Iddukki dam
ന്യൂസ് ഡെസ്ക് സംസ്ഥാനത്തെ പ്രളയ നില ഒന്നിനൊന്ന് മോശമാകുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തുന്ന സ്ഥിതിയാണ്. കനത്തമഴ തുടരുന്നതു മൂലമാണിത്. ഡാമിന്റെ പരിസരത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. 2402.2 അടി ജലമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളത്. പരമാവധി സംഭവണ ശേഷി 2403 അടിയാണ്. നിലവിലെ മഴയുടെ തോത് പരിഗണിച്ചാല്‍ പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളിയാഴ്ച തന്നെ അണക്കെട്ടില്‍ വെള്ളം ഈ നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ അണക്കെട്ടില്‍ നിന്ന് 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരുമണിക്കൂറില്‍ പുറത്തുവിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ 20 ലക്ഷം ലിറ്ററിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്. എന്നാല്‍ കൂടുതല്‍ വെള്ളം പുറത്തുവിടുന്നതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. മഴക്കെടുതിയില്‍ വലഞ്ഞുനില്‍ക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ജലമൊഴുക്കിവിടാനാകില്ലെന്ന നിലപാടിലാണ് ജില്ലാഭരണകൂടം. എറണാകുളം ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നാണ് ഇടുക്കി ജില്ലാ കളക്ടര്‍ പറയുന്നത്. എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിന് തുല്യമായ അളവില്‍ വെള്ളം പുറത്തേക്കൊഴുക്കണമെന്ന നിലപാടിലാണ് കെഎസ്ഇബി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 100 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ നാല് മീറ്ററോളം ഉയരത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി പറയുന്നു. ഷട്ടര്‍ ഉയര്‍ത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം പരമാവധി ശേഷി എത്തുന്നത് വരെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റം വരുത്തേണ്ട എന്നാണ് തീരുമാനമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം പറയുന്നു. ഇക്കാര്യത്തില്‍ ഡാം സുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാകാര്യങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനങ്ങളുണ്ടാകുവെന്നും ഭരണകൂടം അറിയിച്ചു. നാളെ വൈകുന്നേരം പ്രധാനമന്ത്രി കേരളത്തിലെത്തും. ശനിയാഴ്ച പ്രളയ ബാധിത പ്രദേശങ്ങളിൽ അദ്ദേഹം ഹെലികോപ്ടറിൽ സന്ദർശനം നടത്തും.
ന്യൂസ് ഡെസ്ക് കേരളം പ്രളയക്കെടുതിയിൽ മുങ്ങുമ്പോൾ തമിഴ്നാട് സുപ്രീം കോടതി വിധി നടപ്പിലാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തിച്ച് ഡാം സുരക്ഷിതമാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു തമിഴ്നാട്. മുല്ലപ്പെരിയാർ ഡാം കേരളത്തിലാണെങ്കിലും അതിന്റെ പൂർണ നിയന്ത്രണം തമിഴ്നാടിനാണ്. ഡാമിലെ വെള്ളം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന തമിഴ്നാട്, ഡാമിലെ വെള്ളം തുറന്നു വിടുന്നത് കേരളത്തിലേയ്ക്കും. ഡാമിന്റെ പ്രയോജനം മുഴുവൻ തമിഴ്നാടിനും ദുരിതമെല്ലാം താങ്ങേണ്ടത് കേരള ജനതയും എന്ന സ്ഥിതിയാണ്. ഡാമിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നേരത്തെതന്നെ സുപ്രീം കോടതി വിധി നേടി തള്ളിക്കളഞ്ഞതാണ്. 