india
സ്വന്തം ലേഖകൻ തെലങ്കാന: ഇന്ത്യൻ സംസ്ഥാനമായ തെലങ്കാന, ടെക് മഹീന്ദ്രയുമായി സഹകരിച്ച് അടുത്തിടെ സൃഷ്ടിച്ച ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിൽ ബ്ലോക്ക്ചെയിൻ ആക്സിലറേറ്റർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾ നൂതന ആശയങ്ങൾ അവതരിപ്പിക്കും. ഒപ്പം തെലങ്കാന സർക്കാർ, ടെക് മഹീന്ദ്ര, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ഐഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ ഉപദേശങ്ങൾ തേടുകയും ചെയ്യും. പുതുതായി സൃഷ്ടിച്ച തെലങ്കാന ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിന്റെ ഉദ്ഘാടന പരിപാടിയാണ് “ടി-ബ്ലോക്ക് ആക്സിലറേറ്റർ”. ഇന്നൊവേഷൻ മാനേജ്മെന്റ് കമ്പനിയായ ഐബിസി മീഡിയ ആണ് ആക്സിലറേറ്റർ പ്രവർത്തിപ്പിക്കുന്നത്. ആക്‌സിലറേറ്റർ പ്രോഗ്രാമിനായി 25 ഓളം സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുത്തും. ഇതിൽ അഞ്ചെണ്ണം അടുത്ത ഘട്ട മെന്റർഷിപ്പിനായി തിരഞ്ഞെടുക്കും. ശക്തമായ ബ്ലോക്ക്ചെയിൻ ഉപയോഗ സ്റ്റാർട്ടപ്പുകൾ ലക്ഷ്യമിട്ടാണ് നാലുമാസത്തെ ആക്‌സിലറേറ്റർ പ്രോഗ്രാം എന്ന് തെലങ്കാന സർക്കാരിന്റെ വെബ്‌സൈറ്റ് പറയുന്നു. ടി-ബ്ലോക്ക് ആക്സിലറേറ്ററിനായുള്ള രജിസ്ട്രേഷൻ കഴിഞ്ഞ തിങ്കളാഴ്ച ഒരാഴ്ചത്തെ ബൂട്ട് ക്യാമ്പിലൂടെ ആരംഭിച്ചു. തുടർന്ന് നാല് ആഴ്ചത്തെ പരിശീലന പരിപാടിയും നടത്തപ്പെടും. പരിപാടിയിൽ വർക്ക്‌ഷോപ്പുകൾ, അവതരണങ്ങൾ, ചർച്ചകൾ എന്നിവ ഉൾകൊള്ളിച്ചിട്ടുണ്ട്. തെലങ്കാന സർക്കാരിന്റെ ഐടിഇ & സി ഡിപ്പാർട്ട്മെന്റിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ പറഞ്ഞു: “ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ സഹകരിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും പങ്കാളികളെ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ് ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ്." ലോകത്തിലെ പ്രമുഖ ബ്ലോക്ക്ചെയിൻ നഗരങ്ങളിലൊന്നായി ഹൈദരാബാദ് വളരുകയാണ്. ടി-ബ്ലോക്ക് ആക്സിലറേറ്റർ പ്രോഗ്രാമിന്റെ ആദ്യ പതിപ്പ് ആരംഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ജയേഷ് രഞ്ജൻ പറഞ്ഞു. ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി തെലങ്കാന സംസ്ഥാന സർക്കാർ 2018ലാണ് ടെക് മഹീന്ദ്രയുമായി കരാർ ഒപ്പിട്ടത്.
ബിനോയി ജോസഫ്, സ്കൻതോർപ്പ് ഇന്ത്യാ ഗവൺമെന്റ് ഇരട്ട പൗരത്വം അനുവദിക്കാത്തതിനാൽ മറ്റു രാജ്യങ്ങളിലെ പൗരത്വമെടുത്ത ഇന്ത്യക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ എന്ന ദീർഘകാല വിസാ സംവിധാനത്തെയാണ്. ഇന്ത്യയിലേയ്ക്ക് ബന്ധുമിത്രാദികളെ സന്ദർശിക്കാനും ഹോളിഡേയ്ക്കും വസ്തുവകകളുടെ ക്രയവിക്രയത്തിനും നടത്തിപ്പിനും ഒസിഐ കാർഡ് നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കുന്നത് ഇമിഗ്രേഷൻ സമയത്ത് കാര്യങ്ങൾ സുഗമമാകാൻ സഹായകമാണ്. കുട്ടികളുടെ ഒസിഐ കാർഡ്  പുതുക്കുന്നതിനായി ഓൺലൈൻ ആപ്ളിക്കേഷൻ എങ്ങനെ ചെയ്യാമെന്ന കാര്യമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. കുട്ടികളുടെ ബ്രിട്ടീഷ് പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കേണ്ടതായി