Homeless
തെരുവില്‍ കഴിയുന്നയാള്‍ 1600 പൗണ്ട് പിഴയടക്കണമെന്ന് എച്ച്എംആര്‍സി. ക്രിസ്റ്റോഫ് പോകോറോവ്‌സ്‌കി എന്നയാള്‍ക്കാണ് എച്ച്എംആര്‍സി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇയാള്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകുന്നുവെന്നാണ് കാരണമായി വിശദീകരിക്കുന്നത്. തെരുവില്‍ സ്ലീപ്പിംഗ് ബാഗില്‍ ഉറങ്ങുന്ന ശരിയായ അഡ്രസ് പോലുമില്ലാത്ത ഇയാളെ പിഴയടക്കാന്‍ എച്ച്എംആര്‍സി നിന്ദിക്കുകയാണെന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്റ്റോവിലുള്ള വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട പോകോറോവ്‌സ്‌കിക്ക് എച്ച്എംആര്‍സിയുടെ കത്ത് ലഭിച്ചിട്ടു പോലുമില്ല. ഇയാളുടെ സ്വത്തുവകകള്‍ നഷ്ടപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. തീര്‍ത്തും ദരിദ്രനായ ഇദ്ദേഹത്തോടുള്ള പെരുമാറ്റം ഞെട്ടിക്കുന്നതാണെന്ന് ജഡ്ജ് അഭിപ്രായപ്പെട്ടു. തെരുവിലുറങ്ങുന്ന ഒരാളുടെ മേല്‍വിലാസം കൃത്യമായി സൂക്ഷിക്കുന്ന എച്ച്എംആര്‍സിയുടെ നടപടി പരിഹാസ്യവും അസംബന്ധവുമാണെന്ന് പിഴ ഒഴിവാക്കിക്കൊണ്ടുള്ള റൂളിംഗില്‍ ജഡ്ജി നിക്കോളാസ് അലക്‌സാന്‍ഡര്‍ പറഞ്ഞു. ഒരു ഇലക്ട്രീഷ്യനായിരുന്ന പോകോറോവ്‌സ്‌കിയുടെ ജീവിതം തകര്‍ന്നത് 2014ല്‍ ഒരു ബാറില്‍ വെച്ച് അദ്ദേഹത്തിന്റെ ഡ്രിങ്കില്‍ മയക്കുമരുന്ന് കലര്‍ന്നതായി കണ്ടെത്തിയതോടെയാണ്. ഇതോടെ ഇയാള്‍ക്ക് ജോലിയും സമ്പാദ്യവും നഷ്ടമാകുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്യപ്പെട്ടു. പോകോറോവ്‌സ്‌കിയുടെ വസ്തുക്കളെല്ലാം തെരുവിലേക്കെറിയപ്പെട്ടു. ടാക്‌സ് റെക്കോര്‍ഡുകളും മറ്റു രേഖകളും ഉള്‍പ്പെടെ നഷ്ടമായി. 2016 ക്രിസ്മസ് കാലത്ത് ഒരു ഹോംലെസ് ഷെല്‍റ്ററില്‍ അഭയം ലഭിക്കുന്നതു വരെ ഇയാള്‍ തെരുവില്‍ കഴിച്ചുകൂട്ടൂകയായിരുന്നു. അടുത്ത വര്‍ഷം ഇയാള്‍ ഒരു വീട് കണ്ടെത്തുകയും ജോലി ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തുവെന്ന് ഫസ്റ്റ് ടയര്‍ ടാക്‌സ് ട്രൈബ്യൂണലില്‍ വാദം കേട്ടു. 2015 ഏപ്രിലില്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി കഴിഞ്ഞിട്ടും അത് നല്‍കിയില്ല എന്നാണ് എച്ച്എംആര്‍സിയുടെ പരാതി. ഇക്കാലത്ത് ഇയാള്‍ തെരുവിലായിരുന്നു എന്ന കാര്യം പരിഗണിക്കാതെയാണ് നടപടി. 2017 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇയാള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ 1600 പൗണ്ട് ആയി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേകതയൊന്നുമില്ലെന്ന് എച്ച്എംആര്‍സി വാദിച്ചെങ്കിലും ജഡ്ജി അത് തള്ളുകയായിരുന്നു.
