Housing
ചെലവു കുറഞ്ഞ ഭവനങ്ങള്‍ നിര്‍മിക്കുന്നതിനായി രണ്ട് ബില്യന്‍ പൗണ്ടിന്റെ പദ്ധതി വരുന്നു. പ്രധാനമന്ത്രി തെരേസ മേയ് ഇതിനായുള്ള പദ്ധതി ഇന്ന് പ്രഖ്യാപിക്കും. രണ്ട് ബില്യന്‍ പൗണ്ടിന്റെ ബൃഹദ് പദ്ധതിയാണ് ഒരുങ്ങുന്നത്. ഈ പണം ഹൗസിംഗ് അസോസിയേഷനുകള്‍ക്ക് കൈമാറും. അസോസിയേഷനുകളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുകയാണ് ആദ്യപടി. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഈ പണത്തിനായി അസോസിയേഷനുകള്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍ ഹൗസിംഗിലുള്ള സമൂഹത്തിന്റെ ആശങ്ക ഒഴിവാക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 2028-29 വര്‍ഷം വരെ ഈ പണം വിനിയോഗിക്കാന്‍ അസോസിയേഷനുകള്‍ക്ക് അനുമതി ലഭിക്കും. ഹൗസിംഗ് അസോസിയേഷനുകള്‍ക്ക് പ്രാതിനിധ്യമുള്ള നാഷണല്‍ ഹൗസിംഹ് ഫെഡറേഷന്‍ യോഗത്തിലായിരിക്കും പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തുക. അടുത്ത സ്‌പെന്‍ഡിംഗ് റിവ്യൂ പീരിയഡിലെ ഹൗസിംഗ് ബജറ്റുകളില്‍ നിന്നായിരിക്കും പദ്ധതിക്കായുള്ള തുക അനുവദിക്കുക. ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ പൂര്‍ണ്ണമായി ലഭ്യമാകുകയുള്ളു എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് ആവശ്യമായ വീടുകള്‍ നിര്‍മിച്ചു നല്‍കുക എന്നതില്‍ ഉപരിയായി അസോസിയേഷനുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക സ്ഥിരത നല്‍കുക എന്നതു കൂടിയാണ് പദ്ധതി ഉറപ്പാക്കുന്നതെന്ന് പ്രസ്താവനയില്‍ മേയ് പറയും. 600 മില്യന്‍ പൗണ്ട് മൂല്യമുള്ള പദ്ധതികള്‍ എട്ട് അസോസിയേഷനുകള്‍ക്കായി ഇപ്പോള്‍ത്തന്നെ അനുവദിച്ചു കഴിഞ്ഞു. ഈ പണം ഉപയോഗിച്ച് 15,000 ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മിക്കാനാകും. ലോക്കല്‍ അതോറിറ്റികള്‍ക്കും പ്രൈവറ്റ് ബില്‍ഡര്‍മാര്‍ക്കും സാധിക്കാത്ത വിധത്തില്‍ ഹൗസിംഗ് മേഖലയില്‍ നേട്ടമുണ്ടാക്കാനായിരിക്കും അസോസിയേഷനുകളോട് മേയ് ആവശ്യപ്പെടുക. ലോക്കല്‍ അതോറിറ്റി, ഹൗസിംഗ് അസോസിയേഷന്‍ ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതു സംബന്ധിച്ചുണ്ടാകുന്ന അപകര്‍ഷതയും ആശങ്കയും ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലണ്ടന്‍: സമീപകാലത്ത് ലണ്ടന്‍ നഗരം ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മിഡ്‌ലാന്‍ഡ്‌സിലും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് പലരും തലസ്ഥാന ഗനരം ഉപേക്ഷിച്ച് പോകുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ പഠനം വ്യക്തമാക്കുന്നു. ലണ്ടനിലെ 2 ബെഡ് റൂം ഫ്‌ളാറ്റുകള്‍ക്ക് പകരമായി നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മിഡ്‌ലാന്‍ഡ്‌സിലും വലിയ വീടുകള്‍ സ്വന്തമാക്കാന്‍ ഒഴിഞ്ഞു പോകുന്നവര്‍ക്ക് സാധിക്കും. ലണ്ടനിലെ വീടുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു സ്ഥലങ്ങളില്‍ ശരാശരി പ്രൊപ്പര്‍ട്ടി വില കുറവാണ്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മിഡ്‌ലാന്‍ഡ്‌സിലും ശരാശരി 424,610 പൗണ്ട് മാത്രമാണ് ലണ്ടന്‍ നിവാസികള്‍ പുതിയ വീടുകള്‍ വാങ്ങുന്നതിനായി ഉപയോഗിക്കുന്നത്. സാധാരണ ലണ്ടന്‍ നഗരത്തിലെ ഫ്‌ലാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വീടുകള്‍ വലിപ്പത്തിലും സ്ഥല സൗകര്യത്തിലും മുന്നില്‍ നില്‍ക്കുന്നവയുമാണ്. ലണ്ടനിലെ അറ്റാച്ചഡ് 2-ബെഡ്‌റൂം ഫ്‌ളാറ്റിന് നല്‍കുന്ന വില മാത്രമെ ബ്രര്‍മിംഗ്ഹാമിലെ മാര്‍ക്കറ്റിനടുത്ത് ഒരു വലിയ കെട്ടിടം സ്വന്തമാക്കാന്‍ നല്‍കേണ്ടി വരുന്നുള്ളു. ലണ്ടനിലുള്ള വീട് വിറ്റു നോര്‍ത്തേണ്‍ പ്രദേശങ്ങളിലേക്ക് വരുന്നവര്‍ക്ക് ജീവിത സാഹചര്യങ്ങളും ചെലവുകളും കുറയുന്നതായിട്ടും പഠനം കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ നഗരത്തിന് പുറത്തായി 2018ന് തുടക്കത്തിലുള്ള ആറ് മാസത്തിനിടയില്‍ 30,000 പേരാണ് പുതിയ വീടുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 16 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നതെന്ന് മനസിലാക്കാം. ഇവയില്‍ ഭൂരിഭാഗം പേരും നാര്‍ത്തേണ്‍ ഇംഗ്ലണ്ടിലേക്കും മിഡ്‌ലാന്‍ഡ്‌സിലേക്കുമാണ് താമസം മാറ്റിയിരിക്കുന്നത്. 2008ല്‍ 7 ശതമാനം താമസം മാറ്റം മാത്രമാണ് ഉണ്ടായിരുന്നത് എന്നാല്‍ നിലവില്‍ ഇത് 21 ശതമാനമായി ഉയര്‍ന്നു. വേതനത്തിന്റെ 50 ശതമാനം വരെ വാടക ഇനത്തില്‍ ലണ്ടന്‍ നിവാസികള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ നോര്‍ത്തേണ്‍ പ്രദേശങ്ങളില്‍ 12 മുതല്‍ 15 ശതമാനം വരെ ഈ ഇനത്തില്‍ ചെലവ് വരുന്നുള്ളു. ലണ്ടനില്‍ ശരാശരി 2500 പൗണ്ടാണ് ശരാശരി വാടക.
പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാതെ, വൈദ്യുതിയില്‍ സ്വയംപര്യാപ്ത കൈവരിച്ചുകൊണ്ട് ലോകത്തിനു മുഴുവന്‍ മാതൃകയാകുകയാണ് ചോള്‍ട്ടണിലെ ഈ വീടുകള്‍. സെറ്റ്‌ലാന്‍ഡ് റോഡിലെ ഇത്തരം വീടുകളില്‍ സെട്രല്‍ ഹീറ്റിംഗ് സംവിധാനമോ ഗ്യാസോ ആവശ്യമില്ല. ശാസ്ത്രജ്ഞനും ഡെവലപ്പറുമായ കിറ്റ് നോള്‍സാണ് ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. റിന്യൂവബിള്‍ എനര്‍ജിയും ഈ വീടുകള്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. ഉപയോഗിക്കുന്നതിന്റെ 25 ശതമാനം വൈദ്യുതി വേണമെങ്കില്‍ ഗ്രിഡിലേക്ക് തിരികെ നല്‍കാന്‍ ശേഷിയുള്ളവായണ് ഈ വീടുകള്‍. ഈ വീടുകളില്‍ ഉപയോഗിച്ചിരിക്കുന്ന സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് വളരെ തുച്ഛമായ തുക മാത്രമേ ആവശ്യമായി വരികയുള്ളു. സമ്മറിന്റെ അവസാനത്തില്‍ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ഇവ യൂറോപ്പിലെ തന്നെ ആദ്യത്തെ പാസീവ് ഹൗസ് പ്ലസ് വീടുകളായിരിക്കും. ഇവയ്ക്ക് സമാന രീതിയിലുള്ള വീടുകള്‍ നിര്‍മ്മിച്ചിച്ച ഏക സ്ഥലം ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലെയിനാണ്. പാസീവ് വീടുകള്‍ 100 ശതമാനവും പരിസ്ഥിതിക്ക് അനിയോജ്യമായി രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ളവയാണ്. ഇവയ്ക്ക് സെന്‍ട്രലൈസ്ഡ് ഹീറ്റിംഗ് സംവിധാനത്തിന്റെ ആവശ്യമില്ല. പാസീവ് ഹൗസ് പ്ലസ് വീടുകള്‍ അവയ്ക്ക് ആവശ്യമുള്ളതിനേക്കാളും 25 ശതമാനം കൂടുതല്‍ എനര്‍ജി ഉത്പാദനം നടത്താന്‍ കഴിയും. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാരാണ് വീടുകള്‍ക്ക് ആവശ്യമായി വരുന്ന പെയിന്റ് കണ്ടുപിടിച്ചിരിക്കുന്നത്. ചോള്‍ട്ടണിലെ ഏറ്റവും ആഢംബര പൂര്‍ണമായ വീടുകളാണ് ഇവയെല്ലാം. ഒരോ വീടുകളും 2000 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലായി മാസ്റ്റര്‍ സ്യൂട്ട് ഉള്‍പ്പെടെ ആകെ 5 ബെഡ്‌റൂമുകളാണ് ഉണ്ടാവുക. ഇത് കൂടാതെ മുന്‍ വശത്തായി ഫോര്‍മല്‍ ലിവിംഗ് റൂം ഉണ്ടാകും. രണ്ടാമത്തെ സിറ്റിംഗ് ഏരിയ ഗാര്‍ഡന്‍ അഭിമുഖമായിട്ടായിരിക്കും സ്ഥിതി ചെയ്യുക. വീടിന് അകത്തായി നിരവധി സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ നിലയ്ക്ക് ഒരു ആഢംബര വീടുകള്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇത്തരം വീടുകള്‍ക്കുണ്ട്. ഇത്രയധികം സൗകര്യങ്ങള്‍ ഉള്ളതുകൊണ്ടു തന്നെ ഇവയുടെ നിര്‍മ്മാണച്ചെലവും വളരെ കൂടുതലാണ്. വീടുകള്‍ പെട്രോകെമിക്കല്‍ ഫ്രീയായിരുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അന്തരീക്ഷത്തില്‍ നിന്നും ചുടുള്ള വായു സ്വീകരിച്ച് വീടിനുള്ളില്‍ നിശ്ചിത താപനില നിലനിര്‍ത്താന്‍ കഴിയുന്ന ഹീറ്റ് എക്‌ചേഞ്ചറുകളാണ് ഇതര ഹീറ്റിംഗ് സംവിധാനങ്ങള്‍ക്ക് പകരമായെത്തുന്നത്. വെന്റിലേഷന്‍ സംവിധാനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ് ഹീറ്റിംഗിന് സഹായിക്കുക. ഈ ടെക്‌നോളജി വീടിനകത്ത് ആവശ്യമുള്ള അളവില്‍ ഹ്യുമിഡിറ്റി നിലനിര്‍ത്തും. ആസ്ത്മ, അലര്‍ജി തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ഈ വെന്റിലേഷന്‍ സംവിധാനം ഗുണം ചെയ്യും. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ വീടുകള്‍ ഭാവിയില്‍ യൂറോപ്പില്‍ വ്യാപിക്കുമെന്നാണ് കരുതുന്നത്.
18 മുതല്‍ 21 വയസ് വരെയുള്ളവരുടെ ഹൗസിംഗ് ബെനഫിറ്റ് എടുത്തുകളയാനുള്ള തീരുമാനത്തില്‍ നിന്ന് ഗവണ്‍മെന്റ് പിന്നോട്ടു പോകുന്നു. 21 വയസ് വരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമായിക്കൊണ്ടിരുന്ന ഹൗസിംഗ് ബെനിഫിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം 2014 ലാണ് ഗവണ്‍മെന്റ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ ബെനിഫിറ്റുകള്‍ നല്‍കുന്ന പദ്ധതി തുടരുമെന്നും. യുവ തലമുറയ്ക്ക് ആവശ്യമായ ബെനഫിറ്റുകള്‍ തുടര്‍ന്നും ലഭിക്കുമെന്നും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി എസ്തര്‍ മക്വേ വ്യക്തമാക്കി. പദ്ധതി നിര്‍ത്തലാക്കിയിരുന്നെങ്കില്‍ അത് 10,000ത്തോളം യുവതീ യുവാക്കളെ നേരിട്ട് ബാധിക്കുമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. പുതിയ നീക്കത്തെ ലേബര്‍ പാര്‍ട്ടി സ്വാഗതം ചെയ്തു. 2017ലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിരുന്ന വാഗ്ദാനങ്ങളിലൊന്നായിരുന്ന ബെനിഫിറ്റുകള്‍ പുനസ്ഥാപിക്കുമെന്നത്. രാജ്യത്തെ യുവജനങ്ങള്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് കണ്ടെത്തുന്നതിനായി വളരെയധികം ബുദ്ധിമുട്ടുന്നതായി ലേബര്‍ പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പദ്ധതി യുവജനങ്ങള്‍ക്ക് ജോലി തേടുന്നതിനും പരിശീലനം ലഭിക്കുന്നതിനും തൊഴില്‍ പരിചയമുണ്ടാക്കുന്നതിനും ഉപകാരപ്പെടുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഴയ രീതിയിലുള്ള ബെനഫിറ്റുകള്‍ രാജ്യത്തെ എല്ലാ യുവജനങ്ങള്‍ക്കും ലഭ്യമാകുമെന്നും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെയറിംഗിലുള്ളവര്‍ക്കും മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ കഴിയാത്തവര്‍ക്കും ഈ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ബെനഫിറ്റുകള്‍ നിര്‍ത്തലാക്കിയ നടപടിയെ വിമര്‍ശിച്ച് ചാരിറ്റികള്‍ രംഗത്ത് വന്നിരുന്നു. രാജ്യത്ത് നിലവിലുള്ള രൂക്ഷമായ ഹൗസിംഗ് പ്രതിസന്ധിയെ വര്‍ദ്ധിപ്പിക്കാനേ ഈ തീരുമാനം ഉതകൂ എന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. 18 മുതല്‍ 21 വയസ്സുവരെ പ്രായമായ യുവജനങ്ങള്‍ക്ക് ഹൗസിംഗ് സൗകര്യങ്ങള്‍ കണ്ടെത്തുന്നത് ചെറിയ സഹായങ്ങള്‍ അത്യാവശ്യമാണ്. ബെനഫിറ്റുകള്‍ അത്തരമൊരു സഹായമാണ് ഒരുക്കുന്നതെന്നും ഹൗസിംഗ് ആന്റ് ചാരിറ്റി ഷെല്‍ട്ടര്‍ പറയുന്നു. യുവജനങ്ങള്‍ക്ക് സുരക്ഷിതമായ വീടുകള്‍ ലഭ്യമാകുന്നതിന് ലേബര്‍ അഫോഡബിള്‍ ഹൗസിംഗില്‍ നിക്ഷേപം നടത്തുമെന്നും സ്വകാര്യ വാടകവീടുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്നും എംപി മാര്‍ഗരറ്റ് ഗ്രീന്‍വുഡ് വ്യക്തമാക്കി.