വരും. ഇതിന് പുതുതായി നിശ്ചിത സൈസിലുള്ള ഫോട്ടോ എടുക്കണം. കുറഞ്ഞത് 51 മില്ലിമീറ്റര്‍(mm) x 51 മില്ലിമീറ്റര്‍ (mm) അളവിൽ വൈറ്റല്ലാത്ത പ്ളെയിൻ ബാക്ക്ഗ്രൗണ്ടോടു കൂടിയ ബോർഡർ ഇല്ലാത്ത കളർ ഫോട്ടോയാണ് വേണ്ടത്. ഫോട്ടോ സ്റ്റുഡിയോയിൽ ഈ സൈസ് പറഞ്ഞാൽ അതിനനുസരിച്ച് ഫോട്ടോ എടുത്തു തരും. ഈ ഫോട്ടോ ഓൺലൈൻ ആപ്ളിക്കേഷൻ തയ്യാറാക്കി പ്രിന്റ് എടുത്ത് അതിനൊപ്പം നൽകണം. ഇതേ ഫോട്ടോ തന്നെ ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്യുമ്പോൾ അപ് ലോഡ് ചെയ്യണം. കുറഞ്ഞത് 200 x 200 പിക്സലിനും മാക്സിമം 900 x 900 പിക്സലിനും ഇടയ്ക്കുള്ള സൈസിലുള്ള ഫോട്ടോയാക്കി ഇതിനെ മാറ്റി ഇമെയിലിൽ അയച്ചു തരാൻ സ്റ്റുഡിയോയിൽ പറഞ്ഞാൽ മതിയാവും. ഈ ഫോട്ടോയെ ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല. കുട്ടികൾ അഞ്ച് വയസിനും 18 വയസിനും ഇടയിലാണെങ്കിൽ സിഗ്നേച്ചറും അപ് ലോഡ് ചെയ്യണം. ഒരു വൈറ്റ് പേപ്പറിൽ ബ്ലാക്ക് പെൻ ഉപയോഗിച്ച് കുട്ടിയുടെ ഒപ്പിട്ടതിനു ശേഷം അത് സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. കമ്പ്യൂട്ടറിൽ ഇതിന്റെ സൈസ് 3:1 എന്ന അനുപാതത്തിൽ ക്രോപ്പ് ചെയ്യണം. ഇതിന്റെ സൈസ്  200 x 67 പിക്സലിനും 600 x 200 പിക്സലിനും ഇടയിലാവണം. ഇത് ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല. ഒപ്പിടാൻ പ്രായമാകാത്ത കുട്ടികൾ പേരെയുതിയാൽ മതിയാകും. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക്, പെരുവിരലിന്റെ ഇംപ്രഷൻ വൈറ്റ് പേപ്പറിൽ പതിച്ച് സ്കാൻ ചെയ്ത് ഇമേജ് അപ് ലോഡ് ചെയ്യാവുന്നതാണ്. ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്ന ഡോക്യുമെൻറുകൾ പിഡിഎഫ് ഫോർമാറ്റിൽ ആയിരിക്കണം. ഇത് 1000 കെ ബി (Kb) യിൽ കൂടാൻ പാടില്ല. സ്കാനറിൽ സ്കാൻ ചെയ്യുമ്പോൾ ഡോക്യുമെന്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ ഇത് പിഡിഎഫ് ഫയലായി സ്റ്റോർ ചെയ്യാൻ കഴിയും. പുതിയ പാസ്പോർട്ട്, നിലവിലെ ഒസിഐ കാർഡ്, മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ്, കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം പിഡിഎഫ് ഫയലായി അപ് ലോഡ് ചെയ്യേണ്ടവയാണ്. ഓൺലൈൻ ആപ്ളിക്കേഷനായി വിഎഫ്എസ്ഗ്ലോബൽ.കോം/ഇൻഡ്യ/യുകെ www.vfsglobal.com/India/uk എന്ന സൈറ്റിൽ പോവുക. അതിന്റെ ടോപ്പ് മെനുവിൽ ഒസിഐ (OCI) എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ ഒസിഐയുടെ മാത്രമായ ഒരു മെനു ബാർ ലഭ്യമാകും. ഇതിൽ ഫീസ്, വേണ്ട ഡോക്യുമെൻറുകൾ, ഫോട്ടോ / സിഗ്നേച്ചർ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉണ്ട്. ഒസിഐ പുതുക്കുന്നതിനായി ഇതിൽ തന്നെയുള്ള ഒസിഐ മിസല്ലെനിയസ് സർവീസസ്  (OCl Miscellaneous Services) എന്ന സെക്ഷനിൽ പോവുക. ഇതിൽ എ (A) എന്ന വിഭാഗത്തിൽ Please Click Here for the application form for Miscellaneous Services ആപ്ളിക്കേഷനായി ക്ലിക്ക് ചെയ്യണം. അടുത്ത പേജിൽ പ്രൊസീഡ് ബട്ടൺ അമർത്തി ഒസിഐയുടെ വിവിധ ഓപ്ഷനുകളിലേയ്ക്ക് പോവാം. ഒസിഐ പുതുക്കുന്നതിന് മിസല്ലേനിയസ് സർവീസ് ഓപ്ഷൻ സെലക്ട് ചെയ്യണം.  അതുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് വായിച്ചതിനുശേഷം അടുത്ത പേജിൽ ആപ്ളിക്കേഷൻ എങ്ങനെ പൂരിപ്പിക്കണമെന്ന കാര്യങ്ങൾ മനസിലാക്കി എന്നതിന് തെളിവായി, താഴെയുള്ള ബോക്സ് ടിക്ക് ചെയ്ത് അക്സപ്റ്റ് ചെയ്യണം. അടുത്ത പേജിലെ നിർദ്ദേശങ്ങൾ പൂർത്തീകരിച്ച് പുതിയ ആപ്ളിക്കേഷൻ തുടങ്ങാം. വിഎഫ്എസ് ഗ്ലോബലിന്റെ ഒസിഐ പേജിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഓൺലൈൻ ആപ്ളിക്കേഷന് രണ്ട് പാർട്ടുകൾ ഉണ്ട്. ക്യാപ്പിറ്റൽ ലെറ്ററിൽ ആണ് ആപ്ളിക്കേഷൻ പൂരിപ്പിക്കേണ്ടത്. പാർട്ട്‌ എ (A) യും പാർട്ട് ബി (B) യും. പാർട്ട് എ യിൽ നിലവിൽ ഒസിഐ കാർഡിൽ ഉള്ള ബ്രിട്ടീഷ് പാസ്പോർട്ട് നമ്പർ, ഒസിഐ നമ്പർ, ജനനത്തീയതി എന്നിവ നൽകാം. യു വിസാ നമ്പർ, ഫയൽ നമ്പർ, മാതാവിന്റെ പേര് എന്നിവയും ഓപ്ഷനായുണ്ട്. അതിനു ശേഷം ഫോട്ടോയും സിഗ്നേച്ചറും അപ് ലോഡ് ചെയ്യാം. ശരിയായ അളവിലുള്ള ഇമേജുകൾ ആണെങ്കിൽ ഗ്രീൻ കളറിൽ അപ് ലോഡ് കറക്ടാണെന്ന് മെസേജ് സ്ക്രീനിൽ വരും. ആവശ്യമെങ്കിൽ ഇമേജ് ക്രോപ്പ് ചെയ്ത് ഇവിടെ അപ് ലോഡ് ചെയ്യാനും സാധിക്കും. ഒരു തവണ അപ് ലോഡ് ചെയ്ത ഇമേജ് മാറ്റി മറ്റൊന്ന് ചെയ്യാൻ റീ അപ് ലോഡ് ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ഇവ എല്ലാം ചെയ്തതിനു ശേഷം സബ്മിറ്റ് ചെയ്യാം. പാർട്ട് ബിയിൽ, നേരത്തെ ഫാമിലി മെമ്പർമാർ ഒസിഐയ്ക്ക് അപേക്ഷിച്ചതിന്റെ വിവരങ്ങൾ ചോദിക്കുന്നുണ്ട്. ഒസിഐ കാർഡിന്റെ അവസാന പേജിലുള്ള ജിബിആർബി GBRB.... എന്നു തുടങ്ങുന്ന ഫയൽ നമ്പർ ഇവിടെ റഫറൻസ് നമ്പരായി നല്കണം. ഏതു വിഎഫ്എസ് സെന്ററിൽ എന്നാണ് അപേക്ഷ നല്കിയതെന്നും ഇവിടെ കൊടുക്കണം. തുടർന്ന് പതിനഞ്ചോളം ചോദ്യങ്ങൾക്ക് യെസ്/ നോ ഉത്തരം രേഖപ്പെടുത്തണം. യെസ് ആണെങ്കിൽ കൂടുതൽ ഡീറ്റെയിൽസ് ഉപചോദ്യ രൂപത്തിൽ പ്രത്യക്ഷപ്പെടും. ഇന്ത്യയിലുള്ള കുടുംബാംഗങ്ങളുടെ വിവരവും ഇവിടെ നല്കണം. എങ്ങനെയാണ് ബ്രിട്ടീഷ് നാഷണാലിറ്റിയ്ക്ക് അർഹത ലഭിച്ചതെന്ന് ഇവിടെ രേഖപ്പെടുത്തണം. സാധാരണ ഗതിയിൽ കുട്ടികൾക്ക് ഇത് രജിസ്ട്രേഷൻ എന്നും മുതിർന്നവർക്ക് നാച്ചുറലൈസേഷൻ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ ഓപ്ഷൻ നല്കണം. സർട്ടിഫിക്കേട്ടിന്റെ ഡേറ്റും കൊടുക്കണം. പാർട്ട് ബി സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ ആദ്യ തവണ ഒസിഐയ്ക്ക് അപേക്ഷിച്ചപ്പോൾ നൽകിയിരുന്ന ഇമെയിലിൽ പുതിയ റഫറൻസ് നമ്പർ അടങ്ങുന്ന ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. ഈ റഫറൻസ് നമ്പരും പുതിയ ബ്രിട്ടീഷ് പാസ്പോർട്ട് നമ്പരും ഉപയോഗിച്ച് ഓൺലൈനിൽ വീണ്ടും സൈൻ ഇൻ ചെയ്ത് ഡോക്യുമെൻറുകൾ അപ് ലോഡ് ചെയ്യാം. അതിനായി ഒസിഐ ഡോക്യുമെന്റ് അപ് ലോഡ് / റീ അപ് ലോഡ് എന്ന ഓപ്ഷനിൽ പോകണം. കറൻറ് പാസ്പോർട്ടായി പുതിയ ബ്രിട്ടീഷ് പാസ്പോർട്ട്, ഇന്ത്യൻ വിസ ഡോക്യുമെന്റായി നിലവിലെ ഒസിഐ കാർഡ്, റിലേഷൻഷിപ്പ് സർട്ടിഫിക്കേറ്റായി കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ്, മൈനറിന്റെ ആപ്ളിക്കേഷനിൽ മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ് എന്നിവ പിഡിഎഫായി അപ് ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയും