immigration
ബ്രിട്ടീഷ് ജനതയ്ക്ക് ആശങ്കയുണ്ടാക്കുന്ന പ്രഥമ വിഷയമായി ആരോഗ്യം മാറുന്നുവെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പഠനം. മുന്‍പന്തിയിലുണ്ടായിരുന്ന കുടിയേറ്റത്തെയാണ് ആരോഗ്യം പിന്നിലാക്കിയിരിക്കുന്നത്. ഈ മാസം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് രാജ്യം പിന്‍വാങ്ങാനിരിക്കെയാണ് പുതിയ കണക്കുകള്‍ ഒഎന്‍എസ് പുറത്തു വിട്ടിരിക്കുന്നത്. ജനങ്ങളുടെ സന്തുഷ്ടിയുടെ നിരക്കു വര്‍ദ്ധിക്കുകയും മുന്‍ഗണനാ വിഷയങ്ങളില്‍ മാറ്റമുണ്ടാകുകയും ചെയ്തതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ ജനതയുടെ ക്ഷേമവും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ ജനതയുടെ ക്ഷേമവുമായി താരതമ്യം ചെയ്യുന്ന പഠന റിപ്പോര്‍ട്ടാണ് 'മെഷറിംഗ് നാഷണല്‍ വെല്‍ ബീയിംഗ് ഇന്‍ ദി യുകെ; ഇന്റര്‍നാഷണല്‍ കംപാരിസണ്‍സ്, 2019' എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2016 സ്പ്രിംഗില്‍ കുടിയേറ്റമായിരുന്നു ബ്രിട്ടീഷ് ജനതയുടെ പ്രധാന പരിഗണനാ വിഷയം. ആരോഗ്യം, സാമൂഹ്യ സുരക്ഷ, തീവ്രവാദം എന്നിവയായിരുന്നു ഇതിനു പിന്നാലെയുണ്ടായിരുന്നവ. 2018 സ്പ്രിംഗ് എത്തിയപ്പോള്‍ ആരോഗ്യവും സോഷ്യല്‍ സെക്യൂരിറ്റിയും കുടിയേറ്റത്തിലുള്ള ബ്രിട്ടീഷ് ജനതയുടെ ആശങ്കയെ കവച്ചുവെച്ച് മുന്നിലെത്തി. ഇതിനു പിന്നാലെ ഹൗസിംഗ്, നാണ്യപ്പെരുപ്പം, ജീവിതച്ചെലവുകള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും എത്തി. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന മാറ്റങ്ങളായിരിക്കാം ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കുടിയേറ്റം ബ്രിട്ടീഷ് ജനതയ്ക്ക് എന്നും ആശങ്കയുണ്ടാക്കുന്ന വിഷയം തന്നെയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന്റെ ലൈഫ്‌സ്റ്റൈല്‍ ഇക്കണോമിക്‌സ് തലവന്‍ ക്രിസ്റ്റഫര്‍ സ്‌നോഡന്‍ പറയുന്നു. ബ്രെക്‌സിറ്റ് കുടിയേറ്റം കുറയ്ക്കുമെന്നാണ് ഇവര്‍ കരുതുന്നത്. ബ്രെക്‌സിറ്റോടെ ബ്രിട്ടന് സ്വന്തം അതിര്‍ത്തികളില്‍ അധികാരം തിരിച്ചു കിട്ടുമെന്ന് കരുതുന്നതിനാലാണ് പഴയ വിഷയങ്ങളായ ആരോഗ്യം, എന്‍എച്ച്എസ്, സാമൂഹ്യ സുരക്ഷ, അതിന്‍മേലുള്ള ബജറ്റ് എന്നിവയിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2016ല്‍ ആശങ്ക ഉയര്‍ത്തുന്ന പ്രധാന വിഷയമായി കുടിയേറ്റമാണെന്ന് 38 ശതമാനം ബ്രിട്ടീഷുകാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആരോഗ്യത്തിനു സാമൂഹ്യസുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയത് 26 ശതമാനമായിരുന്നു. 2018 ആയപ്പോള്‍ ഇത് നേരേ തിരിയുകയും ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവ ആശങ്കയുണ്ടാക്കുന്നുവെന്ന് 33 ശതമാനം പേര്‍ അഭിപ്രായപ്പെടുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനിലെ ആശങ്കാ വിഷയങ്ങള്‍ തൊഴിലില്ലായ്മയും ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവയുമാണ്.
ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്കു വേണ്ടി നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന പുതിയ നിയമങ്ങളുമായി ഇമിഗ്രേഷന്‍ വൈറ്റ് പേപ്പര്‍ പുറത്തുവിട്ടു. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് അവിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ ബ്രിട്ടനില്‍ എത്താന്‍ കഴിയും. 2025 വരെ തുടരുന്ന ഈ വ്യവസ്ഥ വിദേശികളായ തൊഴിലാളികളെ മാത്രം ആശ്രയിച്ച് മുന്നോട്ടു നീങ്ങുന്ന സമ്പദ് വ്യവസ്ഥയുടെ ചില ഭാഗങ്ങളെ സംരക്ഷിക്കുന്നതിനായാണ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഈ വ്യവസ്ഥയെ ഞെട്ടിക്കുന്നത് എന്നാണ് മൈഗ്രേഷന്‍വാച്ച് എന്ന ക്യാംപെയിന്‍ ഗ്രൂപ്പ് വിശേഷിപ്പിച്ചത്. കുടിയേറ്റക്കാര്‍ വരുന്ന പ്രദേശങ്ങളേക്കാള്‍ യുകെയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നതെന്നായിരുന്നു ഇതേക്കുറിച്ച് ഹോം സെക്രട്ടറി സാജിദ് ജാവീദ് പറഞ്ഞത്. യുകെ ബിസിനസുകള്‍ക്കായി തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാനും ഇത് ഉപകരിക്കുമെന്ന് ജാവീദ് വിശദീകരിച്ചു. 40 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കുടിയേറ്റനയത്തില്‍ ഇത്രയും വലിയ ഒരു പൊളിച്ചെഴുത്ത് നടന്നിരിക്കുന്നത്. യുകെയിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കിലും കുടിയേറ്റം സാരമായി കുറയാന്‍ ഈ നയം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമായി നിയമമാകുന്നതിനു മുമ്പായി നിര്‍ദേശിക്കപ്പെടുന്ന ബില്ലുകളാണ് ധവളപത്രമായി പ്രഖ്യാപിക്കുന്നത്. ബ്രെക്‌സിറ്റ് അനന്തര കുടിയേറ്റ വ്യവസ്ഥകളിലെ ധവളപത്രം വൈകിയാണ് അവതരിപ്പിക്കുന്നത്. യൂറോപ്യന്‍, യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടങ്ങുന്ന വിദഗ്ദ്ധ മേഖലയിലുള്ളവര്‍ എത്തുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എടുത്തു കളയാനും അഞ്ചു വര്‍ഷത്തെ വിസ തേടുന്നവര്‍ക്ക് 30,000 പൗണ്ട് വരുമാനം വേണമെന്ന നിബന്ധനയേര്‍പ്പെടുത്താനും ധവളപത്രത്തില്‍ വ്യവസ്ഥയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസാ രഹിത പ്രവേശനം, 2021 മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ നിര്‍ദേശങ്ങളും ധവള പത്രം മുന്നോട്ടു വെക്കുന്നു.
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കുടിയേറ്റ ജനതയെക്കുറിച്ച് നല്ല അഭിപ്രായം സൂക്ഷിക്കുന്നവരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലകളില്‍ കുടിയേറ്റ ജനതയ്ക്ക് അനിവാര്യമായ പങ്കുണ്ടെന്നും സാമ്പത്തിക മേഖലയ്ക്ക് കുടിയേറ്റക്കാര്‍ ഗുണം ചെയ്യുന്നുവെന്നുമാണ് സര്‍വ്വേയില്‍ മിക്കവരും അഭിപ്രായപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2017 ന്റെ പകുതിയോടെ ആരംഭിച്ച സര്‍വ്വേ ഏതാണ്ട് അമ്പതിനായിരത്തിലധികം പേരില്‍ നിന്ന് വിവരം ശേഖരണം നടത്തിയിരുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 47 ശതമാനം ആളുകള്‍ കുടിയേറ്റക്കാര്‍ യു.കെയുടെ സാമ്പത്തിക ചുറ്റുപാടിന് ഗുണം ചെയ്യുന്നതായി വ്യക്തമാക്കുന്നു. കൂടാതെ 43 ശതമാനം ആളുകള്‍ കുടിയേറ്റക്കാര്‍ യു.