പുതിയൊരു വീടു വാങ്ങാന്‍ വേണ്ടി സ്ഥലം നോക്കുന്നവരോ അല്ലെങ്കില്‍ നിര്‍മ്മിച്ച വീട് വാങ്ങിക്കുന്നവരോ ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വീടിന്റെ മൂല്യത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളെപ്പറ്റിയുള്ള അറിവാണ് ഇതില്‍ പ്രധാനം. കുട്ടികള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീടിന് അടുത്തുണ്ടാകുന്നതില്‍ തുടങ്ങി വൈകുന്നേരം വിശ്രമിക്കാനുള്ള ഗാര്‍ഡന്‍ വരെ വീടുകളുടെ മൂല്യം നിര്‍ണയിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. സ്‌കൂളുകള്‍, മാര്‍ക്കറ്റ്, ട്രെയിന്‍ സ്റ്റേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ വീടിനടുത്തായുണ്ടെങ്കില്‍ നിങ്ങളുടെ വീട് ആയിരക്കണക്കിന് പൗണ്ടിലേറെ അധികമൂല്യമുള്ളവയാണെന്ന് ചുരുക്കം. നിങ്ങളുടെ വീടിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന 9 ഘടകങ്ങളെ പരിചയപ്പെടാം. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സാമീപ്യം സൂപ്പര്‍മാര്‍ക്കറ്റുകളുടെ സാമീപ്യം പ്രോപ്പര്‍ട്ടികളുടെ വിലയെ സ്വാധീനിക്കാറുണ്ട്. ബ്രിട്ടനിലെ ലോയ്ഡ്‌സ് ബാങ്ക് നടത്തിയ പഠനത്തില്‍ ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന വീടുകള്‍ക്ക് ഏതാണ്ട് 22,000 പൗണ്ടിന്റെ അധികമൂല്യമുള്ളതായി വ്യക്തമാക്കുന്നു. സെയിന്‍സ്ബറീസ് സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള വീടുകളുടെ അധികമൂല്യം ഏതാണ്ട് 28,000 പൗണ്ടോളം വരും. വെയിറ്റ്‌റോസ് സൂപ്പര്‍ മാര്‍ക്കറ്റുകളാണ് അടുത്തുള്ളതെങ്കില്‍ അധികമൂല്യം 40,000 പൗണ്ടായി ഉയരും. ആള്‍ഡി സ്റ്റോറുകളാണ് അടുത്തുള്ളതെങ്കില്‍ മൂല്യം 1,300 പൗണ്ട് മാത്രമാണെന്നും പഠനം പറയുന്നു. പാര്‍ക്ക് ലൈഫ് ഒഴിവുസമയം ചെലവഴിക്കാനും ഒന്ന് റിലാക്‌സ് ചെയ്യാനും പാര്‍ക്കുകളില്‍ പോകാന്‍ എല്ലാവരും ആഗ്രഹിക്കാറുണ്ട്. പാര്‍ക്കുകള്‍ക്ക് സമീപമാണ് വീടുകളെങ്കില്‍ അവയുടെ വില കൂടുന്നത് സ്വാഭാവികം മാത്രം. ഒട്ടേറെ പാര്‍ക്കുകളുള്ള മാഞ്ചസ്റ്റര്‍ നഗരത്തിലെ ലാന്‍ഡ് രജിസ്ട്രി ഡേറ്റയയനുസരിച്ച് പാര്‍ക്കുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന വീടുകള്‍ക്ക് 65000 പൗണ്ട് വരെ മൂല്യം ഉയരാറുണ്ട്. പാര്‍ക്കിന് സമീപ പ്രദേശത്തായി ജിവിക്കുന്ന