സെലക്ട് ചെയ്യുമ്പോൾ അതിനാവശ്യമായ ഡോക്യുമെന്റുകളുടെ ഓപ്ഷനുകളും പ്രത്യക്ഷമാകും. വേണ്ടത് സെലക്ട് ചെയ്ത് ഡോക്യുമെന്റ് അപ് ലോഡ് ചെയ്യണം. പാർട്ട് എ, പാർട്ട് ബി, ഇമേജ് അപ് ലോഡ്, ഡോക്യുമെന്റ് അപ് ലോഡ് എന്നിവ പൂർത്തിയായിക്കഴിഞ്ഞാൽ ജനറേറ്റ് രജിസ്ട്രേഷൻ ഫോം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യാം. ഉടൻ തന്നെ പുതിയ ഫയൽ നമ്പരിലുള്ള ഒരു പിഡിഎഫ് ഫയൽ താഴെയുള്ള മെനു ബാറിൽ പ്രത്യക്ഷപ്പെടും. ഇത് ഓപ്പൺ ചെയ്ത് ഇതിന്റെ രണ്ടു പ്രിന്റുകൾ എടുക്കണം. ആവശ്യമുള്ള ഡിക്ളറേഷനും സൈൻ ചെയ്യണം. മൈനറിന്റെ ആപ്ളിക്കേഷൻ നല്കുന്ന സമയത്ത് മാതാവും പിതാവും, കുട്ടികളുടെ ഒസിഐ കാർഡ് ഇഷ്യു ചെയ്യുന്നതിനുള്ള താത്പര്യവും സമ്മതവും അറിയിക്കുന്ന ഡിക്ളറേഷൻ വിഎഫ്എസ് സെന്ററിൽ നല്കണം. ഓരോ കുട്ടിയ്ക്കും വെവ്വേറെ ഡിക്ള റേഷൻ വേണം. ഓൺലൈനിൽ പ്രിൻറ് ചെയ്ത അപേക്ഷയുടെ രണ്ടു കോപ്പികൾ വി എഫ് എസിന്റെ ഓഫീസിൽ കൊടുക്കണം. കുട്ടികളെ കൂടെ കൊണ്ടു പോകേണ്ടതില്ലെങ്കിലും മാതാപിതാക്കൾ ഹാജരായിരിക്കണം. വി എഫ് എസിൽ പുതിയതും പഴയതുമായ പാസ്പോർട്ടിന്റെ കോപ്പികൾ, ഒസിഐയുടെ എല്ലാ പേജിന്റെയും കോപ്പികൾ, മാതാപിതാക്കളുടെ പാസ്പോർട്ടsക്കമുള്ള മറ്റ് ഡോക്യുമെന്റുകളുടെ ഒറിജിനലും കോപ്പികളും കരുതണം. ക്യാൻസൽ ചെയ്ത പഴയ ഇന്ത്യൻ പാസ്പോർട്ട് കൈയിലുണ്ടെങ്കിൽ അവയും കരുതുന്നത് നന്നായിരിക്കും. കോപ്പികൾ സെൽഫ് അറ്റസ്റ്റ് ചെയ്യണം. ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്തു കഴിഞ്ഞ് ഇത് വി എഫ് എസ് ഓഫീസിൽ നല്കാനായി അപ്പോയിന്റ്മെൻറ് ഓൺലൈനിൽത്തന്നെ എടുക്കണം. വെബ്സൈറ്റിലെ ടോപ്പ് മെനു ബാറിലുള്ള എഫ്എക്യു (FAQ) സെക്ഷനിൽ ഇത് ചെയ്യാം. ഹൗറ്റു അപ്ളൈ/ ഹൗറ്റു ബുക്ക് ആൻ അപ്പോയിന്റ്മെൻറ് എന്ന സെക്ഷനിൽ ഒ സിഐയുടെ ഓപ്ഷനിൽ ക്ലിക്ക് ചെയ്തു പുതിയ അപ്പോയിന്റ്മെൻറ് പേജിൽ എത്താം. ഷെഡ്യൂൾ അപ്പോയിൻറ്മെൻറ് എന്ന കാറ്റഗറി സെലക്ട് ചെയ്തതിനു ശേഷം ഏത് വിഎഫ് എസ് സെന്ററാണ് എന്നും എത്ര ആപ്ളിക്കേഷൻ ഉണ്ട്, ഏത് സർവീസാണ് വേണ്ടത് എന്നും നല്കണം. ഇവിടെ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങളോടൊപ്പം പ്രിൻറ് ചെയ്ത ആപ്ളിക്കേഷന്റെ ആദ്യ പേജിന്റെ സൈഡിൽ കൊടുത്തിരിക്കുന്ന ഫയൽ നമ്പർ അടക്കം നല്കണം. ജനനത്തീയതി മാസം/ ദിവസം/വർഷം എന്ന ഫോർമാറ്റിലാണ് നല്കേണ്ടത്. മറ്റു ഡീറ്റെയിൽസ് ആ പേജിൽ ഉണ്ട്. ഇത് സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ അവൈലബിൾ ആയ ഡേറ്റുകൾ അടുത്ത പേജിൽ ലഭ്യമാകും. ഡേറ്റ് സെലക്ട് ചെയ്ത് കഴിഞ്ഞാൽ 15 മിനിട്ടിന്റെ ടൈം സ്ളോട്ടുകൾ ഡിസ്പ്ളേ ചെയ്യും. ഒരു ഫാമിലിയിൽ നിന്ന് ഒന്നിൽ കൂടുതൽ ആപ്ളിക്കേഷനുണ്ടെങ്കിൽ അവ പൂർത്തീകരിച്ചതിനു ശേഷമേ അപ്പോയിന്റ്മെൻറ് എടുക്കാവൂ. ഒരോ ആപ്ളിക്കേഷനും വെവ്വേറെ അപ്പോയിന്റ്മെൻറ് ആണെങ്കിലും ഇവ അടുത്തടുത്ത് ലഭിക്കാൻ ഇത് സഹായിക്കും. വേണ്ട ടൈമിൽ ക്ലിക്ക് ചെയ്താൽ അത് ഉടൻ അപ്പോയിൻറ്മെൻറ് ലെറ്ററായി ഇമെയിൽ വരും. സമയം മാറ്റണമെങ്കിൽ പാസ്പോർട്ട് നമ്പരും ഫയൽ നമ്പരും ഉപയോഗിച്ച് റീഷെഡ്യൂൾ അപ്പോയിന്റ്മെന്റിൽ ചെന്ന് മാറ്റം വരുത്തണം. ആപ്ളിക്കേഷൻ നല്കാൻ പോകുമ്പോൾ അപ്പോയിൻറ്മെൻറ് ലെറ്ററും കൈയിലുണ്ടാവണം. ഫീസ് എത്രയാണെന്നും പ്രോസസിങ്ങിന് എത്ര ദിവസങ്ങൾ എടുക്കുമെന്നുമുള്ള കാര്യങ്ങൾ ഒസിഐ സെക്ഷനിൽ നല്കിയിട്ടുണ്ട്. ഒസിഐയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് 02037938629, 02037884666 എന്നീ നമ്പരുകളിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്. 