142 അടിവരെ ജലനിരപ്പ് ഉയർത്താമെന്ന സുപ്രീം കോടതി അനുമതി നേടിയെടുത്ത തമിഴ്നാട് ആ വിധി നടപ്പാക്കാനുള്ള സുവർണ്ണ അവസരമായി കേരളത്തിലെ പ്രളയത്തെ ഉപയോഗിക്കുകയായിരുന്നു. ഇടുക്കിയടക്കുള്ള നിരവധി ഡാമുകൾ നിറഞ്ഞപ്പോൾ കേരളത്തിലെ 14 ജില്ലകളിലും പ്രളയം മൂലം റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വന്നു. 49 ജീവനുകൾ ഇതുവരെ നഷ്ടപ്പെട്ടു. വീടുകളും വസ്തുവകകളും കൃഷിയും വൻതോതിൽ നശിച്ചു. 215 സ്ഥലങ്ങളിൽ ഉരുൾ പൊട്ടി. പലയിടങ്ങളിലും അടിയന്തിരമായി സൈന്യമിറങ്ങി. സംസ്ഥാനത്തെ 34 ഡാമുകൾ ഇതുവരെ തുറന്നിട്ടുണ്ട്. കേരളത്തിലെ 44 നദികളും കര കവിഞ്ഞ് ഒഴുകുകയാണ്. 8316 കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ ഉണ്ടായത്. ചെറുതോണി ഡാമിന്റെ ആറു ഷട്ടറുകളും തുറക്കേണ്ട സ്ഥിതിയിൽ വരെ കാര്യങ്ങൾ എത്തി. ഷട്ടറുകൾ തുറന്നു ജലനിരപ്പ് നിയന്ത്രിച്ചെങ്കിലും കനത്ത മഴ തുടർന്നത് കണക്ക് കൂട്ടലുകൾ തെറ്റിച്ചു. ഇതിനിടയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയും കടന്നു. മുല്ലപ്പെരിയാർ ഡാം തുറക്കാൻ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് അനങ്ങിയില്ല. മുല്ലപ്പെരിയാർ തുറന്നാൽ അവിടുന്നുള്ള ജലം വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി ഇടുക്കി ഡാമിൽ എത്തിച്ചേരും. നിലവിൽ ആറു ഷട്ടറുകൾ ചെറുതോണി ഡാമിൽ തുറന്നിട്ടും ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ നേരത്തെ തന്നെ തുറന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ നടപടിയെടുക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. ബുധനാഴ്ച രാവിലെ 2.35ന് മുല്ലപ്പെരിയാറിന്റെ സ്പിൽവേ തമിഴ്നാട് തുറന്നു. 13 ഷട്ടറുകൾ ഒന്നര മീറ്റർ ഉയർത്തിയ തമിഴ്നാട് പ്രളയജലം കേരളത്തിലേക്ക് തുറന്നു വിട്ടു. അല്പസമയത്തിനു ശേഷം ഷട്ടറുകൾ വീണ്ടും താഴ്ത്തി ജലനിരപ്പ് 142 അടിയാക്കി തമിഴ്നാട് ഡാമിന്റെ ബലം പരീക്ഷിച്ചു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയമാണ് ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനം അഭിമുഖീകരിക്കുന്നത്.
ന്യൂസ് ഡെസ്ക് ഇടുക്കിക്കൊപ്പം മുല്ലപ്പെരിയാറും നിറയുന്നു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള പ്രളയത്തെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവിൽ 138 അടിയിലേയ്ക്ക് ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഡാം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം തമിഴ്നാട് സർക്കാരിന്റേതായിരിക്കും. മുല്ലപ്പെരിയാർ തുറന്നാൽ വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി ഇടുക്കി അണക്കെട്ടിലേയ്ക്ക് എത്തും. ഇതേത്തുടർന്ന് മുൻകരുതൽ നിർദ്ദേശം നല്കിയിട്ടുണ്ട്. പെരിയാറിന്റെ തീരത്തു നിന്ന് 1250 കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. തമിഴ്നാട് കൊണ്ടു പോകുന്നതിന്റെ ഇരട്ടിയിലേറെ വെള്ളം ഒഴുകിയെത്തുന്നതിനാൽ മുല്ലപ്പെരിയാറിൽ ജല നിരപ്പ് ഓരോ മണിക്കൂറിലും ഉയരുകയാണ്. ഇതിനിടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വർദ്ധിച്ചതിനെ തുടർന്ന് ചെറുതോണിയിലെ ആറു ഷട്ടറുകളും തുറന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചതിനെ തുടർന്നാണ് തീരുമാനം. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ഇന്ന് വൈകുന്നേരം 5 മണി മുതൽ ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കി.