കയുടെ സാംസ്‌കാരിക രംഗത്ത് ഗുണപ്രദമാണെന്നും പ്രതികരിച്ചു. കുടിയേറ്റ ജനതയെപ്പറ്റി ഇത്തരമൊരു പോസീറ്റീവ് അഭിപ്രായം രേഖപ്പെടുത്തിയ സര്‍വ്വേ ആദ്യമായിട്ടാണ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആളുകളുടെ അഭിപ്രായത്തിന് സമാന പ്രതികരണമാണ് സ്‌കോട്ട്‌ലണ്ടിലെയും ജനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 46 ശതമാനം പേര്‍ കുടിയേറ്റ ജനത സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം നല്‍കുന്നതായി വ്യക്തമാക്കിയപ്പോള്‍ 43 ശതമാനം പേര്‍ കുടിയേറ്റക്കാരുടെ സാംസ്‌കാരികമായ സംഭാവനകള്‍ രാജ്യത്തിന് ഗുണം ചെയ്യുന്നതായി ചൂണ്ടിക്കാണിച്ചു. സാംസ്‌കാരികവും സാമൂഹികവുമായി രാജ്യത്തിന് സംഭാവന നല്‍കുന്ന കുടിയേറ്റ ജനതയോട് വളരെ പോസിറ്റീവ് മനോഭാവമാണ് എല്ലാവരും സൂക്ഷിക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു. അതേസമയം ഇംഗ്ലീഷ് എന്ന സ്വത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേഫലം വിപരീത പ്രതികരണമാണ് നല്‍കിയിരിക്കുന്നത്. ബ്രിട്ടന്‍ എന്ന ഏകീകൃത സ്വത്വത്തില്‍ വിഭിന്നമായി ഇംഗ്ലീഷ് എന്ന് സ്വയം അഭിസംഭോദന ചെയ്യുന്നവരാണ് വിപരീത അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 43 ശതമാനം പേരും കുടിയേറ്റ ജനത സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം നല്‍കുന്നില്ലെന്നും വിപരീത ഫലമാണ് അവരുണ്ടാക്കുന്നതെന്നും പ്രതികരിച്ചു. 32 ശതമാനം പേര്‍ ശതമാനം പേര്‍ കുടിയേറ്റക്കാരുടെ സാംസ്‌കാരികമായ ഇടപെടല്‍ രാജ്യത്തിന് ദോഷമാണെന്നും വാദിക്കുന്നു.
ബ്രെക്‌സിറ്റിനു ശേഷം അവിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്താനിരിക്കുന്ന കുടിയേറ്റ വിലക്ക് രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി. 30,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവരുടെ കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. എന്നാല്‍ ഇത് രാജ്യത്തിന്റെ പുരോഗതിയെത്തന്നെ താഴേക്ക് വലിക്കുമെന്ന് സിബിഐ മേധാവി കരോളിന്‍ ഫെയര്‍ബ്രെയിന്‍ പറഞ്ഞു. അവിദഗ്ദ്ധ മേഖല എന്ന പേരില്‍ അറിയപ്പെടുന്ന തൊഴിലാളികളാണ് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും കാര്യമായ സംഭാവനകള്‍ നല്‍കുന്നത്. ലാബ് ടെക്‌നീഷ്യന്‍മാര്‍ മുതല്‍ ഭക്ഷ്യ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റികളിലും പ്രതിവര്‍ഷം 30,000 പൗണ്ട് ശമ്പളത്തില്‍ താഴെ മാത്രം വാങ്ങുന്ന ജീവനക്കാരുണ്ട്. പൊതുവിശ്വാസം ആര്‍ജ്ജിക്കുന്നത് എത്രമാത്രം വെല്ലുവിളി നിറഞ്ഞ ജോലിയാണെന്ന് അറിയാം. എന്നാല്‍ അതിന് മറ്റു മാര്‍ഗ്ഗങ്ങളുണ്ടെന്നും ഗവണ്‍മെന്റിനോട് സിബിഐ പറയുന്നു. അവിദഗ്ദ്ധ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവു മൂലം ബുദ്ധിമുട്ടുന്ന വ്യവസായങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് പരിശീലനം നല്‍കി ആ ഒഴിവുകള്‍ നികത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിബിഐ പ്രതികരണം വന്നിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം എല്ലാ കുടിയേറ്റക്കാരെയും ഒരേ വിധത്തിലായിരിക്കും പരിഗണിക്കുകയെന്നാണ് ക്യാബിനറ്റ് തീരുമാനം. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകില്ല. ഈ നിര്‍ദേശങ്ങളടങ്ങിയ പുതിയ കുടിയേറ്റനയം സംബന്ധിച്ച ധവളപത്രം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കുടിയേറ്റ നയം കടുപ്പിക്കണമെന്നാണ് എംപിമാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതേസമയം ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് തുടങ്ങിയവര്‍ വ്യവസായ മേഖലയുടെ മുന്നറിയിപ്പ് പരിഗണിക്കണമെന്ന പക്ഷക്കാരാണ്.
