Hull
ബിനോയി ജോസഫ് കുരുന്നുകൾക്ക് അതൊക്കെയും വിസ്മയക്കാഴ്ചകളായിരുന്നു... മുതിര്‍ന്നവര്‍ക്കും... നേരിൽ കണ്ടത് യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ. ടർബൈനുകൾ, ബോയിലറുകൾ, മില്ല്യണിലേറെ ടണ്ണുകളുടെ കൽക്കരി സ്റ്റോർ, ബയോമാസ് ഫ്യൂവൽ ശേഖരിച്ചിരിക്കുന്ന ഡോമുകൾ, കൂറ്റൻ കൂളിംഗ് ടവറുകൾ, ഫ്യൂവൽ പൾവറൈസ് ചെയ്യുന്ന മില്ലുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ്, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനായി സൾഫർ ഡയോക്സൈഡിനെ ജിപ്സമായി മാറ്റുന്ന അബ്സോര്‍ബര്‍ യൂണിറ്റുകൾ, അതിനൂതനമായ കൺട്രോൾ റൂമുകൾ, പ്രോസസ് ഗ്യാസ് പുറത്തേയ്ക്കു തള്ളുന്ന നൂറു മീറ്ററോളം ഉയരമുള്ള ചിമ്മിനി... മൂന്നു മണിക്കൂറുകൾ നീണ്ട ടൂറിൽ ഹളളിലെ മലയാളി കുടുംബങ്ങൾ ദർശിച്ചത് ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ വിസ്മയം. വീടുകളിൽ സ്വിച്ചിട്ടാൽ ലൈറ്റും ടിവിയും ഓണാകുമെന്നറിയാമെങ്കിലും അതിനായി ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റി എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നറിയാനുള്ള ജിജ്ഞാസ ഹള്ളിലെ മലയാളി കുടുംബങ്ങളെ കൊണ്ടെത്തിച്ചത് യോർക്ക് ഷയറിലെ പവർ സ്റ്റേഷനിൽ. സെൽബിയിൽ സ്ഥിതി ചെയ്യുന്ന ഡ്രാക്സ് പവർ ലിമിറ്റഡിലാണ് ഹളളിലെ ഇന്ത്യൻ ലാംഗ്വേജ് സപ്ളിമെൻററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സന്ദർശനമൊരുക്കിയത്. പവർ സ്റ്റേഷന്റെ മോഡൽ ഒരുക്കിയിരിക്കുന്ന വിസിറ്റർ സെന്ററിൽ കുട്ടികളും മുതിർന്നവരും അടങ്ങുന്ന സംഘത്തെ പവർസ്റ്റേഷൻ വിസിറ്റർ മാനേജിംഗ് ടീമംഗങ്ങൾ  സ്വീകരിക്കുകയും അവയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന്  ഇലക്ട്രിസിറ്റി ഉല്പാദിപ്പിക്കുന്നത് എങ്ങനെയെന്ന് ആക്ഷൻ സോംഗിലൂടെ കുട്ടികളെ പഠിപ്പിച്ചു. പവർ സ്റ്റേഷൻ ഗൈഡുകളോടൊപ്പമുള്ള സ്റ്റേഷൻ ടൂറായിരുന്നു അടുത്തത്. പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നറിയിപ്പുകളും അതിന്റെ ആവശ്യകതകളും സന്ദർശക സംഘത്തെ അറിയിച്ച ഗൈഡുകൾ ഓരോരുത്തർക്കും സേഫ്റ്റി ഹാറ്റ്, ഐ പ്രൊട്ടക്ഷൻ, ഹൈ വിസിബിലിറ്റി ജാക്കറ്റ് എന്നിവയും നല്കി. മിനി ബസുകളിലാണ് സംഘം ആയിരത്തിലേറെ ഏക്കറുകളിലായി പരന്നു കിടക്കുന്ന പവർ സ്റ്റേഷൻ ടൂർ നടത്തിയത്. പവർ സ്റ്റേഷനിലെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വയർലെസ് ഹെഡ്സെറ്റുകൾ വഴി ടൂറിനിടയിൽ വിശദീകരിച്ചു നല്കി. യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷനുകളിൽ ഒന്നായ ഡ്രാക്സിലെ ടൂർ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വിജ്ഞാനപ്രദമായിരുന്നുവെന്ന് ഹൾ ഇന്ത്യൻ ലാംഗ്വേജ് സപ്ളിമെന്ററി സ്കൂളിനു (ഹിൽസ്) നേതൃത്വം നല്കുന്ന ടീച്ചർ ആനി ജോസഫും ടൂറിനായി പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരുക്കിയ ബോബി തോമസും പറഞ്ഞു. കുട്ടികളെ മലയാളം പഠിപ്പിക്കാനും കേരള സംസ്കാരത്തിന്റെ സാരാംശം അവർക്ക് മനസിലാക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജോജി കുര്യാക്കോസ്, ബിനു ബോണിഫേസ്, അനിഷ് മാണി എന്നിവരുടെ നേതൃത്വത്തിൽ മറ്റു മലയാളി കുടുംബങ്ങളുടെ സഹകരണത്തോടെ 2015 മുതലാണ് മലയാളം ക്ലാസുകൾ ആരംഭിച്ചത്. ഒരു വർഷം ഇരുപതോളം ക്ലാസുകൾ നടത്തുന്ന സ്കൂൾ, ചിൽഡ്രൻസ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലയാളം ക്ലാസുമായി ബന്ധപ്പെട്ട ആക്ടിവിറ്റികൾ, കുട്ടികൾക്കായി നല്കിയിരിക്കുന്ന ചിൽഡ്രൻസ് പാസ്പോർട്ടിൽ റെക്കോർഡ് ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ വിവിധ അവാർഡുകൾ നല്കപ്പെടുന്നു. കഴിഞ്ഞ വർഷത്തെ കുട്ടികളുടെ ഗ്രാജുവേഷൻ സെറമണി ഹൾ യൂണിവേഴ്സിറ്റിയിൽ വച്ചാണ് നടത്തിയത്. ടീച്ചർ ആനി ജോസഫ്, ബിനു ബോണിഫേസ്, റോസിറ്റ നസ്സറേത്ത്, ബോബി തോമസ്, രാജു കുര്യാക്കോസ് എന്നിവർ നിലവിൽ ക്ലാസുകളുടെ പ്രവർത്തനത്തിന് നേതൃത്വം നല്കുന്നു. ജിസിഎസ് സി ലെവലിൽ മലയാള ഭാഷ കുട്ടികൾക്ക് ഒരു ലാംഗ്വേജായി ഉൾപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങൾക്കായി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തിവരികയാണ് ടീച്ചർ ആനി ജോസഫ്. കുട്ടികൾക്ക് കരിയർ ഗൈഡൻസിന് ഉപകാരപ്രദമായ പ്രവർത്തനങ്ങൾ ഭാവിയിലും തുടരണമെന്നാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ ആഗ്രഹം. പവർ സ്റ്റേഷൻ സന്ദർശനം എല്ലാ അർത്ഥത്തിലും വിജ്ഞാനപ്രദമായിരുന്നുവെന്ന് കുട്ടികളും മുതിർന്നവരും പറഞ്ഞു.  
RECENT POSTS
Copyright © . All rights reserved