ആളുകള്‍ക്ക് പലതരത്തിലുള്ള ഫെസ്റ്റിവലുകളുടെയും ഇതര ആഘോഷങ്ങളുടെയും ഭാഗമാകാന്‍ കഴിയും. സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ പുതിയ സ്റ്റേഡിയങ്ങള്‍ വരുമ്പോള്‍ സമീപപ്രദേശങ്ങളിലെ വീടുകളുടെ വിലയില്‍ ഇടിവുണ്ടാകുമെന്നത് വെറും തെറ്റിദ്ധാരണയാണ്. സാമ്പത്തിക വിദ്ഗദ്ധര്‍ നടത്തിയ പഠനത്തില്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന പ്രദേശങ്ങളിലെ വീടുകളുടെ വിലയില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എത്തിഹാദ് ക്യാംപസ് പ്രദേശത്തെ വീടുകളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ സൂപ്ല(ZOOPLA) നടത്തിയ മറ്റൊരു പഠനത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയത്തിനടുത്തുള്ള വീടുകളുടെ വിലയില്‍ 2017ല്‍ 6 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എല്ലാ പ്രീമിയര്‍ ലീഗ് സ്റ്റേഡിയങ്ങള്‍ക്കടുത്തും വീടുകളുടെ വിലയില്‍ വര്‍ദ്ധനവുണ്ട്. ഗോള്‍ഫ് കോഴ്‌സിന്റെ സാമിപ്യം ഗോള്‍ഫ് കോഴ്‌സിന്റെ സാമിപ്യം വീടുകളുടെ മൂല്യത്തില്‍ 56 ശതമാനം വര്‍ദ്ധനവുണ്ടാക്കുമെന്ന് പ്രൈം ലോക്കേഷന്‍ നടത്തിയ സര്‍വ്വേഫലം വ്യക്തമാക്കുന്നു. പ്രോപ്പര്‍ട്ട്, വീട് മാര്‍ക്കറ്റില്‍ മറ്റെല്ലാ പ്രദേശങ്ങളിലെ പ്രോപ്പര്‍ട്ടികളും നഷ്ടത്തിലേക്ക് കൂപ്പു കൂത്തിയ സമയത്തും ഗോള്‍ഫ് കോഴ്‌സുകള്‍ക്കടുത്തുള്ള പ്രോപ്പര്‍ട്ടികളുടെ വിലയില്‍ 7 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒറ്റസംഖ്യാ ഘടകം ഇരട്ടസംഖ്യകള്‍ വീട്ടുനമ്പറായുള്ള പ്ലോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒറ്റസംഖ്യ നമ്പറുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് 538 പൗണ്ടിന്റെ അധിക മൂല്യമുണ്ടെന്ന് പ്രോപ്പര്‍ട്ടി വെബ് സൈറ്റായ സൂപ്ല (ZOOPLA) നടത്തിയ പഠനത്തില്‍ പറയുന്നു. 13 നമ്പര്‍ എടുക്കാന്‍ ധൃതി കാണിക്കുന്നവര്‍ സൂക്ഷിക്കുക അന്ധവിശ്വാസങ്ങള്‍ നിങ്ങളുടെ വീടിന്റെ മൂല്യം കുറച്ചേക്കും. 