09057570045 എന്ന പ്രീമിയം നമ്പരിൽ വിളിച്ചാൽ ഒരു മിനിട്ടിന് 95 പെൻസോളം ചാർജ് ചെയ്യും. (മൈനറായവരുടെ ഒസിഐ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ, ഒരു ആപ്ളിക്കേഷൻ ചെയ്തതിന്റെ പരിചയം വച്ച് തയ്യാറാക്കിയതാണ്. ഇക്കാര്യങ്ങൾ ഒരു ഗൈഡൻസായി മാത്രം ഉപയോഗിക്കുക. ഒസിഐയുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകൾക്കും ഫോട്ടോ, ഡോക്യുമെൻറ് അപ് ലോഡ് എന്നിവയ്ക്കും അപ്പോയിൻറ്മെൻറ് എടുക്കുന്നതിനും അടിസ്ഥാനപരമായ കാര്യങ്ങൾ ഇവ തന്നെയാണ്. വേണ്ട ഡോക്യുമെന്റുകൾ, ഫീസ്, പ്രോസസിങ്ങ് ടൈം എന്നിവയിൽ വ്യത്യാസം ഉണ്ടാവുമെന്ന് മാത്രം. പൂർണമായ വിവരങ്ങൾക്ക് വിഎഫ്എസ് ഗ്ലോബൽ വെബ്സൈറ്റിനെ മാത്രമേ ആശ്രയിക്കാവൂ.)        
ബിനോയി ജോസഫ്, നോർത്ത് ലിങ്കൺഷയർ ഭാരതാംബയുടെ ധീരപുത്രിയായ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ നിറതോക്കുകളുടെ ഗർജനത്താൽ രക്തസാക്ഷിത്വം വരിക്കുമ്പോൾ രാഹുലിന് പ്രായം വെറും 14 വയസ്. ഭാരതത്തിന്റെ മനസാക്ഷിയെ നടുക്കിയ തന്റെ മുത്തശിയായ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന്റെ തീവ ദു:ഖത്തിലൂടെ ആ കുരുന്നു മനസ് കടന്നു പോയി. തന്നെ ലാളിച്ചു വളർത്തിയ മുത്തശിയുടെ ജീവനറ്റ ശരീരത്തിന് മുൻപിൽ തന്റെ പിതാവിന്റെ മാതാവിന്റെയും കരം ഗ്രഹിച്ച് വിങ്ങിപ്പൊട്ടിയ രാഹുൽ ഇന്ത്യൻ ജനതയുടെ വേദനയുടെ ഭാഗമായി മാറി. തങ്ങളുടെ വഴികാട്ടിയും കുടുംബത്തിന്റെ പ്രകാശവുമായിരുന്ന ഇന്ദിരഗാന്ധിയുടെ മരണത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ തന്റെ പിതാവിന്റെ അകാല മൃത്യുവിനും രാഹുൽ ഗാന്ധി സാക്ഷ്യം വഹിച്ചു. ശ്രീ പെരമ്പദൂരിൽ ചാവേറാൽ ഛിന്നഭിന്നമാക്കപ്പെട്ട ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ ചിതയ്ക്ക് അഗ്നി പകർന്നപ്പോൾ രാഹുലിൽ 21 വയസ് പ്രായം. ആ കരങ്ങൾ ഇന്ന് ഇന്ത്യൻ ജനതയുടെ ആശയും ആവേശവുമാകുന്നു. വെല്ലുവിളികൾ നിറഞ്ഞ ചെറുപ്പകാലം രാഹുലിനു നല്കിയത് വിലയേറിയ ജീവിതാനുഭവങ്ങൾ ആയിരുന്നു. ഡെറാഡൂണിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ ഹോം സ്‌കൂളിംഗിലേയ്ക്ക് പിന്നീട് രാഹുലിനെ മാറ്റേണ്ടി വന്നു. ഫ്ളോറിഡയിലെ റോളിൻസ് കോളജിൽ പഠിച്ചത് മറ്റൊരു പേരിലായിരുന്നു, അതും സുരക്ഷയുടെ പേരിൽ. കേംബ്രിഡ്ജിലും ഹാർവാർഡിലും റോളിൻസിലും പഠിച്ച രാഹുൽ ഇന്റർനാഷണൽ റിലേഷൻസിലും ഡെവലപ്മെന്റ് സ്റ്റഡീസിലും ഡിഗ്രികൾ കരസ്ഥമാക്കി. ഏതാനും വർഷങ്ങൾ ലണ്ടനിൽ ജോലി ചെയ്ത രാഹുൽ ഗാന്ധി സ്വന്തമായി ഒരു കമ്പനി ആരംഭിക്കുകയും ചെയ്തു. നാഷണൽ സ്റ്റുഡൻസ് യൂണിയനിലും യൂത്ത് കോൺഗ്രസിലും സജീവമായി പ്രവർത്തിച്ച രാഹുൽ ഗാന്ധി 2004 ൽ മുഴുസമയ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയും അമേത്തിയിൽ നിന്ന് പാർമെന്റിലേക്ക് മത്സരിച്ച് വിജയിച്ചു. 