ന്യൂസ് ഡെസ്ക് ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചു. ഇതേത്തുടർന്ന് ചെറുതോണി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കും. നേരത്തെ തുറന്നിരുന്ന ആറ് ഷട്ടറുകളിൽ മൂന്നെണ്ണം ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് അടച്ചിരുന്നു. മലബാറിൽ പലയിടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂന്നാറും വയനാടും ഒറ്റപ്പെട്ടിരിക്കുകയാണ്. വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റേയും മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പൊട്ടലുകളുണ്ടായി. മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 210 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഡാം തുറന്നപ്പോള്‍ ജലനിരപ്പുയര്‍ന്ന സ്ഥലങ്ങളിലൊക്കെ ജലനിരപ്പ് ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. വയനാട് മക്കിമലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍  മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി.
ന്യൂസ് ഡെസ്ക് ഇടുക്കി ഡാമിലെ ജലനിരപ്പ് 2402 അടിയിലേക്ക് അടുക്കുന്നു. കനത്ത മഴയെത്തുടർന്നു കേരളത്തിലെ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒന്നൊന്നായി ഷട്ടറുകള്‍ മുഴുവന്‍ തുറന്നിട്ടും പുറത്തേക്കൊഴുകുന്നതിനെക്കാള്‍ കൂടുതല്‍ ജലമാണ് ഇടുക്കി ഡാമിലേക്ക് നിലവിൽ ഒഴുകിയെത്തുന്നത്. അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നെണ്ണം ഒരു മീറ്ററും രണ്ടെണ്ണം 50 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. വലിയ അളവില്‍ വെള്ളം കുത്തിയൊലിച്ചെത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെറുതോണി നഗരത്തിലെ പാലം കവിഞ്ഞ് വെള്ളം ഒഴുകി. ഇത് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും ഉയര്‍ന്ന് പാലത്തിന് മുകളിലൂടെ ശക്തിയായി ഒഴുകുകയാണ്. കരയോട് ചേര്‍ന്ന് മരങ്ങളും കാടുപടലങ്ങളും തൂത്തെറിഞ്ഞാണ് ജലത്തിന്റെ പ്രവാഹം. ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. ചെറുതോണി-കട്ടപ്പന റൂട്ടില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അഞ്ച് ഷട്ടറുകളും തുറന്നതോടെ സെക്കന്‍ഡില്‍ 300 ക്യുമെക്‌സ് വെള്ളം വീതം പുറത്തേക്കൊഴുക്കിയിരുന്നത് ഘട്ടം ഘട്ടമായി 400,500, 600 ക്യുമെക്‌സ് വീതമാക്കുമെന്ന് കളക് ടര്‍ അറിയിച്ചു. നിലവില്‍ 2401.72 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിലാണ് ജലപ്രവാഹം ബാധിക്കുക. ഇതില്‍ വാഴത്തോപ്പില്‍ 36 ഉം കഞ്ഞിക്കുഴിയില്‍ 80 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും ആലോചനയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച  ഉച്ചയോടെ ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല. പിന്നീട് മൂന്നാമത്തേതും ഉച്ചയ്ക്ക് ഒരു മണിയോടെ നാലമത്തെ ഷട്ടറും തുറന്നു. ഒന്നരയോടെ അഞ്ചാമത്തെ ഷട്ടറും തുറന്നു. അഞ്ചു ഷട്ടറില്‍ മധ്യഭാഗത്തെ ഷട്ടറായിരുന്നു ഇന്നലെ തുറന്നത്. നാല് മണിക്കൂറാണ് ട്രയല്‍ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് കൂടികൊണ്ടിരുന്നതിനാല്‍ പുലര്‍ച്ചവരെ ഷട്ടര്‍ തുറന്നിടാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.
RECENT POSTS
Copyright © . All rights reserved