ലണ്ടന്‍: ന്യൂസിലാന്റ് സ്വദേശിയായ യുവാവിന് ഹോം ഓഫീസ് അധികൃതരുടെ പിഴവ് മൂലം വിസ നിഷേധിക്കപ്പെട്ടതായി പരാതി. 29 കാരനായ ലൂക്ക് തോമസാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അധികൃതര്‍ വിസ നിഷേധിച്ചത് മൂലം തന്റെ അഞ്ച് മാസം പ്രായമായ മകനെ ഇതുവരെ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ലൂക്ക് തോമസ് പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തോമസും പാര്‍ട്ണറും ന്യൂസിലാന്റിലാണ് താമസം. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് ബ്രിട്ടനിലേക്ക് താമസം മാറാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി വിസയ്ക്ക് ഹോം ഓഫീസിനെ സമീപിക്കുകയും ചെയ്തു. തോമസിന്റെ കേസില്‍ വിസ നിഷേധിക്കേണ്ടതായ യാതൊരു നിയമപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടായിരുന്നില്ല. ഹോം ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ട് നഷ്ടമായതാണ് ഈ ഉരുണ്ടുകളിക്ക് കാരണമെന്ന് ദമ്പതികളുടെ സോളിസിറ്റര്‍ പറയുന്നു. ഏപ്രില്‍ മാസത്തിലാണ് 573 പൗണ്ട് നല്‍കി പ്രീമിയം സര്‍വ്വീസ് ഉപയോഗിച്ച് അണ്‍മാരീഡ് പാര്‍ട്ണര്‍ വിസയ്ക്ക് തോമസ് അപേക്ഷ നല്‍കിയത്. ഹോം ഓഫീസ് അനുകൂലമായി പ്രതികരിക്കാതിരുന്നതോടെ ഏതാണ്ട് 5 മാസത്തോളം തോമസിന്റെ യു.കെ സന്ദര്‍ശനം മുടങ്ങി. നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഹോം ഓഫീസ് അധികൃതര്‍ തയ്യാറായില്ലെന്ന് തോമസിന്റെ പാര്‍ട്ണര്‍ പറയുന്നു. പിന്നീടാണ് തോമസിന്റെ പാസ്‌പോര്‍ട്ട് കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ആദ്യം പാസ്‌പോര്‍ട്ട് ഹോം ഓഫീസില്‍ കൈപ്പറ്റിയിട്ടില്ലെന്നായിരുന്നു വിവരം ലഭിച്ചത്. എന്നാല്‍ ഡെലിവറി രേഖകള്‍ പ്രകാരം പാസ്‌പോര്‍ട്ട് ഹോം ഓഫീസിലെത്തിയതായി വ്യക്തമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വിസ നിഷേധിച്ചതായി വ്യക്തമാക്കികൊണ്ട് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നു. എന്നാല്‍ അത് അബദ്ധം സംഭവിച്ചതാണെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു. നിരവധി നാടകീയ സംഭവങ്ങള്‍ക്ക് ശേഷം തോമസിന് സെപ്റ്റംബര്‍ അവസാനത്തോടെ വിസയും പാസ്‌പോര്‍ട്ടും ലഭിച്ചു. എന്നാല്‍ പതിപ്പിച്ചിരുന്ന എന്‍ട്രി സ്റ്റാമ്പ് കാലാവധി കഴിഞ്ഞതായിരുന്നു. എനിക്ക് 4 മാസത്തിലധികം പ്രായമായ ഒരു മകനുണ്ട്, അധികൃതരുടെ അനാസ്ഥമൂലം എനിക്ക് അവനെ ഒരു നോക്ക് കാണാനുള്ള അവസരമാണ് അനന്തമായ നീളുന്നതെന്ന് തോമസ് പറയുന്നു. തോമസിന്റെ മൂന്ന് മക്കളും നിലവില്‍ മാതാവിനൊപ്പം യു.കെയിലാണ് താമസിക്കുന്നത്. തോമസിന്റെ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി പാട്ണറായ സിമോണ്‍ ബ്രൂക്ക്‌സ് പറഞ്ഞു. മൂന്ന് കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നത് വിഷാദരോഗമുണ്ടാക്കുന്നതായും ബ്രൂക്ക്‌സ് പറയുന്നു.
RECENT POSTS
Copyright © . All rights reserved