2009 ലും 2014ലും അതേ മണ്ഡലത്തിൽ നിന്ന് പാർലമെൻറിലെത്തിയ അദ്ദേഹം 2013ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി. നാലു വർഷങ്ങൾക്കു ശേഷം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം തന്റെ മാതാവായ സോണിയാ ഗാന്ധിയിൽ നിന്നും ഏറ്റെടുത്തു. ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും നെഹ്റു കുടുംബം നിറഞ്ഞു നിന്നിരുന്നു. സ്വാതന്ത്ര്യ സമരത്തിലും സ്വതന്ത്ര ഭാരതത്തിന്റെ ഉയിർത്തെഴുന്നേല്പിലും ഭരണതന്ത്രജ്ഞതയും രാഷ്ട്ര ബോധവും നേതൃത്വപാടവവും പ്രകടിപ്പിച്ച നേതാക്കളെ രാജ്യത്തിന് സംഭാവന ചെയ്ത ഒരു കുടുംബത്തിലെ ഇളം തലമുറയുടെ പ്രതിനിധിയായ രാഹുൽ ഗാന്ധി  രാഷ്ട്രീയ പാരമ്പര്യത്തിനപ്പുറം ആധുനിക ഇന്ത്യയുടെ പ്രതീകമാണ്. കോളനി വാഴ്ച്ചയ്ക്ക് അന്ത്യം കുറിച്ച് ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുക്കുമ്പോൾ ചോദ്യങ്ങൾ ഏറെ മുന്നിലുണ്ടായിരുന്നു. മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുക എന്ന ദൗത്യവും ഭരണ നിയമ വ്യവസ്ഥകൾ നടപ്പാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും തകർന്നടിഞ്ഞ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കുക എന്ന പ്രധാന കടമയും ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ഏറ്റെടുത്തു. വിദേശ ശക്തികളുടെ ഭീഷണികളിൽ നിന്ന് രാജ്യത്തിന്റെ പരമാധികാരം കാക്കാൻ ധീരമായ തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്ത ഇന്ദിരാ പ്രിയദർശിനിയുടെ യുഗത്തിൽ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് ഭാരതം ആനയിക്കപ്പെട്ടു. വിധ്വംസക പ്രവർത്തനങ്ങളും മതേതരത്വത്തിനെതിരായ ഭീഷണികളും ഉയർന്നു വന്ന കാലഘട്ടത്തിൽ രാജീവ് ഗാന്ധി എന്ന യുവ പ്രധാനമന്ത്രി ഇന്ത്യയെ നയിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ ലോകത്തേക്ക് ഇന്ത്യയെ നയിച്ച രാജീവ് ഗാന്ധി ലോക നേതാക്കളിൽ തലയെടുപ്പോടെ വിരാജിച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ജീവനുകൾ രാജ്യത്തിന്നായി പൊലിഞ്ഞപ്പോൾ ഭാരതമാകെ നെഹ്റു കുടുംബത്തിലെ ഒരംഗത്തിന്റെ വരവിനായി കാത്തിരുന്നു എന്നത് ഒരു യഥാർത്ഥ്യമാണ്. വിവിധങ്ങളായ സംസ്കാരങ്ങളും ഭാഷകളും മതങ്ങളും നാനാത്വത്തിലെ ഏകത്വവും ഭാരതാംബയെ മനോഹരിയാക്കുമ്പോൾ, ആ ജനതയെ നയിക്കാൻ മതേതര വാദിയായ ദീർഘവീക്ഷണമുള്ള,  ജനാധിപത്യ മൂല്യങ്ങൾക്ക് വില കല്പിക്കുന്ന ഒരു പാരമ്പര്യത്തിനേ കഴിയൂ എന്നതിന് ചരിത്രം തന്നെ സാക്ഷി. ബാല്യകാലം മുതൽ മാദ്ധ്യമ ദൃഷ്ടിയിൽ ജീവിക്കുന്ന രാഹുൽ ഗാന്ധിയ്ക്ക് സ്വകാര്യത എന്നത് കിട്ടാക്കനിയായിരുന്നു. ഇത്രയധികം സുരക്ഷാ ഭീഷണിയും അതിനിശിതമായ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ഒരു യുവാവ് ആധുനിക ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഒരടിസ്ഥാനവുമില്ലാതെ വളഞ്ഞിട്ടാക്രമിക്കപ്പെട്ട ആ വ്യക്തിത്വം ഓരോ ദിനവും കഴിയുമ്പോഴും കൂടുതൽ പ്രശോഭിതമായി. മുളയിലേ നുള്ളാൻ വെമ്പുന്ന ശക്തികൾക്കെതിരെ സൗമ്യമായി പുഞ്ചിരിയോടെ പോരാടിയ രാഹുൽ ഗാന്ധി എന്ന യുവത്വം പിന്നിട്ട വെല്ലുവിളികൾ ചെറുതല്ല. ഇന്ത്യൻ യുവതയുടെ പ്രതീകമായി ഉയർന്ന രാഹുൽ ഗാന്ധിയെ മുതിർന്ന നേതാക്കളെന്ന് സ്വയം കരുതുന്നവർ പോലും വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വിമർശിച്ചപ്പോഴും അതിനെ കണ്ടില്ലെന്ന് നടിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിത്തറ കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് സഞ്ചരിച്ച് ഭാരത ജനതയുടെ ആത്മാവിനെ അടുത്തറിഞ്ഞ് നാളേയ്ക്കുള്ള പദ്ധതികൾക്ക് രൂപം കൊടുക്കാൻ രാഹുലിന്റെ മനസ് തുടിച്ചു കൊണ്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ, ഏറ്റവും പാരമ്പര്യമുള്ള  രാഷ്ട്രീയപ്പാർട്ടിയുടെ അമരക്കാരനായി രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന രാഹുൽ ഗാന്ധി എന്ന സ്വരം അനേകം യുവഹൃദയങ്ങൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കിറങ്ങി രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ ഭാഗമാകാൻ പ്രചോദനമായി. ദേശസ്നേഹവും രാജ്യതന്ത്രജ്ഞതയും നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ അച്ചടക്കത്തോടെ വളർന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ രാഹുൽ ഗാന്ധി ജീവിതാനുഭവങ്ങളിൽ നിന്ന് നേടിയ കരുത്തിന്റെ പിൻബലവുമായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ആശയങ്ങളുടെ കൂട്ടായ്മയെ നയിക്കുന്നത്. ആയിരക്കണക്കിന് തലമുതിർന്ന നേതാക്കന്മാർക്ക് നിർദ്ദേശങ്ങൾ നല്കാനും അച്ചടക്കത്തോടെ പാർട്ടിയെ മുന്നോട്ട് നയിക്കാനും രാഹുൽ ഗാന്ധി കാണിക്കുന്നത് അസാമാന്യമായ പാടവമാണ്. സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ രാഷ്ട്രീയ പ്രബുദ്ധതയുടെ പാഠങ്ങൾ രാജ്യത്തിന് പകർന്നു നല്കി, ലക്ഷ്യം നേടാൻ സധീരം മുന്നേറുന്ന രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും ലോകജനത സസൂക്ഷ്മം വീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും സമൂഹത്തിൽ ഊർജമായി പടരുന്നു. സോഷ്യൽ മീഡിയയും ആധുനിക സാങ്കേതിക വിദ്യകളും മാനേജ്മെൻറ് തന്ത്രങ്ങളും തന്റെ വ്യക്തിപ്രഭാവവും വേണ്ട വിധം ഉപയോഗിച്ച് ജനങ്ങളിലേയ്ക്കും പ്രവർത്തകരിലേയ്ക്കും ഇറങ്ങി രാജ്യത്ത് ആവേശത്തിന്റെ തിരമാലകൾ സൃഷ്ടിക്കുകയാണ് രാഹുൽ ഗാന്ധി. രാഹുലിന്റെ സാന്നിധ്യം പകരുന്ന പ്രചോദനത്താൽ ഇന്ത്യയുടെ യുവത്വം രാജ്യത്തെ വീണ്ടെടുക്കാൻ കൈകോർക്കുന്നു. അടുത്ത പിറന്നാൾ രാഹുൽ ഗാന്ധി ആഘോഷിക്കുമ്പോൾ അത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമായി ഭാരത ജനത ആഘോഷിക്കുന്നതിനുള്ള സാധ്യത അതിവിദൂരമല്ല.  മെയ് 23 ന് ഭാരത ജനത വിധി പ്രഖ്യാപിക്കുമ്പോൾ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി അവരോധിക്കപ്പെടാനുള്ള സാധ്യത ആർക്കും തള്ളിക്കളയാവുന്നതല്ല. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നയിച്ച രാജ്യത്തിന്റെ അമരക്കാരനാകാൻ രാഹുൽ ഗാന്ധി തയ്യാറെടുത്തു കഴിഞ്ഞു.