അഞ്ചു മാസത്തോളം ഹോം ഓഫീസ് അനധികൃതമായി തടവിലാക്കിയ ഹോംലെസ് ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 90,000 പൗണ്ട് അനുവദിച്ചു. ഇവോന ഡെപ്റ്റ്ക (33), ഹെന്റി സാഡ്‌ലോവ്‌സ്‌കി (38) എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ലങ്കാഷയറില്‍ തെരുവില്‍ കഴിച്ചുകൂട്ടിയ ഇവരെ 154 ദിവസം അന്യായമായി തടവില്‍ വെക്കുകയായിരുന്നു. ഇരുവര്‍ക്കും 44,5000 പൗണ്ട് വീതവും അതിന്റെ പലിശയും നല്‍കാനാണ് ലണ്ടന്‍ കോടതി വെള്ളിയാഴ്ച വിധിച്ചത്. ക്രിസ്മസിനു ശേഷം സാഡ്‌ലോവ്‌സ്‌കി മരിച്ചിരുന്നു. അതുകൊണ്ട് നഷ്ടപരിഹാരത്തുക ഇദ്ദേഹത്തിന്റെ പോളണ്ടിലെ കുടുംബത്തിന് ലഭിക്കും. യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ നിന്നുള്ളവരെ തെരുവില്‍ കഴിഞ്ഞുകൂടുന്നതായി കണ്ടെത്തിയാല്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ ഗോപിക് അനുസരിച്ചാണ് ഈ പോളിഷ് ദമ്പതികളെ പിടികൂടിയത്. ഈ നയം അനീതിയാണെന്ന് 2017 ഡിസംബറില്‍ ഹൈക്കോടതി വിധിച്ചിരുന്നതാണ്. അതിനാല്‍ ഇവരെ തടവിലാക്കിയത് അനധികൃതമായാണെന്ന് പിന്നീട് ഹോം ഓഫീസിന് സമ്മതിക്കേണ്ടി വന്നിരുന്നു. ഇവരെ രണ്ടു പേരെയും 2017 മാര്‍ച്ചിലാണ് ആദ്യമായി കസ്റ്റഡിയിലെടുത്തത്. പിന്നീട് വ്യത്യസ്ത ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററുകൡ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ട് വ്യത്യസ് ഇടങ്ങളിലായി ഒരു മാസത്തോളം അന്ന് ഇവര്‍ക്ക് കഴിയേണ്ടി വന്നു. അക്കാലയളവ് വളരെ ഭീതിയുളവാക്കുന്നതായിരുന്നുവെന്ന് ഡെപ്റ്റ്ക സാക്ഷിമൊഴിയില്‍ പറഞ്ഞു. കതകുകള്‍ അടയുന്നതിന്റെയും മറ്റു തടവുകാരുടെയും ശബ്ദങ്ങള്‍ തന്നെ ഭയപ്പെടുത്തി. ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ചു പോലും താന്‍ ചിന്തിച്ചുവെന്ന് അവര്‍ പറഞ്ഞു. തന്റെ പങ്കാളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവളെ കൊന്നു കളയുമെന്ന് പോലും ഭീഷണിപ്പെടുത്തിയെന്നായിരുന്നു സാഡ്‌ലോവ്‌സ്‌കി നല്‍കിയ മൊഴി. യാള്‍സ് വുഡ് ഐആര്‍സിയിലെ ഫാമിലി യൂണിറ്റില്‍ വെച്ചാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടിയത്. ഇരുവരെയും ഒറ്റയ്ക്ക് തടവിലിട്ട കാലയളവിന് വലിയ തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് ജസ്റ്റിസ് സൂള്‍ വിധിച്ചു. ദമ്പതികള്‍ക്ക് മാനസികമായി ഒട്ടേറെ ദുരിതങ്ങള്‍ സമ്മാനിക്കുകയായിരുന്നു ഈ അന്യായ തടവ്. ഇതിന് കാരണമായത് ഹോം ഓഫീസ് വരുത്തിയ കാലതാമസമാണ്. കേസിന്റെ വിചാരണ നടക്കുമ്പോള്‍ പോലും ഹോം ഓഫീസ് ഇക്കാര്യത്തില്‍ ക്ഷമാപണം നടത്താന്‍ തയ്യാറായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
