാദം നല്‍കണമെന്ന് ഇയാള്‍ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അത് അന്യായമാണെന്ന് പറഞ്ഞ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡൊണാള്‍ഡ് ഗ്രീന്‍വുഡ് ഇയാള്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ഉത്തരവിട്ടു. ഈ കേസ് ഒരു പാരഡിയാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. ഫെബ്രുവരി 2ന് മാര്‍ക്ക് മൈക്കിളിന് നല്‍കിയ കത്തില്‍ 14 ദിവസത്തിനുള്ളില്‍ വീടൊഴിയണമെന്നും പിന്നീട് തിരിച്ചു വരരുതെന്നും ആവശ്യപ്പെടുന്നുണ്ട്. തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. ഇതിന് മറുപടി ലഭിക്കാതെ വന്നപ്പോള്‍ മകനെ പുറത്താക്കിക്കൊണ്ടും ഇവര്‍ കത്തയച്ചു. പിന്നീട് മറ്റൊരു സ്ഥലം കണ്ടെത്താന്‍ 1100 ഡോളര്‍ നല്‍കാമെന്നും മാതാപിതാക്കള്‍ അറിയിച്ചിരുന്നു. ഇവയ്‌ക്കൊന്നും മകനെ മാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പെട്ടെന്നു തന്നെ സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി മാറ്റുകയും മകനോട് താമസം മാറാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
RECENT POSTS
Copyright © . All rights reserved