ന്യൂസ് ഡെസ്ക് ഭീകരരെ തീറ്റിപ്പോറ്റി ചാവേറുകളായി ഇന്ത്യയിലേയ്ക്ക് കയറ്റുമതി ചെയ്ത് സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ കൂട്ടുനിന്ന പാക്കിസ്ഥാന് ഇന്ത്യ നല്കിയത് ചുട്ട മറുപടി. ഇന്ത്യൻ സൈനികരെ ചാവേറാക്രമണത്തിൽ കൊന്നൊടുക്കിയ ശേഷം കൈയും കെട്ടി കളി കണ്ടിരുന്ന പാക് ഭരണകൂടം ഉറക്കം വിട്ടെണീറ്റു. ഇന്ത്യൻ സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കത്തിൽ വിരണ്ട ഭീകര പ്രസ്ഥാനങ്ങളുടെ പിന്തുണക്കാർ സ്വന്തം മാനം കാക്കാൻ ഇന്ത്യയോട് ചർച്ചയ്ക്ക് തയ്യാറാവുന്നു. ഇന്ത്യൻ അതിർത്തി കടന്ന് ബോംബ് വർഷിക്കാൻ പാക് സൈനിക വിമാനങ്ങൾ ശ്രമിച്ച സമയത്തും ഇന്ത്യയോട് കൊമ്പുകോർക്കാൻ തന്നെയായിരുന്നു പാക്കിസ്ഥാന്റെ ഭാവം. തങ്ങളുടെ തടവിൽ രണ്ടു  ഇന്ത്യൻ പൈലറ്റുമാർ ഉണ്ടെന്ന് വെളിപ്പെടുത്തിയ പാക് സൈനിക വക്താവ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു പൈലറ്റ് മാത്രമേ ഉള്ളു എന്ന് അറിയിച്ചു. കസ്റ്റഡിയിലുള്ള വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ വച്ച് വിലപേശാനായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആദ്യ ശ്രമം. സമാധാന ചർച്ചയ്ക്ക് തയ്യാറാവുകയാണെങ്കിൽ ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇമ്രാന്റെ ഓഫർ. തകർന്നു വീണ ഫൈറ്ററിൽ നിന്നും പാരച്യൂട്ടിൽ പറന്നിറങ്ങിയ അഭിനന്ദനെ വളഞ്ഞിട്ട് പിടിക്കാൻ ജനക്കൂട്ടം ആർത്തിരമ്പുകയായിരുന്നു. പാക്കിസ്ഥാന്റെ ഇരുപതുകോടി വരുന്ന ജനത ഇന്ത്യയുടെ ഒരു സൈനികനെതിരെ എന്ന സ്ഥിതിവിശേഷം. ഭാരതാംബയുടെ വീരയോദ്ധാവിനെ കൈകളും കാലുകളും ബന്ധിച്ച് ലോകത്തിന് മുൻപിൽ പ്രദർശിപ്പിച്ച് ലോക മനസാക്ഷിക്കു മുൻപിൽ പാക്കിസ്ഥാൻ വീണ്ടും നാണം കെട്ടു.  ജനീവ കൺവൻഷൻ എന്നതു പോയിട്ട് നിരായുധനായ ഒരാളോട് എങ്ങനെ മനുഷ്യത്വപരമായി പെരുമാറണമെന്ന് പോലും ഒരു രാജ്യത്തിന്റെ ഭരണാധികാരികൾക്ക് അറിയില്ലെന്ന് ആ രാജ്യം ലോകത്തെ മുഴുവൻ അറിയിച്ചു. അഭിനന്ദനെ ജനക്കൂട്ടം മർദ്ദിക്കുന്ന വീഡിയോ പ്രചരിക്കുന്നത് തടയാൻ പാക് ഭരണകൂടം ഒരു നടപടിയുമെടുത്തില്ല. ഭാരതത്തിന്റെ അഖണ്ഡതയും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പോരിനിറങ്ങി തടവിലായ അഭിനന്ദൻ വർധമാൻ ലോകത്തിനു മുൻപിൽ ഇന്ത്യയുടെ അഭിമാനമുയർത്തിപ്പിടിച്ചു. ജനീവ കൺവൻഷൻ ധാരണയനുസരിച്ച് പൈലറ്റിനെ വിട്ടുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ, സമാധാനം പുനസ്ഥാപിക്കാൻ ഒരു ഔദാര്യമെന്ന നിലയിൽ അക്കാര്യം പരിഗണിക്കാമെന്ന നിലപാടായിരുന്നു പാക്കിസ്ഥാന്റേത്. ഇതിനിടയിൽ ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ എന്തു നടപടിയും സ്വീകരിക്കാൻ ഇന്ത്യൻ സൈന്യത്തിന് ഇന്ത്യാ ഗവൺമെന്റ് സ്വാതന്ത്ര്യം നല്കുമെന്ന് പാക്കിസ്ഥാൻ മനസിലാക്കി. ഇന്ത്യൻ പ്രധാനമന്ത്രിയടക്കമുള്ള ഭരണരംഗത്തെ പ്രമുഖരാരും പ്രതികരിക്കാതെയിരുന്നതും ഇന്ത്യൻ വ്യോമ കര നാവിക സേനാ മേധാവികൾ സംയുക്തമായി വാർത്താ സമ്മേളനം വിളിച്ചതും പെട്ടെന്ന് മനസ്സു മാറ്റാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചു. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ സമനിലയ്ക്കായി അങ്ങനെ ഇമ്രാൻഖാൻ എന്ന സ്പിന്നർ ഓഫർ വച്ചു, വെള്ളിയാഴ്ച അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് കൈമാറുമെന്ന്.
RECENT POSTS
Copyright © . All rights reserved