വിഖ്യാത സാഹിത്യകാരനായ ഒ.ഹെന്റിയുടെ ദി കോപ്പ് ആന്‍ഡ് ദി ആന്‍ഥം എന്ന ചെറുകഥയിലെ ദരിദ്രനായ സോപ്പി എന്ന കഥാപാത്രത്തെ ഓര്‍മയുണ്ടോ? തെരുവില്‍ കഴിഞ്ഞിരുന്ന സോപ്പി വിന്റര്‍ ചെലവഴിക്കാനായി ജയിലില്‍ പോകുകയാണ് ചെയ്യുന്നത്. അതിനായി വിന്റര്‍ അടുക്കുമ്പോള്‍ അവന്‍ ചില ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്യും. അതിന് സമാനമായ അവസ്ഥയിലാണ് യുകെയിലെ തെരുവില്‍ കഴിയുന്നവരും. ആഷ്ടന്‍-ഇന്‍-മാര്‍ക്കറ്റ്ഫീല്‍ഡിലുള്ള വെയിന്‍ ഡില്യന്‍ എന്ന 39കാരനും ഇതേ രീതിയില്‍ ജയിലില്‍ പോകാനായി ടെസ്‌കോയില്‍ നിന്ന് 40 പൗണ്ട് വിലയുള്ള ചോക്കളേറ്റ് ബാര്‍ മോഷ്ടിച്ചിരിക്കുകയാണ്. ജയിലിലാണെങ്കില്‍ തനിക്ക് സഹായങ്ങള്‍ ലഭിക്കുമെന്നും അതിനായാണ് താന്‍ മോഷ്ടിച്ചതെന്നും തനിക്ക് കസ്റ്റഡി അനുവദിക്കണമെന്നും ഡില്യന്‍ വിഗന്‍ ആന്‍ഡ് ലെയ് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു. സോപ്പി ആഹാരത്തിനും തണുപ്പില്‍ നിന്ന് രക്ഷ തേടാനുമാണ് ജയിലിനെ അഭയം പ്രാപിച്ചതെങ്കില്‍ ഡില്യന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്. ഹെറോയിനും ക്രാക്ക് കൊക്കെയിനും ഉപയോഗിക്കുന്ന ഇയാള്‍ക്ക് അതില്‍ നിന്നുള്ള മോചനത്തിനും ജയിലില്‍ അവസരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ ഈ രീതി ഭവനരഹിതരായവര്‍ക്കിടയില്‍ ഒരു ശീലമായി വളര്‍ന്നു വരികയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മയക്കുമരുന്നുകള്‍ക്ക് അടിമകളായ നൂറുകണക്കിനാളുകള്‍ ഈ വിധത്തിലുള്ള ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത് ജയില്‍ ശിക്ഷ നേടുന്നുണ്ട്. ശിക്ഷാ കാലാവധിയില്‍ ലഭിക്കുന്ന മോചന ചികിത്സയാണ് ഇവരുടെ ലക്ഷ്യം. ഡില്യന് എന്തായാലും ഏഴ് ആഴ്ച തടവ് കോടതി വിധിച്ചു. തന്റെ കക്ഷിക്ക് ജയില്‍ ശിക്ഷയാണ് ആവശ്യമെന്ന് കോടതിയില്‍ ആവശ്യപ്പെടേണ്ടി വരുന്നത് വളരെ വിചിത്രമായ കാര്യമായിരുന്നെന്ന് ഡില്യനു വേണ്ടി ഹാജരായ സോളിസിറ്റര്‍ നിക്ക് വൂസി പറഞ്ഞു. അഡിക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സര്‍വീസുകള്‍ക്ക് നല്‍കി വന്നിരുന്ന ഫണ്ടുകള്‍ വെട്ടിക്കുറച്ചതോടെയാണ് ഇത്തരമൊരു ട്രെന്‍ഡ് പ്രത്യക്ഷപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഈ ഫണ്ടുകള്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലൂടെ കടന്ന് ലോക്കല്‍ അതോറിറ്റി തലത്തിലാണ് വിതരണം ചെയ്യപ്പെടുന്നത്. ഈ നൂലാമാലകള്‍ കടന്ന് സാധാരണക്കാര്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് ഡില്യനെപ്പോലുള്ളവരെ ജയിലിന്റെ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നത്.
