HS2 workers
എച്ച്എസ് 2 എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന ഹൈസ്പീഡ് റെയില്‍വേ പദ്ധതിയിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് വന്‍ ശമ്പളം. ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും വര്‍ഷം ഒരു ലക്ഷത്തിലേറെ പൗണ്ട് ശമ്പളമായി ലഭിക്കുന്നുണ്ട്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രം ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ വന്‍ ശമ്പളം നല്‍കിക്കൊണ്ടുള്ള ധൂര്‍ത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. നേരത്തേ തന്നെ വിവാദമായ പദ്ധതിയില്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 1346 ജീവനക്കാരാണ് എച്ചഎസ് 2വിലുള്ളത്. ഇവരില്‍ 318 പേര്‍ക്ക് ഒരു ലക്ഷത്തിലേറെ പൗണ്ട് ശമ്പളയിനത്തില്‍ ലഭിക്കുന്നുണ്ട്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് അനുസരിച്ച് ലഭിച്ച വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. 2015-16 വര്‍ഷത്തില്‍ 155 പേര്‍ക്ക് മാത്രമായിരുന്നു ഇത്രയും തുക ലഭിച്ചിരുന്നതെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 112 പേര്‍ക്ക് ഒന്നര ലക്ഷത്തിലേറെ പൗണ്ട് ലഭിക്കുമ്പോള്‍ 15 പേര്‍ 251,000 പൗണ്ടാണ് വാര്‍ഷിക ശമ്പളമായി കമ്പനിയില്‍ നിന്ന് വാങ്ങുന്നത്. അങ്ങേയറ്റം സാങ്കേതികവും സങ്കീര്‍ണ്ണവുമായ പദ്ധതിയായതിനാലാണ് ജീവനക്കാര്‍ക്ക് ഇത്രയും ശമ്പളം നല്‍കേണ്ടി വരുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു. പദ്ധതി വിജയകരമായി നടപ്പാക്കണമെങ്കില്‍ അത്രയും വിദഗ്ദ്ധരുടെ സേവനം ആവശ്യമാണ്. നിര്‍മാണത്തിലേക്ക് അടുക്കുന്നതനുസരിച്ച് വൈദഗ്ദ്ധ്യമുള്ള കൂടുതല്‍ ആളുകളുടെ സേവനം ആവശ്യമായി വരും. ചെലവു ചുരുക്കുന്നതിലും ജനങ്ങളുടെ നികുതിപ്പണം ഗൗരവകരമായി ഉപയോഗിക്കുന്നതിലും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും വക്താവ് പറഞ്ഞു. ശമ്പളം, ബോണസുകള്‍, പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ എന്നിവയുള്‍പ്പെടുന്ന കണക്കുകളാണ് പുറത്തു വന്നത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ലീഡ്‌സ്, ബര്‍മിംഗ്ഹാം എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പ്പാതയാണ് എച്ച്എസ്2
RECENT POSTS
Copyright © . All rights reserved