6500 പൗണ്ടിന്റെ മൂല്യനഷ്ടം ഇതുകൊണ്ട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കനാലുകള്‍ കനാലുകള്‍ക്കും ജല സ്രോതസുകള്‍ക്കും സമീപത്ത് വസിക്കുന്നവരുടെ ജീവിതം മാനസികോല്ലാസം നിറഞ്ഞതായിരിക്കുമെന്ന് കനാല്‍ ആന്റ് റിവര്‍ ട്രസ്റ്റ് വ്യക്തമാക്കുന്നു. ഇവിടങ്ങളിലെ വീടുകളുടെ മൂല്യത്തില്‍ 15 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നും ട്രസ്റ്റ് വ്യക്തമാക്കുന്നു. പ്രദേശിക സാമ്പത്തിക മേഖലയ്ക്കും കനാലുകള്‍ ഗുണം ചെയ്യുമെന്നത് വീടുകളുടെ വിലവര്‍ദ്ധനവിന് പ്രധാന കാരണമായി ഉയര്‍ത്തി കാണിക്കപ്പെടുന്നു. മാര്‍ക്കറ്റുകള്‍ ലോയ്ഡ്‌സ് ബാങ്ക് നടത്തിയ പഠനത്തില്‍ മാര്‍ക്കറ്റുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വീടുകളുടെ മൂല്യം 30,788 പൗണ്ടാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ ശരാശരി പ്രോപ്പര്‍ട്ടി മൂല്യത്തേക്കാളും 12 ശതമാനം കൂടുതലാണിത്. റാംസ്‌ബോട്ടം, സാഡില്‍വെര്‍ത്ത് എന്നീ സ്ഥലങ്ങളാണ് താമസത്തിന് ഏറ്റവും കൂടുതല്‍ അനുയോജ്യമായ സ്ഥലമെന്നും പഠനം പറയുന്നു. ഇരു സ്ഥലങ്ങളും മാര്‍ക്കറ്റുകളെ അടിസ്ഥാനപ്പെടുത്തി വികസിച്ചവയാണ്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ആള്‍ട്രിന്‍ചാം ടൗണാണ് രാജ്യത്തിലെ ഏറ്റവും ചെലവേറിയ ആറാമത്തെ സ്ഥലം. മാര്‍ക്കറ്റിന്റെ സ്വാധീനമാണ് ഇവിടുത്തെ ഉയര്‍ന്ന പ്രോപ്പര്‍ട്ടി വിലയുടെ കാരണം. ഒരു പേരിലെന്തിരിക്കുന്നു വീടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രദേശങ്ങളുടെ പേരുകള്‍ വിലയെ സ്വാധീനിച്ചേക്കാം. വാറണുകളാണ് രാജ്യത്തെ ഏറ്റവും വിലകൂടിയ റോഡുകളെന്ന് പ്രോപ്പര്‍ട്ടി വെബ് സൈറ്റായ സൂപ്ല(ZOOPLA) പറയുന്നു. ഇവിടങ്ങളില്‍ രാജ്യത്തിന്റെ ശരാശരി മൂല്യത്തേക്കാള്‍ ഇരട്ടിയാണ് വീടുകളുടെ വില. അതേസമയം സ്ട്രീറ്റുകള്‍ ഇതിനേക്കാളും അഫോഡബിളായിട്ടുള്ളവയാണ്. 100,000 പൗണ്ടിനേക്കാളും കുറവാണ് സ്ട്രീറ്റുകളിലെ വീടുകളുടെ മൂല്യം. മരങ്ങള്‍ വീടുകള്‍ക്കടുത്തുള്ള തെരുവുകളിലെ മരങ്ങള്‍ ഇല്ലാതാകുന്നത് പ്രോപ്പര്‍ട്ടിയുടെ മൂല്യത്തില്‍ ഇടിവു വരാന്‍ കാരണമാകും. മരങ്ങളുടെ അഭാവം ഏതാണ്ട് 5 ശതമാനത്തോളം മൂല്യത്തകര്‍ച്ചയുണ്ടാക്കും. മരങ്ങളുടെ സാന്നിദ്ധ്യം പ്രദേശത്ത് ശുദ്ധവായു ലഭ്യമാക്കുകയും നഗരങ്ങളെ അപേക്ഷിച്ച് ശബ്ദമലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലെ വീടുകള്‍ക്ക് കൂടുതല്‍ പണം നല്‍കാന്‍ ആളുകള്‍ തയ്യാറാണെന്ന് ലോകത്തെമ്പാടും നടക്കുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു.
RECENT POSTS
Copyright © . All rights reserved