ലണ്ടന്‍: ഹോംലെസ് ആയവര്‍ക്ക് മാനസികാരോഗ്യ പരിരക്ഷ നല്‍കുന്ന എന്‍എച്ച്എസ് സംഘത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചു. ഫോക്കസ് ഹോംലെസ് ഔട്ട്‌റീച്ച് ടീമിന് ക്യാംഡെന്‍ എന്‍എച്ച്എസ് ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പ് നല്‍കിവരുന്ന തുകയില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 2,19,866 പൗണ്ടിന്റെ കുറവ് വരുത്താനാണ് തീരുമാനം. ഈ ഏപ്രില്‍ മുതല്‍ ചെലവുചുരുക്കല്‍ നടപടികള്‍ പ്രാബല്യത്തിലാകും. ടീമിലെ രണ്ട് സൈക്യാട്രിസ്റ്റുമാരില്‍ ഒരാള്‍ക്കും ആറ് നഴ്‌സുമാരില്‍ ഒരാള്‍ക്കും ഇതോടെ ജോലി നഷ്ടമാകുമെന്നും ചോര്‍ന്നു കിട്ടിയ സിസിജി രേഖകള്‍ വ്യക്തമാക്കുന്നു. എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസിന് റെക്കോര്‍ഡ് തുകയാണ് ഫണ്ടുകളായി ലഭിക്കുന്നതെന്നാണ് തെരേസ മേയും ജെറമി ഹണ്ടും അവകാശപ്പെടുന്നത്. എന്നാല്‍ ഈ പുതിയ തീരുമാനം ഇവരുടെ വാക്കുകളുടെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഭവനരഹിതരായി തെരുവുകളില്‍ കഴിയുന്നവരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇവര്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകാനും കൊലപാതകങ്ങള്‍ വരെ നടക്കാനും സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ക്യാംഡെനില്‍ ആശുപത്രികളും ജിപികളും പരമാവധി ശേഷിക്ക് മേലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ തിരക്ക് വര്‍ദ്ധിക്കാനും പുതിയ നീക്കം കാരണമാകുമെന്നും വിലയിരുത്തലുണ്ട്. 5,21,000 പൗണ്ടിന്റെ ബജറ്റാണ് സിസിജി എന്‍എച്ച്എസ് സംഘത്തിന് അനുവദിച്ചിരുന്നുത്. ഇതില്‍ നിന്ന് 42 ശതമാനം വെട്ടിക്കുറയ്ക്കാനാണ് നീക്കം. ലോക്കല്‍ ജിപിമാരും സൈക്യാട്രിസ്റ്റുകളും ഹോംലെസ് ചാരിറ്റികളും, ഹോസ്റ്റല്‍ മാനേജര്‍മാരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ തെരുവിലുറങ്ങുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് ക്യാംഡെന്‍. മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, കോണ്‍വാള്‍ എന്നീ പ്രദേശങ്ങളാണ് തൊട്ടി പിന്നിലുള്ളത്. 25 വര്‍ഷം മുമ്പ് നിലവില്‍ വന്ന ഫോക്കസ് ഹോംലെസ് ആയവരിലെ വിഷാദരോഗം, സൈക്കോസിസ് തുടങ്ങി എല്ലാ മാനസികാരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമം നടത്തി വരികയായിരുന്നു.
RECENT POSTS
Copyright © . All rights reserved